1986 ൽ ഇറാനിലെ കുഹ്പായെ ഗ്രാമത്തിൽ വ്യഭിചാര കുറ്റം ആരോപിച്ചു കൊണ്ട് സൊരായ എന്ന സ്ത്രീയെ ആൾക്കൂട്ടം കല്ലെറിഞ്ഞു കൊന്ന ക്രൂരതയുടെ ഹൃദയഭേദകമായ ദൃശ്യാവിഷ്ക്കരമാണ് 'The Stoning of Soraya M'.
സൊരായ കൊല്ലപ്പെട്ട ശേഷം ആ ഗ്രാമത്തിൽ അവിചാരിതമായി എത്തപ്പെട്ട ഫ്രെയ്‌ഡൌൺ സാഹെബ്ജാം എന്ന ഫ്രഞ്ച്-ഇറാനിയൻ പത്രപ്രവത്തകനിലൂടെയാണ് ഈ ക്രൂര കൃത്യത്തിന്റെ കഥ പുറം ലോകം അറിയുന്നത്.
1990 ൽ ഇതേ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി കൊണ്ട് അദ്ദേഹമെഴുതിയ നോവൽ ലോക ശ്രദ്ധ പിടിച്ചു പറ്റി. അതേ നോവലാണ് 2008 ൽ റിലീസായ 'The Stoning of Soraya M.' എന്ന പേർഷ്യൻ സിനിമയുടെ തിരക്കഥക്ക് കാരണമായതും.
മുപ്പത്തിയഞ്ചുകാരിയായ സൊരായയെ കല്ലെറിഞ്ഞു കൊന്നതിന് പിന്നിലെ കാര്യ കാരണങ്ങൾ വിശദീകരിക്കുന്നതിനോടൊപ്പം ഇറാനിലെ ആണധികാരങ്ങളെയും ആൾക്കൂട്ട മനസ്ഥിതികളെയും മത പൗരോഹിത്യ നിയമങ്ങളെയും ശിക്ഷാ വിധികളെയുമൊക്കെ പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ട് സിനിമ.
ഒരു സ്ത്രീയെ പൊതു സമൂഹത്തിൽ ഒറ്റപ്പെടുത്താനും ആക്രമിക്കാനും ഏറ്റവും എളുപ്പമുള്ള വഴിയായി എല്ലാ കാലത്തും പല രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു വാക്കാണ് 'വ്യഭിചാരം'. സൊരായയുടെ ശല്യം ഒഴിവാക്കി പതിനാലുകാരിയെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന അലിയും ആ വാക്ക് തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്.
ഭർത്താവിന്റെ കള്ള കേസിനു വക്കാലത്ത് പറയുന്നവരുടെയും, കള്ള സാക്ഷി പറയുന്നവരുടെയും, അതൊക്കെ ശരി വച്ച് ശിക്ഷ വിധിക്കുന്ന ന്യായാധിപന്റേതടക്കമുള്ള ആൺ സ്വരങ്ങൾ സ്ത്രീ വിരുദ്ധവും സർവ്വോപരി മനുഷ്യത്വവിരുദ്ധവുമായി മാറുകയാണ്.
നിരപരാധിയായ ഒരു സ്ത്രീയെ ക്രൂരമായ വധശിക്ഷക്ക് വിധിക്കുമ്പോൾ ആരവമുയർത്തുന്നവരുടെ കൂട്ടത്തിൽ സ്ത്രീകളുമുണ്ട്. ശിക്ഷാ വിധി നടപ്പിലാക്കാൻ മുന്നിട്ടിറങ്ങുന്നവരിൽ സ്വന്തം പിതാവും ആൺ മക്കളും കൂടിയുണ്ട് എന്ന കാഴ്ച സൊരായക്ക് മറ്റൊരു ശിക്ഷ കൂടിയായി മാറുന്നുണ്ട്.
ശിക്ഷ വിധിക്കാനെത്തുന്നവർ വിഷയത്തിന് നൽകുന്ന മത പശ്ചാത്തലവും അവരവരുടെ സൗകര്യാർത്ഥം ഉണ്ടാക്കി എടുക്കുന്ന മത നിയമങ്ങളുമൊക്കെ കാരണം എതിർ സ്വരമുയർത്താൻ പോലും പറ്റാതെ നിശ്ശബ്ദരാകേണ്ടി വന്ന ഒരു ജനതയെ കൂടി അടയാളപ്പെടുത്തുന്നുണ്ട് സിനിമ.
കുറ്റവാളിയുടെ ഭൂതകാലമുള്ള ഒരാൾ പിന്നീട് ആ ഗ്രാമത്തിലെ മുല്ലയായി മാറുമ്പോൾ അയാൾ ബഹുമാനിക്കപ്പെടുന്നതും വെറും മതപരിവേഷം കൊണ്ടാണ്.
അങ്ങിനെയുള്ളവരുടെ വിധി കൽപ്പനകൾ സിനിമയുടെ തുടക്കത്തിൽ തന്നെ വിമർശിക്കപ്പെടുന്നത് പതിനാലാം നൂറ്റാണ്ടിലെ ഇറാനിയൻ കവി ഹാഫിസ്-എ- ഷിറാസിയുടെ വരികളിലൂടെയാണ് :- Dont act like the hypocrite, who thinks he can conceal his wiles while loudly quoting the Quran.
ചെയ്യാത്ത തെറ്റിന് ഇങ്ങിനെയൊരു ക്രൂര ശിക്ഷ വിധിച്ച ശേഷവും ഒട്ടും പതറാതെ മരണത്തെ നേരിടാൻ സൊരായ തയ്യാറാകുന്നുണ്ട്. ആ സമയം സഹ്‌റ അവളോട് നിനക്ക് മരിക്കാൻ പേടിയുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. അതിന് അവൾ നൽകുന്ന ഉത്തരം -എനിക്ക് മരണത്തെ പേടിയില്ല, പക്ഷെ കല്ലെറിഞ്ഞു കൊല്ലുമ്പോഴുള്ള വേദനയെ പേടിയുണ്ട് എന്നായിരുന്നു.
ഇത്തരം ശിക്ഷാ വിധികൾ ലോകത്ത് പലയിടങ്ങളിലും രഹസ്യമായും പരസ്യമായും നടക്കുന്നുണ്ട്. അതിന്റെ പ്രധാന ഇരകളും സ്ത്രീകളാണ്. സൊരായ അക്കൂട്ടത്തിലെ ഒരാൾ മാത്രമാണ് .
ആകെ മൊത്തം ടോട്ടൽ = മനസ്സിനെ വേട്ടയാടുന്ന ഒരു മികച്ച സിനിമ.
*വിധി മാർക്ക് = 8.5/10
-pravin-
കണ്ടിട്ടില്ല
ReplyDelete