Saturday, June 26, 2021

ജാവ കിടുവാണ്, സൂപ്പറാണ് !!


എബ്രിഡ് ഷൈന്റെ 'ആക്ഷൻ ഹീറോ ബിജു'വിലാണ് അത് വരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായി കേരളാ പോലീസിനെ ഒരു റിയലിസ്റ്റിക് മോഡിൽ അവതരിപ്പിച്ചു കാണുന്നത്. ഓരോ ദിവസവും പോലീസ് സ്റ്റേഷനിൽ സംഭവിക്കുന്ന കാര്യങ്ങളും, അവിടെയെത്തുന്ന പരാതികളും, പോലീസുകാർ അത് കൈകാര്യം ചെയ്യുന്ന വിധവുമൊക്കെ മനോഹരമായി പറഞ്ഞു വക്കാൻ 'ആക്ഷൻ ഹീറോ ബിജുവി'ലൂടെ സാധിച്ചു.

പോലീസ് കഥകളും കേസ് ഡയറികളുമൊക്കെ ഗിമ്മിക്കുകളൊന്നുമില്ലാതെ അനുഭവ ഭേദ്യമാക്കുക എന്ന് വച്ചാൽ അത്ര എളുപ്പമല്ലായിരുന്നു. 'ആക്ഷൻ ഹീറോ ബിജു' വിന്റെ വിജയം പിന്നീട് വന്ന സിനിമകളിലെ പോലീസ് സ്റ്റേഷൻ സീനുകളെയൊക്കെ വല്ലാതെ സ്വാധീനിക്കുകയുണ്ടായിട്ടുണ്ട്. ഷാനവാസ് ബാവക്കുട്ടിയുടെ 'കിസ്മത്തി'ലാണെന്നു തോന്നുന്നു സമാനമായ ഒരു പോലീസ് സ്റ്റേഷൻ പരിസരം കണ്ടതായി ഓർക്കുന്നു.
ഇവിടെ 'ഓപ്പറേഷൻ ജാവ' പോലീസ് സ്റ്റേഷന്റെ കഥാപരിസരത്തിൽ നിന്ന് മാറി സൈബർ സെല്ലിന്റെ പശ്ചാത്തലത്തിലേക്ക് മാറുമ്പോൾ അതിനെ മുൻകാല സിനിമകളുടെയൊന്നും സ്വാധീനമില്ലാത്ത വിധം പുതുമയോടെ തന്നെ അവതരിപ്പിക്കാൻ തരുൺ മൂർത്തിക്ക് സാധിച്ചിട്ടുണ്ട്. സൈബറിടങ്ങളിലെ കൊള്ളരുതായ്മകളും കൊള്ളകളുമൊക്കെ ഏറെക്കുറെ എണ്ണം പറഞ്ഞു കൊണ്ട് തന്നെ ബോധ്യപ്പെടുത്തി തരുന്നതിലും സിനിമ വിജയിക്കുന്നുണ്ട്.
ജാവയുടെ ഓപ്പറേഷൻ വിജയകരമാക്കിയതിൽ പ്രധാനപ്പെട്ട ഒന്ന് അതിലെ കാസ്റ്റിങ് തന്നെയാണ്. ബാലു, ലുഖ്മാൻ, ഇർഷാദ്, ബിനു പപ്പു, പ്രശാന്ത് അലക്‌സാണ്ടർ, ഷൈൻ ടോം ചാക്കോ തൊട്ട് കുറഞ്ഞ സീനിൽ വന്നു പോകുന്ന വിനായകനടക്കം എല്ലാവരും പ്രകടനത്തിൽ തിളങ്ങി.
ഒരു കാലത്ത് മലയാള സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന തൊഴിൽ രഹിത കഥാപാത്രങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ട് ബാലുവിന്റെയും ലുഖ്‌മാന്റെയുമൊക്കെ കഥാപാത്രങ്ങൾ. കാലമെത്ര മാറിയാലും അത്തരം കഥാപാത്രങ്ങളുടെ മനഃസംഘർഷങ്ങൾ അറ്റമില്ലാതെ, മാറ്റമില്ലാതെ തന്നെ തുടരുന്നു.
പ്രധാന പ്രമേയത്തിനൊപ്പം തന്നെ കേരളത്തിലെ തൊഴിലില്ലായ്മയും തൊഴിൽ രഹിതരുടെ മാനസികാവസ്ഥകളുമൊക്കെ സിനിമയിലൂടെ ചർച്ച ചെയ്യിക്കാൻ സാധിച്ചത് ചെറിയ കാര്യമല്ല. ബാലുവിന്റെയും ലുഖ്മാന്റെയും കഥാപാത്ര മുഖങ്ങൾ ആ തലത്തിൽ കേരളത്തിലെ തൊഴിൽ രഹിതരെ മുഴുവൻ പ്രതിനിധാനം ചെയ്തു.
പ്രമേയപരമായി മാത്രമല്ല സാങ്കേതികപരമായും ജാവ മികച്ചു നിൽക്കുന്നുണ്ട്. സൈബർ കേസന്വേഷണങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സങ്കീർണ്ണതകളെയെല്ലാം കൃത്യമായി ബോധ്യപ്പെടുത്താനും ചടുലമായ അവതരണം കൊണ്ട് ത്രില്ലടിപ്പിക്കാനും സംവിധായകന് സാധിച്ചു. ഫൈസ് സിദ്ധീഖിന്റെ ഛായാഗ്രഹണവും ജേക്സ് ബിജോയുടെ പശ്ചാത്തല സംഗീതവുമൊക്കെ സിനിമയെ ആ ലെവലിൽ കട്ടക്ക് കട്ട പിന്തുണച്ചു കാണാം.
ആകെ മൊത്തം ടോട്ടൽ = ഒരു രണ്ടാം ഭാഗം കൂടി ഉണ്ടാവണേ എന്ന് ആഗ്രഹിപ്പിക്കുന്ന ഒരു കിടു സൈബർ ത്രില്ലർ സിനിമ.

*വിധി മാർക്ക് = 8/10
-pravin-

1 comment: