Friday, December 21, 2018

ഒടിയൻ - ആസ്വാദനത്തെ ബാധിച്ച പ്രതീക്ഷകൾ

എഴുത്തുകാരന്റെയും സംവിധായകന്റെയുമൊക്കെ സൃഷ്ടി എന്നതിനേക്കാളുമുപരി ആസ്വാദനപരമായി പ്രേക്ഷകന്റെ മാത്രമാണ് സിനിമ. അത് കൊണ്ട് തന്നെ സംവിധായകനോ എഴുത്തുകാരനോ സംസാരിക്കാനുള്ളതിനേക്കാൾ അവരുടെ സിനിമയെ കുറിച്ച് കൂടുതൽ പറയാനുണ്ടാവുക പ്രേക്ഷകന് തന്നെ. കാർത്തിക് സുബ്ബരാജിന്റെ 'ഇരൈവി' സിനിമയിൽ സ്വന്തം സിനിമയെ കുറിച്ച് വാചാലനാകുകയും സ്വയമേ പ്രശംസിക്കുകയും ചെയ്യുന്ന സംവിധായകനോട് എസ്.ജെ സൂര്യയുടെ അരുൾ ദാസ് എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട്. നമ്മുടെ പടമാണ് സംസാരിക്കേണ്ടത്, നമ്മളല്ല. ഒടിയനെ ബാധിച്ച പ്രധാന പ്രശ്നവും അതാണ്. പരിധി വിട്ട ഹൈപ്പുകൾ നൽകി സംവിധായകൻ തന്നെ  സിനിമ കാണാൻ വരുന്നവരുടെ ആസ്വാദനത്തിനു ബാധ്യതയാകുന്ന വിധത്തിൽ പ്രതീക്ഷകളുടെ ഭാരമുണ്ടാക്കി. സംവിധായകൻ പറഞ്ഞത് മാത്രം പ്രതീക്ഷിച്ചു കൊണ്ട് തിയേറ്ററിൽ എത്തിയവർ സ്‌ക്രീനിൽ കാണുന്നതിനെ വില കുറച്ചു കാണുകയും ചെയ്തു. ഇവിടെ പരിപൂർണ്ണമായി പരാജയപ്പെട്ടത് സിനിമയോ സംവിധായകനോ അല്ല മറിച്ച് സ്വാഭാവികമായുള്ള ആസ്വാദനമാണ്. അതിന്റെ ഉത്തരവാദി എന്ന നിലക്ക് സംവിധായകനെ ചൂണ്ടി കാണിക്കാം എന്ന് മാത്രം. 

കുട്ടിക്കാലത്ത് കേട്ട് ശീലിച്ച ഒടിയന്റെ അമാനുഷിക കഥകളിൽ നിന്ന് വ്യത്യസ്തമായി മാനുഷികമായ അവതരണമായിരുന്നു സിനിമയിലേത്. ഒടി വിദ്യയെ തീർത്തും ഒരു ആഭിചാര കർമ്മമെന്ന നിലയിൽ അവതരിപ്പിക്കാതെ കൺകെട്ടും കായികാഭ്യാസവും കൂടിച്ചേർന്നുള്ള ഒരു ആയോധന കലയെന്ന രീതിയിൽ അവതരിപ്പിക്കാനുള്ള തീരുമാനം മികച്ചതായിരുന്നു. പഴങ്കഥകളെ അപ്പാടെ അന്ധവിശ്വാസവുമായി ചേർത്ത് വച്ച് കൊണ്ട് അവതരിപ്പിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഒടിയൻ എന്ന ആശയത്തിന്റെ മാനുഷികതലം നമുക്ക് കാണാൻ കിട്ടില്ലായിരുന്നു. മിത്തുകളിൽ നിറഞ്ഞു നിൽക്കുന്ന ഒടിയന് ഇഷ്ടമുള്ള രൂപങ്ങളിൽ പ്രത്യക്ഷപ്പെടാനുള്ള അമാനുഷികമായ കഴിവാണ് ഉണ്ടായിരുന്നതെങ്കിൽ സിനിമയിലെ ഒടിയൻ ഒടി മറയുന്നത് മൃഗരൂപങ്ങൾക്ക് ചേരുന്ന വേഷ ചമയങ്ങൾ കൊണ്ടാണ്. ഒടിയനെ തിന്മയുടെ പ്രതിരൂപമാക്കി അവർണ്ണനെ മോശക്കാരനാക്കി കാണിക്കാനുള്ള കുപ്രചാരണങ്ങൾ കൂടി നടന്ന നാടാണ് നമ്മുടെ എന്നിരിക്കെ ഒടിയനെ നന്മയുടെ പക്ഷത്തു നിർത്താനുള്ള ശ്രമം കൂടിയായി സിനിമയെ കാണാവുന്നതാണ്. അതേ സമയം, ഭാവനാ സമ്പുഷ്ടമായ കഥക്കും തിരക്കഥക്കും അതിലേറെ ഗംഭീരമായ അവതരണ സാധ്യതകൾക്കും വഴിയൊരുക്കുന്ന ഒരു പ്രമേയം എന്ന നിലക്ക് 'ഒടിയന്' അർഹിച്ച രീതിയിലുള്ള ഒരു സിനിമാവിഷ്ക്കാരം സംഭവിക്കാതെ പോയി എന്നത് നിരാശയുമാണ്. 

ഒടിയൻ എന്നാൽ ഒരു സൂപ്പർ ഹീറോ പരിവേഷമുള്ള കഥാപാത്രമാകും എന്ന പ്രതീക്ഷകളിലാണ് പലരും സിനിമ കാണാനെത്തിയത് എന്നത് കൊണ്ട് തന്നെ സാധാരണക്കാരനായ മാണിക്യനെ ഉൾക്കൊള്ളാൻ പ്രേക്ഷകർ വിമുഖത പ്രകടിപ്പിച്ചു. തന്റെ ആദ്യ സിനിമ എന്ന നിലക്ക് ഒടിയൻ വിജയിക്കേണ്ടത് മറ്റാരേക്കാളും കൂടുതൽ ആവശ്യമായത് ശ്രീകുമാർ മേനോന് ആണെന്നുള്ളത് കൊണ്ട് തന്നെ സിനിമ എന്ന 'പ്രോഡക്റ്റ്' നന്നായി വിറ്റു പോകാനുള്ള സർവ്വ തന്ത്രങ്ങളും മാർക്കറ്റിങ്ങ് സാധ്യതകളും അദ്ദേഹം ഉപയോഗപ്പെടുത്തി. ഇതുണ്ടാക്കിയ ഹൈപ്പുകൾ ചെറുതല്ലായിരുന്നു. ഈ ഹൈപ്പുകൾ ഉണ്ടാക്കിയ പ്രതീക്ഷകൾ സിനിമാസ്വാദനത്തിനു ബാധ്യതയായി മാറിയതോടൊപ്പം തന്നെ സിനിമയെ ഡീഗ്രേഡ് ചെയ്യാനുള്ള ശക്തമായ പ്രചാരണങ്ങളും നടന്നിട്ടുണ്ട് എന്ന് പറയാതെ വയ്യ. മാണിക്യനോട് കഞ്ഞിയെടുക്കട്ടെ എന്ന് ചോദിക്കുന്ന ഡയലോഗ് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന ചോദ്യം പലരും ചോദിക്കുകയുണ്ടായി. വർഷങ്ങൾക്ക് ശേഷം കാണുന്ന പ്രഭയും മാണിക്യനും കൂടി പഴയ തെറ്റിദ്ധാരണകൾ പറഞ്ഞവസാനിപ്പിക്കുന്ന സീനാണ് അത്. പഴയ കാലത്ത് മാണിക്യൻ വീട്ടിൽ വരുമ്പോൾ കഞ്ഞി കൊടുക്കാറുണ്ടായിരുന്ന പ്രഭ ആ കാലത്ത് മാണിക്യന് ഉണ്ടായിരുന്ന അതേ സ്വീകാര്യത ഇപ്പോഴുമുണ്ട് എന്ന് ബോധിപ്പിക്കാൻ തരത്തിൽ പറഞ്ഞ ഡയലോഗ് ആയിരുന്നു അത്. പക്ഷെ അസ്ഥാനത്തുള്ള കഞ്ഞി ഡയലോഗ് ട്രോളന്മാർക്ക് സുഭിക്ഷമായ സദ്യയായി മാറി എന്ന് മാത്രം. 

മാണിക്യൻ എന്ന കഥാപാത്രത്തിന് വേണ്ടി മോഹൻലാൽ എന്ന നടൻ ശാരീരികവും മാനസികവുമായെടുത്ത തയ്യാറെടുപ്പുകളും പരിശ്രമങ്ങളും പത്ര മാധ്യങ്ങളിലൂടെ വായിച്ചറിഞ്ഞ ഒരു പ്രേക്ഷകന് സ്‌ക്രീനിൽ അത് കണ്ടനുഭവിക്കാൻ സാധിക്കാതെ പോകുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം നടനല്ല, സംവിധായകന് തന്നെയാണ്. കൊട്ടിഘോഷിച്ചു കൊണ്ട് പറഞ്ഞ പീറ്റർ ഹെയ്ൻറെ ആക്ഷന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. ആക്ഷൻ സീനുകൾ മിക്കതും ഇരുട്ടിലും മാണിക്യന്റെ കറുത്ത പുതപ്പിലും കാണാതെ പോയി. എന്നാൽ സിനിമയുടെ ആത്മാവ് തൊട്ടറിയും വിധമായിരുന്നു ഷാജി കുമാറിന്റെ ഛായാഗ്രഹണവും എം ജയചന്ദ്രന്റെ സംഗീതവും. കരിമ്പനകളുടെ നാടിനെ അതി ഗംഭീരമായി തന്നെ സ്ക്രീനിലേക്ക് എത്തിച്ചിട്ടുണ്ട് ഷാജിയുടെ കാമറ. മാണിക്യൻ എന്ന ഒടിയനെക്കാൾ, ഒടിയൻ എന്ന പേര് ചൊല്ലി വിളിക്കപ്പെട്ടിരുന്ന, തെറ്റിദ്ധരിക്കപ്പെട്ടു പോയ മാണിക്യൻ എന്ന പാവം മനുഷ്യന്റെ കഥയെന്നോളം സിനിമക്ക് മറ്റൊരു ആസ്വാദന തലമുണ്ടാക്കുന്നതിൽ ജയചന്ദ്രന്റെ സംഗീതം  ഏറെ സഹായിച്ചിട്ടുണ്ട്. എടുത്തു പറയുകയാണെങ്കിൽ 'നെഞ്ചിലെ കാള കുളമ്പ്..' എന്ന് തുടങ്ങുന്ന പാട്ടും അതിന്റെ രംഗാവിഷ്ക്കാരവും. ലക്ഷ്മി ശ്രീകുമാറിന്റെ വരികളിൽ ശങ്കർ മഹാദേവൻ പാടിയ ആ പാട്ടിലുണ്ട് മാണിക്യനെന്ന മനുഷ്യന്റെ എല്ലാ വേദനകളും. സ്വന്തം നിഴലിനെ പോലും പേടിച്ചു ജീവിക്കേണ്ടി വരുന്ന ഒരു ഒടിയന്റെ മാനസിക വിചാരങ്ങൾ അത്രത്തോളം ഗംഭീരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട് സംവിധായകൻ. സിനിമയേക്കാൾ സിനിമയിലെ ഗാനങ്ങൾ ചിത്രീകരിക്കുന്നതിലാണോ  സംവിധായകന്റെ ശ്രദ്ധയും താൽപ്പര്യവും കൂടുതലുണ്ടായത് എന്ന് സംശയിച്ചു പോകും. 

ആകെ മൊത്തം ടോട്ടൽ = ശ്രീകുമാർ മേനോന്റെ പരിധിയില്ലാത്ത ഹൈപ്പുണ്ടാക്കലും ത്രില്ലിങ്ങായി തുടങ്ങിയ  സിനിമയുടെ ലാഗുമൊക്കെ സിനിമയുടെ ആസ്വാദനത്തെ ബാധിക്കുന്നുണ്ടെങ്കിലും തേച്ചൊട്ടിക്കാൻ മാത്രം മോശമായൊരു സിനിമ അല്ല ഒടിയൻ. പാലക്കാടൻ ഗ്രാമീണ ഭംഗി ഒപ്പിയെടുത്ത കാമറയും പാട്ടുകളും മനോഹരം. പീറ്റർ ഹെയ്ൻറെ ആക്ഷൻ നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ. മുൻകാല സിനിമകളിൽ കണ്ടു മറന്ന പല കഥാപാത്രങ്ങളുടെയും വാർപ്പ് മാതൃകകൾ ഒടിയനിലുണ്ട് എന്നതൊഴിച്ചാൽ പ്രകടനം കൊണ്ട് ആരും മോശമാക്കിയില്ല.  ക്ലാസും മാസുമല്ലാത്ത കണ്ടിരിക്കാവുന്ന സാധാരണ സിനിമ എന്ന നിലക്ക് തൃപ്തിപ്പെടുത്തി. 

*വിധി മാർക്ക് =6.5/10 

-pravin- 

2 comments:

  1. ഒടിയൻ കണ്ടില്ല. കുറേ കേട്ടു. കേട്ടിടത്തോളം വിപണന തന്ത്രം കൊണ്ട് ആളുകൾ വെറുത്തു പോയി എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്

    ReplyDelete
  2. ഒടിയൻ' നന്നായി ഓടും...
    ഒടിയനെ ഒടി വെച്ചവരെയൊക്കെ
    ഓടിപ്പോയ ഒടിയൻ പിന്നീട് തിരിച്ചുവന്ന്
    ഒടി വിദ്യയാൽ നാമാവശേഷമാക്കുന്നൊരു
    ഒടിയൻ കഥ അസ്സലായി പകർത്തി വെച്ചൊരു
    ഒടിയൻ മാണിക്യന്റെ പ്രണയകഥയാണിത്...💞

    ഒടിയൻ കഥകളെ കുറിച്ച് ധാരാളം
    ഒടിക്കഥകൾ കേട്ടറിഞ്ഞാണ് ഞങ്ങൾ
    ഒട്ടുമിക്കവരും ബാല്യം പിന്നിട്ടത്, ആയതിലെ
    ഒടിയനെ കണ്ടറിയാനുള്ള ഭാഗ്യം - ലണ്ടനിലെ
    'ഓഡിയോൺ' സിനിമാശാലകളിൽ കലക്കൻ
    ഒടിവിദ്യകളും, ഇമ്പമാർന്ന പ്രണയവും പാട്ടും ,
    ഒന്നാന്തരമായി കൂട്ടിക്കലർത്തി നല്ലൊരു കാഴ്ച്ച
    ഒടിയൻ നല്കിയിരിക്കുകയാണെന്ന് പറയാം👏

    'ഒടിയൻ' കാണുവാൻ കുടുംബസമേധം പോകുക
    ഒന്നാന്തരമൊരു വിനോദോപാധി ചിത്രമാണിത്😍

    'ഒടിയന് ' യു. കെ സിനിമാവാലോകനക്കാർ
    ഓതി കൊടുത്തിരിക്കുന്നത് അഞ്ചിൽ മൂന്നര *

    ReplyDelete