Friday, September 22, 2017

തുപ്പരിവാളൻ - വീണ്ടും മിഷ്ക്കിൻ മാജിക്ക്

പ്രതീക്ഷ തെറ്റിയില്ല. മിഷ്ക്കിന്റെ സംവിധാനത്തിൽ മറ്റൊരു മികച്ച സിനിമ. ആർക്കുമറിയാതെ പോകുന്ന എത്രയെത്ര കൊലപാതകങ്ങൾ നമുക്ക് ചുറ്റും നടന്നിട്ടുണ്ടാകാം അല്ലെങ്കിൽ ഇപ്പോഴും നടക്കുന്നുണ്ടാകാം എന്ന് ചിന്തിപ്പിക്കുന്നുണ്ട് സിനിമ. സ്വാഭാവിക മരണമെന്നും അപകട മരണമെന്നും നമ്മൾ വിധിയെഴുതിയതും വിശ്വസിച്ചു പോയതുമായ മരണങ്ങൾ കൊലപാതകങ്ങൾ അല്ലെന്ന് എങ്ങിനെ ഉറപ്പിക്കാം? ഈ  ഒരു സംശയത്തിന്റെയും ചോദ്യത്തിന്റെയുമൊക്കെ പശ്ചാത്തലം ഈ സിനിമയുടെ തീമിനുണ്ട്. ഷെർലക് ഹോംസിന്റെ സ്വാധീനം ഏറെ പ്രകടമാകുന്ന വിശാലിന്റെ കനിയൻ പൂങ്കുഡ്രൻ എന്ന നായക കഥാപാത്ര സൃഷ്ടിയും അയാളുടെ ചടുലമായ കേസ് അന്വേഷണ രീതിയും ആക്ഷനുമൊക്കെ കൂടെ സിനിമയെ അടിമുടി ത്രില്ലർ സ്വഭാവത്തിലാണ് മിഷ്കിൻ 'തുപ്പരിവാള'നെ ഒരുക്കിയിരിക്കുന്നത്. വിശാലിന്റെ ഫാൻസിനെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണോ എന്തോ മുൻപൊന്നുമില്ലാത്ത വിധം ആക്ഷൻ സീനുകളിൽ നായകനെ അമാനുഷികനാക്കുന്നുണ്ട് മിഷ്കിൻ. ആക്ഷൻ സീനുകളൊക്കെ ഡ്യൂപ്പില്ലാതെ മനോഹരമായി ചെയ്യാൻ വിശാലിന് സാധിച്ചിട്ടുണ്ട് എന്നത് അംഗീകരിക്കുമ്പോഴും പത്തു പതിനഞ്ചു പേരെ ഒറ്റക്ക് നിന്നടിച്ചു നിലം പരിശാക്കുന്ന ഒരു നായക സങ്കൽപ്പത്തെ മിഷ്‌കിനെ പോലെയൊരു സംവിധായകൻ പ്രോത്സാഹിപ്പിച്ചു കണ്ടതിൽ നിരാശ തോന്നി. ഈ ഒരൊറ്റ കാര്യം ഒഴിച്ച് നിർത്തിയാൽ കെട്ടുറപ്പുള്ള തിരക്കഥ കൊണ്ടും അവതരണ ശൈലി കൊണ്ടുമൊക്കെ മികച്ചു നിൽക്കുന്ന ഒരു ക്രൈം ത്രില്ലർ സിനിമയാണ് 'തുപ്പരിവാളൻ' .

സാധാരണ കുറ്റാന്വേഷണ സിനിമയിൽ കുറ്റം ചെയ്യാനുള്ള കാരണങ്ങളും കൊലപാതകിയിലേക്ക് നീളുന്ന അന്വേഷണവും മറ്റും വിശദീകരിക്കുകയും അന്വേഷണത്തിന്റെ ഓരോ ഘട്ടവും കാണികളെ വ്യക്തതയോടെ ബോധ്യപ്പെടുത്തുകയുമൊക്കെ ചെയ്യുമ്പോൾ 'തുപ്പരിവാള'നിൽ അന്വേഷണത്തിന്റെ ഭാഗമമെന്നോണം പ്രേക്ഷകരെ കൂടി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുകയാണ് സംവിധായകൻ. അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും ഡിറ്റക്ടീവ് കനിയുടെ ചിന്ത എങ്ങോട്ടൊക്കെയാണ് പോകുന്നതെന്ന് അന്തം വിട്ട് ആലോചിച്ചു പോകും പ്രേക്ഷകർ. ഷെർലക് ഹോംസിനൊപ്പം കാണാവുന്ന ഡോക്ടർ വാട്സനെ പോലെ ഇവിടെ ഡിറ്റക്ടീവ് കനിക്കൊപ്പം പ്രസന്ന അവതരിപ്പിക്കുന്ന മനോഹർ എന്ന കഥാപാത്രത്തെ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഭംഗിയായി തുന്നി ചേർത്ത് വച്ചിരിക്കുകയാണ്. നായകൻറെ പിന്നാലെ നിഴല് പോലെ നടക്കുന്ന ഒരു കൂട്ടുകാരൻ കഥാപാത്രം എന്നതിലുപരി സിനിമയിൽ നായകനൊപ്പം തന്നെ നിർത്താവുന്ന ഒരു കഥാപാത്ര സൃഷ്ടിയായിരുന്നു മനോഹറിന്റേത്. കനിയുടെ അന്വേഷണത്തിന്റെ ദിശ എങ്ങോട്ടാണ് അല്ലെങ്കിൽ അയാൾ എന്താണ് ചിന്തിക്കുന്നത് എന്ന് മനസ്സിലാകാതെ നിൽക്കേണ്ടി വരുന്ന പ്രേക്ഷകന്റെ തന്നെ പ്രതിരൂപമാണോ മനോഹർ എന്നും സംശയിക്കാം. കാരണം പല സീനുകളിലും നമുക്ക് തോന്നിയേക്കാവുന്ന അതേ സംശയവും ചോദ്യവുമൊക്കെ നമുക്ക് വേണ്ടി കനിയോട് ചോദിക്കാൻ സംവിധായകൻ നിയോഗിക്കുന്നത്  മനോഹറിനെയാണ്. നിർണ്ണായകമായ പല സീനുകളിലും മനോ നടത്തുന്ന ഇടപെടലുകളെല്ലാം തന്നെ  ആ കഥാപാത്രത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നതാണ്.  

കിം ഡുക്ക് സിനിമകളിലെത് പോലെ തന്റെ സിനിമകളിൽ വയലൻസ് ചിത്രീകരണത്തിൽ പ്രത്യേക താൽപ്പര്യം കാണിക്കാറുള്ള സംവിധായകനാണ് മിഷ്ക്കിൻ. അൻജാതെ, യുദ്ധം സെയ്‌, ഒനായും ആട്ടിൻകുട്ടിയും തുടങ്ങിയ സിനിമകളിലൊക്കെ അത്തരം ക്രൈം ആൻഡ് വയലൻസ് സീനുകൾ മികച്ച രീതിയിൽ അവതരിപ്പിച്ചു കണ്ടിട്ടുണ്ടെങ്കിലും അതിനേക്കാൾ കൂടുതൽ അളവിലാണ് ഇക്കുറി 'തുപ്പരിവാള'നിലെ വയലൻസ് ചിത്രീകരിച്ചു കാണുന്നത്. ഹോളിവുഡ് സ്ലാഷർ മൂവികളിൽ മാത്രം കണ്ടിട്ടുള്ള വയലൻസിനെ തമിഴിന്റെ പ്രാദേശിക ചുറ്റുവട്ടത്തിൽ വൾഗറാക്കാതെ അവതരിപ്പിക്കാൻ സാധിച്ചു എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. ഡെവിൾ എന്ന പേരിനൊപ്പം തന്നെ വില്ലനെ ഒരു ഡെവിൾ കണക്കെ ഭീകരമായി അവതരിപ്പിച്ചിട്ടുണ്ട് സിനിമയിൽ. ഡെവിൾ എന്ന ആ വില്ലൻ കഥാപാത്രം വിനയിന്റെ പ്രകടനത്തിൽ ഭദ്രമായിരുന്നു. ദിവസങ്ങളായി ഫ്രിഡ്ജിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു ഡെഡ് ബോഡിയെ ഇല്ലായ്മ ചെയ്യുന്ന ഒറ്റ രംഗം മതി ഇപ്പറഞ്ഞ കാര്യങ്ങളെയെല്ലാം ശരി വക്കാൻ. ഡെഡ് ബോഡി അറുത്ത് മുറിച്ച് ചോരയിൽ കുളിച്ചു നിൽക്കുമ്പോഴും അയാൾ കോഫി ആസ്വദിച്ചു കുടിക്കുന്നത് കാണാം. കൊലപാതകത്തേയും ചോരയേയുമൊക്കെ അത്ര മേൽ സ്വാഭാവികമായി നോക്കി കണ്ടു പെരുമാറുന്ന ഒരു വില്ലനെ ഈ അടുത്തൊന്നും ഒരു സിനിമയിലും കണ്ടിട്ടില്ല. 

വില്ലന്മാർ എന്ന ലേബൽ ഒട്ടിക്കാതെ അവരവരുടേതായ ആവശ്യങ്ങളുടെയും ന്യായങ്ങളുടെയുമൊക്കെ പേരിൽ തിന്മയുടെ പക്ഷത്തു നിൽക്കുകയും സ്വാഭാവിക ജീവിതം നയിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകളെന്ന പോലെയാണ് ഡെവിളിനെയും സംഘത്തെയും സിനിമയിൽ പരിചയപ്പെടുത്തുന്നത്. ആൻഡ്രിയയുടെ സുന്ദരി വില്ലത്തി വേഷവും ഭാഗ്യരാജിന്റെ പടു കിളവൻ വില്ലൻ വേഷവും ശ്രദ്ധേയമാണ് ഈ കൂട്ടത്തിൽ. 'യുദ്ധം സെയ്‌' സിനിമയിൽ ഡോക്ടർ പുരുഷോത്തമനും ഭാര്യയും മകനും ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് ന്യായത്തിന്റെ പിന്തുണയും ഒടുക്കം മരിച്ചു വീഴുമ്പോൾ സഹതാപവും സൃഷ്ടിക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ ഇവിടെ ഡെവിളിനും സംഘത്തിനും അങ്ങിനെയൊരു പിന്തുണയോ സഹതാപമോ ലഭിക്കാനിട വരുത്തുന്നില്ല സംവിധായകൻ. വിതച്ചത് കൊയ്തു എന്ന് തോന്നിപ്പിക്കും വിധമാണ് ഓരോരുത്തരുടെയും അന്ത്യം. ഭാഗ്യ രാജ് അവതരിപ്പിച്ച അങ്കിൾ കഥാപാത്രത്തിന്റെ കിടപ്പിലായ ഭാര്യയുടെ നിസ്സംഗമായ മരണം അപ്പോഴും ഒരു വേദനയായി അവശേഷിപ്പിക്കുന്നുണ്ട് മിഷ്കിൻ. കൊലപാതകങ്ങളുടെയും മരണങ്ങളുടെയും ഒരു പരമ്പര തന്നെ അരങ്ങേറുമ്പോഴും വയലൻസിനെ ആവർത്തന വിരസതയില്ലാതെ അവതരിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്യുന്നു സംവിധായകൻ. മറ്റൊരു തലത്തിൽ നോക്കുമ്പോൾ മരണത്തെയും വയലൻസിനെയുമൊക്കെ വിഭ്രമാത്മകമായ ഒരു സൗന്ദര്യ സൃഷ്ടിയാക്കി മാറ്റാനുള്ള ശ്രമം കൂടിയാണ് മിഷ്ക്കിന്റെ ഈ സിനിമ എന്ന് പറയേണ്ടി വരുന്നു.  

ആകെ മൊത്തം ടോട്ടൽ = വിശാലിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്നതിനേക്കാൾ മിഷ്ക്കിൻ കാരണം വിശാലിന് തന്റെ കരിയറിൽ കിട്ടിയ നല്ലൊരു സിനിമ എന്ന് പറയാനാണ് തോന്നുന്നത്. എക്സൻട്രിക് കഥാപാത്രത്തിന്റെ അഭിനയ സാധ്യതകളിലേക്കൊന്നും പോയി കാണുന്നില്ലെങ്കിലും കനി പൂങ്കുണ്ട്രനായി ഏറെക്കുറെ നല്ല പ്രകടനം കാഴ്ച വക്കാൻ വിശാലിന് സാധിച്ചിട്ടുണ്ട് എന്ന് മാത്രം. അമിത ഹീറോയിസം മുഴച്ചു നിൽക്കുന്ന റെസ്റ്റോറന്റ് ഫൈറ്റ് ഒഴിവാക്കി നോക്കിയാൽ ബാക്കി ഫൈറ്റുകളൊക്കെ നന്നായിരുന്നു. അനു ഇമ്മാനുവലിന്റെ മല്ലിക എന്ന കഥാപാത്രം വെറും നായികയിൽ ഒതുങ്ങാതെ സിനിമയിലെ നിർണ്ണായക സാന്നിധ്യമായി നില കൊള്ളുന്നുണ്ടെങ്കിലും ഈ സിനിമയിൽ തിളങ്ങിയത് വില്ലത്തിയായ ആൻഡ്രിയയാണ്. അത് പോലെ തന്നെ വിനയ് അസാധ്യമായി അഭിനയിച്ചു തകർത്തിട്ടുണ്ട് ഡെവിളിന്റെ റോളിൽ. ആ ശബ്ദ ഗാംഭീര്യത്തിനും വോയ്‌സ് മോഡുലേഷനും കൊടുക്കണം പ്രത്യേക കൈയ്യടി. എന്നത്തേയും പോലെ കാമറയും സംഗീതവും ഈ മിഷ്ക്കിൻ സിനിമയിലും മികച്ചു നിൽക്കുന്നു. അന്വേഷണം മുന്നേറുന്നതിനൊപ്പം തന്നെ ഇരച്ചു കേറുന്ന ബിജിഎം വേറെ ലെവലായിരുന്നു . അങ്ങിനെ എല്ലാം കൊണ്ടും സൂപ്പർ പടം. 

* വിധി മാർക്ക് = 8/10 


-pravin-

2 comments: