Saturday, October 18, 2025

'കാന്താര'യുടെ വിസ്മയ ലോകം !!


ഭൂതക്കോലവുമായി ബന്ധപ്പെട്ട തുളുനാടൻ ജനതയുടെ ആചാരാനുഷ്ടാനങ്ങളും വിശ്വാസങ്ങളുമൊക്കെ കോർത്തിണക്കി കൊണ്ടുള്ള മിത്തോളോജിക്കൽ ഫാന്റസി കഥയും അതിന്റെ മേയ്ക്കിങ് മികവുമാണ് 'കാന്താര'യെ ശ്രദ്ധേയമാക്കിയത്. 1847 - 1970 - 1990 എന്നിങ്ങനെ മൂന്ന് കാലഘട്ടങ്ങളിലൂടെ പറഞ്ഞു തുടങ്ങിയ കാന്താരയുടെ ആദ്യ പതിപ്പിനേക്കാൾ വലിയ കാൻവാസിലാണ് രണ്ടാം പതിപ്പിലെ കാന്താര ഒരുക്കിയിരിക്കുന്നത്.

1970 ൽ നിന്ന് കാദംബ രാജവംശത്തിന്റെ ഭരണകാലഘട്ടത്തിലുള്ള 'കാന്താര' യുടെ കഥയിലേക്ക് ചെറിയൊരു കണക്ഷൻ കൊടുത്തു കൊണ്ടുള്ള തുടക്കം തന്നെ ഗംഭീരമായിരുന്നു.

ബംഗ്‌റയുടെ രാജാവായ വിജയേന്ദ്രയിൽ തുടങ്ങി രാജശേഖരയും കുലശേഖരയും വരെ നീണ്ടു നിൽക്കുന്ന രാജ ഭരണ കാലയളവിൽ കാന്താരയുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയെ സംഭവ ബഹുലമാക്കുന്നത്.

ആദ്യ പതിപ്പിൽ പഞ്ചുരുളിയും, ഗുളികനും, വരാഹ മൂർത്തിയുമായിരുന്നു കാന്താരയിലെ പ്രധാന ദൈവീക പരിവേഷങ്ങളെങ്കിൽ
രണ്ടാം പതിപ്പിലേക്ക് എത്തുമ്പോൾ ശിവനും പാർവ്വതിയും നന്ദികേശനും ഗുളികനും ചാമുണ്ഡിയും തൊട്ട് സർവ്വ ഭൂത ഗണങ്ങൾക്കും പ്രാധാന്യം കൊടുത്തു കൊണ്ടുള്ള തിരക്കഥയാണ് ഋഷഭ് ഷെട്ടി ഒരുക്കിയിരിക്കുന്നത്.

'ഭൂതക്കോല'വുമായി ബന്ധപ്പെട്ട മിത്തിനേക്കാൾ ഋഷഭ് ഷെട്ടിയുടെ ഭാവനാ ലോകത്തിലെ സൃഷ്ടികൾ ആണ് 'കാന്താരാ' യൂണിവേഴ്‌സിനെ വിപുലീകരിക്കുന്നത്.

തിരക്കഥയും സംവിധാനവും അഭിനയവും ഒരുമിച്ചൊരാൾ ചെയ്യുന്നതിലെ സർവ്വ സ്വാതന്ത്ര്യം ഋഷഭ് ഷെട്ടി പരിപൂർണ്ണമായി ആസ്വദിച്ചതിന്റെ ഫലം തന്നെയാണ് ഈ സിനിമയുടെ മികവ്. 

സൂര്യയുടെ 'കങ്കുവ; വിഷ്ണു മാഞ്ചുവിന്റെ 'കണ്ണപ്പ' പോലുള്ള സിനിമകളെ അനുസ്മരിപ്പിക്കുന്ന ചില സീനുകൾ കടന്ന് വരുമ്പോഴും ആ സിനിമകളിൽ പറ്റിയ പോലുളള പാളിച്ചകൾ 'കാന്താര'യിൽ സംഭവിക്കാതെ പോയത് ഋഷഭ് ഷെട്ടിയുടെ മികവുറ്റ സിനിമാ വീക്ഷണങ്ങൾ കൊണ്ടാണ്.

'ബാഹുബലി'യിലെ യുദ്ധത്തിന് സമാനമെന്ന് തോന്നിക്കുന്ന സീനുകളിൽ പോലും അത്തരമൊരു കല്ല് കടി അനുഭവപ്പെട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ആദ്യ പതിപ്പിലെ ഗുളികൻ സീൻ ഓർമ്മയിൽ തങ്ങി നിൽക്കുന്നത് കൊണ്ട് തന്നെ ഇത്തവണ ഗുളികന്റെ വരവിൽ പുതുമ തോന്നിയില്ല. അത് കൊണ്ട് തന്നെയാണോ ഗുളികനേക്കാൾ കൂടിയ ഡോസിലുള്ള മറ്റു രൂപങ്ങളെ ഇത്തവണ കൂട്ടി ചേർത്തത് എന്നും ആലോചിച്ചു പോയി.

ചില സീനുകൾ ഒരൽപ്പം ഓവറാണോ എന്ന് തോന്നിപ്പോയിടത്തും പ്രകടനം കൊണ്ട് ഋഷഭ് ഷെട്ടി അഴിഞ്ഞാടി തിമിർക്കുന്ന കാഴ്ച. ക്ലൈമാക്സ് സീനുകളൊക്കെ ആ കൂട്ടത്തിൽ എടുത്തു പറയാം. അമ്മാതിരി ഐറ്റം. 

ജയറാമിനെ സംബന്ധിച്ച് രാജശേഖര രാജാവിന്റെ വേഷം നടനെന്ന നിലക്ക് ഈ അടുത്തൊന്നും മൂപ്പർക്ക് കിട്ടിയിട്ടില്ലാത്ത വേറിട്ട ഒരു വേഷം തന്നെയാണ്. രുക്മിണി വസന്ത്, ഗുൽഷൻ ദേവൈയാ അടക്കമുള്ളവരുടെ പ്രകടനവും കാന്താരയുടെ ഹൈലൈറ്റാണ്. 

പശ്ചാത്തല സംഗീതം, ഛായാഗ്രഹണം, ഗ്രാഫിക്സ്, കലാ സംവിധാനം അങ്ങിനെ എല്ലാം കൊണ്ടും തിയേറ്റർ കാഴ്ചയിൽ ത്രസിപ്പിക്കുന്നു 'കാന്താര'.

ഭൂതക്കോലം കെട്ടിയാടി കൊണ്ട് അപ്രത്യക്ഷമാകുന്ന ശിവയും, ശിവയുടെ അച്ഛനും, ബെർമിയുമൊക്കെ അവശേഷിപ്പിക്കുന്ന കാന്താരയിലെ ദുരൂഹ വൃത്തത്തിന് ഇനിയും തുടർ കഥകളുണ്ട്.

Waiting for Kantara Chapter 2 !!

©bhadran praveen sekhar

No comments:

Post a Comment