Monday, July 15, 2013

Raanjhanaa - ധനുഷിനു വേണ്ടിയൊരുക്കിയ ഹിന്ദി സിനിമ

2011 ഇൽ ഇറങ്ങിയ 'Tanu Weds Manu' എന്ന സിനിമക്ക് ശേഷം ധനുഷ് , സോനം കപൂർ , അഭയ് ഡിയോൾ എന്നിവരെ മുൻ നിർത്തിക്കൊണ്ട്  ആനന്ദ് എൽ റായ് സംവിധാനം ചെയ്ത സിനിമയാണ് Raanjhanaaതന്റെ സിനിമാ ജീവിതത്തിലെ നാലാമത്തെ സിനിമയായി Raanjhanaa യെ ഒരുക്കുമ്പോഴും തിരക്കഥാകൃത്തായാ ഹിമാൻഷു ഷർമയെ കൂടെ കൂട്ടാൻ ആനന്ദ് റായ് മറന്നിട്ടില്ല . കണ്ടു മടുത്ത കഥയും കഥാപാത്രങ്ങളും മാത്രമാണ് Raanjhanaa യിൽ ഉള്ളതെന്ന് പറയേണ്ടി വരുംകുന്ധൻ (ധനുഷ്) എന്ന തമിഴ് ബ്രാഹ്മിണനു സോയ (സോനം കപൂർ ) എന്ന വാരണാസി മുസ്ലീമിനോട് തോന്നുന്ന പ്രണയം, അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇതൊക്കെ തന്നെയാണ് Raanjhanaa യിലും പറയുന്നത്.

ബാല്യത്തിലെ തുടങ്ങുന്ന പ്രണയം കുന്ധൻ  സോയയോട് പറയുന്നത് വർഷങ്ങൾ കഴിഞ്ഞാണ്. അന്ന് അവൾ ഒൻപതാം ക്ലാസിൽ പഠിക്കുകയായിരുന്നു. കുന്ധൻ - സോയ പ്രേമ ബന്ധം ഭാവിയിൽ കൂടുതൽ വഷളാകാൻ ഇടയുള്ളത് കൊണ്ടാണ് സോയയുടെ രക്ഷിതാക്കൾ അവളെ തുടർ വിദ്യാഭ്യാസത്തിനായി  അലിഗഡിലേക്ക് പറഞ്ഞയക്കുന്നത്. ഈ ഒരു വേർ പിരിയൽ രണ്ടു പേരെയും വിഷമിപ്പിക്കുന്നുവെങ്കിലും പിന്നീട് സോയയെ കുറിച്ച്  സിനിമ കൂടുതലൊന്നും പറയുന്നില്ല. പകരം സോയയെ മാത്രം മനസ്സിൽ പ്രതിഷ്ഠിച്ചു കൊണ്ട് നടക്കുന്ന  കുന്ധനെയാണ് സിനിമ   കൂടുതൽ  ഫോകസ് ചെയ്യുന്നത് . 

കുന്ധനു സോയയോടുള്ള പ്രണയം പോലെ തന്നെ കുന്ധനെ ചെറുപ്പം തൊട്ടേ പ്രണയിച്ചു വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നവളാണ് ബിന്ദ്യ (സ്വരാ ഭാസ്ക്കർ).   ബിന്ദ്യയുടെ പ്രേമത്തെ കണ്ടില്ലാന്നു നടിക്കുകയാണ് കുന്ധൻ ചെയ്യുന്നത്. പലപ്പോഴും കുന്ധൻ അവളെ പാടെ തിരസ്ക്കരിക്കുന്നുമുണ്ട്. ഇതിനെല്ലാം കാരണമായി നിൽക്കുന്നത് കുന്ധന്റെ മനസ്സിലെ സോയയുടെ പഴയ രൂപമാണ്. പഠനത്തിനു ശേഷം  എട്ടു വർഷം കഴിഞ്ഞു തിരിച്ചു വരുന്ന സോയ പക്ഷെ കുന്ധനെ തിരിച്ചറിയുന്നില്ല.   എട്ടു വർഷമായി സ്വന്തം നാട്ടിലേക്ക് ഒരു തവണ പോലും വരാൻ സോയക്ക്‌ എന്ത് കൊണ്ട് സാധിച്ചില്ല എന്നത് ചോദ്യം.  കുന്ധനെ അവൾ മറന്നു എന്നത് തന്നെയാണ് സത്യം.  നാട് വിട്ടു പഠിക്കുന്നതിനിടയിൽ ജസ്ജീതിനെ പോലെ ഒരാളോട് തോന്നിയ പ്രേമം തന്നെ ധാരാളമാണ് കുന്ധനെ മറക്കാൻ. ജസ്ജിതിനെ ഇക്കാര്യത്തിൽ  കുറ്റം പറയാനാകില്ല. കാരണം കുന്ധന് സോയയോടുള്ള ഇഷ്ടവും പഴയ കാല കഥകളൊന്നും അയാൾക്കറിയില്ല. 

സോയ കുന്ധനെ പറഞ്ഞു ധരിപ്പിച്ചിരിക്കുന്നത് അക്രം സൈദി എന്നയാളോടാണ് തനിക്കു പ്രണയം എന്നാണ്.   കുന്ധൻ മറ്റൊരു മതത്തിൽ പെട്ട ആളായത് കൊണ്ടും കുന്ധന്റെ ജീവിത നിലവാരം തങ്ങളുടെ കുടുംബത്തെ നോക്കുമ്പോൾ വളരെ ചെറുതായത് കൊണ്ടും ഒരിക്കലും കുന്ധനുമായുള്ള വിവാഹം വീട്ടുകാർ നടത്തി തരില്ല എന്ന് പറഞ്ഞാണ് സോയ കുന്ധനെ ആദ്യം ബോധവൽക്കരിക്കുന്നത്. പറഞ്ഞത് കാര്യമെങ്കിലും കുന്ധനെ വിവാഹം ചെയ്യുന്നതിൽ സോയക്കുള്ള പ്രധാന പ്രശ്നം അതല്ലായിരുന്നു എന്ന് പിന്നീട് വ്യക്തമാകുന്നുണ്ട്. അങ്ങിനെ നോക്കുമ്പോൾ    കുന്ധനെ വളരെ ഭംഗിയായി പറഞ്ഞു പറ്റിക്കാൻ സോയക്ക്‌ സാധിക്കുന്നു എന്നർത്ഥം. സോയയെ നഷ്ട്ടപ്പെട്ട വാശിക്ക് എന്ന വണ്ണമാണ് കുന്ധൻ ബിന്ധ്യയെ വിവാഹം ചെയ്യാൻ തീരുമാനിക്കുന്നത് പോലും. ഇതൊക്കെ സിനിമയിലെ അരസിക രംഗങ്ങളായാണ് അനുഭവപ്പെടുന്നത്. 

സോയ കാരണം ജീവിതം നഷ്ട്ടപ്പെടുന്ന സിനിമയിലെ രണ്ടു നിരപരാധികൾ ആരാണെന്ന് ചോദിച്ചാൽ ഒന്ന് ജസ്ജീതും മറ്റൊന്ന് ബിന്ധ്യയുമാണ് എന്ന് പറയേണ്ടി വരും.  ഏകപാതാ പ്രണയമാണ് സിനിമയിലെ  മുഖ്യ വിഷയം എന്ന രീതിയിലാണ് കുന്ധൻ - സോയ, ബിന്ധ്യ -കുന്ധൻ പ്രണയങ്ങളെല്ലാം  കാണിക്കുന്നത്. ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലെ അംഗമായാണ്  ആദ്യ രംഗങ്ങളിൽ സോയയെ കാണിക്കുന്നത്. പക്ഷെ പിന്നീടുള്ള രംഗങ്ങളിൽ  അതിനെല്ലാം വിപരീതമായുള്ള കാര്യങ്ങൾ നടന്നിട്ടും സോയയുടെ കുടുംബം അതിലൊന്നും കാര്യമായ ശ്രദ്ധ കൊടുക്കുന്നതായി പോലും സിനിമ കാണിക്കുന്നില്ല. സോയയെ ആശുപത്രി കിടക്കയിൽ നിന്നും പൊക്കിയെടുത്ത്  ജസ്ജീതിന്റെ നാട്ടിലേക്കുള്ള കുന്ധന്റെ യാത്രയും, തിരിച്ചു ഡൽഹിയിൽ എത്തിയ ശേഷമുള്ള പാർട്ടി പ്രവർത്തനവും, കുന്ധന്റെ രാഷ്ട്രീയ പ്രവേശനവും ഉൾപ്പെടെയുള്ള രംഗങ്ങൾ സാമാന്യ യുക്തി മാറ്റി വച്ച് കൊണ്ട് കാണുന്നതായിരിക്കും ഉത്തമം. അതെല്ലാം അഡ്ജസ്റ്റ് ചെയ്തു കാണാൻ തയ്യാറായാൽ തന്നെ ഒടുക്കമെത്തുമ്പോൾ സോയ ജസ്ജീതിനോടും പാർട്ടിയോടും ആരോടു പോലും നീതി കാണിക്കുന്നില്ല എന്ന തരത്തിലാകുന്നു കാര്യങ്ങൾ . ഇടവേളയ്ക്കു ശേഷം കഥയിലെ വിരോധാഭാസം അതിന്റെ മൂർദ്ധന്യത്തിലേക്ക് എത്തുന്നെന്നു സാരം. 
       
എ ആർ റഹ്മാന്റെ സംഗീതവും ഇത്തവണ പ്രതീക്ഷക്കൊത്ത് ഉയർന്നു കണ്ടില്ല. ബനാറസ് സൌന്ദര്യത്തെ പൂർണമായും തന്റെ ക്യാമറയിൽ ഒതുക്കിയ നടരാജൻ സുബ്രഹ്മണ്യത്തിന്റെ ച്ഛായാഗ്രഹണം ഏറെ പ്രശംസനീയമാണ് . ധനുഷിന്റെ ശരീര പ്രകൃതിയും പ്രകടനവും സിനിമയിലെ കഥാപാത്രത്തിന് യോജിച്ചു നിന്നു . സോനം കപൂർ ഒരു നടിയെന്ന നിലയിൽ അൽപ്പം മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചിരിക്കുന്നത് ഈ സിനിമയിലാണ് എന്ന് പറയാം . 

ആകെ മൊത്തം ടോട്ടൽ = ധനുഷിനെ ഇഷ്ടമുള്ളവർക്ക് ധനുഷ് അഭിനയിച്ച ഒരു ഹിന്ദി സിനിമ കാണാൻ ആഗ്രഹമുണ്ടോ ? അങ്ങിനെയെങ്കിൽ ആ ഒരു രസത്തിൽ ഈ സിനിമ കണ്ടിരിക്കാം . അത്ര മാത്രം. 

വിധി മാർക്ക്‌ = 5.8/ 10 
-pravin -

10 comments:

 1. ബിന്ദ്യ എന്ന കഥാപാത്രം നല്‍കിയ ദുഃഖം ഒഴിച്ചാല്‍ ഈ സിനിമയില്‍ നിന്നും എനിക്കൊന്നും കിട്ടിയില്ല. സിനിമ കണ്ടു എനിക്കൊന്നും തോന്നിയതുമില്ല. പക്ഷെ, ബിന്ദ്യ എന്ന കഥാപാത്രം എന്നെ വല്ലാതെ വിഷമിപ്പിച്ചു. ബിന്ദ്യയെ തട്ടിത്തെറിപ്പിച്ച്കൊണ്ട് സോയയുടെ പിന്നാലെ പോകുന്ന നിരവധി രംഗങ്ങള്‍, അവളെ അങ്ങേയറ്റം പരിഹസിക്കുന്ന ഒരു പാട് കാഴ്ചകള്‍, ഇതൊക്കെ നമ്മുടെ സമൂഹത്തിന്‍റെ വികൃതമായിക്കഴിഞ്ഞ മനസ്സാക്ഷിയെ സംതൃപ്തിപ്പെടുത്തുക എന്ന കര്‍മം മാത്രമേ നിര്‍വഹിക്കുന്നുള്ളൂ. മിഥ്യയുടെ പിന്നാലെ ഓടുമ്പോള്‍ ഞെരിഞ്ഞമരുന്ന സത്യങ്ങളും നന്മകളും സിനിമയില്‍ നിന്നും അറിയാതെ പുറത്തു ചാടുന്നു, ബിന്ദ്യയുടെ രൂപത്തില്‍. ആ അര്‍ത്ഥത്തില്‍ സിനിമ യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്നു, സിനിമാക്കാരന്‍ അറിയാതെയാണെങ്കിലും!

  ReplyDelete
  Replies
  1. Well said yaar .. കറക്റ്റ് ആണ് പറഞ്ഞത് ..

   Delete
 2. എ ആർ റഹ്മാന്റെ സംഗീതവും ഇത്തവണ പ്രതീക്ഷക്കൊത്ത് ഉയർന്നു കണ്ടില്ല.?അതിപ്പോള്‍ ഉയര്‍ന്നിട്ടു കാലം കുറെ ആയി.ധനുഷിനു വേണ്ടി കാണില്ല .പക്ഷെ അഭയ് അവനുള്ളത് കൊണ്ട് കണ്ടുനോക്കണം .മുഷിപ്പിക്കില്ല പയ്യന്‍.

  ReplyDelete
  Replies
  1. ഉം ..അഭയ് കൊള്ളാം ..ആ ചക്രവ്യൂഹിൽ ആണ് അവൻ ശരിക്കും തകർത്തത് ..

   Delete
 3. സിനിമ കണ്ടിട്ടില്ല. പ്രവീണിന്റെ കുറിപ്പ് സിനിമ കാണാനും വിലയുരുത്താനും പ്രേരിപ്പിക്കുന്നു.....

  ReplyDelete
  Replies
  1. പ്രദീപേട്ടാ ... ഈ സിനിമ മികച്ചതെന്നു ഞാൻ പറയില്ല .. എനിക്കിഷ്ടമായില്ല .. എന്നാലും കണ്ടു നോക്കൂ ...

   Delete
 4. ഇനിയിപ്പോ ഇത് കാണണോ വേണ്ടേ എന്നായി ആശങ്ക :(

  ReplyDelete
  Replies
  1. ങേ ..ഇപ്പൊ അങ്ങനായോ ..ഇതെന്റെ അഭിപ്രായം മാത്രമാണ് ..കണ്ടു നോക്കൂ ..

   Delete
 5. ഇത് കണ്ടിരുന്നു. ധനുഷ് ഹിന്ദിക്കാരെ ഞെട്ടിച്ചു എന്നാണ് അറിഞ്ഞത്. അവര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഹീറോ.
  പടം അല്പം കഥപറഞ്ഞു കാടുകയറിപ്പോയി എന്നതൊഴിച്ചാല്‍ വലിയ തെറ്റില്ല. ആ പഞാബില്‍ പോകുന്ന സീനൊക്കെ ഒരാവശ്യവും ഇല്ലായിരുന്നു. വേണമെങ്കില്‍ ഒഴിവാക്കാമായിരുന്നു.

  ReplyDelete
  Replies
  1. പ്രകടനം കൊണ്ട് ധനുഷ് മോശമാക്കിയില്ല . പിന്നെ ജോസു പറഞ്ഞ ആ സീൻ .. ഹോ ..ആ സീനൊക്കെ പ്രാന്താക്കി കളഞ്ഞു .. ചായക്കടയിലെ ജോലിയും രാഷ്ട്രീയം പഠിക്കലും ..

   Delete