Wednesday, August 6, 2025

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള




"സത്യമല്ല ..തെളിവുകൾ ജയിക്കുന്ന സ്ഥലമാണ് കോടതി. !!"

സിനിമയിലെ ഈ ഡയലോഗ് വളരെ കൃത്യമാണ്. പല കേസുകളിലും സത്യം ജയിച്ചു, നീതി നടപ്പിലായി എന്ന് പറയുമ്പോഴും കോടതിയിൽ സമർപ്പിക്കപ്പെടുന്ന തെളിവുകളാണ് കേസിന്റെ ജയാ പരാജയം നിശ്ചയിക്കുന്നത്.

ഫ്രാങ്കോ മുളക്കൽ കേസിനെ അനുസ്മരിപ്പിച്ചു കൊണ്ടുള്ള സിനിമയുടെ തുടക്കം അഡ്വക്കേറ്റ് ഡേവിഡ് ആബേൽ ഡോണാവാന്റെ കാരക്ടർ എന്താന്നെന്ന് വെളിപ്പെടുത്താനാണ് ഉപയോഗിക്കുന്നത്. സഭക്കും വിശ്വാസത്തിനുമൊന്നും എതിരല്ലെങ്കിലും A Good Lawyer is a Bad Christian എന്ന് തെളിയിക്കുന്നു ഡേവിഡ് ആബേൽ.

സാധാരണഗതിക്ക് സൂപ്പർ സ്റ്റാറുകളുടെ ഇൻട്രോ സീനിന് കൊടുക്കാറുള്ള പഞ്ചൊന്നും ഡേവിഡ് ആബേലിന്റെ രംഗപ്രവേശത്തിൽ കണ്ടു കിട്ടിയില്ല. ആ കഥാപാത്രത്തിന് പിന്നീട് ഒരു ഓളം ഉണ്ടാക്കാൻ പറ്റുന്നത് കോടതിയിൽ എത്തുമ്പോഴാണ്. ആ സീനുകളിലെല്ലാം സുരേഷ് ഗോപി തിളങ്ങിയിട്ടുണ്ട്.

ഭരത് ചന്ദ്രന്റെയും ലാൽ കൃഷ്ണ വിരാടിയാരുടേയുമൊക്കെ പൂർവ്വകാല പ്രകടനങ്ങളുമായി തട്ടിച്ചു നോക്കാൻ പറ്റുന്ന SG ഷോ അല്ലെങ്കിൽ കൂടിയും സിനിമയിൽ ഡേവിഡ് ആബേൽ അഡ്വക്കേറ്റിന്റെ സ്‌ക്രീൻ സ്പേസ് സുരേഷ് ഗോപി അനായാസേന പിടിച്ചു വാങ്ങുന്നുണ്ട്.

അതേ സമയം പത്രക്കാരോടൊക്കെ സംസാരിക്കുന്ന സീനിൽ ശരിക്കുമുള്ള സുരേഷ് ഗോപി സംസാരിക്കുന്ന അതേ ശൈലിയാണ് ഡേവിഡ് ആബേലും പിന്തുടരുന്നത്. അഭിനയമില്ലാത്ത ഒരു സീൻ പോലെ തോന്നി അത്.

സുരേഷ് ഗോപിയുടെ സ്റ്റാർഡം മാത്രം കണക്കിലെടുത്തു കൊണ്ട് ചിട്ടപ്പെടുത്തിയ ആക്ഷൻ സീനുകൾ സിനിമയിൽ അധിക പറ്റായി അനുഭവപ്പെട്ടു. മേൽപ്പറഞ്ഞ സീനുകൾ ഒഴിച്ച് നിർത്തിയാൽ ഡേവിഡ് ആബേലായി SG തന്റെ റോൾ വൃത്തിക്ക് ചെയ്തിട്ടുണ്ട്.

ചിന്താമണി കൊലക്കേസിനെ ഓർമിപ്പിക്കുന്ന ചില കഥാഗതികൾ ഉണ്ടെങ്കിലും ജാനകിയുടെ കേസ് വേറെ തന്നെയാണ്.

അനുപമ പരമേശ്വരന്റെ പ്രകടനം കൊള്ളാമായിരുന്നു. പക്ഷേ ചിന്താമണിയോടെന്ന പോലെ ഒരു ഇമോഷണൽ കണക്ഷൻ ജാനകിയുമായി നമുക്ക് ഉണ്ടാകാതെ പോകുന്നുണ്ട്.

ആറ്റിട്യൂഡിനും ഡയലോഗിനും അഭിനയവുമായി യാതൊരു ബന്ധവുമില്ല എന്ന് തെളിയിക്കുന്ന സ്ഥായീ ഭാവം കൊണ്ട് മാധവ് സുരേഷ് മൊത്തത്തിൽ വെറുപ്പിച്ചു. റിയാക്ഷൻ സീനുകളൊക്കെ കാണുമ്പോൾ പച്ചാളം ഭാസി സരോജ് കുമാറിനോട് പറഞ്ഞ ഡയലോഗ് ഓർത്തു പോകും.

പോലീസ് വേഷത്തിൽ അസ്‌കർ അലിക്കൊന്നും ശോഭിക്കാനായില്ല.
അതേ സമയം പോലീസ് വേഷത്തിൽ യദുകൃഷ്ണൻ നല്ല പ്രകടനമായിരുന്നു.

ഗർഭിണിയായ വക്കീൽ കഥാപാത്രത്തിലെത്തിയ ശ്രുതി രാമചന്ദ്രന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു.

ജിബ്രാന്റെ ബാക് ഗ്രൗണ്ട് സ്കോറും പാട്ടുമൊക്കെ ഗംഭീരമായിരുന്നു. പക്ഷെ സിനിമയുടെ കഥാ സാഹചര്യങ്ങളിലേക്ക് അതൊന്നും വേണ്ട വിധം ബന്ധപ്പെട്ടു കിടക്കുന്നില്ല. എന്തിനാണ് ഈ സമയത്ത് ഇത്രേം പാട്ടുകൾ എന്ന് ചിന്തിച്ചു പോകും.

കേരളാ പൊളിറ്റിക്‌സും കക്ഷി രാഷ്ട്രീയവുമൊക്കെ മുൻപും പല സിനിമകളിൽ ആക്ഷേപിക്കപ്പെട്ടിട്ടും വിമർശിക്കപ്പെട്ടിട്ടുമുണ്ട്. പക്ഷെ അതിലൊക്കെ ആ സിനിമയുടെ കഥയുമായോ കഥാപാത്ര സൃഷ്ടികളുമായോ എന്തെങ്കിലും ഒരു കണക്ഷൻ ഉണ്ടായിരുന്നു. ഇടത് പക്ഷത്തിന് ഒട്ടും സമരസപ്പെടാൻ പറ്റാത്ത 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' സിനിമയിൽ പോലും ആ കണക്ഷൻ ഉണ്ട്.

പക്ഷെ ഈ സിനിമയിൽ പോലീസിന്റെ പിടിപ്പ് കേടിനെ ചോദ്യം ചെയ്യുന്ന വേളയിലും, ക്ലൈമാക്സ് സീനുകളിലുമൊക്കെ അനാവശ്യമായി കേരള രാഷ്ട്രീയത്തെയും സർക്കാരിനെയും വലിച്ചിഴക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല.

ജാനകി കേസിന്റെ വിധി പറച്ചിൽ സീനിൽ കേരള സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതിനായി പടച്ചു വിട്ട ന്യായ വാദങ്ങൾക്ക് ഒന്നിനും സിനിമയിൽ യാതൊരു പ്രസക്തിയും അനുഭവപ്പെട്ടില്ല.

ഭാരതീയ സംസ്ക്കാരത്തെ പറ്റിയും മലയാളിയുടെ കുടുംബമഹിമയെ കുറിച്ചുമൊക്കെ വാചാലനാകുന്ന പബ്ലിക് പ്രോസിക്യൂട്ടറെ 'ഭരണഘടന' ഉയർത്തി പിടിച്ചു കൊണ്ട് ഡേവിഡ് ആബേൽ വായടപ്പിക്കുന്നുണ്ട്. ആ ഒരൊറ്റ കാരണം ഒഴിച്ചാൽ സെൻസർ ബോർഡിലെ ഏമാന്മാർക്ക് ഈ സിനിമയോട് തോന്നിയ വൈരാഗ്യം എന്തിനായിരുന്നു എന്ന് ഒരു പിടിയും കിട്ടിയിട്ടില്ല.

©bhadran praveen sekhar

No comments:

Post a Comment