Friday, May 24, 2013

ഹരിദാസ്


G . N . R കുമരവേലനും A . R വെങ്കടേശനും ചേർന്ന് കഥയും തിരക്കഥയും എഴുതി G . N . R കുമരവേലൻ സംവിധാനം ചെയ്ത സിനിമയാണ് 'ഹരിദാസ്'. പേര് സൂചിപ്പിക്കുന്ന പോലെ ഈ സിനിമ പറയുന്നത് ഹരിദാസിന്റെ കഥ തന്നെയാണ്. പോലീസ് ഓഫീസറായ  ശിവദാസിന്റെ (കിഷോർ) ഏക മകനാണ് ഹരിദാസ് (പ്രിഥ്വിരാജ് ദാസ്).  ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട അവനെ നോക്കാനും വളർത്താനും നിയോഗിക്കപ്പെടുന്നത് ശിവദാസിന്റെ അമ്മയാണ്. ചെറുപ്പം മുതലേ മറ്റു കുട്ടികളിൽ നിന്ന് വ്യത്യസ്ത സ്വഭാവം പ്രകടിപ്പിച്ചിരുന്ന ഹരിദാസിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാനും അന്വേഷിക്കാനും  പലപ്പോഴും ശിവദാസിന് സമയമേ ഉണ്ടായിരുന്നില്ല. എന്നാൽ, ശിവദാസിന്റെ അമ്മയുടെ മരണ ശേഷം കഥാഗതിയാകെ മാറുകയാണ്.  ഹരിദാസിന്റെ അസുഖം ഓട്ടിസം ആണെന്ന് തിരിച്ചറിയപ്പെടുന്ന നിമിഷം തൊട്ട് ഒരു അച്ഛന്റെ കടമയിലേക്ക് ശിവദാസ്‌ മടങ്ങിയെത്തുന്നു. അതിന്റെ ഭാഗമായി ഒരു ഘട്ടത്തിൽ തന്റെ പോലീസ് ഉദ്യോഗം വരെ വേണ്ടെന്നു വക്കാൻ അയാൾ ശ്രമിക്കുന്നുണ്ടെങ്കിലും അയാൾക്കത് പൂർണമായും സാധ്യമാകുന്നുണ്ടായിരുന്നില്ല. ഹരിദാസിന് വേണ്ടി അയാൾക്ക്  എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുന്നു എന്നതിനെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ടു പോകുന്നത്.

സിനിമയുടെ ആദ്യ ഭാഗം കണ്ടു തുടങ്ങുമ്പോൾ ഒരു ക്രൈംസ്റ്റോറി സ്വഭാവമാണ് പ്രകടമാകുന്നത് എങ്കിലും ആദ്യത്തെ അരമണിക്കൂറിനു ശേഷം അത് വ്യത്യാസപ്പെടുന്നു.  അവിടുന്നങ്ങോട്ടാണ് സിനിമ പ്രധാനമായും കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്ന  വിഷയം എന്താണെന്ന് പ്രേക്ഷകന് ബോധ്യപ്പെടുന്നത്. കുട്ടികളിലെ ഓട്ടിസം എന്ന രോഗത്തെ പല രക്ഷിതാക്കളും തിരിച്ചറിയാൻ ശ്രമിക്കുന്നില്ല എന്ന ദുഃഖകരമായ സത്യം സിനിമയിൽ സംവിധായകൻ വെളിപ്പെടുത്തുന്നു.

ഹരിദാസിനെ വിദഗ്ദ്ധ ചികിത്സക്കായി ഡോക്ടറുടെ അടുത്തെത്തിക്കുന്ന ശിവദാസിനോട് ഡോക്ടർ ചോദിക്കുന്ന ചോദ്യങ്ങൾ ഏറെ പ്രസക്തമാണ്. തന്റെ കുട്ടിക്ക് എന്താണ് അസുഖം എന്നറിയാതെ, വേണ്ട ചികിത്സ നൽകാതെ അവനെ ഒരു special child മാത്രമായി കാണുന്ന രക്ഷിതാക്കൾ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട്.  പലപ്പോഴും കുട്ടികളിലെ അസുഖങ്ങളെ മുൻവിധിയോടു കൂടെ നിരീക്ഷിക്കുക വഴി രക്ഷിതാക്കൾ കുട്ടികളോട് ചെയ്യുന്ന പാതകം ചെറുതല്ല എന്ന് ഡോക്ടർ ഓർമിപ്പിക്കുന്നു. ഈ സിനിമയിലെ ഡോക്ടർ കഥാപാത്രം അധിക സീനുകളിലൊന്നും തന്നെ പ്രത്യക്ഷപ്പെടുന്നില്ല. എങ്കിൽപ്പോലും ആ കഥാപാത്രത്തിലൂടെ ഓട്ടിസ സംബന്ധമായ കുറേയധികം  നല്ല നിരീക്ഷണങ്ങൾ പങ്കുവെയ്ക്കപ്പെടുന്നുണ്ട്. ഓട്ടിസം ഒരു രോഗമാണ് എന്ന് പറയുന്നവരോടുള്ള  ഡോക്ടറുടെ മറുപടിയും അത് പോലെ  ശ്രദ്ധേയമാണ്. ഓട്ടിസം ബാധിച്ച കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകളെ കണ്ടെത്തി അതിനെ പരിപോഷിപ്പിക്കുന്നതിൽ കൂടി ഒരു പക്ഷേ ആ കുട്ടി നാളെ ലോകം അറിയപ്പെടുന്നവനായി മാറാനുള്ള സാധ്യതയെപ്പറ്റിയും ഡോക്ടർ വാചാലനാകുന്നുണ്ട്.  ചരിത്രത്തിൽ അതിനുള്ള ഉദാഹരണ വ്യക്തിത്വങ്ങൾ ഏറെയുണ്ട് എന്ന് പറഞ്ഞാണ് ഡോക്ടർ അത് ശിവദാസിന് വിശദീകരിച്ചു കൊടുക്കുന്നത് പോലും.

അഭിനേതാക്കൾ എന്ന നിലയിൽ എല്ലാവരും അവരവരുടെ കഥാപാത്രങ്ങൾ വളരെ വൃത്തിയായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും  കൂട്ടത്തിലെ  കുട്ടി അഭിനേതാക്കളുടെ പ്രകടനങ്ങൾ ഏറെ പ്രശംസനീയം തന്നെയാണ്. മുതിർന്ന നടന്മാരെക്കാൾ മികച്ച രീതിയിലും അനായാസമായും   ഭാവ പ്രകടനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കുട്ടികൾ ഏറെ മുന്നിലാണ് എന്ന് ഈ സിനിമ നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നുണ്ട്.

സാമൂഹിക പ്രസക്തമായ ഒരു പ്രമേയം സിനിമയിൽ ഗൗരവമായി അവതരിപ്പിക്കുമ്പോൾ ഒരു പക്ഷേ സിനിമ കൊമേഴ്സ്യൽ ലേബലിൽ നിന്ന് മാറി പോകാൻ ഏറെ സാധ്യതയുണ്ട്. പക്ഷേ, ഇവിടെ സംവിധായകനായ G . N . R കുമരവേലൻ അത് തന്ത്രപൂർവ്വം കൈകാര്യം ചെയ്യാനാണ് ശ്രമിച്ചിരിക്കുന്നത്.  സ്ക്രിപ്റ്റിംഗ് ശ്രദ്ധിച്ചാൽ അത് മനസ്സിലാക്കാവുന്നതേയുള്ളൂ. ആദി (പ്രദീപ്‌ രാവത്) എന്ന പ്രാദേശിക ഗുണ്ടയെ  തുരത്താനുള്ള പോലീസ് മിഷനും, അതുമായി ബന്ധപ്പെട്ട ശിവദാസിന്റെ ചുമതലാബോധവും ഒരു ഭാഗത്ത് കൂടെ സിനിമയിൽ പറയുന്നതോടൊപ്പം  മറുഭാഗത്ത് അച്ഛനെന്നെ നിലയിൽ ശിവദാസിന് ഹരിദാസിനോടുള്ള ഉത്തരവാദിത്തവും കൂടി work out ചെയ്യിച്ചു കൊണ്ടാണ് കഥ പറയുന്നത്. ഇതിനിടയിൽ കടന്നു വരുന്ന മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമാണ് സ്നേഹ അവതരിപ്പിക്കുന്ന അമുതവല്ലി ടീച്ചർ. തന്റെ ക്ലാസിൽ ഒരു special child-നെ പഠിപ്പിക്കേണ്ടി വരുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് അമുതവല്ലി ആദ്യമെല്ലാം ഒരല്പം നീരസത്തോടെയാണ് വീട്ടിൽ അനിയത്തിയോടും അമ്മയോടുമായി പറയുന്നത്. അതിനുള്ള പ്രധാന കാരണം ശിവദാസ് ഹരിദാസിനോട് കൂടെ തന്റെ ക്ലാസ്സിൽ വന്നിരിക്കുന്നു എന്നതാണ്‌. ശിവദാസ്‌ എന്താണെന്നും, അയാൾക്ക് മകനോടുള്ള അടുപ്പത്തിന്റെ ആഴം എത്രയാണെന്നും മനസ്സിലാക്കുന്നതിലൂടെ അമുതവല്ലിയുടെ അബദ്ധ ധാരണകൾ പിന്നീട് മാറുന്നുണ്ട്. അവിടുന്നങ്ങോട്ട്  കഥയിലെ മേൽപ്പറഞ്ഞ രണ്ടു ട്രാക്കിനോട് കൂടി പുതിയ ഒരു ട്രാക്ക് കൂടി സൃഷ്ടിക്കപ്പെടുന്നു. ആ ട്രാക്കിൽ കൂടി അമുതവല്ലിയും ഹരിദാസും ശിവദാസും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ഹൃദ്യമായി ചിത്രീകരിക്കുകയാണ് സംവിധായകൻ ചെയ്തിട്ടുള്ളത്. ഈ ഘടകങ്ങൾ എല്ലാം ഒത്തു ചേരുമ്പോൾ സിനിമ ഒരേ സമയം സാമൂഹികമായും വ്യാവസായികമായും ശ്രദ്ധ നേടുന്നു .

ഈ സിനിമയിൽ എവിടെയും  ഒരു പ്രണയ രംഗം  കൈകാര്യം ചെയ്യപ്പെടുന്നില്ല എങ്കിൽക്കൂടി ശിവദാസ് - അമുതവല്ലി ടീച്ചർ കൊമ്പിനേഷനിലൂടെ പ്രേക്ഷകനിൽ അങ്ങനെയൊരു മുൻധാരണ ഉണ്ടാക്കപ്പെടുന്നുണ്ട്. അമുതവല്ലിക്ക് ശിവദാസിനോട് തോന്നിയ ഇഷ്ടത്തെ പ്രണയമായി കാണാൻ ആകില്ല. ശിവദാസിന്റെ വ്യക്തിത്വത്തോടുള്ള  ഒരു വലിയ മതിപ്പ്, അല്ലെങ്കിൽ ആരാധനയായിരിക്കാം ഒരവസരത്തിൽ അവളെക്കൊണ്ട് ഹരിദാസിന്റെ അമ്മയാകാൻ ആഗ്രഹമുണ്ട് എന്ന് പറയിപ്പിച്ചത്. അവളുടെ ആ അഭ്യർഥനയെ പാടേ നിരാകരിച്ചുകൊണ്ട് ശിവദാസ്‌ നൽകുന്ന  മറുപടിയിൽ അവൾ ആശ്വാസം കണ്ടെത്തുന്നതും  അതേ കാരണം കൊണ്ട് തന്നെയായിരിക്കാം.

ആർ രത്നവേലുവിന്റെ ഛായാഗ്രഹണമാണ് സിനിമയിലെ   നിരീക്ഷണ വിധേയമാക്കേണ്ട   മറ്റൊരു  കാര്യം. ഗാന രംഗങ്ങളിലെ ദൃശ്യമനോഹാരിതക്കുപരി ആക്ഷനും ഇമോഷനും കൂടി കലർന്ന ഒരു സിനിമക്ക് ഉചിതമായ രീതിയിൽ തന്നെയാണ് രത്നവേലുവിന്റെ ക്യാമറ ചലിച്ചിരിക്കുന്നത്. ആ തലത്തിൽ നോക്കുമ്പോൾ  മികച്ചതല്ലെങ്കിൽ കൂടി  ഈ സിനിമയിലെ cinematography പരീക്ഷണാടിസ്ഥാനത്തിൽ ശ്രദ്ധേയമായിരുന്നു എന്ന് പറയാം. ആക്ഷൻ സീനുകൾക്ക് എന്ത് കൊണ്ടോ ഇരുണ്ട പശ്ചാത്തലം മാത്രമാണ് സിനിമയിൽ അധികവും ഉപയോഗിച്ചിട്ടുള്ളത്. ഔട്ട്‌ ഡോർ ചിത്രീകരിച്ചിട്ടുള്ള ഇമോഷൻ സീനുകൾ സിനിമയിൽ ഒരുപാടുണ്ട് എങ്കിലും അതിൽ ഏറെ ഹൃദ്യമായത്‌ ഹരിദാസിന്റെ മനസ്സിൽ അടക്കി വച്ച ആഗ്രഹം എന്തായിരുന്നെന്നു  ശിവദാസിന് ബോധ്യപ്പെടുന്ന സീനാണ്.   ക്ലോസപ്പ് ഷോട്ടുകളിൽ കൂടി മാത്രം ഇമോഷൻ എടുത്തു കാണിക്കുന്ന പതിവ് രീതികളെയെല്ലാം സിനിമയിൽ പലയിടത്തായി   സംവിധായകനും  തിരുത്തി കുറിക്കുന്നു.

അണ്ണാമലൈയുടെ വരികൾക്ക് വിജയ്‌ ആന്റണിയാണ് സംഗീതം നൽകിയിരിക്കുന്നത്. നാല് പാട്ടുകൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ശങ്കർ മഹാദേവൻ പാടിയ "അന്നൈയിൻ കരുവിൽ കളയാമൽ പിറന്തായെ, അപ്പോതെ മനിതാ നീ ജയിത്തായെ" എന്ന് തുടങ്ങുന്ന ഗാനമാണ് സിനിമയിലെ മികച്ച ഗാനം. സംഗീതം കൊണ്ട് മാത്രമല്ല ഒരു ഗാനം പ്രേക്ഷകന്റെ മനസ്സിൽ സ്ഥാനം പിടിക്കുന്നത്, മറിച്ച് അർത്ഥവത്തായ ആശയം കൊണ്ടും പദപ്രയോഗം കൊണ്ടും കൂടിയാണ് എന്നതിന് ഉദാഹരണമാണ് ഈ ഗാനം. തളർന്നു കിടക്കുന്ന മനസ്സിനെ ഉത്തേജിപ്പിക്കും വിധമുള്ള വരിയും സംഗീതവുമാണ് ഈ ഗാനത്തിനെ സിനിമയിലെ മറ്റു ഗാനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

ഈ വർഷം ഇതുവരെ ഇറങ്ങിയ മറ്റ് തമിഴ് സിനിമകളുമായി തുലനം ചെയ്യുമ്പോൾ ഒരേ സമയം വാണിജ്യപരമായും കലാപരമായും സാമൂഹികപരമായും മുന്നിൽ നിൽക്കുന്ന ഒരേ ഒരു സിനിമ ഹരിദാസ് മാത്രമാണ്. അതുകൊണ്ട് തന്നെ  സിനിമാലോകത്തെ സംബന്ധിച്ച് ഹരിദാസ് എന്നത്  മികച്ച സിനിമാ രൂപത്തിന്റെ പുതിയൊരു  ഫോർമുല കൂടിയായി മാറിയിരിക്കുകയാണ് .

* ഇ മഷി മാഗസിന്‍ ലക്കം 9 , ചലിക്കുന്ന ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പബ്ലിഷ് ചെയ്തു വന്ന എന്‍റെ സിനിമാ വീക്ഷണം . . ഇ മഷി . 

- pravin-

14 comments:

  1. തീർച്ചയായും കാണാൻ ആഗ്രഹിക്കുന്ന ചിത്രം, ഈ ആസ്വാദനം വായിച്ചതിനു ശേഷം..

    ReplyDelete
    Replies
    1. അപ്പോൾ കണ്ടു നോക്ക് ട്ടോ . നന്ദി .

      Delete
  2. ഞാന്‍ എഴുതിയ ഒരു ബ്ലോഗ് കഥ ടെലിഫിലിം ആക്കാനുള്ള ആഗ്രഹം ഉണ്ട്. ചിലര്‍ തിരക്കഥയും സംവിധാനവും എല്ലാം സൌജന്യമായി വാഗ്ദാനം ചെയ്തിട്ടുണ്ട്. 50,000 രൂപയില്‍ ചിത്രം പുറത്തിറക്കാനുള്ള പരിപാടിയാണ്. അറിയപ്പെടുന്ന ഒരു നടി [സീരിയല്‍ / സിനിമ] വേണമെന്ന നിര്‍ബ്ബന്ധം ഉണ്ട്. ദയവായി പ്രതികരിക്കുക.

    ReplyDelete
    Replies
    1. ഞാൻ നാട്ടിൽ ഉണ്ടായിരുന്നു . ഇതിപ്പോ ഏതു തരത്തിൽ പ്രതികരിക്കണം എന്നാണു ഉദ്ദേശിക്കുന്നത് ? സാമ്പത്തികം, സാങ്കേതികം , കലാപരം എങ്ങിനെ എങ്ങിനെ .. ഒന്ന് കൂടി വ്യക്തമാക്കാമോ

      Delete
  3. ആസ്വാദനം വായിച്ചപ്പോൾ സിനിമ കാണാൻ താൽപ്പര്യം തോന്നുന്നു

    ReplyDelete
    Replies
    1. നല്ല സിനിമയാണ് പ്രദീപേട്ടാ .. കണ്ടു നോക്കൂ ..

      Delete
  4. കാണണം, യ്യ് എഴുതിയ പലതും ഇത് വരേ കാണാൻ കഴിഞ്ഞിട്ടില്ല, പക്ഷെ ചിലതൊക്കെ കണ്ടൂ ട്ടൊ

    ReplyDelete
    Replies
    1. ഉം .. അപ്പൊ ഇതും ഇയ്യ്‌ കാണ് മച്ചൂ ..

      Delete
  5. കാണാന്‍ വൈകിയല്ലേ.....ഞാന്‍ റിലീസ് സമയത്തെ കണ്ടു. കിഷോര്‍ ഇത്രയും പ്രതീക്ഷിച്ചില്ല.മൂണ്ട്രു പേര്‍ മൂണ്ട്രു കടല്‍ കാണാന്‍ അവസരം കിട്ടിയാല്‍ ചേരന്റെ ഭാഗം കാണാന്‍ മറക്കരുത്.

    ReplyDelete
    Replies
    1. ഞാൻ കണ്ടിട്ട് ഏകദേശം രണ്ടു മാസം ആകാറായി .. പക്ഷെ ഇപ്പോഴാണ് എഴുതിയത് എന്ന് മാത്രം . ചേരന്റെ സിനിമ കണ്ടിട്ടില്ല. എന്തായാലും കാണാം കേട്ടോ .

      Delete
  6. ഇതു സംബന്ധിച്ച സിനിമയായിരുന്നില്ലേ “താരേ ജമീന്‍ പര്‍‘
    അതു കണ്ടു, വീണ്ടും കണ്ടു, വീണ്ടും കണ്ടു
    ഇതും അങ്ങനെ വീണ്ടും കാണാന്‍ പ്രേരിപ്പിക്കുമോ?
    കണ്ടുനോക്കട്ടെ!

    ReplyDelete
    Replies
    1. അജിത്തേട്ടാ .. താരെ സമീൻ പർ ഇതുമായി തുലനം ചെയ്യരുത് . ഈ രണ്ടു സിനിമകളും ഒരേ വിഷയമാണ് കൈകാര്യം ചെയ്തത് എങ്കിലും ട്രീറ്റ്‌ ചെയ്തതിൽ മികച്ചു നിക്കുന്നത് താരെ സമീൻ പർ തന്നെയാണ് . ഈ സിനിമയിൽ മറ്റൊരു പശ്ചാത്തലത്തിൽ കൂടി കഥ പറഞ്ഞു എന്ന് മാത്രം . ആക്ഷനും , കുടുംബ ബന്ധവും ഇട കലർത്തി കൊണ്ടാണ് കഥ പറയുന്നത് . എന്തായാലും കണ്ടു നോക്കൂ

      Delete
  7. Praveen Sekhar ഈ അടുത്ത കാലത്ത് ഞാന്‍ കണ്ട ഏറ്റവും നല്ല സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നേ ഉള്ളു ..അതാണ്‌ ഹരിദാസ്

    ReplyDelete
    Replies
    1. കണ്ടവർക്ക് ഈ സിനിമ ഇഷ്ട്ടപ്പെടാതിരിക്കാൻ വഴിയില്ല ..

      Delete