തന്റെ തീരുമാനങ്ങളാണ് തന്റെ വിധി എന്ന് വിശ്വസിക്കുന്ന കാസി (ദുൽഖർ സൽമാൻ) ജീവിതത്തെ വിപ്ലവാത്മകമായി സമീപ്പിക്കുന്ന ആളാണ്. കഥാപാത്രത്തിന്റെ ആ വിപ്ലവ വീര്യം സിനിമയിൽ പലയിടത്തും പ്രകടമാണ്. തുടക്കം മുതൽ ഒടുക്കം വരെ അത് വളരെ വൃത്തിയായി അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ ദുൽഖറിന് കഴിഞ്ഞു എന്നുള്ളിടത്ത് ദുൽഖർ എന്ന നടന്റെ അഭിനയ മികവ് ഏറ്റവും ഉയരത്തിൽ അടയാളപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. റോഡരികിലെ കടയിൽ കാസിയുടെ വരവും കാത്ത് ഒരു സിഗരറ്റും കൊളുത്തിപ്പിടിച്ച് ബൈക്കിൽ ചാരി നിന്ന് പുകയൂതുന്ന സുനിക്ക് (സണ്ണി വെയ്ൻ) പ്രത്യേകിച്ച് ജീവിത ലക്ഷ്യമൊന്നും ഇല്ല എന്ന് പറയാം. പക്ഷേ കാസിയോടുള്ള സുനിയുടെ ആത്മബന്ധം അളവിനും അപ്പുറമാണ്. എങ്ങോട്ടാണ് ഇത്തവണത്തെ യാത്ര എന്ന് സുനി കാസിയോടു ചോദിക്കുമ്പോൾ മറുപടി കിട്ടുന്നത് ഹിമാലായത്തിലെക്കെന്നാണ്. ഓ അതിനെന്താ നീ എങ്ങോട്ട് പോകുന്നു അങ്ങോട്ട് ഞാനും ഉണ്ട് - അതാണ് സുനിയുടെ ഒരു ലൈൻ. കണ്ണൂർക്കാരനായ സുനിയുടെ വേഷം സണ്ണിയിൽ ഭദ്രമായിരുന്നു.
പിന്നിട്ട ദൂരത്തെക്കാൾ, വിവിധ സാഹചര്യങ്ങളിൽ കണ്ടുമുട്ടുന്നവരെയാണ് കാസി തന്റെ യാത്രയുടെ മൂല്യാനുഭവമായി കാണുന്നത്. അതേ വേളയിൽ, പലതും മറക്കാൻ വേണ്ടിയുള്ള വെറുമൊരു അലസ യാത്രയാണ് തന്റെ ഉദ്ദേശ്യം എന്ന് പറഞ്ഞ കാസിക്ക് വഴി മദ്ധ്യേ യാത്രയുടെ യഥാർത്ഥ ലക്ഷ്യം എന്താകണമെന്നു പറഞ്ഞു കൊടുക്കുന്നത് സ്വന്തമായി യാതൊരു ജീവിത ലക്ഷ്യവുമില്ലാത്തവൻ എന്ന മുഖമുദ്ര പതിപ്പിച്ചു നടക്കുന്ന സുനിയാണ്. ഓരോ പ്രവർത്തിക്കും ഓരോ ചിന്തക്കും എവിടെയോ ഒരു ലക്ഷ്യമുണ്ട്. പലപ്പോഴും എന്താണ് ആ ലക്ഷ്യം എന്നറിയാൻ നമ്മൾ വൈകുന്നു. മദ്ധ്യേ നമ്മൾ അത് തിരിച്ചറിയുന്നതിന് കാരണങ്ങളും നിമിത്തങ്ങളും ഒരുപാടുണ്ടാകാം. അത് കൊണ്ട് തന്നെ ജീവിതത്തിൽ ലക്ഷ്യമില്ലായ്മ എന്ന നിർവികാരതക്ക് ഒട്ടും പ്രസക്തി ഇല്ല. അതൊരു താൽക്കാലിക മനോ-വിഭ്രമം മാത്രം. സിനിമയിൽ അത് അടിവരയിരയിടുന്ന രംഗങ്ങൾ പലതുണ്ട്. ഒരു ഘട്ടത്തിൽ എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്യുകയും മറ്റൊരു വിഭ്രാന്തിയിൽ യാത്ര മതിയാക്കി തിരിച്ചു വീട്ടിലേക്കു മടങ്ങാൻ തീരുമാനിക്കുകയും പിന്നീട് ദ്രുതഗതിയിൽ ലക്ഷ്യബോധം കൈവരിക്കുക്കുകയും ചെയ്യുന്ന കാസിയുടെ മാനസികാവസ്ഥകൾ അതിന്റെ ഭാഗമാണ്.
കേരള, കർണാടക, ആന്ധ്രാ പ്രദേശ്, ഒറീസ്സ, പശ്ചിമ ബംഗാൾ, സിക്കിം, നാഗാലാന്റ് തുടങ്ങീ ഏഴു സംസ്ഥാനങ്ങളിൽ കൂടി സഞ്ചരിച്ചു കൊണ്ട് കഥ പറയുന്ന ഒരു സിനിമ എന്നതിനോടൊപ്പം കഥാപശ്ചാത്തലമായി വരുന്ന അതാത് സംസ്ഥാനങ്ങളുടെ ആനുകാലിക-രാഷ്ട്രീയ-സാമൂഹിക ഭൂതലത്തെ പ്രേക്ഷകന് മുന്നിൽ യാഥാർത്യ ബോധത്തോടെ വ്യക്തമായി വരച്ചു കാണിക്കുന്നതിലും സിനിമ വിജയിക്കുന്നുണ്ട്. സിനിമ എന്ന മാധ്യമത്തിന് പലപ്പോഴും സമൂഹത്തോട് നിറവേറ്റാൻ സാധിക്കാതെ പോകുന്ന വിദൂര കടമയെ കൂടിയാണ് സമീർ താഹിർ തന്റെ സിനിമയിലൂടെ മുഴുവൻ സിനിമാ പ്രവർത്തകരെയും ഓർമപ്പെടുത്തുന്നത് എന്ന് കൂടി പറയേണ്ടിയിരിക്കുന്നു.
ജീവിതത്തോടുള്ള കാസിയുടെ വിപ്ലവാത്മകത കലാലയ ജീവിതത്തിലെ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയാണ് സജീവമാകുന്നത്. ഫീസടക്കാൻ കഴിവില്ലാത്തവർക്ക് പഠിക്കാനും അവകാശമില്ല എന്ന അധികാരി-ഭരണവർഗങ്ങളുടെ ധാർഷ്ട്യ നിലപാടിന് മുന്നിൽ ആത്മഹത്യ ചെയ്യേണ്ടി വരുന്ന സിനിമയിലെ വിദ്യാർഥിനി കഥാപാത്രം പ്രേക്ഷകരെ വേദനയോടെ ഓർമപ്പെടുത്തുന്നത് സമകാലീന കേരള കലാലയ ജീവിതങ്ങളിലെ രജനി എസ് ആനന്ദുമാരെയാണ്. എസ്. എഫ്. ഐക്കാരനായ കാസിയുടെ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകൾ സിനിമയിൽ സൂചിപ്പിക്കപ്പെടുന്നത് ഈ രംഗത്തോട് അനുബന്ധിച്ചാണ്. തന്റെ രാഷ്ട്രീയം ശരിയായ നിരീക്ഷണമാണ് എന്ന കാര്യത്തിൽ കാസിക്ക് തെല്ലും സംശയമില്ല. അതേ സമയം തന്റെ വിപ്ലവ പ്രസംഗങ്ങളെയും വിദ്യാർഥി സമൂഹത്തിലുള്ള സ്വാധീനത്തെയും കേവലം കക്ഷി രാഷ്ട്രീയ വിരോധം തീർക്കാനായി പാർട്ടി ഹൈജാക്ക് ചെയ്യുകയാണ് എന്ന് ബോധ്യപ്പെടുന്ന നിമിഷം കാസി പാർട്ടിയെ തള്ളിപ്പറയുന്നുണ്ട്. ഒരു യഥാർത്ഥ വിപ്ലവകാരി പാർട്ടിക്ക് അടിമപ്പെട്ടു ജീവിക്കേണ്ടവനല്ല, അവന്റെ വിപ്ലവം പാർട്ടിക്ക് വേണ്ടിയല്ല പൊതു സമൂഹത്തിനു വേണ്ടിയാകണം എന്ന് പറയാതെ പറഞ്ഞു കൊണ്ട് ആ രംഗം അവസാനിക്കുന്നു.
നീണ്ടു പുളഞ്ഞു കിടക്കുന്ന റോഡിലൂടെ എങ്ങോട്ടെന്നില്ലാതെ ബൈക്കിലുള്ള തങ്ങളുടെ യാത്ര പുരോഗമിക്കുമ്പോൾ യാത്രികർ അറിയാതെ അവരുടെ സാമൂഹിക ചുറ്റുപാടുകളും മാറിക്കൊണ്ടിരിക്കുകയായിരുന്നു . കർണാടക സംസ്ഥാനത്തിന്റെ ഉൾപ്രദേശങ്ങളിലൂടെയുള്ള ഏകാന്ത യാത്രകൾ അപകടകരമാണെന്ന പത്ര വാർത്തകൾ സിനിമ കാണുന്നതിനിടയിൽ നമ്മൾ ഓർത്ത് പോകുന്നു. ചെറുപ്പത്തിന്റെ തിളപ്പിൽ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് നാട് വിടേണ്ടി വരുകയും പിന്നീട് പുതിയ ചുറ്റുപാടിൽ വേരുറപ്പിച്ചു താമസിക്കേണ്ടിയും വന്ന ഒരു മെക്കാനിക് കഥാപാത്രം സിനിമക്കിടയിൽ കടന്നു വരുന്നുണ്ട് . എന്നെങ്കിലും നാട്ടിലേക്ക് തിരിച്ചു പോകാൻ സാധിക്കുമോ എന്നന്വേഷിക്കുന്ന രണ്ടു 'പ്രതീക്ഷ കണ്ണുകളുടെ' ഉടമയാണ് സിനിമയിൽ അയാൾ. കേരളത്തിൽ നിന്നും തങ്ങൾ വന്ന നീണ്ട റോഡിനെ അയാൾക്ക് ചൂണ്ടി കാണിച്ചു കൊടുത്ത് കൊണ്ട് ആ 'പ്രതീക്ഷ കണ്ണുകളിൽ' കൂടുതൽ ഊർജ്ജം പകരാനാണ് കാസി ശ്രമിക്കുന്നത്. ആസാം കലാപ ബാധിത പ്രദേശങ്ങളിലൂടെയുള്ള രാത്രിയാത്ര വളരെ ഭീകരമായി തന്നെ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഒരു വിളിപ്പാടകലെ, ഇരുട്ടിൽ അവ്യക്തമായി യാത്രികർക്ക് കാണേണ്ടി വരുന്ന ദാരുണ കൊലപാതകം കലാപ ഭീകരതയെ വരച്ചു കാണിക്കുന്ന രംഗമാണ്. കലാപ പ്രദേശത്തെ തെരുവിൽ ഒറ്റപ്പെട്ടു പോയ കുട്ടിയിലും, കരഞ്ഞു കണ്ണ് കലങ്ങിയ സ്ത്രീകളിലും തന്റെ പ്രിയപ്പെട്ടവരെ തന്നെയാണ് കാസി കാണുന്നത്. ഇത്തരം ദുരന്ത കലാപ ദുരിത ഭൂമികളിൽ ഭാഷക്കും മതത്തിനും അതീതമായി നിലകൊള്ളുന്നത് മനുഷ്യത്വമെന്ന വികാരം മാത്രമാണ് എന്ന് സിനിമ വ്യക്തമാക്കുന്നു.
കാസി-അസി (സുര്ജാ ബാല) പ്രണയമാണ് സിനിമയുടെ ആത്യന്തിക പ്രമേയ ഭാവം. ആ തീക്ഷ്ണ പ്രണയം സിനിമയിൽ പറയാതെയും പങ്കു വക്കാതെയും പോയിരുന്നെങ്കില് ഒരു പക്ഷേ ആകാശത്തിനും കടലിനും ഭൂമിക്കും ഇത്ര തന്നെ ഭംഗി ഉണ്ടാകുമായിരുന്നില്ല. സമീർ താഹിറിന്റെ മനോഹരമായ ഒരു പ്രണയാവിഷ്ക്കാരം കൂടിയാണ് അസിയിലേക്ക് എത്തിപ്പെടുന്ന കാസിയുടെ ദീർഘയാത്ര എന്ന് പറയേണ്ടിയിരിക്കുന്നു. സിനിമകളിൽ മാത്രം കാണുന്ന ഒരു വിശിഷ്യ പ്രേമ- പ്രതിഭാസം മാത്രമായി കാസി-അസി പ്രണയത്തെ ചിലരെങ്കിലും വ്യാഖ്യാനിക്കാം. കാരണം എല്ലാ കഥകളിലേയും പോലെ ഇവിടെയും കമിതാക്കളുടെ പ്രണയ തീവ്രതയുടെ മുന്നില് മത-ഭാഷാ വ്യത്യാസത്തിന്റെ മതിലുകള് പൊളിഞ്ഞു വീഴുകയാണ്. യഥാർത്ഥ സ്നേഹ പ്രണയ ബന്ധങ്ങൾക്ക് മുന്നിൽ ഭാഷയുടെയും മതത്തിന്റെയും അതിർത്തി പങ്കിടുന്ന മതിലുകൾ പൊളിഞ്ഞു വീഴുക തന്നെ ചെയ്യുമെന്ന പൊതു സാഹിത്യ സങ്കൽപ്പ ധാരണകളെ സിനിമയും പിന്തുടരുന്നു. അതേ സമയം, യാഥാർത്യവുമായി തട്ടിച്ചു നോക്കുമ്പോൾ, മനുഷ്യനെ സ്നേഹിക്കാനും മനസിലാക്കാനും പഠിപ്പിക്കുന്ന മതവും ഭാഷയുമെല്ലാം മനുഷ്യര്ക്കിടയില് എങ്ങിനെ പലപ്പോഴും മതിലുകളായി രൂപാന്തരപ്പെടുന്നു എന്ന ചോദ്യം പ്രേക്ഷകന്റെ മനസ്സിലേക്ക് നിശബ്ദമായി ചേക്കേറുകയും ചെയ്യുന്നു .
കാസി-അസി (സുര്ജാ ബാല) പ്രണയമാണ് സിനിമയുടെ ആത്യന്തിക പ്രമേയ ഭാവം. ആ തീക്ഷ്ണ പ്രണയം സിനിമയിൽ പറയാതെയും പങ്കു വക്കാതെയും പോയിരുന്നെങ്കില് ഒരു പക്ഷേ ആകാശത്തിനും കടലിനും ഭൂമിക്കും ഇത്ര തന്നെ ഭംഗി ഉണ്ടാകുമായിരുന്നില്ല. സമീർ താഹിറിന്റെ മനോഹരമായ ഒരു പ്രണയാവിഷ്ക്കാരം കൂടിയാണ് അസിയിലേക്ക് എത്തിപ്പെടുന്ന കാസിയുടെ ദീർഘയാത്ര എന്ന് പറയേണ്ടിയിരിക്കുന്നു. സിനിമകളിൽ മാത്രം കാണുന്ന ഒരു വിശിഷ്യ പ്രേമ- പ്രതിഭാസം മാത്രമായി കാസി-അസി പ്രണയത്തെ ചിലരെങ്കിലും വ്യാഖ്യാനിക്കാം. കാരണം എല്ലാ കഥകളിലേയും പോലെ ഇവിടെയും കമിതാക്കളുടെ പ്രണയ തീവ്രതയുടെ മുന്നില് മത-ഭാഷാ വ്യത്യാസത്തിന്റെ മതിലുകള് പൊളിഞ്ഞു വീഴുകയാണ്. യഥാർത്ഥ സ്നേഹ പ്രണയ ബന്ധങ്ങൾക്ക് മുന്നിൽ ഭാഷയു
അന്യ ഭാഷാ നടീ നടന്മാരെ മലയാള സിനിമകളിൽ അവതരിപ്പിക്കുന്നത് ഇതാദ്യമായല്ല. പക്ഷെ കഥാ പശ്ചാത്തലത്തിനും കഥാപാത്രങ്ങൾക്കും അനുയോജ്യമാം വിധം അന്യഭാഷാ നടീ നടന്മാരെ മികച്ച രീതിയിൽ ഉപയോഗിക്കാൻ സാധിച്ച ചുരുക്കം മലയാള സിനിമകളിൽ ഒന്നാമതാണ് നീലാകാശം -പച്ചക്കടൽ -ചുവന്ന ഭൂമി എന്ന് പറയേണ്ടി വരും. കേരളത്തിൽ വന്നു പഠിക്കുന്ന അസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മണിപ്പൂരി നടി സുർജ ബാലയും, ബംഗാളി ഗ്രാമത്തലവനും പഴയ നക്സലുമായ ബിമൽ ദായെ അവതരിപ്പിച്ച ബംഗാളി നടൻ ധൃതിമാൻ ചാറ്റർജിയും അടങ്ങുന്ന അന്യ ഭാഷാ നടീ നടന്മാർ സിനിമയിലെ പ്രേക്ഷക ശ്രദ്ധാ കേന്ദ്രങ്ങളാകുന്നത് കാസ്റ്റിങ്ങിലെ ഈ പൂർണത ഒന്ന് കൊണ്ട് മാത്രം. റെക്സ് വിജയന്റെ സംഗീതം സിനിമയുടെ മൂഡിനു അനുയോജ്യമായി തന്നെ നിന്നു. ഗിരീഷ് ഗംഗാധരന്റെ ച്ഛായാഗ്രഹണം സിനിമയെ കൂടുതൽ അഴകുറ്റതാക്കി എന്ന് പറയാതെ വയ്യ.
ആകെ മൊത്തം ടോട്ടൽ = ദേശ ഭാഷാ ഭേദമന്യേ സമകാലീന സാമൂഹിക പ്രശ്നങ്ങളിലൂടെ യാഥാർത്യ ബോധത്തോടെ ക്യാമറ ചലിപ്പിച്ച ഒരു തത്സമയ സിനിമ. അത് കൊണ്ട് തന്നെ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് ഒരേ സ്വരത്തിൽ പറയാം . "ആകാശം നീലയും, കടൽ പച്ചയും, ഭൂമി ചുവന്നതും തന്നെയാണ്." അതങ്ങിനെ തന്നെയാണ് എന്ന് സിനിമ പ്രേക്ഷകനെ പൂർണമായും ബോധ്യപ്പെടുത്തുന്നു.
വിധി മാർക്ക് = 8/10
-pravin-