Sunday, April 14, 2013

ആമേൻ - പുതുമക്ക് സ്തുതി


നായകൻ, സിറ്റി ഓഫ് ഗോഡ് എന്നീ സിനിമകൾക്ക്‌ ശേഷം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയാണ് ആമേൻ. ലിജോ ജോസിന്റെ തന്നെയാണ് ആമെന്റെ കഥ. 'നായക'ന് ശേഷം ഇത് രണ്ടാം തവണയാണ് പി. എസ് റഫീക്ക് മറ്റൊരു ലിജോ ജോസ് സിനിമയ്ക്കു കൂടി തിരക്കഥ- സംഭാഷണം ഒരുക്കുന്നത്. 1970 ന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമകൾ ചിലതെല്ലാം നമ്മൾ കണ്ടു മറന്നിട്ടുണ്ട്. അതിൽ  നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ലിജോവിന്റെ ആമേൻ. 

കുമരംഗരി എന്ന ഗ്രാമവും, അവിടത്തെ ക്രിസ്ത്യൻ ദേവാലയവും, ദേവാലയം വകയുള്ള ബാൻഡ് സംഘവും,  ആണ് സിനിമയിലെ പ്രധാന ആകർഷണം. കുമരംഗരി ഗ്രാമത്തിനു പുറം നാട്ടുകാരോട് പറയാൻ ഒരു വലിയ സംഗീത ചരിത്രമുണ്ട്. എസ്താപ്പനും (രാജേഷ്‌ ഹബ്ബർ), ലൂയി പാപ്പനും (കലാഭവൻ മണി, അടങ്ങുന്ന ബാൻഡ് സംഘമായിരുന്നു ഒരു കാലത്തെ കുമരംഗരിയുടെ പ്രധാന സംഗീത വിസ്മയം. എസ്തപ്പാന്റെ  മരണ ശേഷമാണ് ബാൻഡ് സംഘത്തിനു  പ്രധാനമായും തകർച്ച നേരിടേണ്ടി  വരുന്നത്.  തുടരെ തുടരെ എല്ലാ മത്സരങ്ങളിലും തോറ്റു തുന്നം പാടുന്നതിലൂടെ  ബാൻഡ് സംഘം പള്ളിക്ക് ഒരു ബാധ്യതയായി വരുന്നു. എസ്താപ്പന്റെ മകനായ സോളമൻ (ഫഹദ്) ക്ലാർനെറ്റ് വായിക്കാനും പള്ളി വക ബാൻഡ് സംഘത്തിൽ ചേരാനും  താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഫാദർ അബ്രഹാം ഒറ്റപ്ലാക്കൽ (ജോയ്  മാത്യു) അവനെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്. പള്ളി വകയുള്ള  ബാൻഡ് സംഘം  എന്നന്നേക്കുമായി പിരിച്ചു വിടാൻ ഫാദർ അബ്രഹാം ശ്രമിക്കുന്ന സമയത്താണ് പള്ളിയിലേക്ക് പുതിയതായി നിയമിച്ച ഫാദർ വിൻസെന്റ് വട്ടോളി (ഇന്ദ്രജിത്ത് ) സിനിമയിലേക്ക് കടന്നു വരുന്നത്. തുടർന്നങ്ങോട്ടുള്ള സംഭവ വികാസങ്ങളാണ് സിനിമയെ ജീവസ്സുറ്റതാക്കുന്നത്. 

അവതരണമികവും, കഥാ പശ്ചാത്തലത്തിന്റെ പുതുമയും, ഫഹദിന്റെയും സ്വാതിയുടെയും വേറിട്ട പ്രകടന നിലവാരവും കൊണ്ടും മാത്രമാണ് ആമെനിലെ പ്രണയം വിശുദ്ധമാകുന്നത്. അതല്ലായിരുന്നെങ്കിൽ കഥയിലെ പാവപ്പെട്ട നായകന് സ്ഥലത്തെ പ്രമാണിയുടെ മകളോട് തോന്നുന്ന വെറും ക്ലീഷേ പ്രണയമായി ഇതും വിലയിരുത്തപ്പെട്ടെനെ. ജോയ് മാത്യുവിന്റെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കലും, ഇന്ദ്രജിത്തിന്റെ ഫാദർ വട്ടോളിയും, സുനിൽ സുഖദയുടെ കപ്യാർ വേഷവും, മകരന്ദ് ദേശ്പാണ്ടെയുടെ ഷെവലിയാർ പോത്തച്ചനും പോലെ തന്നെ  ഈ സിനിമയിലഭിനയിച്ച അഭിനേതാക്കളെല്ലാവരും  അവരവർക്ക് കിട്ടിയ വേഷത്തെ മികവുറ്റതാക്കി മാറ്റിയിട്ടുണ്ട്. നിസ്സഹായനായ കാമുകന്റെ ശരീര ഭാഷ വേണ്ട പോലെ കൈകാര്യം ചെയ്യുന്നതിൽ ഫഹദ് വിജയിച്ചപ്പോൾ, ശോശന്നയായി വന്ന സ്വാതി തന്റെതായാ  പ്രകടനം കൊണ്ട് പ്രേക്ഷകനെ കൈയ്യിലെടുത്തു. ലൂയി പാപ്പാനായി വരുന്ന കലാഭവൻ മണിയുടെ പ്രകടനത്തിൽ   പലയിടങ്ങളിലും  നടൻ തിലകന്റെ അപ്രത്യക്ഷ സ്വാധീനം ഉണ്ടായിട്ടുണ്ട് എന്ന് പറയാതെ വയ്യ. 

സിനിമയുടെ തുടക്കം തൊട്ടു അവസാനം വരെയുള്ള സോളമന്റെയും ശോശന്നയുടെയും (സ്വാതി) പ്രണയത്തെക്കാൾ കൂടുതൽ പ്രേക്ഷകന്റെ മനസ്സിൽ തങ്ങി നിൽക്കുന്നത് പള്ളിയും, പള്ളി വികാരിയും, ഇടവകക്കാരും, ബാൻഡ് സംഘവുമടങ്ങുന്ന  കുമരംഗരി ഗ്രാമം തന്നെയാണ് എന്ന് പറയേണ്ടി വരും. അത്രക്കും ദൃശ്യചാരുതയോടെയാണ് അഭിനന്ദൻ രാമാനുജം 'കുമരംഗരി' എന്ന സ്വപ്നലോകത്തെ തന്റെ ക്യാമറയിലൂടെ സിനിമയിലേക്ക് ആവാഹിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകൻ ആരെ മറന്നാലും  കുമരംഗരിയെ മറക്കില്ല. ക്ലോസപ്പ് ഷോട്ടുകൾ, സ്ലോ മോഷൻ സീനുകൾ, മറ്റു ക്യാമറാ ഗിമ്മിക്കുകൾ എന്നിവക്കൊന്നും അമിത പ്രസക്തി കൊടുക്കാൻ ലിജോ ആഗ്രഹിക്കുന്നില്ല . അതിനു പകരമായി ക്രൈൻ ഷോട്ടും ഏരിയൽ ഷോട്ടുമൊക്കെയാണ് പുള്ളി കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. ചില സീനുകളിൽ, പ്രത്യേകിച്ച് തോണിയിൽ സഞ്ചരിക്കുന്നതും, അതിനിടയിലെ സംഭാഷണ സീനുകകളിലെല്ലാം ഉപയോഗിച്ചിരുന്ന ഷോട്ടുകൾ  ഒരു തരം തലവേദനയുണ്ടാക്കുന്ന ദൃശ്യാവിഷ്ക്കാരമായും മാറിയിട്ടുണ്ട് എന്ന് കൂടി പറയട്ടെ. 

പ്രശാന്ത് പിള്ളയുടെ സംഗീതമാണ് സിനിമയിലെ മറ്റൊരു വിജയ തരംഗം. സിനിമയിലെ ഗാനങ്ങൾ എന്നത് നായകനും നായികക്കും പ്രണയവും വിരഹവും തോന്നുമ്പോൾ മാത്രം പാടാനുള്ളതല്ല, മറിച്ച് ആവശ്യമെന്ന് തോന്നുന്ന സാഹചര്യങ്ങളിൽ പ്രേക്ഷകനുമായി സംവദിക്കാനും കഥാപാത്രങ്ങൾക്കിടയിലെ ആശയ വിനിമയത്തിനും കൂടി ഉപയോഗിക്കാമെന്ന് ലിജോ ജോസ് ഈ സിനിമയിൽ നമുക്ക് കാണിച്ചു തരുന്നുണ്ട്. ക്രിസ്ത്യൻ ഭക്തി ചുവയുള്ള  ഗാനങ്ങൾ എന്നതിലുപരി അതെ പശ്ചാത്തലത്തിൽ ആവേശം തുളുമ്പുന്ന മാത്സരികമായ ഊർജ്ജമാണ് ഈ സിനിമയിലെ സംഗീതം നമുക്ക് നൽകുന്നത്. കാവാലം നാരായണ പണിക്കരുടെ വരികളോട് കൂടെ പ്രശാന്തിന്റെ സംഗീതം കൂടിചേർന്നപ്പോൾ സിനിമാ ചരിത്രത്തിലെ ഇന്ന് വരെയുള്ള സംഗീത ശൈലികളുടെ പൊളിച്ചെഴുത്താണ് സംഭവിച്ചത് എന്ന് പറയുന്നതായിരിക്കും ഉചിതം. 

അതെ സമയം മേൽപ്പറഞ്ഞ യാതൊരു വിധ ഗിമ്മിക്കുകളുമില്ലാതെ തികഞ്ഞ നിശബ്ദതയിലാണ് സിനിമയിൽ  പി എസ് റഫീക്ക് എഴുതിയ ' സോളമനും ശോശന്നയും ..' എന്ന് തുടങ്ങുന്ന ഗാനം അവതരിപ്പിക്കപ്പെടുന്നത്. സോളമന്റെയും ശോശന്നയുടെയും വിശുദ്ധപ്രണയത്തിന്റെ സംഗീതാവിഷ്ക്കാരം കൂടിയാണ് ഈ ഗാനം.   ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച 'പമ്പര പ പ്പ പ്പാ .. ' എന്ന കള്ള് ഷാപ്പ് ഗാനം ഗാനം സിനിമയിലെ മറ്റൊരു ആകർഷണീയതയാണ്. ഒറ്റ ഷോട്ടിൽ എടുത്തു എന്നതിലുപരി ആ ഗാനത്തിന്റെ  സീൻ coordination, ടീം സ്പിരിറ്റുമാണ് ഏറെ അഭിനന്ദനീയം. ഫാദർ വട്ടോളിയുടെ രംഗ പ്രവേശന ശേഷം ആ കഥാപാത്രത്തെ ഒന്ന് കൂടി ഹൈലൈറ്റ് ചെയ്യാനെന്ന വണ്ണം പ്രമുഖ ഗായകനായ ലക്കി അലിയെ കൊണ്ട്   "വട്ടോളി ..വട്ടോളി " എന്ന് തുടങ്ങുന്ന ഒരു ആഷ് -ബുഷ്‌ ഗാനം കൂടി സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആ സാഹസം എന്തിനായിരുന്നു എന്നത് അജ്ഞാതം.

ഈ അടുത്ത കാലത്ത് വന്ന ഏതു സിനിമകൾ എടുത്തു നോക്കിയാലും അതിലെല്ലാം കാണാവുന്ന വളിപ്പും അശ്ലീലവും കലർന്ന തമാശകൾ ഈ സിനിമയിലും ചേർക്കപ്പെട്ടിട്ടുണ്ട്. സത്യത്തിൽ അങ്ങിനെയൊക്കെയുള്ള  സീനുകൾ സിനിമയിൽ ഉൾപ്പെടുത്തുന്നതിൽ കൂടി തിരക്കഥാകൃത്തും സംവിധായകനും എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല. അതോ, ഇത്തരം അധോവായു തമാശകൾ പ്രേക്ഷനെ രസിപ്പിക്കും എന്ന മുൻവിധി ലിജോവിനു ഉണ്ടായിരുന്നോ എന്തോ.  1970 കാലത്തിലാണ് കഥ നടക്കുന്നതെന്ന് നേരത്തെ പറയുന്നുണ്ടെങ്കിലും ക്ലൈമാക്സ് സീനുകളിൽ പ്രമുഖ ബാൻഡ് സംഘങ്ങളുടെ പേരിൽ മത്സര വേദിയോട് ചേർന്ന് ഫ്ലക്സ് ബോർഡ് പൊങ്ങി നിൽക്കുന്നത് ശ്രദ്ധയിൽ പെടുന്നുണ്ട്. ഇങ്ങിനെയുള്ള ചുരുക്കം ചില പൊരുത്തക്കേടുകൾ ഒഴിച്ച് നിർത്തിയാൽ ആമേൻ മലയാള സിനിമയ്ക്കു സമ്മാനിക്കുന്നത് പുതുമയുടെയും അവതരണ മികവിന്റെയും ദൃശ്യമനോഹാരിത മാത്രമാണ്. 

ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങൾ സിനിമയിൽ വന്നു പോകുന്നുണ്ട്. കൂട്ടത്തിൽ ശ്രദ്ധേയമായ വേഷമായിരുന്നു തെങ്ങിൻ മുകളിലെ കള്ള് ചെത്തുകാരൻ കാഴ്ച വച്ചത്. കുറഞ്ഞ സീനുകളിൽ മാത്രമേ ഇദ്ദേഹം പ്രത്യക്ഷപ്പെടുന്നുള്ളൂ എങ്കിൽ കൂടി പ്രേക്ഷന്റെ മനസ്സിലേക്ക്  ഒരേ സമയം ചിരിയുടെയും ചിന്തയുടെയും  വെളിച്ചം  വാരി വിതറുന്ന മിടുക്കനും കൂടിയാണ് ഈ കള്ള് ചെത്തുകാരൻ. തെങ്ങിൻ മുകളിലിരുന്നു സദാ ഗ്രാമത്തെ നിരീക്ഷിക്കുകയും ഓരോരുത്തരുടെയും പ്രവർത്തികളെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് വിലയിരുത്തുകയും ചെയ്യുന്ന കള്ള് ചെത്തുകാരന് സംവിധായകൻ സിനിമയിൽ ഒരു ദൈവീക പരിവേഷം നൽകിയിരുന്നൊ എന്ന സംശയം  സിനിമ കഴിയുമ്പോൾ ചുരുക്കം പ്രേക്ഷകർക്കെങ്കിലും തോന്നിയേക്കാം. അങ്ങിനെ ചിന്തിക്കുമ്പോൾ  കുമരംഗരി എന്ന സാങ്കൽപ്പിക ഗ്രാമത്തിന്റെ അർത്ഥ വ്യാപ്തി മറ്റൊരു തലത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. അത്തരത്തിൽ ചിന്തിക്കുന്ന പ്രേക്ഷകർക്ക് മുന്നിലാണ് പുണ്യാളൻ സത്യത്തിൽ വെളിപ്പെടുന്നതും സംശയങ്ങളുടെയും ചോദ്യങ്ങളുടെയും ഒരു നീണ്ട നിര സൃഷ്ടിക്കുന്നതും. 

ആകെ മൊത്തം ടോട്ടൽ =  മികച്ച ദൃശ്യാവിഷ്ക്കാരം കൊണ്ട് കഥ പറഞ്ഞ  സിനിമ. മലയാളിക്ക് പരിചയമില്ലാത്ത, പുതുമയുള്ള വഴികളിൽ കൂടി പ്രേക്ഷകന്റെ കൈ പിടിച്ചു നടത്തി ഒരു സാങ്കൽപ്പിക ലോകത്തിന്റെ അനുഭൂതി തന്നു കൊണ്ട് കഥ പറയുന്ന ഒരു നല്ല സിനിമ. ആകെ മൊത്തം ഒരു പുണ്യാളൻ എഫെക്റ്റ് ഉള്ള ഒരു മാജിക്കൽ സിനിമ. അതാണ്‌ ചുരുക്കത്തിൽ ആമേൻ. 

* വിധി മാർക്ക്‌ = 7.7/10 

- pravin- 

20 comments:

 1. വിശകലനം നന്നായി, എന്നാൽ നാളേ ഒന്നു കണ്ടു കളയാം... നന്ദി പ്രവീൺ..., ആ‍ദ്യ പതിനഞ്ചു മിനിറ്റ് എന്തായിരുന്നു എന്ന് കണ്ടിട്ടു പറയാം..

  ReplyDelete
  Replies
  1. നന്ദി ആരിഫ് .. കണ്ടിട്ട് അഭിപ്രായം പറയൂ ..

   Delete
 2. നിരൂപണം കൊള്ളാം... ആ സിംഗിള്‍ ഷോട്ട് ഷാപ് ഗാനത്തെക്കൂടി പരാമര്ശിക്കാമായിരുന്നു..

  ജോയ് മാത്യു ആണ്.. ബ്രാക്കറ്റില്‍ ജോര്‍ജ് എന്നാണ് കാണുന്നത്.. തിരുത്തുമല്ലോ..

  ReplyDelete
  Replies
  1. നന്ദി മനോജ്‌ . വായനക്കും നിർദ്ദേശത്തിനും . ജോയ് മാത്യു എന്ന് തിരുത്തി എഴുതിയിട്ടുണ്ട്. അത് പോലെ ഷാപ്പ് ഗാനത്തെ കുറിച്ച് രണ്ടു വരി എഴുതി ചേർത്തിട്ടുമുണ്ട് ..

   Delete
 3. ഇതിന്റെ സീഡിക്ക് വൈറ്റ് ചെയ്യുന്നൂ.....................

  ReplyDelete
  Replies

  1. ആ ആ.. അത് ശരി .. അപ്പൊ നിങ്ങ ഒക്കെ ഒരു ടീം ആണല്ലേ ? ശ്ശെടാ വില്ലന്മാരെ

   Delete
 4. ചിത്രം കണ്ടില്ല

  ReplyDelete
  Replies
  1. വേഗം പോയി കാണൂ .. ഇപ്പോഴും തിയേറ്ററിൽ കളിക്കുന്നുണ്ടല്ലോ

   Delete
 5. ആമേൻ കണ്ടു..വളരെ ഇഷ്ടമായി..
  ടൈറ്റിൽ സോങ്ങിലൂടെ തന്നെ ഇറങ്ങി ചെല്ലുകയായിരുന്നു 1970 കാലഘട്ടത്തിലേക്ക്‌..ശരിയ്ക്കും ആസ്വാദിച്ച ഗാനം അതായിരുന്നുവെന്നും പറയാം..
  ഇച്ചിരി പൊരുത്തക്കേടുകൾ അവിടവിടങ്ങളിൽ ദൃശ്യമെങ്കിലും പൂർണ്ണമായും ആസ്വാദിച്ചവർക്ക്‌ അതൊരു വിഷയമായിരുന്നില്ല എന്നു തന്നെ പറയാം..എങ്കിലും പടം ഒട്ടും തന്നെ തൃപ്തിയാവാതെ മുഖം തിരിച്ചവരുമുണ്ടായിരുന്നു കൂട്ടത്തിൽ..!
  പിന്നെ, നർമ്മത്തിന്റെ കാര്യത്തിൽ നിയ്ക്ക്‌ തോന്നുന്നു അന്നത്തെ കാലത്ത്‌ ഇന്നത്തെ പോലെ മോഡേൺ ഹാസ്യവാക്കുകളും പ്രയോഗങ്ങളും നിലവിലില്ലാത്തതുകൊണ്ട്‌ അശ്ലീലങ്ങൾ തന്നെയായിരുന്നു ഹാസ്യത്തിനു തൂവിയിരുന്നതെന്ന്..

  ആശംസകൾ ട്ടൊ..നന്ദി

  ReplyDelete
  Replies
  1. വർഷിണി ടീച്ചർ പറഞ്ഞ ആ ഗാനം എനിക്ക് കാണാൻ പറ്റിയില്ല . പടം ഒരിത്തിരി തുടങ്ങിയ ശേഷമാണ് തിയേറ്ററിൽ എത്തിയത്. 1

   970 കാലഘട്ടമാണ് കഥയിൽ പശ്ചാത്തലമായി കാണിക്കുന്നതെന്ന് എവിടെയും തറപ്പിച്ചു പറയുന്നതായി ഓർമയില്ല . അതെ സമയം ആ കാലം തന്നെയാണ് സിനിമയുടെ പശ്ചാത്തലമെന്നത് പലയിടത്തും പറയാതെ പറയുന്നുണ്ട് താനും . അത് കൊണ്ട് 1970 എന്നത് നമ്മുടെ അനുമാന കാലഘട്ടമാണ്. അങ്ങിനെ നോക്കുമ്പോഴും സിനിമയിൽ കുറെ പൊരുത്തക്കെടുകൾ ദൃശ്യമാണ്. ഫാദർ വട്ടോളി ഓടിക്കുന്ന ബൈക്ക് , അത് പോലെ മോട്ടോർ ഘടിപ്പിച്ച ബോട്ട് , ലൈഫ് ജാക്കറ്റ് ഇട്ട ബോട്ട് ഡ്രൈവർ , ക്ലൈമാക്സ് സീനുകളിൽ പ്രത്യക്ഷപ്പെടുന്ന ഫ്ലക്സ് ബോർഡുകൾ എന്നിവയാണ് കാല ഘട്ട സംബന്ധമായ പ്രധാന പൊരുത്തക്കേടുകളായി എനിക്ക് തോന്നിയത് .

   പള്ളി പൊളിക്കാൻ വരുന്ന പണിക്കാർ നാടകത്തിലും , ബാലെയിലുമൊക്കെ കാണുന്ന പോലെയുള്ള ഒരു പ്രകടനമാണ് കാണിച്ചത് . ആദ്യം തന്നെ പള്ളിയുടെ തൂണുകളിൽ ആണ് അവരുടെ ശ്രദ്ധ പതിയുന്നതും പൊളിക്കാൻ ശ്രമിക്കുന്നതും . അത് ഒരു വിഡ്ഢി തീരുമാനമായിരുന്നു .

   ഫാദർ വട്ടോളി വരുന്ന സമയത്ത് തന്നെ അളിയനെ ഫോണ്‍ ചെയ്യുന്ന രംഗമുണ്ട്. ഡേവിസ് ആണ് വട്ടോളിയുടെ അളിയൻ എന്ന് സോളമന് മാത്രമാണോ മനസിലാകുന്നത് ? ഡേവിസിന്റെ അറിവോട് കൂടെ തന്നെയാണ് പള്ളിയിൽ വട്ടോളി എത്തുന്നത് എന്ന് വ്യക്തം . അപ്രകാരം നോക്കുമ്പോൾ വട്ടോളിയുടെ വരവിന്റെ ഉദ്ദേശ്യം എന്തായിരുന്നു എന്ന് കരുതാം ?
   ഡേവിസ് അതിനു ശേഷവും വട്ടോളിയെ നേരിട്ട് പലയിടങ്ങളിലും കാണുന്നു . അപ്പോഴൊന്നും അവര് തമ്മിൽ പരിചയം കാണിക്കാഞ്ഞത് എന്തിനായിരുന്നു ?
   ഡേവിസിന്റെ പെങ്ങളുടെ മകനെയാണ് ശോശന്നയുടെ വരാനായി ഫിലിപ്പൊസ് കണ്ടു വച്ചത് . ശോശന്നയും സോളമനും ഒളിച്ചോടാൻ വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത് വട്ടോളി ആണ് .അത് പരസ്യമായി ഡേവിസിന് ബോധ്യപ്പെടുന്നു. എന്നിട്ടും അളിയോ കുഞ്ഞളിയോ ബന്ധമുള്ള ഡേവിസ് എന്തായിരിക്കും ആ സീനിൽ വട്ടോളിയോടു ഒന്നും തന്നെ പറയാതെ കടന്നു കളഞ്ഞത് ?
   വട്ടോളി പുണ്യാളൻ മാസങ്ങളോളം കുമാരംഗരിയിൽ ചുറ്റി നടക്കുമ്പോഴും യഥാർഥ വട്ടോളി അളിയനെയോ പള്ളിക്കാരെയോ ഫോണ്‍ ചെയ്യുകയോ അറിയിക്കുകയോ ചെയ്തില്ല . അതും ഒരു പോക മറയാണ് .
   ഇങ്ങിനെ കുറെ കാര്യങ്ങൾ സിനിമയിൽ അവ്യക്തമായി കിടക്കുന്നുണ്ട് .. പിന്നെ ഒന്നാലോചിച്ചാൽ എല്ലാം പുണ്യാളന്റെ ലീലാ വിലാസങ്ങൾ എന്ന് കരുതി സ്വയം ഉത്തരം കണ്ടെത്താം .

   പിന്നെ , ടീച്ചർ പറഞ്ഞ ഒരു കാര്യത്തോട് ഇപ്പോഴും വിയോജിപ്പുണ്ട് . അന്നത്തെ കാലത്ത് അതൊക്കെയാണ്‌ പ്രധാന തമാശകലായിട്ടുണ്ടായിരുന്നത് എന്ന് ഇപ്പോഴും തോന്നുന്നില്ല . ആ സീനുകളുടെ ഒരു കാര്യവും സിനിമയിൽ ഉണ്ടായിരുന്നില്ല എന്ന അഭിപ്രായം തന്നെയാണ് എനിക്കിപ്പോഴും .

   നന്ദി വർഷിണി ടീച്ചർ

   Delete
 6. ആകെ മൊത്തം ടോട്ടൽ നല്ലൊരു അവലോകനം

  ReplyDelete
 7. പടം കണ്ടില്ല. എങ്കിലും പ്രവീനിണിന്‍റെ നിരീക്ഷണം നിക്ഷ്പക്ഷവും സിനിമയോട്നീതി പുലര്‍ത്തുന്നതുമാന് എന്ന് വായനയില്‍ മനസിലാകുന്നു.
  നമുക്ക് പറയാന്‍ പുതിയതായി ഒന്നും ഇല്ലാത്തപ്പോള്‍ പ്ലോട്ട് പറഞ്ഞു പഴകാത്ത ഒരു കാലഘട്ടത്തിലേക്ക് പറിച്ചുനടുകയാണ് ഇപ്പോള്‍ കണ്ടു വരുന്നത്. അത് അഭിനന്ദനീയമായ കാര്യമാണ്. സൂപ്പര്‍ താരങ്ങളേക്കാള്‍ ന്യൂ ജെനെരേശന്‍ താരങ്ങളാണ്‌ സംവിധായകനും വേര്‍സറ്റൈല്‍ എന്ന് തോന്നുന്നു. താരങ്ങളെ അല്ല സിനിമക്ക് വേണ്ടത് അഭിനെനേതാക്കളെയാണ് എന്ന് ഇത്തരം സിനിമകള്‍ കാട്ടിത്തരുന്നു.

  പിന്നെ ആമ്മേന്റെ ക്യാമറയേക്കുറിച്ച് നല്ല റിവ്യൂ ആണ് പലയിടത്തുനിന്നും കിട്ടിയത്. ആലപ്പുഴയെ ഇത്രയും മനോഹരമായി ഇതുവരെ ചിത്രീകരിചിട്ടില്ലത്രേ. മുന്‍പ് അതെനിക്ക് തോന്നിയത് വിന്നേയ് താണ്ടി വരുവയാ കണ്ടപ്പോഴാണ്.

  ReplyDelete
  Replies
  1. ജോസു പറഞ്ഞ നിരീക്ഷണങ്ങോട് യോജിക്കുന്നു .

   ആമേൻ സിനിമയുടെ കഥയിൽ ചിലപ്പോൾ പഴമ കണ്ടെത്തിയെക്കാം , പക്ഷെ അതെത്രത്തോളം പുതുമയോടെ അവതരിപ്പിക്കാൻ ലിജോവിനു സാധിച്ചു എന്നുള്ളിടത്തു തന്നെയാണ് സിനിമയുടെ വിജയം . ദൃശ്യ വിസ്മയമാണ് ആമേൻ . അസാധ്യ ക്യാമറ വർക്ക് തന്നെ മച്ചൂ .. കാണൂ എന്തായാലും ..

   Delete
 8. മനോഹരം പ്രവീണ്‍ .ഞാനും കണ്ടു അമേന്‍. ലിജോയുടെ മുന്‍കാല പടങ്ങള്‍ തന്ന ഇമേജ് അത്ര നല്ലതല്ലാത്തതിനാല്‍ വലിയ പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല സിനിമക്ക് കയറിയപ്പോള്‍

  പക്ഷെ പടം കണ്ടപ്പോള്‍ .............................................
  നല്ല വെളുത്തുള്ളിയും ജീരകവും ചേര്‍ത്തരച്ച അപ്പവും മധുര കള്ളും കഴിച്ച സുഖം !!
  തീയറ്ററില്‍ നിന്നും ഇറങ്ങിയപ്പോള്‍ നല്ല രസികന്‍ കൊഴുക്കട്ടയുമായി ശോശന്നയും സോളമനും നില്‍പ്പുണ്ടായിരുന്നു .. പഞ്ചസാരയും തേങ്ങയും തിരുമ്മി ചേര്‍ത്ത കൊഴുക്കട്ട നുണഞ്ഞിറക്കി വീട്ടിലേക്കു തിരിക്കവെ വഴിയരികില്‍ കുന്നിക്കുരു കളിച്ചു പിണങ്ങി നില്‍ക്കുന്ന എസ്തപ്പാനാശാനും മാലാഖമാരും ചേര്‍ന്ന് കൈവീശി .

  പൊടുന്നനെ ഒറ്റപ്ലാക്കന്‍ അച്ചനും കോണ്ട്രാക്ടര്‍ ഫീലിപ്പോസും ചേര്‍ന്ന് എന്റെ നേരെ ഒരു വിഷ പാമ്പിനെ അയച്ചു . അത് എന്‍റെ ഞെരബുകളെ വലിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചു .ക്ലാര ചൂലും ഉയര്‍ത്തി പിടിച്ചു അതിനെ തല്ലി ഓടിക്കാന്‍ ശ്രമിക്കുനുന്നുണ്ടായിരുന്നു .

  എവിടെ നിന്നോ ഒരു കുളമ്പടി ഒച്ച കേട്ടു. അത് കുമാരങ്കിരിപുണ്യാളന്‍ ആയിരുന്നു . നീട്ടി പിടിച്ച കുന്തം കൃത്യം ആ വലിയ പാമ്പിന്റെ കഴുത്തില്‍ കോര്‍ത്തു . ചുഴറ്റി എടുത്തെറിഞ്ഞ പാമ്പിനെ നോക്കി അന്തം വിട്ടു നിന്ന എന്‍റെ നെറ്റിയില്‍ തലോടി പുണ്യാളന്‍ കുതിരയെ തെളിച്ചു കൊണ്ട് മറഞ്ഞു പോയി

  വീട്ടിലെത്തിയപ്പോള്‍ നേരം വളരെ വൈകിയിരുന്നു . കണ്ണടച്ച് ഉറങ്ങാന്‍ തുടങ്ങിയപ്പോള്‍ അങ്ങകലെ എവിടെ നിന്നോ കേട്ടു ....ലൂയി പാപ്പന്റെ ക്ലാര്‍നെറ്റ് വായന ...അത്
  എസ്തപ്പാനാശാന്‍റെ മൂന്നാംനടയായിരുന്നു

  ReplyDelete
  Replies
  1. എന്റമ്മോ ..അപ്പൊ ആമേൻ ബാധ കയറിയെന്നു സാരം .. ഇത് പക്ഷെ ചികിത്സിച്ചു മാറ്റണ്ട കേട്ടോ .. നല്ല അസുഖമാണ് .. ഈ അസുഖം കൂടാൻ വേണ്ടി പ്രാർഥിച്ചോ .. ആസ്വാദനം കൂടും ..

   നന്ദി ഹർഷ

   Delete
 9. ഞാന്‍ ഇന്നലെയാണ് ആമേന്‍ കണ്ടത്. ഒരു റിവ്യൂവും വായിക്കാതെ. കഥയുടെ ഒരുഭാഗവും അറിയാതെ. ക്ലൈമാക്സ് എന്തായിരിക്കുമെന്ന് ഒരു ഊഹവുമില്ലാതെ. അതിനാല്‍ത്തന്നെ സിനിമ സുന്ദരമായി ആസ്വദിച്ചു.

  ReplyDelete
  Replies
  1. അപ്പൊ ഇഷ്ടായി ല്ലേ ... പുണ്യാളൻ കാത്തു .

   Delete