കാൻസറിനോട് പൊരുതി ജയിച്ച എഴുത്തുകാരി ചന്ദ്രമതിയുടെ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന പുസ്തകത്തിന്റെ പേര് മാത്രം കടമെടുത്തു കൊണ്ട് ഒരു സിനിമയുണ്ടാക്കുക എന്നത് ശ്രമകരമായ ദൗത്യം തന്നെയായിരിന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയപ്പെടുന്ന കേരളം എന്ന് മുതലായിരിക്കാം ഞണ്ടുകളുടെ (കാൻസറിന്റെ) നാടായി മാറാൻ തുടങ്ങിയത് എന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരമില്ല. വർദ്ധിച്ചു വരുന്ന കാൻസർ രോഗികളുടെ എണ്ണം മലയാളി സമൂഹത്തെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിലാണ് കാൻസറിനെ കറുത്ത ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് കൊണ്ട് അൽത്താഫ് സലിം തന്റെ സിനിമയിൽ അവതരിപ്പിക്കുന്നത് എന്നോർക്കണം. കറുത്ത ഹാസ്യം എന്നത് മലയാള സിനിമകളിൽ അധികം ഉപയോഗിച്ചോ പരീക്ഷിച്ചോ കണ്ട ഒന്നല്ല എന്ന കാരണം കൊണ്ട് തന്നെ ഇത്തരമൊരു സിനിമാ നിർമ്മിതിയെ പ്രേക്ഷക സമൂഹം എങ്ങിനെ സ്വീകരിക്കും എന്നത് സംവിധായകനും അതിനേക്കാളേറെ നിർമ്മാതാവിനും ഒരു വലിയ വെല്ലുവിളി തന്നെയായിരുന്നു. നിവിൻ പോളി എന്ന നടനെക്കാൾ ഈ സിനിമയിൽ നിവിൻ പോളി എന്ന നിർമ്മാതാവിന് കൈയ്യടി കൊടുക്കേണ്ടതും അവിടെ തന്നെ.
മലയാള സിനിമാ ചരിത്രത്തിൽ എല്ലാ കാലത്തും കാൻസറിനെ ഒരു ദുരന്തമായി മാത്രമേ പരിഗണിച്ചിട്ടുള്ളൂ. ട്രാജഡിക്ക് വേണ്ടി സിനിമകളിൽ ഇത്രത്തോളം ഉപയോഗിക്കപ്പെട്ട മറ്റൊരു രോഗാവസ്ഥ വേറെയുണ്ടോ എന്നത് പോലും സംശയമാണ്. 'മദനോത്സവ'വും, 'ആകാശദൂതും' 'മിന്നാര'വുമൊക്കെ കാൻസറിനെ ട്രാജഡിക്കായി ഉപയോഗിച്ചപ്പോൾ കെബി മധുവിന്റെ 'ചിത്രശലഭം' (പഴയ ഹിന്ദി സിനിമ ആനന്ദിന്റെ റീമേക്) കാൻസർ രോഗിയായ ദേവൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിനോടും മരണത്തോടുമൊക്കെയുള്ള വേറിട്ട കാഴ്ചപ്പാടുകളാണ് പങ്കു വച്ചത്. സജി സുരേന്ദ്രന്റെ 'ഫോർ ഫ്രണ്ട്സ്' കാൻസർ രോഗികളായ നാല് സുഹൃത്തുക്കളുടെ കഥയായിരുന്നു പറഞ്ഞത്. കാൻസർ കാരണം ജീവിതം അവസാനിച്ചെന്ന് കരുതി സങ്കടപ്പെടുകയല്ല വേണ്ടത് ബാക്കിയുള്ള ജീവിതമെങ്കിലും അർത്ഥപൂർണ്ണമായി ആഘോഷിക്കാൻ മനസ്സിനെ സജ്ജമാക്കുകയാണ് വേണ്ടത് എന്ന അഭിപ്രായപ്പെടൽ തന്നെയായിരുന്നു ആ സിനിമയുടേതും. ട്രാജഡിയിലൊതുങ്ങേണ്ട ഒരു വിഷയത്തെ കഥാപാത്രങ്ങളുടെ നിലപാടുകൾ കൊണ്ടും മനോഭാവം കൊണ്ടും സർവ്വോപരി അവതരണ ശൈലി കൊണ്ടും വേണമെങ്കിൽ മാറ്റിയെഴുതാൻ സാധിക്കും എന്ന് ബോധ്യപ്പെടുന്നിടത്താണ് പരീക്ഷണാടിസ്ഥാനത്തിലെങ്കിലും ഇത്തരം ചില സിനിമാ നിർമ്മിതികൾ സംഭവിക്കുന്നത്. ആ കൂട്ടത്തിലെ ഏറ്റവും അവസാനം വന്ന പരീക്ഷണ സിനിമാ നിർമ്മിതിയായി വേണം അൽത്താഫിന്റെ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' കാണാൻ.
പ്രമേയം കൊണ്ട് കരുത്തുണ്ടായിട്ടും അവതരണത്തിൽ പാളിയാൽ സകലതും പോയി എന്ന വെല്ലുവിളിയെ അൽത്താഫ് സലിം ഏറെക്കുറെ ഭംഗിയായി തരണം ചെയ്തിട്ടുണ്ട്. സന്തോഷമായി ജീവിതം മുന്നോട്ട് നയിച്ച് കൊണ്ടിരിക്കെ കുടുംബത്തിൽ ഒരാൾക്ക് കാൻസർ വന്നാൽ ആ സാഹചര്യത്തെ ആ കുടുംബം എങ്ങിനെ നേരിടും എന്ന ചിന്തയെ വൈകാരികമായി വിശദീകരിക്കാതെ രസകരമായി അവതരിപ്പിക്കാനാണ് സംവിധായകൻ ശ്രമിക്കുന്നത്. അതിനായി ആ കുടുംബത്തിലെ പ്രധാന കഥാപാത്രങ്ങളുടെ സ്വഭാവ ശൈലി ആദ്യമേ നമുക്ക് കാണിച്ചു തരുന്നുണ്ട്. ലാലിന്റെ അച്ഛൻ കഥാപാത്രം ഒന്നല്ലെങ്കിൽ ഓരോ കാരണങ്ങൾ കൊണ്ട് സദാ 'അസ്വസ്ഥത' ഉണ്ടെന്നു പറയുന്നവനാണ്. ശാന്തി കൃഷ്ണയുടെ ഷീല ചാക്കോ ബോൾഡ് ആണെങ്കിൽ മക്കൾ മൂന്നും മൂന്നു ടൈപ്പുമാണ്. ചാക്കോയുടെ വയസ്സായ അപ്പൻ പോലും സ്വഭാവ ശൈലിയിൽ വേറിട്ട് നിൽക്കുന്നു. ഇങ്ങിനെയൊരു കടുംബത്തിലേക്ക് വില്ലനായി എത്തുന്ന കാൻസറിന് ഒരു കൊമേഡിയന്റെ റോളാണ് സംവിധായകൻ കൽപ്പിക്കുന്നത്. മറ്റാരെയും പോലെ തനിക്ക് കാൻസർ ഉണ്ടെന്നു സംശയം തോന്നുന്ന മാത്ര ഷീല ചാക്കോയും ഞെട്ടുന്നുണ്ട്. പക്ഷെ അതൊരു ജീവിത തകർച്ചയായി കാണാതെ അവർ എന്നത്തേയും പോലെ ദൈനം ദിന കാര്യങ്ങളിലും സ്വന്തം ജോലിയിലും മുഴുകുകയാണ്. ഇവിടെ രോഗിയേക്കാൾ അസ്വസ്ഥതയും ആധിയുമൊക്കെ രോഗിക്ക് ചുറ്റുമുള്ളവരിലാണ് സംഭവിക്കുന്നത്. സ്വന്തം ഭാര്യക്ക് കാൻസർ ഉണ്ടെന്നു മക്കളോട് പറയാൻ വിഷമിക്കുന്ന അച്ഛനെയും അയാൾ അത് പറയാൻ വേണ്ടി തിരഞ്ഞെടുക്കുന്ന സാഹചര്യങ്ങളുമൊക്കെ ചിരിയുണർത്താൻ വേണ്ടിയാണ് അൽതാഫ് ഉപയോഗിക്കുന്നത്. എന്തിനേറെ പറയുന്നു കാൻസറിന് ചികിത്സ തേടി ചെന്നെത്തുന്ന ഡോക്ടർ പോലും ഇവിടെ സരസനാണ്. അങ്ങിനെ തുടക്കം മുതൽ ഒടുക്കം വരെയും കാൻസറിനെയും രോഗിയേയും അവരുമായി ബന്ധപ്പെട്ടവരെയുമെല്ലാം കറുത്ത ഹാസ്യത്തിന്റെ ഭാഗമാക്കുകയാണ് സംവിധായകൻ.
ഒരു യഥാർത്ഥ കാൻസർ രോഗിക്ക് ഈ സിനിമ കാണുമ്പോൾ ഒരു പക്ഷെ ചികിത്സാ കാലയളവിൽ താൻ അനുഭവിച്ചതും അനുഭവിച്ചു കൊണ്ടിരിക്കുന്നതുമായ വേദനകളെ പരാമർശിക്കാതെ പോയതിൽ സങ്കടവും അമർഷവും തോന്നിയേക്കാം. പക്ഷെ നാളെ എപ്പോഴെങ്കിലും താനൊരു കാൻസർ രോഗിയാണെന്ന് തിരിച്ചറിയേണ്ടി വരുന്നവർക്ക് ഈ സിനിമ കൊടുക്കുന്ന ഒരു മാനസിക പിന്തുണയുണ്ട്. അതിനെ കണ്ടില്ലെന്നു നടിക്കാനാകില്ല ഒരാൾക്കും. കീമോക്ക് ശേഷം കൊഴിഞ്ഞു പോകുന്ന മുടിയെ കുറിച്ച് ഷീലാ ചാക്കോ ഒരു വേള പരാതി പറയുന്നുണ്ട് സിനിമയിൽ. മുടി കൊഴിച്ചിൽ കാണുമ്പോൾ അമ്മക്കുണ്ടാകുന്ന വിഷമം ഇല്ലാതാക്കാൻ മകൾ കണ്ടെത്തുന്ന ഉപായത്തെ പോലും അവിടെ ശരി വെക്കേണ്ടി വരുന്നുണ്ട്. എന്തായാലും ഈ മുടിയെല്ലാം കൊഴിഞ്ഞു പോകും, എന്നാൽപ്പിന്നെ കൊഴിഞ്ഞു പോകുന്നതിനു മുന്നേ തന്നെ അത് ട്രിം ചെയ്തു കളയുന്നതല്ലേ നല്ലത് എന്ന് പറയുന്ന മകളെ ആ അമ്മ സ്നേഹത്തോടെയാണ് നോക്കുന്നത്. മകളുടെ പിന്തുണയോടെ മൊട്ടയടിച്ച ശേഷം കണ്ണാടിയിലെ തന്റെ പുതിയ തല നോക്കി ആ അമ്മ കൂടുതൽ ശക്തി പ്രാപിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലാണ് ഈ സിനിമയിലെ ഓരോ സീനുകളും വന്നു പോകുന്നത്. തുടക്കം മുതൽ ഒടുക്കം വരെയും കാൻസർ എന്ന വില്ലൻ ആ കടുംബത്തിൽ സാന്നിധ്യം കൊണ്ട് ഭീകരത സൃഷ്ടിക്കുമ്പോഴും ഷീലയും കുടുംബവും ആ വില്ലനെ ഭീകരനായി പരിഗണിക്കാതെ ചിരിച്ചു തള്ളുകയാണ്. രോഗം വന്നെന്നു കരുതി ആഘോഷങ്ങൾ ഒഴിവാക്കാൻ അവരാരും തയ്യാറാകുന്നില്ല എന്ന് മാത്രമല്ല രോഗത്തെ കുറിച്ചുള്ള നാട്ടുകാരുടെയും ബന്ധുക്കളുടെയും ചോദ്യ-സംശയങ്ങളെ സധൈര്യം നേരിടുന്നു.
കാൻസറിനെ ഹാസ്യവത്ക്കരിക്കുമ്പോഴും കാന്സറിനോടുള്ള കഥാപാത്രങ്ങളുടെ ഉൾഭയങ്ങളെ പങ്കു വക്കാൻ സിനിമ മറക്കുന്നില്ല. കീമോ കീമോ എന്ന് വീട്ടിൽ പാടി നടക്കുന്ന കുട്ടിയിലൂടെ കീമോ പോലും ട്രോൾ ചെയ്യപ്പെടുന്നുണ്ട് . കീമോയെ ആദ്യം പേടിച്ചിരുന്നു ഇപ്പോൾ പേടിയില്ല എന്ന് ഷീല ചാക്കോ പറയുന്നുണ്ടെങ്കിലും കീമോ ഭടന്മാരും ഞണ്ടുകളും തമ്മിലുള്ള യുദ്ധത്തെ ഡോക്ടർ നിസ്സാരമാക്കി പറയുന്നില്ല. കീമോക്ക് വിധേയരാകേണ്ടി വരുന്ന കാൻസർ രോഗികളുടെ ഉറക്കമില്ലാത്ത രാത്രികളെ രണ്ടു മൂന്നു ഷോട്ടുകളിലൂടെ സംവിധായകൻ പരാമർശിക്കുന്നുമുണ്ട്. ഇത്രയും മാറ്റി നിർത്തിയാൽ കാൻസർ എന്ന രോഗത്തിന്റെ ഭീകരതയെ ആ രോഗത്തിൽ നിന്ന് രക്ഷ തേടാൻ നടക്കുന്ന രോഗികൾക്ക് നേരിടേണ്ടി വരുന്ന മാനസിക വ്യഥകളോ ഭാരിച്ച ചികിത്സാ ചിലവുകളോ അടക്കമുള്ള പല വസ്തുതകളുടെയും സാമൂഹികമാനമൊന്നും സിനിമയിൽ നിന്ന് കണ്ടു കിട്ടില്ല. ഷീല ചാക്കോ എന്ന വ്യക്തിയിലേക്കും അവരുടെ കുടുംബത്തിനുള്ളിലേക്കും മാത്രം ഫോക്കസ് ചെയ്യുന്ന ഒരു കാൻസർ കഥ എന്ന നിലയിൽ സിനിമ ചുരുങ്ങി പോകുന്നതും അവിടെയാണ്. എന്നിരുന്നാലും നിലപാടുകൾ കൊണ്ടും മനോഭാവം കൊണ്ടും കാൻസറിനെ ചെറുത്തു നിൽക്കാൻ രോഗികളെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് വേണ്ട മാനസിക പിന്തുണ നൽകുകയും ചെയ്യുക എന്ന നിലക്കുള്ള സിനിമയുടെ ഉദ്ദേശ്യ ലക്ഷ്യത്തെ അഭിന്ദിക്കാതിരിക്കാതെ വയ്യ.
ഷീല ചാക്കോയും അവരുടെ രോഗവുമൊക്കെ കറുത്ത ഹാസ്യത്തിന്റെ അവതരണത്തിനുള്ള ഉപകാരണങ്ങളാക്കി മാറ്റുമ്പോഴും ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിൽ കഥാപാത്രങ്ങൾ അനുഭവിക്കുന്ന സംഘർഷവും വിഷമവുമൊക്കെ പല സീനുകളിലും മിന്നായം പോലെ പറഞ്ഞറിയിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. സന്തോഷ് വർമ്മയുടെ വരികളിൽ ജസ്റ്റിൻ ജോസഫ് ഈണം പകർന്ന " നനവേറെ തന്നിട്ടും.. മുറ്റത്തെ പൂ മൊട്ടിൽ..പുഞ്ചിരി വിരിയാഞ്ഞതെന്തേ .." എന്ന ഗാനവും ഗാന രംഗങ്ങളും സിനിമയുടെ ഈ പറഞ്ഞ ഇമോഷനുമായി വല്ലാതെ ചേർന്ന് നിൽക്കുന്ന ഒന്നാണ്. അവർ പോലുമറിയാതെ അവർക്കിടയിൽ നടക്കുന്ന മാറ്റങ്ങളും പെരുമാറ്റങ്ങളും വളരെ വ്യക്തമായി ചൂണ്ടി കാണിക്കപ്പെടുന്നുണ്ട് പല സീനുകളിലും. അമ്മക്ക് എങ്ങിനെ ഇത്ര ധൈര്യത്തോടെ പെരുമാറാൻ സാധിക്കുന്നു അതോ ഇതെല്ലാം അമ്മയുടെ അഭിനയമാണോ എന്ന് ചോദിക്കുന്ന സഹോദരിയോട് കുവൈത്തിൽ താമസിച്ചിരുന്ന കാലത്തെ സംഭവ ബഹുലമായ ഒരു ഓർമ്മ പങ്കിട്ടു കൊണ്ട് കുര്യൻ പറഞ്ഞു കൊടുക്കുന്നുണ്ട് അമ്മ അഭിനയിക്കുന്നതല്ല അമ്മ എന്നും അങ്ങിനെ ബോൾഡായിരുന്നുവെന്ന്. എത്ര ഗംഭീരമായാണ് ആ അമ്മ കഥാപാത്രത്തെ സിനിമയിൽ പ്രതിഷ്‌ഠിക്കുന്നതു എന്ന് നോക്കൂ. ഇത്രയും പ്രശ്നങ്ങൾക്കിടയിലും നിങ്ങൾക്കെങ്ങനെ ചിരിക്കാൻ സാധിക്കുന്നു എന്ന റേച്ചലിന്റെ ചോദ്യത്തിനുള്ള ശരിയായ ഉത്തരം കുര്യന് പറയാൻ സാധിക്കുന്നത് പോലും ആ അമ്മയുടെ മകനായി പിറന്നത് കൊണ്ട് മാത്രമാണ്.
ആകെ മൊത്തം ടോട്ടൽ = കുര്യൻ എന്ന കഥാപാത്രം നിവിൻ പോളിയെ സംബന്ധിച്ച് ഒരുപാട് അഭിനയിച്ചു പരിചയിച്ച ഒരു കഥാപാത്രമായിരുന്നു എന്ന് വേണേൽ പറയാം. കാര്യ പ്രാപ്തി ഇല്ലാതെ കോമാളി കളിച്ചു നടക്കുന്ന ഒരു അലസന്റെ ശരീര ശൈലിയിലേക്കും മാനറിസത്തിലേക്കും നിവിൻ പോളിക്ക് വളരെ പെട്ടെന്ന് താദാത്മ്യം പ്രാപിക്കാൻ സാധിക്കാറുണ്ട് എന്നത് കൊണ്ട് തന്നെ ഈ സിനിമയിൽ നിവിൻ പോളി എന്ന നടന്റെ സാന്നിധ്യത്തിന് പ്രത്യകിച്ച് പ്രസക്തിയോ പുതുമയോ ഉണ്ടെന്നു പറയാനില്ല. നിവിൻ പോളി എന്ന നിർമ്മാതാവിനെ ഈ സിനിമ കൊണ്ട് വേണമെങ്കിൽ അടയാളപ്പെടുത്താം. ശാന്തി കൃഷ്ണ തന്നെയാണ് ഈ സിനിമയിലെ താരം. ഷീല ചാക്കോയെ പൂർണ്ണതയോടെ അവതരിപ്പിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. ലാലും, അഹാനയും, ശ്രിന്ദയും, സിജു വിത്സണും , സൈജു കുറുപ്പും, ഷറഫുദ്ധീനും, കെ എൽ ആന്റണിയും, ദിലീഷ് പോത്തനും അടക്കമുള്ളവരുടെ കാസ്റ്റിങ്ങ് നന്നായിരുന്നു. ഇടവേളക്ക് ശേഷമുള്ള ഭാഗങ്ങളിൽ കേന്ദ്ര പ്രമേയത്തെ മറി കടക്കും വിധം നിവിൻ പോളി- ഐശ്വര്യ ടീമിന്റെ കണ്ടു മുട്ടലുകളും പരിചയം പുതുക്കലും പ്രണയ ചിന്തകളുമൊക്കെ അവതരിപ്പിച്ചത് ലാഗുണ്ടാക്കി എന്നതൊഴിച്ചാൽ കണ്ടിരിക്കാവുന്ന ഒരു സിനിമ തന്നെയാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. ഒരു പുതുമുഖ സംവിധായകൻറെ ആദ്യ സിനിമാ സംരഭം എന്ന നിലക്കും ഗൗരവസ്വഭാവമുള്ള ഒരു വിഷയത്തിന്റെ വേറിട്ട അവതരണ ശ്രമം എന്ന നിലക്കും പ്രോത്സാഹിപ്പിക്കപ്പെടേണ്ട സിനിമ.
*വിധി മാർക്ക് = 6.5/10
-pravin-
തിരക്കുകൾ കാരണം ഈ സിമ കാണുവാൻ പറ്റിയില്ല
ReplyDeleteഎന്തായാലും ഇപ്പോൾ കണ്ട മാതിരിയായി ,ഇനി T v യിൽ കാണാം
thank you muraliyettaa..
Delete