Sunday, February 8, 2015

പ്രതീക്ഷകൾ തെറ്റിക്കാതെ BABY


വീണ്ടും നീരജ് പാണ്ഡെ

ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ഏറ്റെടുക്കുക്കുന്ന എല്ലാ സിനിമകളും അയാളുടെ കരിയറിലെ വെല്ലുവിളിയാണ്. അക്കൂട്ടത്തിൽ തുടരെ തുടരെ പരാജയങ്ങൾ ഏറ്റു വാങ്ങേണ്ടി വന്ന സംവിധായകനേക്കാൾ കൂടുതൽ വെല്ലു വിളികൾ നേരിടേണ്ടി വരുന്നത് വിജയങ്ങൾ മാത്രം സൃഷ്ടിച്ച സംവിധായകനായിരിക്കണം. കാരണം മറ്റൊന്നുമല്ല അത്തരം സംവിധായകരിലുള്ള പ്രേക്ഷകരുടെ സ്വാഭാവിക പ്രതീക്ഷകൾ തന്നെ. പ്രേക്ഷക മനസ്സിൽ രൂപപ്പെടുന്ന അത്തരം പ്രതീക്ഷകളെ കണ്ടില്ലാന്നു നടിക്കാൻ ഒരു സംവിധായകർക്കും സാധിക്കില്ല. സിനിമകൾ വിജയിക്കും തോറും സംവിധായകന് പ്രേക്ഷകരോടുള്ള ഉത്തരവാദിത്തം ഏറുകയാണ് എന്ന് സാരം. എന്നാൽ ആ ബാധ്യത വേണ്ടത് പോലെ കണക്കിലെടുത്ത് കൊണ്ട് സിനിമകൾ ചെയ്യുന്ന സംവിധായകർ ചുരുക്കമാണ്. ആ ചുരുക്കം സംവിധായകരുടെ കൂട്ടത്തിലേക്ക് തന്റെ പേരും കൂടെ ചേർക്കേണ്ടി വരുമെന്ന് തെളിയിക്കും വിധമാണ് നീരജ് പാണ്ഡെ 'ബേബി' യിലൂടെ പ്രേക്ഷകർക്ക് വീണ്ടുമൊരു മികച്ച സിനിമാസ്വാദനം സമ്മാനിക്കുന്നത്. അത് കൊണ്ട് തന്നെ പ്രേക്ഷക പ്രതീക്ഷകളെ മാനിക്കുന്ന ഒരു സംവിധായകൻ എന്ന നിലയിൽ നീരജിനെ അഭിനന്ദിക്കാതെ പാകമില്ല.

A Wednesday, Special 26 തുടങ്ങിയ സിനിമകൾ തീർത്ത വിജയത്തിന് ശേഷം നീരജിന്റെ സംവിധാനത്തിൽ വരുന്ന മൂന്നാമത്തെ സിനിമയാണ് ബേബി. ഭീകരവാദത്തോടും ഭീകരവാദികളോടുമുള്ള ഒരു സാധാരണക്കാരന്റെ രോഷം അസാധാരണമാം രീതിയിൽ അവതരിപ്പിച്ച സിനിമയായിരുന്നു നീരജിന്റെ ആദ്യ സിനിമ A Wednesday. രണ്ടാമത്തെ സിനിമയായ Special 26 ആകട്ടെ 1987 കാലത്ത് മുംബൈയിൽ അതി വിദഗ്ദ്ധരായ ഒരു കൂട്ടം പേർ നടത്തിയ വ്യാജ ഇൻകം ടാക്സ് റെയ്ഡും തുടർന്നുണ്ടായ വൻ കവർച്ചയെയും കുറിച്ചുള്ള കഥയാണ്‌ പറഞ്ഞത്. ഈ രണ്ടു സിനിമകളിലും പ്രകടമായിരുന്ന ത്രില്ലിംഗ് സ്വഭാവം തന്നെയാണ് 'നീരജ് സിനിമ'കളെ പ്രേക്ഷകരിലേക്ക് ഏറെ അടുപ്പിച്ചത്. ത്രില്ലിംഗ് സ്വഭാവമുള്ള സിനിമകളിൽ പാലിക്കേണ്ടതായിട്ടുള്ള ലോജിക്കുകളെ വേണ്ട വിധം കൂട്ടിയിണക്കി കൊണ്ട് കഥ പറയുന്നതിൽ നീരജ് ഏറെ മികവ് പുലർത്തുകയും ചെയ്തു. 'ബേബി'ക്ക് വേണ്ടി തിരഞ്ഞെടുത്ത കഥയിലും തന്റെ മുൻകാല സിനിമകളിൽ ചർച്ച ചെയ്യപ്പെട്ട ഭീകരവാദവും ഇന്ത്യൻ കുറ്റാന്വേഷണ ഉദ്യോഗസ്ഥരുടെ കഴിവും അന്വേഷണ രീതികളുമെല്ലാം വേണ്ട വിധം പ്രസക്തമായി തന്നെ നീരജ് അവതരിപ്പിക്കുന്നുണ്ട്. ആദ്യത്തെ രണ്ടു സിനിമകളിലും പ്രേക്ഷകരുടെ മനസ്സ് പോലീസിനെയും അന്വേഷണ ഉദ്യോഗസ്ഥരെയും കബളിപ്പിക്കുന്ന നായകന്റെയും കവർച്ചാ സംഘത്തിന്റെയും കൂടെയായിരുന്നുവെങ്കിൽ ബേബിയിൽ തുടക്കം മുതൽ ഒടുക്കം വരെ രഹസ്യാന്വേഷണ സംഘത്തിന്റെ കൂടെയാണ് പ്രേക്ഷകർ. ബേബി എന്ന രഹസ്യ ദൗത്യത്തെ ആവേശവും ആകാംക്ഷാ ഭരിതവുമായ സീനുകളിൽ കൂടി അവതരിപ്പിക്കുന്നതോടൊപ്പം രസകരവും ശക്തവുമായ സംഭാഷണങ്ങൾ എഴുതി ചേർക്കുന്നതിലും നീരജ് വിജയിച്ചിട്ടുണ്ട്.

ബേബി പറയുന്നതെന്ത് ?

തീർത്തും സാങ്കൽപ്പികമായ ഒരു രഹസ്യ ദൗത്യത്തിനു നൽകുന്ന പേര് എന്ന നിലയിലാണ് 'ബേബി' യെ സംവിധായകൻ പരിചയപ്പെടുത്തുന്നത് എങ്കിലും ആ ദൗത്യത്തിലൂടെ വ്യക്തമായ ഒരു രാഷ്ട്രീയം തന്നെ സിനിമ ചർച്ച ചെയ്യുന്നുണ്ട്. മുൻകാല നീരജ് സിനിമകളിൽ നാമ മാത്രമായി ചർച്ച ചെയ്ത തീവ്രവാദവും ഭീകരവാദവുമെല്ലാം ബേബിയിൽ ഒരൽപ്പം കൂടി ആധികാരികമായാണ് വിവരിക്കുന്നത്. ഭീകരവാദം ചർച്ച ചെയ്യുമ്പോൾ എന്ത് കൊണ്ട് ഒരു പ്രത്യേക മത വിഭാഗത്തിൽ പെട്ടവരെ മാത്രം എടുത്തു കാണിക്കുന്നു എന്ന ചോദ്യങ്ങൾ സിനിമ കാണുന്ന ചില പ്രേക്ഷകരെങ്കിലും ഉന്നയിക്കുന്നുണ്ടാകും. ഇതേ ചിന്തയിൽ നിന്ന് തന്നെയാണ് ബേബിക്ക് പാകിസ്താനിൽ പ്രദർശനാനുമതി നിഷേധിച്ചതും. അനുമതി നിഷേധിച്ചതിൽ പാകിസ്താൻ സെൻസർ ബോർഡ് ചൂണ്ടി കാണിച്ച പ്രധാന കാര്യം സിനിമയിലെ നെഗറ്റീവ് കഥാപാത്രങ്ങളെല്ലാം മുസ്ലീം സമുദായത്തിൽ പെട്ടവരാണെന്നും അത് മുസ്ലീം സമുദായത്തിന് മോശം പ്രതിച്ഛായ നൽകുകയാണ് ചെയ്യുന്നതെന്നുമായിരുന്നു. പാകിസ്താൻ സെൻസർ ബോർഡ് അറിയാത്തതാണോ അതോ അറിഞ്ഞ ഭാവം കാണിക്കാത്തതാണോ എന്താണെന്നറിയില്ല റഷീദ് നാസ്, മിക്കാൽ സുൽഫിക്കർ, ഹസ്സൻ നോമൻ എന്നീ പാകിസ്താൻ നടന്മാരാണ് ബേബിയിലെ പ്രധാനപ്പെട്ട മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മാത്രവുമല്ല സിനിമ ഒരു തലത്തിലും ഒരു മതത്തെയോ മതവിഭാഗത്തെയോ രാജ്യത്തെയോ മോശമായി ചിത്രീകരിക്കുന്നില്ല. താലിബാനേയും ലഷ്കർ ഇ ത്വയിബയേയും സമാന ഭീകര സംഘടനകളെയും സിനിമകളിൽ പരാമർശ വിധേയമാക്കുമ്പോഴും അവരുടെ നേതാക്കളെ ചില രംഗങ്ങളിൽ കൂടി അവതരിപ്പിച്ചു കാണുമ്പോഴും എന്റെ മതത്തെയാണല്ലോ അവരുടെ കഥാപാത്രം പ്രതിനിധീകരിക്കുന്നത് എന്ന ചിന്തക്ക് യാതൊരു വിധ പ്രസക്തിയില്ല. അവിടെ മതമോ സമുദായമോ അവഹേളിക്കപ്പെടുന്നുമില്ല. മതത്തിന്റെ പേരിൽ നടക്കുന്ന ചില കൊള്ളരുതായ്മകളെ തുറന്ന് കാണിക്കുന്നെന്ന് മാത്രം. ഇത് മനസിലാക്കാത്തവർ അല്ലെങ്കിൽ മനസിലാക്കാൻ താൽപ്പര്യമില്ലാത്തവർ തന്നെയാണ് വിശ്വരൂപത്തിനും, ഓ മൈ ഗോഡിനും, പി.കെ ക്കുമെതിരെ സമുദായത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ പ്രക്ഷോഭ കൊടികൾ വീശാനും തെരുവ് കത്തിക്കാനും തിയേറ്റർ അടിച്ചു തകർക്കാനും ഇറങ്ങുന്നത്. ബേബിയുടെ കാര്യത്തിൽ പാകിസ്താനിൽ നിന്നുണ്ടായ ഒരു മോശം പ്രസ്താവന ഒഴിച്ച് നിർത്തിയാൽ ഇന്ത്യയിലെ പ്രേക്ഷകർ സിനിമയെ സിനിമയായി തന്നെ കാണുകയും വിജയിപ്പിക്കുകയും ചെയ്തു എന്നത് ഏറെ സന്തോഷകരമായ ഒരു കാര്യമാണ്.

തീവ്രവാദവും ഭീകരവാദവും പ്രമേയമാക്കി വന്നിട്ടുള്ള സിനിമകൾ മിക്കതും പാകിസ്താനെ പ്രതി ചേർത്തു കൊണ്ടാണ് കഥ പറഞ്ഞതെങ്കിൽ ബേബി പറയുന്നത് മറ്റൊരു വസ്തുതയാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുത വർദ്ധിപ്പിച്ചാൽ മാത്രമേ ഇരു രാജ്യങ്ങളിലും ഭീകരവാദത്തിനു പ്രസക്തിയുള്ളൂ എന്ന തിരിച്ചറിവിൽ അയൽ രാജ്യങ്ങളിൽ ഇരുന്ന് കൊണ്ട് തന്നെ ഇന്ത്യക്കും പാകിസ്താനും അമേരിക്കക്കും എതിരെ ഒരേ സമയം തന്ത്രങ്ങൾ മെനയുന്ന വില്ലനെയാണ് ബേബി പരിചയപ്പെടുത്തുന്നത്. മതത്തിന്റെ പേരിൽ ലോകമെമ്പാടുമുള്ള വിശ്വാസികളിലേക്ക് തെറ്റിദ്ധാരണ പടർത്തുന്ന സന്ദേശങ്ങളും ആഹ്വാനങ്ങളും കൈമാറുകയും അത് വഴി സംഘടനയിലേക്ക് ആളെ ചേർക്കുകയും പിന്നീട് വിദേശ ഫണ്ടുകൾ വഴി സാമ്പത്തിക ശക്തിയാർജ്ജിക്കുകയും ചെയ്യുന്ന ഭീകര സംഘടനകളെയും നേതാക്കളെയും തന്നെയാണ് സിനിമയിലെ പ്രധാന വില്ലനും അയാളുടെ സംഘടനയും പ്രതിനിധാനം ചെയ്യുന്നത്. പലപ്പോഴും ഇത്തരം ഭീകരവാദികൾക്ക് നമ്മുടെ തന്നെ ചില അയൽ രാജ്യങ്ങളും മിഡിൽ ഈസ്റ്റ്‌ രാജ്യങ്ങളും അറിഞ്ഞോ അറിയാതെയോ അഭയം കൊടുക്കുക വഴി ആജീവനാന്തം ഇന്ത്യൻ നിയമ-ശിക്ഷകളിൽ നിന്നും സുരക്ഷിതരായി ജീവിക്കാനുള്ള ചുറ്റുപാട് കൂടിയാണ് ഭീകർക്ക് ലഭിക്കുന്നത് എന്ന ഒരു വലിയ ആശങ്ക വളരെ സമർത്ഥമായി സിനിമ ഉന്നയിക്കുന്നുണ്ട്. 

ഇന്ത്യൻ മുജാഹിദീൻ എന്നൊരു ഭീകരസംഘടന ഉണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് നിരവധി തർക്കങ്ങൾ നിലവിലുണ്ടെങ്കിലും ഇന്ത്യയിൽ നടന്ന പല ഭീകരാക്രമണങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് വന്ന ഇ മെയിൽ സന്ദേശങ്ങൾ പ്രകാരം നോർത്ത് ഇന്ത്യയിലെ പല ഉൾപ്രദേശങ്ങളിലും സംഘടനക്ക് വേരോട്ടം ഉണ്ട് എന്ന് സ്ഥിരീകരിക്കുന്നു. ഈ ഒരു ആധികാരികത സിനിമയിലെ ചില രംഗങ്ങളിൽ നീരജ് കൃത്യമായി ഉപയോഗിക്കുന്നുണ്ട്. അപ്രകാരം ഇന്ത്യൻ മുജാഹിദീൻ സ്വാധീനമുള്ള ഒരു കോളനിയിൽ കേറി ചെല്ലുന്ന അജയ് സിംഗ് (അക്ഷയ് കുമാർ) സ്ഥലത്തെ പ്രാദേശിക നേതാവിനെ ചോദ്യം ചെയ്യുന്ന സീൻ പ്രസക്തമാണ്. തന്നെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മുന്നിൽ ഒട്ടും പതറാതെ അയാൾ പറയുന്നുണ്ട് - "ഇതിനു മുന്നേ ഒരു തവണ ഇന്ത്യൻ മുജാഹിദീനിൽ പെട്ട ആരോ ഒരാൾ ഇവിടെ ഒളിച്ചിരിക്കുന്നു എന്നറിഞ്ഞ ശേഷം കുറെ പേർ ഇവിടെ കേറി വരുകയും പലരോടായി അവനെ കാണിച്ചു തരാൻ പറയുകയും ചെയ്തു. എന്നാൽ ഇവിടുള്ള ഒരാളും അയാളെ കാണിച്ചു കൊടുത്തില്ല. അങ്ങിനെ കൂട്ടത്തിലെ ഒരാളെ ഒറ്റിക്കൊടുക്കാൻ ഇവിടുള്ള ഒരാൾക്ക് സാധിക്കില്ല. കാരണം സർക്കാർ ഫോമുകളിൽ നിങ്ങളുടെ മതം ഏതെന്ന ചോദ്യത്തിന് ഉത്തരമായി ഞങ്ങൾ എഴുതുന്നത് ഇസ്ലാം എന്നാണ്." ഇതിനു മറുപടിയായി അജയ് സിംഗ് തിരിച്ചു നേതാവിനോട് പറയുന്നു - "ഞാൻ പണ്ട് പട്ടാളത്തിലായിരുന്നു. പിന്നീട് ഡിപ്പാർട്ട്മെന്റ് മാറ്റം കിട്ടി വന്ന കാലത്ത് ഗുജറാത്ത് കലാപത്തിൽ അക്രമികളാൽ ഒറ്റപ്പെട്ട ഒരു മുസ്ലീം കുടുംബത്തെ രക്ഷപ്പെടുത്താനായി പോയ്ക്കൊണ്ടിരിക്കുകയായിരുന്നു. ഹിന്ദുത്വവാദികൾ കൊടിയും ശൂലവുമേന്തി ആ കുടുംബത്തെ ആക്രമിക്കാനായി അടുത്ത് കൊണ്ടിരിക്കുന്ന സമയത്താണ് ഞാൻ അവിടെ എത്തുന്നത്. എന്നെ പോലീസ് വേഷത്തിൽ കണ്ട ശേഷവും ആ കുടുംബത്തിന്റെ പേടി മാറിയില്ല. എന്തെന്നാൽ ഞാൻ അക്രമകാരികൾക്ക് വേണ്ട ഒത്താശ ചെയ്യുമോ എന്ന് അവർ ഭയപ്പെട്ടു. എന്നാൽ അവരുടെ ഭയത്തെ വക വെക്കാതെ അവർക്ക് ഒരു പോറൽ പോലും ഏൽക്കാതെ അക്രമികളെ ഞാൻ എതിരിട്ടു. അതിനിടയിൽ രണ്ടു മൂന്നു തവണയായി എന്റെ കയ്യിലും കാലിലും വെടിയേറ്റു. എന്നാലും ആ കുടുംബത്തിന്റെ സുരക്ഷ ഞാൻ അപ്പോഴും ഉറപ്പ് വരുത്തി. ആ സാധു കുടുംബം ഹിന്ദുവായാലും മുസ്ലീമായാലും അക്രമകാരികളിൽ നിന്ന് എനിക്കവരെ രക്ഷപ്പെടുത്തിയേ മതിയാകുമായിരുന്നുള്ളൂ. കാരണം സർക്കാർ ഫോമിൽ നിങ്ങളുടെ മതം എതെന്നുള്ള ചോദ്യത്തിന് ഉത്തരമായി ഞാൻ എഴുതിയിരുന്നത് ഇന്ത്യൻ എന്നായിരുന്നു." ഈ ഒരു ഡയലോഗോട് കൂടെ നേതാവ് ചൂളി പോകുന്നത് കാണിക്കുന്നതിനൊപ്പം മതത്തേക്കാൾ ഉപരിയായ വലിയ വികാരം തന്നെയാണ് ഇന്ത്യൻ ദേശീയത എന്ന് പ്രേക്ഷകർക്കുള്ളിൽ ആവേശത്തോടെ സ്ഥാപിച്ചെടുക്കുന്നതിലും സിനിമ വിജയിക്കുന്നു.
                                        


ദ്രുതഗതിയിലുള്ള സീനുകളും ഷോട്ടുകളും അതിനൊത്ത ശക്തമായ സംഭാഷണങ്ങളും അങ്ങിനെ ഒരു ത്രില്ലർ സിനിമക്ക് വേണ്ട എല്ലാ ഗുണങ്ങളും ഒത്തു ചേരുന്ന സമയത്തും ചിലയിടങ്ങളിൽ വലിയ അതിശയോക്തികൾ സൃഷ്ടിക്കുന്നുണ്ട് ബേബി. സൗദിയെ പോലുള്ള ഒരു രാജ്യത്തിലേക്ക് ചെന്നുള്ള രഹസ്യ ദൌത്യങ്ങളും മറ്റും അനായാസകരമായി സിനിമയിൽ കാണിക്കുന്നുണ്ടെങ്കിലും കാണുന്ന എല്ലാവർക്കും അതിലെ സാധ്യതകളെ ഒരു പരിധിക്കപ്പുറം ഉൾക്കൊള്ളാൻ സാധിക്കില്ല. എന്നിരുന്നാലും ഈ രഹസ്യ ദൗത്യത്തിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള സാങ്കൽപ്പികതയെ കണക്കിലെടുക്കുമ്പോൾ ചിലതെല്ലാം കണ്ണടച്ച് സ്വീകരിക്കുന്നതിൽ സന്തോഷമേയുള്ളൂ. 

ആകെ മൊത്തം ടോട്ടൽ = ഈ അടുത്ത കാലത്ത് കണ്ട മികച്ച ആക്ഷൻ ത്രില്ലർ. അക്ഷയ് കുമാറിൽ നിന്നും വല്ലപ്പോഴും കാണാൻ ലഭിക്കുന്ന പ്രകടനമികവുള്ള ഉഗ്രൻ സിനിമ . ഡാനി, അനുപം ഖേർ, കെ.കെ മേനോൻ, റഷീദ് നാസ് തുടങ്ങീ അഭിനയിച്ചവരെല്ലാം പ്രകടനം കൊണ്ട് മുന്നിട്ട് നിന്ന സിനിമ. തപസ്വിയുടെ വ്യത്യസ്തവും ശക്തവുമായ സ്ത്രീ കഥാപാത്രം. മികച്ച കഥ- തിരക്കഥ- സംഭാഷണം-സംവിധാനം. സഞ്ജയ്‌ ചൌധരിയുടെ ആവേശം പകരുന്ന ബി.ജി.എം . അങ്ങിനെ നോക്കുമ്പോൾ എല്ലാം കൊണ്ടും കൊടുത്ത കാശ് മുതലായെന്ന് തോന്നിപ്പിക്കുന്ന ഉഗ്രൻ സിനിമ. 

*വിധി മാർക്ക്‌ - 8.5/10 

-pravin-

8 comments:

  1. ഈ ചിത്രം ഒരു ക്ലീന്‍ ത്രില്ലെറാണ്....
    നമ്മുടെ രാജ്യത്തിന് വേണ്ടി കണ്ണും കാതും തുറന്നു, നാടും വീടും വിട്ടു, ജീവിക്കുന്ന,ഒരുപ്പാട് പേരുണ്ട്‌...പല രാജ്യത്തുമായി. അവര്‍ക്ക് വേണ്ടി നമ്മള്‍ എന്തെങ്കിലും ചെയ്യുന്നോ, എന്ന് ചോദിച്ചാല്‍ കൈ മലര്‍ത്തുകയെ രക്ഷയുള്ളൂ. Ravindra Kaushik നെ പോലെയുള്ള പുലികുട്ടികള്‍ അതിനു ഉദാഹരണം.
    നല്ല അവലോകനം പ്രവീണ്‍.....

    ReplyDelete
    Replies
    1. Thank you dear ..രവീന്ദ്ര കൌഷിക്കിനെ കുറിച്ച് പറയുമ്പോൾ കുറച്ച് അധികം പറയാനുണ്ട് ..ഒറ്റ വാക്കിൽ പറയുമ്പോൾ ആ പാവത്തെ ചതിച്ചത് ഇന്ത്യൻ സർക്കാർ തന്നെയാണ് .. അവസാന കാലത്തെ അദ്ദേഹത്തിന്റെ അവസ്ഥകൾ അതാണ്‌ പറയുന്നത് ..ഒരു വലിയ പോസ്റ്റ്‌ എഴുതാൻ മാത്രം ഉണ്ട് ആ കഥ ..let me try ..

      Delete
  2. ആക്ഷൻ ത്രില്ലറിനും, സിനിമയുടെ ലാവണ്യസങ്കൽപ്പങ്ങൾക്കും അപ്പുറത്ത് സമൂഹശാസ്ത്രപരമായ ചില മാനങ്ങളും ഈ സിനിമക്ക് ഉണ്ടെന്ന് ഈ ലേഖനം വായിച്ചപ്പോൾ തോന്നുന്നു. തീർച്ചയായും കാണണം....

    ReplyDelete
    Replies
    1. കണ്ടു നോക്കൂ ...ഇഷ്ടപ്പെടും ...തീർച്ച

      Delete
  3. രുതഗതിയിലുള്ള സീനുകളും ഷോട്ടുകളും അതിനൊത്ത ശക്തമായ സംഭാഷണങ്ങളും അങ്ങിനെ ഒരു ത്രില്ലർ സിനിമക്ക് വേണ്ട എല്ലാ ഗുണങ്ങളും ഒത്തു ചേരുന്ന സമയത്തും ചിലയിടങ്ങളിൽ വലിയ അതിശയോക്തികൾ സൃഷ്ടിക്കുന്നുണ്ട് ബേബി. സൗദിയെ പോലുള്ള ഒരു രാജ്യത്തിലേക്ക് ചെന്നുള്ള രഹസ്യ ദൌത്യങ്ങളും മറ്റും അനായാസകരമായി സിനിമയിൽ കാണിക്കുന്നുണ്ടെങ്കിലും കാണുന്ന എല്ലാവർക്കും അതിലെ സാധ്യതകളെ ഒരു പരിധിക്കപ്പുറം ഉൾക്കൊള്ളാൻ സാധിക്കില്ല. എന്നിരുന്നാലും ഈ രഹസ്യ ദൗത്യത്തിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള സാങ്കൽപ്പികതയെ കണക്കിലെടുക്കുമ്പോൾ ചിലതെല്ലാം കണ്ണടച്ച് സ്വീകരിക്കുന്നതിൽ സന്തോഷമേയുള്ളൂ. ‘

    ഇവിടെ റിലീസായെങ്കിലും
    നല്ല റിവ്യു അല്ലാത്തതിനാൽ കണ്ടില്ലല്ലോ
    എന്ന നഷ്ട്ടബോധമാണ് ഇത് വായിച്ചപ്പോൾ എനിക്കിപ്പോൾ തോന്നുന്നത്

    ReplyDelete
  4. എന്നെങ്കിലും തോന്നിയിട്ടുണ്ടോ പഴയ സ്കൂൾ ഫോട്ടോ കണ്ടാൽ കൊള്ളാമായിരുന്നെന്ന് ????...
    എങ്കിലിതാ അതിനായി ഒരു സുവർണ്ണാവസരം ......!!!
    നിങ്ങളുടെ സ്കൂൾ ഫോട്ടോ ഡൌണ്‍ലോഡ് ചെയ്യു ....!!!

    http://worldschoolphotographs.net/

    ReplyDelete
  5. Download Full HD Movie
    Download Full HD Movie. English Movie, Hindi Movie, Banglali Movie. Action Movies, Adventures Movies, Comedy Movies, etc.
    Download Link: http://downloadfullhdmovie0685.blogspot.com

    ReplyDelete