Wednesday, May 30, 2018

ചരിത്രത്തിൽ നുഴഞ്ഞു കയറുന്ന കമ്മാരന്മാർ


അതാത് കാലങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളാണ് പിൽക്കാലത്ത് ചരിത്രമായിട്ടുള്ളത് എന്നാണ്‌ പൊതു ധാരണയെങ്കിലും പലപ്പോഴും ചരിത്രം അപ്രകാരം ഉണ്ടാകുന്നതല്ല ചിലരൊക്കെ ചേർന്ന്  ഉണ്ടാക്കുന്നതാണ്  എന്ന് പറയാനാണ് കമ്മാര സംഭവം ശ്രമിക്കുന്നത്. ചരിത്ര പുസ്തകങ്ങളിൽ നിന്നും ചരിത്രകാരന്മാരിൽ നിന്നും നമ്മൾ അറിഞ്ഞിട്ടുള്ള എല്ലാ ചരിത്രവും സത്യം തന്നെയോ അതോ കെട്ടിച്ചമച്ച കഥകൾ മാത്രമോ എന്ന് സംശയിപ്പിക്കുന്ന വിധമാണ് കമ്മാര സംഭവം  വിവരിക്കപ്പെടുന്നത്. ഈ സിനിമക്ക് ചരിത്രപരമായ റഫറൻസുകൾ ഉണ്ടെങ്കിലും അതിന്റെ അവതരണത്തിൽ  ഒരു  തരത്തിലും  ആധികാരികതയോ സത്യസന്ധതയോ ഇല്ല. പറയാൻ ഉദ്ദേശിക്കുന്ന ആശയത്തെ പറഞ്ഞു ബോധ്യമാക്കാൻ വേണ്ടിയുള്ള  കഥാപാത്രപരമായ  ഉപകരണങ്ങൾ എന്ന കണക്കെയാണ് ഗാന്ധിജിയും നെഹ്രുവും സുഭാഷ് ചന്ദ്രബോസും ഹിറ്റ്ലറും അടക്കമുള്ള ചരിത്രത്തിലെ നേതാക്കളെ സിനിമയിൽ ഉപയോഗിച്ച് കാണുക. കമ്മാരന്റെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്തോ അതിനു നേരെ വിപരീതമാണ് ചരിത്രമെന്നു പിന്നീട് വിശേഷിപ്പിക്കപ്പെടുന്നത്. ചുരുക്കി പറഞ്ഞാൽ ചരിത്രത്തിൽ ഇപ്രകാരം നുഴഞ്ഞ് കയറി പ്രശസ്തരായ കള്ള നാണയങ്ങളുടെ ജീവിത കഥയാണ് കമ്മാര സംഭവത്തിലൂടെ  അനാവരണം ചെയ്യുന്നത്. 

രാഷ്ട്രീയക്കാരെ അടപടലം ആക്ഷേപിക്കുന്ന ശൈലിയിലാണ് സിനിമ എന്നത് കൊണ്ട് തന്നെ രാഷ്ട്രീയ പാർട്ടി അനുകൂലികൾക്ക് വളരെ നിരാശ സമ്മാനിക്കുന്ന ഒരുപാട് ഘടകങ്ങൾ സിനിമയിലുണ്ട്. കമ്മാരനും കേളുവും ഒതേനനും ഭാനുമതിയും തിലകനും അടക്കമുള്ള പ്രധാന കഥാപാത്രങ്ങളുടെ യഥാർത്ഥ കഥ പറയുന്ന ആദ്യ പകുതി അവതരണം കൊണ്ടും കഥാപാത്ര പ്രകടനങ്ങൾ കൊണ്ടും മികച്ചു നിന്നപ്പോൾ രണ്ടാം പകുതി ആവർത്തന വിരസമായി. ആദ്യം പറഞ്ഞ അതേ കഥയുടെ വിപരീത അവതരണവും വളച്ചൊടിക്കപ്പെട്ട ചരിത്രവും  അവതരണത്തിലെ പാളിച്ചകളും ദൈർഘ്യ കൂടുതലും എല്ലാം കൂടെ രണ്ടാം പകുതി വീർപ്പ് മുട്ടിക്കലായി മാറുന്നുണ്ട്. പ്രമേയം കൊണ്ട് വളരെ പ്രസക്തമെന്നു തോന്നിച്ച സിനിമ നശിച്ചു പോകുന്നത് രണ്ടാം പകുതിയിലെ കഥയെ സ്പൂഫ് ആക്കാൻ ശ്രമിക്കുന്നിടത്താണ് എന്ന് പറയാം. ILP എന്ന രാഷ്ട്രീയ സംഘടനക്ക് വേണ്ടി കമ്മാരനെ മുൻനിർത്തി അയാളുടെ  ഇല്ലാത്ത ചരിത്രം സിനിമ എന്ന ജനകീയ മാധ്യമത്തെ ഉപയോഗിച്ച്  പറയുകയും ജനങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ച്  കമ്മാരനെ അധികാരത്തിന്റെ  ശ്രേഷ്ഠ പദവിയിലെത്തിക്കുകയും ചെയ്യുമ്പോൾ മലയാളികളുടെ സൊ കാൾഡ്  രാഷ്ട്രീയ പ്രബുദ്ധതയെ കണക്കറ്റ് പരിഹസിക്കുകയാണ്  തിരക്കഥാകൃത്ത്. അപ്രകാരം സിനിമയിൽ കാണിക്കുന്നതൊക്കെയാണ് ചരിത്രം എന്ന് വിശ്വസിച്ചു പോകുന്നവരാണോ കേരളത്തിലെ വോട്ടർമാർ എന്ന് ചിന്തിച്ചു പോകും. ആ അർത്ഥത്തിൽ മലയാളികൾ ഒന്നടങ്കം വിഡ്ഢികളെന്നു സമർത്ഥിക്കുന്നു പോലുമുണ്ട് സിനിമ.  വന്ന വഴി മറക്കുക എന്നതാണ് രാഷ്ട്രീയ അധികാര കസേരയിൽ ഏറുന്നവരെല്ലാം ആദ്യം നടപ്പാക്കുന്ന കാര്യം എന്ന പൊതുവത്ക്കരണവും പ്രബുദ്ധ കേരളത്തിലെ രാഷ്ട്രീയ പ്രേക്ഷകർക്ക് സ്വീകരിക്കാൻ പാടാണ്. ഇങ്ങിനെ പറഞ്ഞു പോകുമ്പോൾ രാഷ്ട്രീയപരമായി വിയോജിക്കാൻ ഒരുപാട് കാര്യകാരണങ്ങൾ ഉള്ള സംഗതികളാണ് രണ്ടാം പകുതിയിൽ ചേർക്കപ്പെട്ടിരിക്കുന്നത് എന്ന് പറയാം. 

ഗാന്ധിജിയേയും  നെഹ്രുവിനെയും നേതാജിയേയുമൊക്കെ കൂടുതലും പരാമർശിക്കുന്നത് രണ്ടാം പകുതിയിലെ സ്പൂഫ് കഥയിലാണ് എന്നത് കൊണ്ട് പലർക്കും ചരിത്രമെന്ത് സ്പൂഫ് എന്ത് എന്നറിയാതെ അന്തം വിട്ടിരിക്കേണ്ടി വരും. ചരിത്രത്തെ ദുർവ്യാഖ്യാനം ചെയ്തു അല്ലെങ്കിൽ വികലമായി അവതരിപ്പിക്കാൻ ശ്രമിച്ചു എന്ന ആരോപണങ്ങൾക്ക് ഒരു പരിധി വരെയേ പ്രസക്തിയുള്ളൂ. കാരണം ഈ സിനിമ തന്നെ അത്തരത്തിൽ ചരിത്രം വികലമാക്കാൻ ഉദ്ദേശിക്കുന്നവരെ കുറിച്ചാണ്.  ചരിത്രപരമായ ആശയക്കുഴപ്പങ്ങൾ  ഉണ്ടാക്കുക എന്നതിലുപരി ആദ്യം സംഭവിച്ച യഥാർത്ഥ കമ്മാര കഥയെ നേരെ തിരിച്ചു മറിച്ചിട്ട് സിനിമക്കുള്ളിലെ സിനിമയായി മാറ്റുമ്പോഴുള്ള  അവതരണപ്പിഴവുകളും  വ്യാഖ്യാന വൈകല്യങ്ങളുമാണ് കമ്മാര സംഭവത്തെ വിരസമാക്കുന്നത്. അത് കൊണ്ട് തന്നെ സിനിമയുടെ പ്രധാന ആശയത്തെയും  ആദ്യ പകുതിയെയും  ഇഷ്ടപ്പെടുമ്പോഴും  രണ്ടാം പകുതിയിലെ പുറം തിരിച്ചിട്ട കഥയുടെ അവതരണത്തിൽ നിരാശപ്പെടേണ്ടി വരുകയാണ്. ഗാന്ധിജിയെ ശത്രുവായി കാണുന്നതും കൊല്ലാൻ തീരുമാനിക്കുന്നതുമൊക്കെ ജന്മികളാണെന്നും അവരുടെ  വധ ശ്രമത്തിൽ നിന്നും കമ്മാരൻ  ഗാന്ധിജിയെ രക്ഷപ്പെടുത്തുകയുമാണ് ചെയ്യുന്നത് എന്നൊക്കെയുള്ള ഇല്ലാക്കഥകളുടെ ചരിത്രവത്ക്കരണം  സിനിമയിൽ  കമ്മാരന് നായക പരിവേഷം സമ്മാനിക്കുമ്പോഴും ഗോഡ്സേ ഭക്തർക്ക് നെറ്റി ചുളിക്കേണ്ടി വരുന്ന ഒരു ചെറിയ പരാമർശം പോലും സിനിമക്കിടയിൽ കടന്നു വരേണ്ടതില്ല എന്ന് തിരക്കഥാകൃത്തിനു നിർബന്ധം ഉണ്ടായിരുന്നതായി തോന്നിപ്പോകുന്നത് യാദൃശ്ചികമായിരിക്കാം. 

ആകെ മൊത്തം ടോട്ടൽ = ദിലീപിന്റെ കരിയറിലെ ഒരു വ്യത്യസ്ത വേഷം തന്നെയായിരുന്നു കമ്മാരൻ നമ്പ്യാർ. ആദ്യ പകുതിയിലെ നെഗറ്റിവ് പരിവേഷമുള്ള കഥാപാത്രത്തെ നന്നായി തന്നെ അവതരിപ്പിക്കാൻ ദിലീപിന് സാധിച്ചു. സിദ്ധാർഥ് അത് പോലെ തന്നെ മികച്ച പ്രകടനമായിരുന്നു. ഒതേനന്റെ രണ്ടു വക ഭേദങ്ങളും അനായാസമായി അവതരിപ്പിക്കാൻ സിദ്ധാർഥിനും സാധിച്ചു കാണാം. പക്ഷെ മേൽപ്പറഞ്ഞ കഥാപാത്ര  പ്രകടനങ്ങൾക്കും കഥക്കുമൊക്കെ  ബാധ്യതയായി മാറുന്ന രണ്ടാം പകുതിയാണ് സിനിമയെ ചതിച്ചത്. History is a set of lies agreed upon എന്ന നെപ്പോളിയൻ വാചകത്തിന്റെ ദൃശ്യാവിഷ്‌കാരം എന്ന നിലക്ക് കമ്മാര സംഭവം ശ്രദ്ധേയമാണെങ്കിലും പറയാൻ ഉദ്ദേശിച്ച വിഷയം വേണ്ട പോലെ ഗംഭീരമാക്കാൻ സിനിമക്ക് സാധിക്കാതെ പോയി. സുനിലിന്റെ ക്യാമറയും ഗോപീ സുന്ദറിന്റെ പശ്ചാത്തല സംഗീതവും  സിനിമക്ക് നൽകിയ പിന്തുണ ചെറുതല്ല.  പുതുമുഖ സംവിധായകനെന്ന നിലയിൽ രതീഷ് അമ്പാട്ട് അഭിനന്ദനമർഹിക്കുന്നു. 

*വിധി മാർക്ക് = 6/10 

-pravin-

2 comments:

  1. അപ്പോള്‍ ഒന്ന്‍ കാണാം എന്ന്...................

    ReplyDelete
  2. അതെ കമ്മാരന്മാർ എന്നും ചരിതം
    ചമക്കും എന്നതിന്റെ പതിപ്പാണ് ഈ സിനിമ ..!

    ReplyDelete