Friday, July 24, 2015

ബാഹുബലി - ഒരു തുടക്കം മാത്രം

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ബിഗ്‌ ബജറ്റ് സിനിമ എന്ന ലേബലിലാണ് ബാഹുബലി ആദ്യം വാർത്താ പ്രാധാന്യം നേടിയതെങ്കിലും അതിനുമപ്പുറം വായിച്ചെടുക്കേണ്ട ഒരുപാട് സവിശേഷതകൾ തന്റെ സിനിമയിൽ തുന്നി ചേർക്കാൻ സംവിധായകൻ രാജമൗലിക്ക് സാധിച്ചിട്ടുണ്ട്. ഒരു സിനിമ ഭാഷാധീതമായി പ്രേക്ഷകന് വായിച്ചെടുക്കാൻ സാധിക്കണമെങ്കിൽ സിനിമയിൽ ഉപയോഗിക്കപ്പെടുന്ന ദൃശ്യ-ശ്രവ്യ കലാ മാധ്യമങ്ങളുടെ മികവ് കൂടി സംവിധായകൻ ഉറപ്പ് വരുത്തേണ്ടതുണ്ട്. രാജമൌലിയുടെ ബാഹുബലി അക്കാര്യത്തിൽ സമീപ കാല ഇന്ത്യൻ സിനിമകളിൽ വച്ച് മികച്ച ഒരു സിനിമാ ഉദാഹരണമാണ്. ഭാഷ ഏത് തന്നെയായാലും ഈ സിനിമയൊന്നു കാണണം എന്ന് പ്രേക്ഷകനെ കൊണ്ട് തോന്നിപ്പിക്കുന്ന ഒരു തരം മാജിക്ക് രാജമൌലി സിനിമകളുടെ പോസ്റ്ററിൽ തന്നെയുണ്ടാകാറുണ്ട്. രാജമൌലിയുടെ ആദ്യകാല സിനിമകളെല്ലാം ആക്ഷനും കോമഡിയും മറ്റ് മസാലകളും മാത്രം പിൻപറ്റിയപ്പോൾ ഫാന്റസിയും ഫിക്ഷനും മാത്രം അദ്ദേഹത്തിന്റെ സിനിമകളിൽ പരീക്ഷിക്കപ്പെട്ടിരുന്നില്ല. 2007 ൽ റിലീസായ 'യമഡോങ്ക' യിലൂടെയാണ് ഫാന്റസി / ഫിക്ഷൻ സിനിമകളുടെ പ്രേക്ഷക സ്വീകാര്യത അളന്നു നോക്കാൻ അദ്ദേഹം കാര്യമായി ശ്രമിക്കുന്നത് . ആ സിനിമയുടെ വിജയത്തിന് ശേഷമാണ് രാജമൌലി കൂടുതലായും ആക്ഷനും ഫിക്ഷനും ഫാന്റസിയും കലർന്ന സിനിമകളുടെ അമരക്കാരനുമാകുന്നത്. ഇന്ത്യൻ സിനിമാ ലോകത്തെ മികച്ച ഫിക്ഷൻ ഫാന്റസി സിനിമകളിൽ രാജമൌലിയുടെ 'ഈഗ'യുടെ സ്ഥാനം വളരെ മുകളിലാണ്. പ്രേക്ഷകരെ ഒരേ സമയം അതിശയിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന കൽപ്പിത കഥകൾ എഴുതിയുണ്ടാക്കുക മാത്രമല്ല തന്റെ അത്തരം സ്ക്രിപ്റ്റിനെ മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദൃശ്യവത്ക്കരിച്ച് സിനിമ എന്ന കലയെ അതിന്റെ പരിപൂർണ്ണതയിലെത്തിക്കാൻ നിരന്തരം ശ്രമിക്കുക കൂടി ചെയ്യുന്ന ഒരു സംവിധായകനാണ് അദ്ദേഹം. അത് കൊണ്ട് തന്നെ ഫാന്റസിയോടും ഫിക്ഷനോടുമുള്ള രാജമൌലിയുടെ പ്രണയത്തിന്റെ തുടർച്ച കൂടിയായി വേണം ബാഹുബലിയെ കാണാൻ. 

'മഗധീര'യിലും 'ഈഗ' യിലും കേന്ദ്ര കഥാപാത്രങ്ങൾക്ക് പൂർവ്വ ജന്മവും പുനർജന്മവും നൽകി കൊണ്ടാണ് ഫാന്റസി- ഫിക്ഷന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തിയത് എങ്കിൽ ബാഹുബാലിയിലേക്ക് വരുമ്പോൾ മഹിഷ്മതി എന്ന സാങ്കൽപ്പിക സാമ്രാജ്യത്തിന്റെ ചരിത്ര പശ്ചാത്തലത്തിൽ ചതിയുടെയും പ്രതികാരത്തിന്റെയുമൊക്കെ കഥയാണ്‌ ഫാന്റസി - ഫിക്ഷനായി ഉപയോഗിക്കുന്നത്. പുരാണ-ഇതിഹാസങ്ങളിലെ പോലെ ശക്തമായ നായക-വില്ലൻ കഥാപാത്രങ്ങളും, അധികാര ലബ്ധിക്കായുള്ള വില്ലന്റെ ചതി പ്രയോഗങ്ങളും നായകൻറെ പ്രതികാര ദൗത്യവും ധർമ്മ യുദ്ധവുമെല്ലാം ബാഹുബലിയുടെ തിരക്കഥയിൽ സംവിധായകൻ സമർത്ഥമായി അലിയിച്ചു ചേർത്തിട്ടുണ്ട്. രണ്ടു മൂന്നു തലമുറകളിലുള്ള വിവിധ കഥാപാത്രങ്ങളുടെ സംഗമ വേദി കൂടിയാണ് ഈ സിനിമ. ഒന്നിന്റെ ഒടുക്കം മറ്റൊന്നിന്റെ തുടക്കമെന്ന പോലെയാണ് സിനിമയിലെ കഥന രീതി. ഒരു കഥാപാത്രം ഇല്ലാതായാലും ആ കഥാപാത്രത്തിന്റെ പ്രസക്തി സിനിമയിൽ അവസാനിക്കാത്ത വിധം തുടരുന്നതായാണ് സിനിമ കാണിക്കുന്നത്. ശിവഗാമി (രമ്യാ കൃഷ്ണൻ), അമരേന്ദ്ര ബാഹുബലി (പ്രഭാസ്) എന്നീ കഥാപാത്രങ്ങൾ അതിന്റെ ഉദാഹരണങ്ങളാണ്. ഒരു പിടി ശക്തമായ കേന്ദ്ര കഥാപാത്രങ്ങൾ അവർ നായകനെന്നോ വില്ലനെന്നോ സഹാനടനെന്നോ നായികയെന്നോ സഹനടിയെന്നോ ഇല്ലാതെ അവരവരുടേതായ സാന്നിധ്യം കരുത്തുറ്റ രീതിയിൽ അവതരിപ്പിച്ചു പോകുന്നുണ്ട് ബാഹുബലിയിൽ. പ്രഭാസിന്റെ ശരീരവും പ്രകടനവുമെല്ലാം നായകൻറെ ഹീറോയിസത്തിനും അമാനുഷികതക്കും ഒത്തു പോയപ്പോൾ തമന്നയുടെ പോരാളി വേഷവും ഫൈറ്റ് സീനുകളും കാഴ്ചയിൽ കല്ല്‌ കടിയുണ്ടാക്കി. എത്ര തികഞ്ഞ പോരാളിയായ പെണ്ണെങ്കിലും അവൾ ആണിന്റെ പ്രത്യേകിച്ച് നായകൻറെ കരബലത്തിനു മുന്നിൽ ഒന്നുമല്ലാതായി പോകുകയും അവനുമായി എത്രയും പെട്ടെന്ന് പ്രണയത്തിലാകുകയും ചെയ്യണം എന്ന പുരാതന ക്ലീഷേയെ രാജമൌലിയും ഉപേക്ഷിച്ചു കണ്ടില്ല. ഒരു പക്ഷേ പ്രണയം ആർക്കും അപ്രാപ്യമല്ല എന്നും ആരും എപ്പോ വേണമെങ്കിലും പ്രണയിക്കുകയോ പ്രണയിക്കപ്പെടുകയോ ചെയ്യാം എന്നും അടിവരയിടാനാകും പ്രഭാസ്-തമന്നാ ലവ് സീനുകളും പാട്ടുമെല്ലാം ഉൾപ്പെടുത്തിയതെങ്കിലോ ?

ഇരുന്നൂറു കോടിയിലധികം പണം മുടക്കിയ സിനിമയെങ്കിലും സാങ്കേതിക വിദ്യയുടെ പൂർണ്ണത ബാഹുബലിയിൽ ഉണ്ടെന്ന് അവകാശപ്പെടാനാകില്ല. മഹിഷ്മതി സാമ്രാജ്യത്തിന്റെ ക്ലോസപ്പ് ഷോട്ടുകളിലും ലോങ്ങ്‌ ഷോട്ടുകളിലും കൊട്ടാര വാതിലിലൂടെയും മതിലിനു മുകളിലൂടെയുമൊക്കെയുള്ള ക്യാമറയുടെ സഞ്ചാരത്തിൽ ഒളിഞ്ഞിരിക്കുന്ന ഒരുപാട് കൃത്രിമത്വങ്ങൾ പുറത്ത് ചാടുന്നുണ്ട്. അനിമേഷൻ മൂവികളിൽ കണ്ടു പരിചയമുള്ള ചില ഗ്രാഫിക്സ് നിർമ്മിതികൾ ചുരുക്കം ചില സീനുകളിൽ സിനിമയുടെ ദൃശ്യ ചാരുതയുടെ നിറം കെടുത്തുന്നുണ്ട്. യുദ്ധ സമയത്ത് ചത്ത്‌ വീഴുന്ന ആനയെല്ലാം അതിന്റെ ഒരുദാഹരണം മാത്രം. ഇപ്രകാരമുള്ള ചുരുക്കം ചില പോരായ്മകളെ ഒഴിച്ച് നിർത്തിയാൽ ബാഹുബലി എന്ത് കൊണ്ടും മികച്ച ഗ്രാഫിക്സ് വിസ്മയം തന്നെയാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. അതിലേറ്റവും എടുത്ത് പറയേണ്ട കാഴ്ചകളാണ് ഭീമാകാരമായ വെള്ളച്ചാട്ടവും അതിനു മുകളിലെ മഞ്ഞു വീണ പ്രദേശവും. സ്വർഗ്ഗതുല്യമായ ഒരു അന്തരീക്ഷമാണ് ആ പ്രദേശങ്ങളെ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള സീനുകളിൽ കാണാൻ സാധിക്കുക. ആതിരപ്പള്ളി വെള്ളച്ചാട്ടം സിനിമയിലെ ഒരു ജീവസ്സുറ്റ കഥാ പശ്ചാത്തലമായി മാറിയതിൽ മലയാളികൾക്ക് അഭിമാനിക്കാം. അവസാന ഇരുപത് മിനുട്ടുകളിലെ യുദ്ധ രംഗങ്ങൾ ഇത് വരെയുള്ള ഒരു ഇന്ത്യൻ സിനിമകളിലും കണ്ടിട്ടില്ലാത്ത വിധം മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. അതിനെല്ലാം വേണ്ടിയെടുത്ത ശ്രമങ്ങൾ ഒന്ന് മാത്രം മതി ഈ സിനിമയെ മനസ്സ് കൊണ്ട് അംഗീകരിക്കാൻ. 
രാജ ഭരണ കാലത്തെ നയ തന്ത്ര രീതികളെങ്കിലും ആധുനിക ഭരണകർത്താക്കൾക്കൊരു ഓർമ്മ പ്പെടുത്തലെന്ന രീതിയിൽ രാജ്യ തന്ത്രം, യുദ്ധ തന്ത്രം, രാജാ-പ്രജാ ബന്ധം എന്നിവ എങ്ങിനെയായിരിക്കണം എന്നത് സംബന്ധിച്ചുള്ള പ്രസക്തമായ ചില നിരീക്ഷണങ്ങളും ചിന്തകളും സിനിമ പങ്കു വക്കുന്നുണ്ട്. യുദ്ധത്തിലെ ജയമെന്നാൽ ശത്രുവിനെ കൊന്നു തള്ളുക എന്നതിനേക്കാളുപരി പ്രജകളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതായിരിക്കണം എന്നും യുദ്ധ ജയത്തിനായി മൃഗ ബലി നടത്തേണ്ടതില്ല മറിച്ച് തന്റെ ജീവൻ രാജ്യ സംരക്ഷണത്തിനായി മാറ്റിവക്കപ്പെട്ടിരിക്കുന്നു എന്ന് സ്വന്തം ചോര കൊണ്ട് തന്നെ ശപഥം ചെയ്യുകയാണ് വേണ്ടതെന്നും ബാഹുബലി ഓർമ്മപ്പെടുത്തുന്നു. രമ്യാ കൃഷ്ണന്റെ ശിവഗാമി എന്ന കഥാപാത്രം ചർച്ചാ പ്രസക്തമാം വിധം സിനിമയിൽ ബിംബവത്ക്കരിക്കപ്പെടുന്ന സീനാണ് എടുത്ത് പറയേണ്ട മറ്റൊരു കാഴ്ച. രാജ സിംഹാസനത്തിൽ കയറിയിരുന്ന് ഒരേ സമയം രണ്ടു കുഞ്ഞുങ്ങളെയും മടിയിലിരുത്തി മുലയൂട്ടി കൊണ്ട് രാജ്യ ഭരണത്തിന് തുടക്കം കുറിക്കുന്ന ശിവഗാമി ഇന്ന് വരെ കണ്ട സ്ത്രീ കഥാപാത്രങ്ങളിൽ നിന്ന് ഏറ്റവും ശക്തമായ കഥാപാത്രമായി വേറിട്ട് നിൽക്കുന്നതിനു കാരണം പോലും ആ സീനാണ്. 

സത്യരാജ് അവതരിപ്പിക്കുന്ന കട്ടപ്പ എന്ന കഥാപാത്രവും സമകാലീന രാഷ്ട്രീയത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. രാഷ്ട്രീയ വിയോജിപ്പുകൾ ഉണ്ടെങ്കിലും ഉദ്യോഗസ്ഥരും സേനാധിപന്മാരും രാജ്യത്തോടും ഭരണാധികാരികളോടുമുള്ള അവരവരുടെ കടമകൾ മറക്കാതെ അത് നിറവേറ്റാൻ സദാ സജ്ജമാകുക തന്നെ വേണം എന്ന് പറയാതെ പറഞ്ഞവസാനിപ്പിക്കുന്നുണ്ട് കട്ടപ്പ. ഭരണാധികാരികളോടുമുള്ള ആശയ വിയോജിപ്പിക്കുകൾ പ്രകടിപ്പിക്കേണ്ടത് പുറമേ നിന്ന് രാജ്യത്തിനകത്ത് അന്ന്യായമായി കടന്നു കയറുന്നവനെ സഹായിക്കും വിധമായിരിക്കരുത്. അത്തരത്തിൽ കടന്നു വരുന്നവന്റെ ഉദ്ദേശ്യ ശുദ്ധിയെ അംഗീകരിച്ചാലും അതിനേക്കാൾ കൂടുതൽ രാജാവിനോടും രാജ്യത്തോടുമൊക്കെയുള്ള തന്റെ കടമയും കർത്തവ്യവും തന്നെയാണ് ഓർക്കേണ്ടതും നിറവേറ്റണ്ടതുമെന്ന് വ്യക്തമാക്കും വിധമാണ് കട്ടപ്പയുടെ രാഷ്ട്രീയ നിലപാടുകൾ സിനിമയിൽ ചിത്രീകരിച്ചിട്ടുള്ളത്. 

ദുര്യോധനൻ, ശകുനി, ധൃത രാഷ്ട്രർ, ഭീമസേനൻ, കർണ്ണൻ, ദ്രൗപദി, സീത,രാവണൻ, ഭീഷ്മർ ഇത്യാദി പുരാണ കഥാപാത്രങ്ങളുടെ ആത്മാംശങ്ങൾ കൂട്ടിക്കുഴച്ചു കൊണ്ടാണ് പല കഥാപാത്ര സൃഷ്ടികളും നടന്നിട്ടുള്ളത്. ധാർമ്മികനെങ്കിലും മഹാഭാരതത്തിലെ ഭീഷ്മർക്ക് സമമെന്ന നിലയിൽ അധർമ്മ പക്ഷത്ത് നിലയുറപ്പിച്ച് പോകേണ്ടി വരുന്ന കഥാപാത്രമായി കട്ടപ്പയെ ഒരു വേള നിരീക്ഷിക്കാവുന്നതാണ്. ദുര്യോധന- രാവണ സ്വഭാവം റാണ ദഗ്ഗുബതിയുടെ ബല്ലാല ദേവയിൽ കാണാം. ശകുനിയുടെയും ധൃതരാഷ്ട്രരുടേയും പുതിയ പതിപ്പാണ്‌ നാസറിന്റെ ബിജ്ജാലദേവ. പുഴയിൽ ഒഴുക്കി വിട്ട കർണ്ണന്റെയും ദ്രൗപതി ശപഥം നടപ്പാക്കാൻ നിയോഗിക്കപ്പെടുന്ന ഭീമസേനന്റെയും സമ്മിശ്ര സ്വഭാവ രൂപമാണ് പ്രഭാസിന്റെ ബാഹുബലിക്ക്. കർണ്ണനെ നദിയിൽ നിന്ന് കളഞ്ഞു കിട്ടി വളർത്തി വലുതാക്കിയ രാധയാകട്ടെ സിനിമയിൽ സംഗ എന്ന കഥാപാത്രമായും രൂപപ്പെട്ടു.രാവണന്റെ ബന്ധനത്തിൽ ലങ്കയിൽ കഴിയേണ്ടി വന്ന സീതയുടെയും ദുര്യോധനനാൽ അപമാനിക്കപ്പെട്ട ദ്രൌപതിയുടെ ശപഥ വീര്യവും ശൌര്യവുമെല്ലാം അനുഷ്ക്കയുടെ ദേവസേന മഹാറാണിയിൽ കാണാനാകും. അങ്ങിനെ സസൂക്ഷമം നിരീക്ഷിച്ചാൽ കഥയും കഥാപാത്രങ്ങളും പലതിൽ നിന്നും പരിണാമം സിദ്ധിച്ചു വന്നിട്ടുള്ളത് മാത്രമാണ്. എന്നാൽ കഥാ പശ്ചാത്തലത്തിലെ വ്യത്യസ്തത കൊണ്ടും ആവിഷ്ക്കരണത്തിലെ മികവു കൊണ്ടും കഥാപാത്രങ്ങളുടെ മികച്ച പ്രകടനം കൊണ്ടും സാങ്കേതിക വിദ്യയുടെ പിൻബലം കൊണ്ടും ബാഹുബലി ഇന്ത്യൻ സിനിമയിലെ ഒരു ചരിത്രമായി മാറിയിരിക്കുന്നു എന്നതാണ് സത്യം. 

ഹോളിവുഡ് യുദ്ധ സിനിമകളും അതിലെ സാങ്കേതിക മികവും മനസ്സിൽ പ്രതിഷ്ഠിച്ചു കൊണ്ട് ബാഹുബലിയെ നിരീക്ഷിക്കാതിരിക്കുന്നാതാകും നല്ലത്. രണ്ടു ധ്രുവങ്ങളിലുള്ള സിനിമാ ലോകങ്ങളെ രണ്ടായി തന്നെ കാണണം. ഹോളിവുഡ് സിനിമകളുടെ സാങ്കേതിക മികവിന്റെ സ്രോതസ്സ് അവരുടെ ഉയർന്ന സാമ്പത്തിക സ്ഥിതി കൂടിയാണ് എന്ന് മനസിലാക്കണം. അങ്ങിനെ നോക്കുമ്പോൾ 250 കോടി രൂപ എന്ന കുറഞ്ഞ ബജറ്റിൽ ബാഹുബലി പോലൊരു സിനിമ ഉണ്ടാക്കിയെടുക്കുകയും അന്തർ ദേശീയ തലത്തിൽ അത് ചർച്ച ചെയ്യപ്പെടുകയും ചെയ്തെങ്കിൽ  അതൊരു ചെറിയ കാര്യമല്ല. അത് കൊണ്ട് തന്നെ ഭാവിയിൽ ഹോളിവുഡ് സിനിമകളുടെ തൊട്ടു പുറകെയെങ്കിലും ഇന്ത്യൻ സിനിമകൾക്ക് എത്താൻ സാധിക്കുമെന്ന് പ്രതീക്ഷ തരുന്ന ഒരു സിനിമ എന്ന നിലക്ക് ബാഹുബലി ഒരു നല്ല തുടക്കമാണ് താനും. അവിടെയാണ് ബാഹുബലി മികച്ചു നിൽക്കുന്നതും ഇന്ത്യൻ പ്രേക്ഷകരുടെ കൈയ്യടി നേടുന്നതും. 

ആകെ മൊത്തം ടോട്ടൽ = രാജമൌലിയുടെ സംവിധാന മികവ്, കീരവാണിയുടെ മികച്ച സംഗീതം, സെന്തിൽ കുമാറിന്റെ അഴകാർന്ന ച്ഛായാഗ്രഹണം, എന്നതിനോടൊപ്പം ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എണ്ണിയാൽ തീരാത്ത അത്രയും പ്രവർത്തകരുടെ ഓരോ ജോലിയും അഭിനന്ദിക്കപ്പെടേണ്ടതുണ്ട്. ബാഹുബലി ഒന്നാം ഭാഗം അവശേഷിപ്പിച്ച പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം രണ്ടാം ഭാഗം റിലീസാകുമ്പോൾ മാത്രമേ കണ്ടറിയാൻ സാധിക്കൂ എന്നത് രണ്ടാം ഭാഗം കാണാനുള്ള ആവേശത്തെ കൂട്ടുക തന്നെ ചെയ്യും. ബാഹുബലിയുടെ ആസ്വാദനം അപ്പോൾ മാത്രമേ പൂർണ്ണമാകുകയുമുള്ളൂ. 

*വിധി മാർക്ക്‌ = 8.5/10 
-pravin-

20 comments:

 1. വിശകലനത്തിലെ വൈവിദ്ധ്യം വിവരണത്തിന്‍റെ മാറ്റ് കൂട്ടി ..... നേട്ടകോട്ടങ്ങളുടെ കണെക്കടുപ്പിനൊപ്പം ഭാവിയിൽ ഈ ചിത്രത്തിന്‍റെ പ്രസക്തിയെ കുറിച്ചു സൂചിപ്പിക്കുമ്പോള്‍ എഴുത്തകാരന് അഭിമാനിക്കാം..... ആശംസകൾ....

  ReplyDelete
  Replies
  1. താങ്ക്യു വിനോദ് ഭായ് ...

   Delete
 2. “ ഹോളിവുഡ് യുദ്ധ സിനിമകളും
  അതിലെ സാങ്കേതിക മികവും മനസ്സിൽ
  പ്രതിഷ്ഠിച്ചു കൊണ്ട് ബാഹുബലിയെ നിരീക്ഷിക്കാതിരിക്കുന്നാതാകും
  നല്ലത്.
  രണ്ടു ധ്രുവങ്ങളിലുള്ള സിനിമാ ലോകങ്ങളെ
  രണ്ടായി തന്നെ കാണണം. ഹോളിവുഡ് സിനിമകളുടെ
  സാങ്കേതിക മികവിന്റെ സ്രോതസ്സ് അവരുടെ ഉയർന്ന സാമ്പത്തിക
  സ്ഥിതി കൂടിയാണ് എന്ന് മനസിലാക്കണം. അങ്ങിനെ നോക്കുമ്പോൾ 250
  കോടി രൂപ എന്ന കുറഞ്ഞ ബജറ്റിൽ ബാഹുബലി പോലൊരു സിനിമ ഉണ്ടാക്കിയെടുക്കുകയും അന്തർ ദേശീയ തലത്തിൽ അത് ചർച്ച ചെയ്യപ്പെടുകയും ചെയ്തെങ്കിൽ അതൊരു ചെറിയ കാര്യമല്ല...!
  അത് കൊണ്ട് തന്നെ ഭാവിയിൽ ഹോളിവുഡ്
  സിനിമകളുടെ തൊട്ടു പുറകെയെങ്കിലും ഇന്ത്യൻ സിനിമകൾക്ക്
  എത്താൻ സാധിക്കുമെന്ന് പ്രതീക്ഷ തരുന്ന ഒരു സിനിമ എന്ന നിലക്ക്
  ബാഹുബലി ഒരു നല്ല തുടക്കമാണ് താനും. അവിടെയാണ് ബാഹുബലി മികച്ചു
  നിൽക്കുന്നതും ഇന്ത്യൻ പ്രേക്ഷകരുടെ കൈയ്യടി നേടുന്നതും. ...“
  ‘ലോകം മുഴുവൻ വാഴ്ത്തപ്പെട്ട ഒരു സിനിമയെ
  വിലയിരുത്തുകയാണെങ്കിൽ ഇതുപോലെ എല്ലാ വെററ്റികളിലേക്കും
  ഇറങ്ങിച്ചെന്ന് തന്നെ വിശദീകരിക്കണമെന്നതിന് ഒരു ഉത്തമമായ കുറിപ്പുകളാണിത്
  അതുകൊണ്ടാണ് അനേകമുള്ള ‘ബാഹുബലി‘ വിശകലനങ്ങളിൽ ഈ കുറിപ്പുകൾ വേറിട്ട് നിൽക്കുന്നത്......

  അഭിനന്ദനങ്ങൾ കേട്ടൊ പ്രവീൺ ഭായ്

  ReplyDelete
  Replies
  1. ഹൃദയം നിറഞ്ഞ നന്ദി പ്രിയപ്പെട്ട മുരളിയേട്ടാ ...

   Delete
 3. ബാഹുബലി കണ്ടതിനാൽ ആസ്വദിച്ച്‌ വായിച്ചു.കുറേ ഏറെ രംഗങ്ങൾ കല്ലുകടിയായി തോന്നിയെങ്കിലും രണ്ടാംഭാഗത്തിനായ്‌ കാത്തിരിയ്ക്കാനുള്ള ആകാംക്ഷ ഉണ്ടാക്കാൻ കഴിഞ്ഞു.യുദ്ധരംഗങ്ങൾ ഹോളിവുഡ്‌ സിനിമകളോട്‌ കിടപിടിയ്ക്കുന്നത്‌ തന്നെ.സംശയമില്ല.ഒരു ഇന്ത്യൻ സിനിമ ഇത്ര വളർന്നതിൽ നമുക്കേവർക്കും ഭാഷാവ്യത്യാസമില്ലാതെ
  അഭിമാനിയ്ക്കാം.

  ReplyDelete
  Replies
  1. തീർച്ചയായും ഇന്ത്യൻ സിനിമയെ കുറിച്ച് അഭിമാനിക്കാം ..

   Delete
 4. നല്ലാ വിശകലനം.............ആശംസകൾ

  ReplyDelete
  Replies
  1. താങ്ക്യു ചന്തുവേട്ടാ ...

   Delete
 5. അവിടവിടങ്ങളില്‍ ചില വിയോജിപ്പുസ്വരങ്ങളൊക്കെ കേള്‍ക്കുന്നുണ്ടെങ്കിലും എനിക്കെന്തായാലും (അനുവിനും) വളരെ ഇഷ്ടപ്പെട്ടു സിനിമ. ഞങ്ങള്‍ സിനിമ കാണുന്നത് ബുദ്ധി വളര്‍ത്താനൊന്നുമല്ല, വെറും എന്റര്‍ടെയിനിംഗ് മാത്രം ലക്ഷ്യമിട്ടാണ്. അത് 100%വും മുതലായി.
  പിന്നെ ഒരു കുഴപ്പമെന്തെന്നാല്‍ തുടക്കം ഇത്രയും ബ്രഹ്മാണ്ഡമായ സ്ഥിതിയ്ക്ക് ഒടുക്കം ഇതിനെക്കാള്‍ കിടു ആക്കാന്‍ കഴിയണം ഇതിന്റെ ശില്പികള്‍ക്ക്. അല്ലെങ്കില്‍ ജനം നിരന്നുനിന്ന് ചീത്ത വിളിക്കും, കട്ടായം. അല്ലേ?

  ReplyDelete
  Replies
  1. എനിക്കും വളരെ ഇഷ്ടപ്പെട്ട സിനിമയാണ് ഇത് അജിത്തേട്ടാ ... ആളുകൾക്ക് ഒരു പ്രശ്നം ഉണ്ട് ..അതിപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആയാലും ഇന്ത്യൻ സിനിമയായാലും അവരുടെ പ്രതീക്ഷകളിൽ നിന്ന് അണുവിട തെറ്റിയാൽ അപ്പൊ ചീത്ത വിളിക്കും ... പിന്നെ സിനിമയെ entertaining ആയി മാത്രം കാണുന്നതിനെ വ്യക്തിപരമായി ഞാൻ അനുകൂലിക്കുന്നില്ല കേട്ടോ. ഒരു സിനിമയെ എങ്ങിനെയും കാണാം എന്നതാണ് സിനിമ നമുക്ക് തരുന്ന ആസ്വാദന സ്വാതന്ത്ര്യം . ആ അർത്ഥത്തിൽ ഒരു പ്രേക്ഷകൻ സിനിമയെ entertaining മാത്രമായി കാണാൻ ആഗ്രഹിക്കുന്നു എന്നതിനെ കുറ്റം പറയാനാകില്ല. എന്നാൽ അതിന്റെ മറ്റു സാധ്യതകളെ കൂടി ഉപയോഗപ്പെടുത്തുന്ന കലാകാരന്മാരെ സംബന്ധിച്ച് സിനിമയെ entertaining ലേബലിൽ മാത്രം ഒരുക്കിയെടുക്കാൻ ആയിക്കൊള്ളണം എന്നില്ല ...അവർ സിനിമ എന്ന മാധ്യമത്തിലൂടെ പങ്കു വക്കുന്ന വിഷയം, അതിന്റെ അവതരണ രീതി, സാമൂഹിക പ്രസക്തി എന്നിവയെല്ലാം പരിഗണിക്കുമ്പോൾ പല സിനിമകളും വെറും entertaining മട്ടിൽ കാണാനാകാതെ വരും .. മുൻവിധികൾ ഇല്ലാതെ കാണുക എന്നതാണ് സിനിമകളോട് നമ്മൾ ചെയ്യേണ്ട ഏറ്റവും കുറഞ്ഞ മര്യാദ ... ബാക്കിയുള്ള ആസ്വാദനം തീർത്തും വ്യക്തിപരം ... അങ്ങിനല്ലേ അജിത്തേട്ടാ ?

   Delete
 6. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ചൊരു ബുദ്ധിമോശം, അല്ലെങ്കില്‍ എന്‍റെ പേരും ഈ ചിത്രത്തിന്‍റെ ടൈറ്റിലില്‍ എവിടെയെങ്കിലും കണ്ടേനെ.......

  ReplyDelete
  Replies
  1. അയ്യോ ....അതെന്തു പറ്റി ...

   Delete
 7. പ്രവീണ്‍ ഭായി , സിനിമകളെ കുറിച്ചുള്ള ഈ എഴുത്തൊക്കെ കണ്ടാൽ അറിയാം താങ്കൾക്കു സിനിമയെ കുറിച്ചുള്ള നല്ല അറിവ്... നാളെയൊരിക്കൽ വെള്ളിത്തിരയിലും ഈ പേര് തെളിഞ്ഞു കാണട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിച്ചു കൊണ്ട് , എന്റെ നല്ല ആശംസകൾ. :)

  ReplyDelete
  Replies
  1. താങ്ക്യു ഭായ് ... നാക്ക് പൊന്നാകട്ടെ .. പിന്നെ സിനിമയെ കുറിച്ചുള്ള അറിവല്ല ഞാൻ പങ്കു വക്കുന്നത് ..എന്റെ ആസ്വാദനവും നിരീക്ഷണവും മാത്രമാണ് കേട്ടോ ..സിനിമ ഒരുപാട് ഇഷ്ടമാണ് അത്രേയുള്ളൂ

   Delete
 8. സ്ഥലകാലങ്ങളെ മനസ്സില്‍നിന്ന് മാറ്റിനി്‌ര്‍ത്തി ഇതിഹാസസമാനമായ മറ്റൊരന്തരീക്ഷത്തെ ഉള്‍ക്കൊള്ളാന്‍ കാണികളെ പാകപ്പെടുത്താനും ആ അന്തരീക്ഷത്തിലേക്ക് സര്‍വ്വം മറന്ന് ലയിപ്പിക്കാനും ബാഹുബലിയിലൂടെ രാജമൌലി എന്ന സംവിധായകപ്രതിഭയ്ക്ക് അതിശയകരമായ വിധത്തില്‍ സാധിച്ചിരിക്കുന്നു. ഇന്ത്യന്‍ പശ്ചാത്തലത്തിലെ അവിസ്മരണീയമായ ദൃശ്യാനുഭവം.

  ചിത്രത്തിന്റെ ഗരിമയോളം ഉയരുന്ന സിനിമാവിചാരണത്തന്നെയാണ്‌ പ്രവീണ്‌ ഒരുക്കിയിരിക്കുന്നതും. ബാഹുബലി എന്ന ബ്രഹ്മാണ്ഡമായ ചലച്ചിത്രത്തെ അതിന്റെ വ്യാപ്തിയോടെ തൊട്ടറിഞ്ഞ വിചാരണ വളരെ സമഗ്രമായി അനുഭവപ്പെട്ടു.

  ReplyDelete
  Replies
  1. താങ്ക്യു ഉസ്മാന്ക്കാ ...

   Delete
 9. വളരെ നല്ല അവതരണം

  സാധാരണക്കാർ ചിന്തിക്കാത്ത വഴികളിലൂടെയൊക്കെ താങ്കൾ ഞങ്ങളെ കൈപിടിച്ചു നടക്കുകയാണെന്ന് തോന്നിപ്പോയി ..

  അഭിനന്ദനങ്ങൾ

  ReplyDelete