ഇൻ ഹരി നഗർ സിനിമയിലെ ഒരു ഡയലോഗ് ആണ് ഓർമ്മ വരുന്നത്. ഗോവിന്ദൻ കുട്ടി സാറിന്റെ ടൈം, നല്ല ബെസ്റ്റ് ടൈം. അതൊന്നു മാറ്റി ബിജു മേനോന്റെ ടൈം നല്ല ബെസ്റ്റ് ടൈം എന്ന് പറയാനാണ് ഇപ്പോൾ തോന്നുന്നത്. എത്രയോ കാലങ്ങളായി നായക കഥാപാത്രങ്ങളുടെ കൈയ്യാളായും കൂട്ടുകരനായും ഒരു സഹനടൻ പരിവേഷത്തിൽ മാത്രം ഒതുങ്ങി നടക്കുമ്പോഴും ബിജു മേനോൻ എന്ന നടന്റെ കഴിവിൽ ആർക്കും സംശയമില്ലായിരുന്നു . ഒരുപാട് മികച്ച കഥാപാത്രങ്ങൾ മലയാള സിനിമയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുമുണ്ട്. എന്നാലും നായകനായി നിന്നു കൊണ്ട് ഒരു സിനിമയെ വിജയിപ്പിച്ചെടുക്കാനുള്ള ഭാഗ്യ രാശി ബിജുമേനോൻ എന്ന നടനില്ല എന്ന മുൻ വിധി പല സിനിമാ സംവിധായകർക്കും ഉണ്ടായിരുന്നോ എന്ന് സംശയിക്കാം. മഴ, മധുര നൊമ്പരക്കാറ്റ്, മേഘമൽഹാർ, ശിവം തുടങ്ങീ കുറച്ചു സിനിമകളിലൊക്കെ നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ബിജു മേനോൻ ഇടക്കാലത്ത് മലയാള സിനിമയിൽ സജീവമായെങ്കിലും വീണ്ടും സഹനടന്റെ വേഷത്തിലേക്ക് ഒതുങ്ങിക്കൂടാനാണ് ബിജു മേനോൻ തീരുമാനിച്ചത്. സുഗീതിന്റെ ഓർഡിനറി സിനിമക്ക് ശേഷമാണ് ബിജുമേനോൻ വീണ്ടും തരംഗമാകുന്നത്. അത് വരെ പയറ്റി തെളിയാതിരുന്ന കോമഡി കൂടി തനിക്ക് വഴങ്ങും എന്ന് തെളിയിച്ചതോട് കൂടെയാണ് സത്യത്തിൽ ബിജുമേനോന്റെ ഭാഗ്യ രാശി തുടങ്ങുന്നത്. ആ രാശി ഇപ്പോൾ ബിജു മേനോന് വെള്ളിമൂങ്ങയുടെ വിജയവും സമ്മാനിച്ചിരിക്കുന്നു.
ഒരു കാലത്ത് നമ്മൾ കണ്ടിരുന്ന രാഷ്ട്രീയ സിനിമകളിൽ നിറഞ്ഞു നിന്നിരുന്നത് ടി ദാമോദരനെ പോലുള്ള എഴുത്തുകാരുടെ ശക്തമായ രാഷ്ട്രീയ കഥാപാത്രങ്ങളും സംഭാഷണങ്ങളുമായിരുന്നെങ്കിൽ പിന്നീട് ഒരു കാലത്ത് അത് രണ്ജി പണിക്കരെ പോലുള്ള എഴുത്തുകാരുടെ തീപ്പൊരി ഡയലോഗുകളും സംഘട്ടനങ്ങളും നിറഞ്ഞതായി മാറി. രാഷ്ട്രീയ സിനിമകളെ ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിക്കാൻ അക്കാലത്ത് അധികമാരും മെനക്കെട്ടില്ല എന്നതാണ് സത്യം. ഇതിനൊരു അപവാദമായി പറയാവുന്ന അക്കാലത്തെ ഏക സിനിമ കെ. ജി ജോർജ്ജിന്റെ പഞ്ചവടിപ്പാലമായിരുന്നു. വിചിത്രമായ പേരുകൾ കൊണ്ടും അവതരണ രീതി കൊണ്ടും വ്യത്യസ്തമായ ആ സിനിമക്ക് പ്രേക്ഷകർ വേണ്ട സ്വീകരണം കൊടുത്തില്ല എന്നത് കൊണ്ടാകാം ആക്ഷേപ ഹാസ്യം എന്ന നിലയിൽ കുറേ കാലത്തേക്ക് ആരും സിനിമയിൽ രാഷ്ട്രീയത്തെ പ്രമേയവത്ക്കരിക്കാൻ ശ്രമിച്ചില്ല. പിന്നീട് തൊണ്ണൂറ്റിയൊന്നു കാലത്ത് വന്ന സത്യൻ അന്തിക്കാട് - ശ്രീനിവാസൻ ടീമിന്റെ 'സന്ദേശ'മാണ് അതിലൊരു പരിപൂർണ്ണ വിജയം നേടിയത്. മലയാളത്തിലെ എക്കാലത്തെയും ഒത്ത ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമ എന്ന ബഹുമതി ഇന്നും 'സന്ദേശം' നിലനിർത്തുന്നു. പിന്നീടങ്ങോട്ടുള്ള വന്ന പല സിനിമകളിലും രാഷ്ട്രീയത്തെ പല തരത്തിൽ പ്രമേയവത്ക്കരിച്ചു കണ്ടിട്ടുണ്ടെങ്കിലും പൂർണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമകൾ എന്ന് വിളിക്കാവുന്ന സിനിമകൾ വേറെയുണ്ടോ എന്ന് സംശയമായിരുന്നു. വെള്ളിമൂങ്ങ ആ സംശയം ഒരു പരിധി വരെ നികത്തി എന്ന് പറയാം.
സമകാലീന രാഷ്ട്രീയത്തിലെ ഗൌരവകരമായ വിഷയങ്ങൾ ചർച്ച ചെയ്യാനൊന്നും വെള്ളിമൂങ്ങ മെനക്കെടുന്നില്ലെങ്കിലും ഹാസ്യാത്മകായ രാഷ്ട്രീയ വിമർശങ്ങൾ കൊണ്ട് പ്രേക്ഷകനെ ചിരിപ്പിക്കും എന്ന കാര്യത്തിൽ തർക്കമില്ല. ഒരു പ്രത്യേക വിഷയത്തെ അടിസ്ഥാനപ്പെടുത്തി കൊണ്ടുള്ള കഥ പറച്ചിലിന് പകരം നായകനും, നായകൻറെ ചുറ്റുപാടുകളും, അതിനോടൊക്കെയുള്ള നായകന്റെ നിലപാടുകളുമാണ് സിനിമയിൽ കഥാപരിസരം സൃഷ്ടിക്കുന്നത്. കോമഡിക്ക് വേണ്ടി എഴുതിയുണ്ടാക്കുന്ന രംഗങ്ങൾ സിനിമയിലില്ല, എന്നാലോ കഥ സഞ്ചരിക്കുന്ന വഴികളിലെല്ലാം സംഭാഷണ പ്രസക്തമായ ഹാസ്യം വിതറി കൊണ്ട് വെള്ളിമൂങ്ങ പ്രേക്ഷകനെ രസിപ്പിക്കുന്നു. ലളിതമായ ഒരു കഥ ലളിതമായി പറഞ്ഞവസാനിപ്പിക്കുമ്പോഴും ഒരു സിനിമക്ക് വേണ്ട സസ്പെൻസും കോമഡിയും എല്ലാം വെള്ളിമൂങ്ങ ഉറപ്പ് തരുന്നു. കോമഡി സസ്പെന്സ് എന്നൊരു വിഭാഗം ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ അത് വെള്ളിമൂങ്ങയിലാണ് ആദ്യമായി ഇത്ര നന്നായി അവതരിപ്പിക്കപ്പെടുന്നത് എന്ന് പറയാം.
കൂടുതൽ നിരൂപണ ബുദ്ധിയോടെ സമീപിക്കാവുന്ന ഒരു സിനിമയല്ല വെള്ളിമൂങ്ങ എന്നത് കൊണ്ട് തന്നെ ചിലതെല്ലാം പ്രേക്ഷകന് കണ്ടില്ലാന്നു നടിക്കേണ്ടി വരും. എല്ലാം കോമഡിയായി തന്നെ കാണണം എന്നതാണ് ഈ സിനിമ അനുശാസിക്കുന്ന ആസ്വാദനാ തലം. വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി കുതന്ത്രങ്ങൾ മെനയുന്ന ഒരാളായിട്ടും നായകനെ നമുക്കിഷ്ടപ്പെടെണ്ടി വരുന്നതും ധാർമികത ഇല്ലാത്തവനാണ് നായകൻ എന്ന് തോന്നിക്കാത്തതും അത് കൊണ്ടാണ്. നിർദ്ദോഷകരമായ കുതന്ത്രങ്ങൾ തന്റെ കൂടപ്പിറപ്പാണ് എന്ന് തെളിയിച്ചു കൊണ്ടാണല്ലോ രാഷ്ട്രീയത്തിലേക്കുള്ള മാമച്ചന്റെ (ബിജു മേനോൻ) കാൽ വപ്പു പോലും. സമകാലീന രാഷ്ട്രീയത്തിൽ അവസരവാദത്തിന്റെ പ്രസക്തി ചെറുതല്ല എന്ന് മാമച്ചന്റെ കഥാപാത്രം പറഞ്ഞു തരുന്നുണ്ട്. സ്വന്തം അമ്മ പോലും മാമാച്ചനോടു പറയുന്നത് നീ കൈയ്യിട്ടു വാരണ്ടാന്നൊന്നും ഞാൻ പറയില്ല, പക്ഷെ അതിനിടേല് നാട്ടുകാർക്ക് ഗുണമുള്ള വല്ലതും കൂടി ചെയ്യണം എന്നാണ്. രാഷ്ട്രീയം എന്നാൽ ഇതൊക്കെ തന്നെയാണ് എന്ന് പൊതു ജനങ്ങൾക്ക് നല്ല ബോധ്യമുണ്ടെങ്കിലും അവർ എന്നും എല്ലാക്കാലത്തും രാഷ്ട്രീയക്കാരിൽ നിന്ന് എന്തെങ്കിലും നന്മ പ്രതീക്ഷിക്കുക തന്നെ ചെയ്യും എന്നതിന്റെ സ്വരമാണ് മാമച്ചന്റെ അമ്മയിലൂടെ നമ്മൾ കേൾക്കുന്നത്.
ബിജിബാലിന്റെ സംഗീതം സിനിമയുടെ പ്രമേയത്തിന് അനുയോജ്യമായിരുന്നു. സംഗീതത്തെക്കാൾ സിനിമയിൽ സ്കോർ ചെയ്തു നിന്നത് വിഷ്ണു നാരായണന്റെ അതിമനോഹരമായ ച്ഛായാഗ്രഹണമാണ്. ഓരോ അഭിനേതാക്കളും തങ്ങൾക്ക് കിട്ടിയ കഥാപാത്രങ്ങളെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്.
ആകെ മൊത്തം ടോട്ടൽ = എല്ലാം കൊണ്ടും ചിരിപ്പിക്കുന്ന ഒരു സിനിമ. A clean entertainer. ഒരു നിമിഷം പോലും ബോറടിപ്പിക്കില്ല എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.
* വിധി മാർക്ക് = 7/10
-pravin-