Friday, July 13, 2018

കുട്ടൻപിള്ളയുടെ ശിവരാത്രി ഓർമ്മപ്പെടുത്തലുകളുടെതാകുമ്പോൾ ..

മലയാള സിനിമ ഏറ്റവുമധികം ഉപയോഗിച്ച് മടുത്ത ഒരു കഥാപാത്രമാണ് കോൺസ്റ്റബിൾ കുട്ടൻപിള്ള. ശരിക്കും ആരാണ്  കുട്ടൻ പിള്ള എന്ന് ചോദിച്ചാൽ മലയാള സിനിമയിൽ ഒരുപാട് കേട്ടിട്ടും കണ്ടിട്ടും ഉള്ള ഒരു പോലീസ് കോൺസ്റ്റബിൾ കഥാപാത്രം എന്നതിനപ്പുറം വ്യാഖ്യാനിക്കാൻ ഒന്നുമില്ല. എന്നാൽ അതേ കുട്ടൻപിള്ളക്ക് പറയാൻ ഒരു കഥയും മേൽവിലാസവും ഉണ്ടാക്കി കൊടുക്കുകയാണ് ജോണിന്റെ 'കുട്ടൻ പിള്ളയുടെ ശിവരാത്രി'. പ്ലാച്ചോട്ടിൽ കുട്ടൻ പിള്ളക്ക് പ്ലാവിനോടും ചക്കയോടും മറ്റാരേക്കാളും കൂടുതൽ പ്രിയം വന്നത് യാദൃച്ഛികമാകാമെങ്കിലും ആ പ്രിയം എത്രത്തോളം ഗാഢമാണ് എന്ന് വ്യക്തമാക്കി തരുന്നുണ്ട് സിനിമയുടെ ക്ലൈമാക്സ്.  കോമഡി വേഷങ്ങളിൽ നിന്ന് സീരിയസ് വേഷങ്ങളിലേക്ക് കൂടുമാറുമ്പോൾ സുരാജ് എന്ന നടനിൽ പ്രകടമാകുന്ന പ്രതിഭാത്വം പല കുറി കണ്ടതെങ്കിലും കുട്ടൻപിള്ള എന്ന കഥാപാത്രം സുരാജിന്റെ കരിയറിലെ  വ്യത്യസ്തമായ ഒരു കഥാപാത്രമായി അടയാളപ്പെടുക  പ്രകടനത്തിലെ കയറ്റ ഇറക്കങ്ങളെ വളരെ അനായാസമായും ഭംഗിയായും തീവ്രമായുമൊക്കെ അതാത് സീനുകളിൽ  കൈകാര്യം ചെയ്തു എന്നതിലാണ്. 

കുട്ടൻ പിള്ളയുടെ ചക്ക പ്രിയം കാണുമ്പോൾ ഓർമ്മ വരുന്നത് സൂരജ് ടോമിന്റെ  പാ.വ സിനിമയിലെ വർക്കിയെയാണ്. കുട്ടൻ പിള്ളയോട് വർക്കി സമാനത പുലർത്തുന്നത് ചക്ക പ്രിയം കൊണ്ട് മാത്രമല്ല മരണം കൊണ്ടും കൂടിയാണ്. ചക്കയും ചക്ക വിഭവങ്ങളും  ഏറെ ഇഷ്ടപ്പെടുന്ന കുട്ടൻ പിള്ളയേയും വർക്കിയേയും മരണം കവരുന്നത് ഒരു പ്ലാവിന്റെ ചുവട്ടിൽ നിൽക്കുമ്പോഴാണ്. മരണം രംഗബോധമില്ലാത്ത കോമാളിയാണ് എന്ന് വ്യക്തമാക്കി കൊണ്ട് തലയിൽ ചക്ക വീണു മരിക്കേണ്ടി വരുന്ന രണ്ടു കഥാപാത്രങ്ങൾ എന്നതോടെ കഴിയുന്നുണ്ട് കുട്ടൻ പിള്ളയും വർക്കിയും തമ്മിലുള്ള സമാനതകൾ.  അതിനപ്പുറം കഥാപാത്രപരമായും കഥാപരമായും ഈ പറഞ്ഞ രണ്ടു സിനിമകളും രണ്ടായി തന്നെ വേറിട്ട് നിൽക്കുന്നു. ശിവരാത്രി ആഘോഷത്തെ കുറിച്ചുള്ള  അജ്ഞതകൾ ആണോ അതോ മന:പൂർവ്വം  അങ്ങിനെ ചെയ്‌താൽ മതി എന്ന് തീരുമാനിച്ചതാണോ എന്താണെന്ന് അറിയില്ല വെടിക്കെട്ടും ശിങ്കാരി മേളവും കാളവേലയുമൊക്കെ സിനിമയിലെ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ടു കാണിക്കുന്നുണ്ട്. കേരളത്തിലെ ശിവരാത്രി ദിനങ്ങളിൽ  പൊതുവേ  കണ്ടു പരിചയമില്ലാത്ത ആചാരങ്ങളും ആഘോഷ രീതികളുമൊക്കെ സിനിമക്ക് വേണ്ടി തുന്നിച്ചേർത്തതാണ് എന്ന് തന്നെ നിരീക്ഷിക്കേണ്ടി വരുന്നു.  

കേന്ദ്ര കഥാപാത്രമായ കുട്ടൻ പിള്ളയെയും കുട്ടൻ പിള്ളയുടെ കുടുംബത്തെയും ഫോക്കസ് ചെയ്തു കൊണ്ട് മുന്നേറുന്ന സിനിമ  ഒരേ  സമയം അപരിചിതരായ ഒരു കൂട്ടം ആളുകളുടെ കഥയിലേക്കും നമ്മളെ കൊണ്ട് പോകുന്നുണ്ട്.  ഒരു KSRTC  ബസിലെ അപരിചിതരായ  യാത്രക്കാർ എന്ന മട്ടിൽ പരിചയപ്പെടുത്തുന്ന ഓരോ കഥാപാത്രങ്ങളും പറഞ്ഞു മുഴുമിക്കാത്ത കഥകളെ പോലെയാണ്. മറ്റൊരു തരത്തിൽ നോക്കിയാൽ  ആ ബസ് നിറയെ പ്രണയം കൊണ്ട് നടക്കുന്ന കുറെ യാത്രക്കാരാണ് എന്ന് പറയേണ്ടി വരും.  പങ്കു വക്കാതെ പോകുന്ന പള്ളീലച്ചന്റെയും വേശ്യയുടേയും പ്രണയം, ഭാഷയും ദേശവും മറന്നുള്ള  അറബ് നാട്ടുകാരിയുടെയും  മലയാളിയുടെയും പ്രണയം, ഫോട്ടോഗ്രഫിയോടും  നൃത്തത്തോടുമുള്ള പ്രണയം മനസ്സിലേറ്റി  യാത്ര ചെയ്യുന്ന മറ്റു രണ്ട്  കൂട്ടർ. അങ്ങിനെ പേരറിയാത്ത ഒരു കൂട്ടം പ്രണയങ്ങളുടെ ബസ് യാത്ര. ഒരുപാട് ആഗ്രഹങ്ങളും  നിരാശകളും പ്രതീക്ഷകളും കൊണ്ട് ജീവിതത്തിന്റെ ഏതോ കോണിലേക്ക്  ബസ് കേറിയ  യാത്രക്കാർ എന്നതിൽ നിന്നും ഒരേ വിധി പങ്കിടാൻ എത്തിയ ആത്മാക്കൾ എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയില്ലായിരുന്നെങ്കിൽ അവരുടെ  കഥകളും സിനിമയുടെ ഭാഗമാകുമായിരുന്നില്ലേ എന്ന് ചിന്തിച്ചു പോകുന്നുണ്ട് ഒരു ഘട്ടത്തിൽ.   

പ്ലാവ് മുറിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടൻ പിള്ളയുടെ വീട്ടിൽ  നടക്കുന്ന തർക്കങ്ങളും അനുബന്ധ ചർച്ചകളുമൊക്കെ ഒരു പരിധിക്കപ്പുറം ചെറിയ ലാഗ് ആയി മാറുന്നുണ്ടെങ്കിലും ഒരു കൂട്ടം പുതുമുഖങ്ങളുടെ റിയലിസ്റ്റിക് ഹാസ്യ പ്രകടനം കൊണ്ട് ശ്രദ്ധേയമായി മാറുന്നുണ്ട് പല സീനുകളും. എടുത്തു പറയാവുന്നത് ബിജു സോപാനത്തിന്റെ സുനീഷ് എന്ന കഥാപാത്രവും സുശീലനായി എത്തുന്ന കുമാറിന്റെയുമൊക്കെ പ്രകടനങ്ങൾ തന്നെ. ഊൺ മേശയിലെ സംഭാഷണങ്ങളും തർക്കങ്ങളുമൊക്കെ കഥാപാത്രങ്ങളുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ഗൗരവത്തോടെയായെങ്കിലും കാണുന്ന പ്രേക്ഷകന് കോമഡിയായി അനുഭവപ്പെടുത്തുന്ന വിധമാണ് ചിത്രീകരിച്ചിരിക്കുന്നത്. സമാനമായി തന്നെ സെന്റിമെൻസ് വിട്ട് കോമഡിയിലൂടെയാണ്  മരണ വീടിനെ കാണിച്ചു തരുന്നത്. ഒരു മരണ വീട്ടിലെ സ്ഥിരം കാഴ്ചകളിൽ നിന്നും മാറി വേറിട്ട അവതരണം കൊണ്ട് രസകരമാക്കുന്നുണ്ട് അത്തരം പല സീനുകളും. 

ഏതെങ്കിലും ഒരു പ്രത്യേക ജെനറിൽ ഉൾപ്പെടുത്താവുന്ന  സിനിമയല്ല കുട്ടൻപിള്ളയുടെ ശിവരാത്രി. ഹൊററും കോമഡിയും ഫിക്ഷനുമൊക്കെ കൂടി കുഴഞ്ഞു കൊണ്ടാണ് ജോണും  ജോസ്‌ലെറ്റും സിനിമയുടെ തിരക്കഥ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കുട്ടൻപിള്ള എന്ന കഥാപാത്രത്തിന്റെ മാനറിസം തന്നെ ഒരുപാട് പ്രത്യേകത കൽപ്പിക്കാവുന്നതാണ്. സിനിമയിൽ ഒരിടത്തും ഒട്ടും ചിരിക്കാതെ ഗൗരവ മുഖഭാവവുമായാണ് സുരാജിന്റെ കുട്ടൻ പിള്ളയെ കാണാൻ സാധിക്കുന്നതെങ്കിലും  അയാളുടെ സംസാരങ്ങൾ പലപ്പോഴും കാണികളെ ചിരിപ്പിക്കുന്നു. തുടക്കം മുതൽ ചിരിക്കാത്ത മുഖവുമായി നടക്കുന്ന അതേ കുട്ടൻ പിള്ള ഒടുക്കം ചിരിക്കുമ്പോഴാകട്ടെ കാണികളുടെ കണ്ണ് നനയിക്കുകയുമാണ് ചെയ്യുന്നത്. കുട്ടൻ പിള്ള എന്തായിരുന്നു എന്ന്   അത്രത്തോളം തീവ്രമായി അടയാളപ്പെടുത്തുന്നുണ്ട്  ക്ലൈമാക്സിലെ ആ കണ്ണീർ നനവുള്ള ചിരി. 

വീട്ടു മുറ്റത്തേയും പറമ്പിലേയും മരങ്ങളെ കുടുംബത്തിലെ ഒരു അംഗം എന്ന കണക്കെ സ്‌നേഹിച്ചിരുന്ന പഴയ കാല തലമുറയെ അറിയാനും പഠിക്കാനും കുട്ടൻപിള്ള പറയാതെ ആവശ്യപ്പെടുന്ന ചില  സീനുകളുണ്ട് സിനിമയിൽ. കുട്ടൻപിള്ളയെ പോലെ തന്നെ മറക്കാനാകാത്ത ഒരു കഥാപാത്രമായി പ്ലാവ് സിനിമയിൽ തുടക്കം മുതൽ ഒടുക്കം വരെ  നിറഞ്ഞു നിന്നു എന്ന് പറയാം. കുട്ടൻ പിള്ളയുടെ കുടുംബ വിശേഷങ്ങൾക്ക്   വേണ്ടി തിരക്കഥയിലെ  അധിക സമയം ചിലവാക്കി എന്നത് കൊണ്ടാകാം  പറയാൻ ഉദ്ദേശിച്ച പ്രധാന വിഷയത്തിലേക്ക് എത്തിപ്പെടാൻ സിനിമ സമയമെടുക്കുന്നുണ്ട്. ഉപകഥകളിലേക്ക് പൂർണ്ണമായും കടന്നു ചെല്ലാനും സിനിമക്ക് സാധിച്ചില്ല. സമീപ കാലത്ത് കേരളത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ ഓർമ്മകളിലേക്ക് പ്രേക്ഷകനെ  കൊണ്ട് പോകുന്നിടത്താണ് കുട്ടൻ പിള്ള അത് വരെ കണ്ട കുട്ടൻ പിള്ളയല്ലാതാകുകയും  ഒരു  ഓർമ്മപ്പെടുത്തലായി മാറുന്നതും

ആകെ മൊത്തം ടോട്ടൽ = സുരാജിന്റെ മികച്ച പ്രകടനവും അവതരണത്തിലെ ഗ്രാമീണത കൊണ്ടുമൊക്കെയാണ്  കുട്ടൻ പിള്ളയുടെ ശിവരാത്രി  ശ്രദ്ധേയമാകുന്നത്. സയനോരയുടെ സംഗീതം സിനിമയുടെ കഥ പറച്ചിലിനോട് ചേർന്നു നിൽക്കും വിധമായിരുന്നു. അവസാന രംഗങ്ങളിലെ visual effects മലയാള സിനിമയെ സംബന്ധിച്ച് കുറ്റം പറയാനില്ലാത്ത വിധം ചിത്രീകരിച്ചു കാണാം. visual effect നൊപ്പം തന്നെ  മികച്ചു നിന്ന sound effect ആണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. കാഴ്ചക്കും അപ്പുറം ഒരു വെടിക്കെട്ടിനെ ശബ്ദ വിസ്മയം കൊണ്ട് മനോഹരമാക്കാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. മുൻനിര താരങ്ങൾ അല്ല ഒരു സിനിമയെ ആസ്വദനീയമാക്കുന്നത് എന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. അമിത പ്രതീക്ഷകൾ ഇല്ലാതെ  കണ്ടാൽ നിരാശപ്പെടുത്തില്ല ഈ കൊച്ചു സിനിമ. 

*വിധി മാർക്ക് = 5.5/10 

-pravin-

3 comments:

  1. നല്ല വിലയിരുത്തൽ പവി

    ReplyDelete
  2. നാട്ടിൻപുറത്തിന്റെ കഥ
    നമ്മുടെ ജോസ്ലെറ്റിൻറെ കഥ
    നല്ല വിലയിരുത്തൽ കേട്ടോ ഭായ്

    ReplyDelete