Thursday, February 14, 2019

ഹൃദയത്തിൽ തറക്കുന്ന 'പേരൻപ്'

'കട്രത് തമിഴ്' തൊട്ട് 'തങ്കമീൻകളും' 'താരാ മാണി'യും സമ്മാനിച്ച റാമിന്റെ തൊട്ടടുത്ത സിനിമ എന്ന നിലക്കാണ് 'പേരൻപ്' ആദ്യം മനസ്സിൽ കേറിയതെങ്കിലും, റാം എന്ന പ്രതിഭാധനനയാ സംവിധായകനൊപ്പം മമ്മുട്ടിയെന്ന നടന വിസ്മയം കൂടി ഒത്തു ചേരുന്നു എന്നറിഞ്ഞപ്പോഴാണ് അത് ഇത്രത്തോളം പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കേണ്ട ഒരു സിനിമയായി മാറിയത്. ചലച്ചിത്ര മേളകളിലെല്ലാം നിരൂപക പ്രശംസ ഏറ്റു വാങ്ങിയ 'പേരൻപ്'നു വേണ്ടി ഒരു വർഷത്തോളം കാത്തിരിക്കേണ്ടി വന്നു പ്രേക്ഷകർക്ക്. ആ കാത്തിരിപ്പ് വെറുതെയായില്ല. 2015 ൽ റിലീസായ പത്തേമാരിക്ക് ശേഷം മമ്മുട്ടി എന്ന നടനെ ഉപയോഗപ്പെടുത്താൻ മലയാളത്തിനു കഴിഞ്ഞില്ലെങ്കിലും തമിഴിന് സാധിച്ചിരിക്കുന്നു. 

വാക്കുകൾ കൊണ്ട് നിർവചിക്കാൻ പറ്റാത്ത സ്നേഹാനുഭൂതികളെയും വേദനകളെയുമൊക്കെ ദൃശ്യങ്ങൾ കൊണ്ട് അനുഭവപ്പെടുത്തുകയാണ് റാം. അതിനായി അമുദവന്റെയും സ്പാസ്റ്റിക്ക് പാരലൈസിസ് ബാധിച്ച അയാളുടെ മകളുടെയും ഇടയിലേക്ക് പ്രേക്ഷകനെ ആദ്യമേ വിളിച്ചു കൊണ്ടിരുത്തുന്നുണ്ട് സംവിധായകൻ. അമുദവന്റെയും പാപ്പയുടെയും കഥ പറയുന്ന വെറും സിനിമയായി മാറ്റാതെ പ്രകൃതിയുമായി കോർത്തിണക്കി കൊണ്ട് പത്തു പന്ത്രണ്ട് അധ്യായങ്ങളെന്ന പോലെ നമുക്കിടയിലെ പല ജീവിതങ്ങളേയും സസൂക്ഷ്മമായി അടയാളപ്പെടുത്തുകയും നമ്മെ അനുഭവപ്പെടുത്തുകയും ചെയ്യുന്ന ആഖ്യാന രീതിയാണ് 'പേരൻപി'നെ ശ്രദ്ധേയമാക്കുന്നത്. ഒരു സിനിമക്കപ്പുറം പ്രേക്ഷകന്റെ ഉള്ളു തൊടുന്ന നോവും സ്നേഹവും സഹാനുഭൂതിയുമൊക്കെ ഭംഗിയായി അടക്കം ചെയ്തിട്ടുള്ള തിരക്കഥയിൽ കെട്ടു കാഴ്ചകളില്ല പകരം മാനുഷികമായ കാഴ്ചപ്പാടുകൾ മാത്രം. എല്ലാവരെയും വ്യത്യസ്തമായി സൃഷ്ടിക്കുകയും ഒരു പോലെ പരിപാലിക്കുകയും ചെയ്യുന്ന പ്രകൃതിയുടെ വൈരുദ്ധ്യങ്ങളെ അമുദവന്റെയും പാപ്പയുടെയും ജീവിതത്തെ മുൻനിർത്തി കൊണ്ട് ഗംഭീരമായി തന്നെ അവതരിപ്പിച്ചു പ്രതിഫലിപ്പിക്കുന്നതിലുണ്ട് റാമിന്റെ സംവിധായക മികവ്. 

കണ്ടു മറന്ന സിനിമകളിൽ നിന്നും വ്യത്യസ്തമായി നിലപാടുകൾ കൊണ്ട് ഒരുപാട് പൊളിച്ചെഴുത്തുകൾ സംഭവിച്ചിട്ടുണ്ട് പേരൻപിൽ. ഭർത്താവിനെയും അസുഖം ബാധിച്ച മകളെയും ഉപേക്ഷിച്ച് ഒരു സുപ്രഭാതത്തിൽ മറ്റൊരുവന് കൂടെ പോയ അമ്മ കഥാപാത്രത്തെ ശാപ വാക്കുകൾ കൊണ്ട് മുറിപ്പെടുത്താൻ ആഗ്രഹിക്കാത്ത അമുദവൻ എന്ന ഭർത്താവ് ഒരു അത്ഭുതപ്പെടുത്തലാണ്. ഒരു വലിയ കാലയളവ് വരെ അമ്മയെ ആശ്രയിച്ചു മാത്രം ജീവിച്ച പാപ്പക്ക് അമ്മയുടെ ഒളിച്ചോട്ടം നൽകിയ ആഘാതത്തെക്കാൾ വലുതായിരുന്നു ആ കുറവ് നികത്താൻ പുതുതായി നിയോഗിക്കപ്പെടുന്ന അച്ഛനോടുള്ള അപരിചിതത്വം. സ്വന്തം മകൾക്ക് മുന്നിലും അവളുടെ മനസ്സിലും ഒരു അച്ഛന്റെ സ്ഥാനം കിട്ടാനായി അമുദവൻ ചിലവിടുന്ന സമയങ്ങളും നടത്തുന്ന ശ്രമങ്ങളും കാണുമ്പോൾ പ്രേക്ഷകന് അച്ഛനോട് സഹതാപവും അമ്മയോട് ദ്വേഷ്യവും തോന്നിപ്പോകും. എന്നാൽ സുഖമില്ലാത്ത പാപ്പയെ നോക്കാൻ അവൾ അക്കാലയളവിൽ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകും താനാണ് വെറും ഭർത്താവായി പോയതെന്ന അമുദവന്റെ പരിതാപമാണ് പിന്നീട് നമ്മളെ മാറ്റി ചിന്തിപ്പിക്കുന്നത് . 

പ്രമേയം കൊണ്ടും അവതരണം കൊണ്ടും മമ്മുക്കയുടെയും സാധനയുടേയുമൊക്കെ ഗംഭീര പ്രകടനം കൊണ്ടും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് പേരൻപ്. കണ്ടിരിക്കുക എന്നത് ഈ സിനിമയുടെ കാര്യത്തിൽ മറ്റൊരു തലത്തിൽ നോക്കിയാൽ മാനസികമായ ഒരു ബുദ്ധിമുട്ടു കൂടിയാണ്. അത്ര മാത്രം മനസ്സിനെ അസ്വസ്ഥമാക്കി കൊണ്ട് കടന്നു പോകുന്നുണ്ട് പല സീനുകളും. നമ്മളൊക്കെ എത്ര ഭാഗ്യ ജന്മങ്ങളാണ് എന്ന് ചിന്തിച്ചു പോകുന്ന നിമിഷങ്ങൾ. ഭിന്ന ശേഷിക്കാരെയും ട്രാൻസ്ജെൻഡേഴ്സിനെയും ഇത്രത്തോളം വേദനയോടെയും ആദരവോടെയും സ്നേഹത്തോടെയും അവതരിപ്പിച്ച മറ്റൊരു ഇന്ത്യൻ സിനിമ വേറെയുണ്ടാകില്ല. അഞ്ജലി അമീറിന്റെ മീര എന്ന ട്രാൻസ്‌ജെൻഡർ കഥാപാത്രമൊക്കെ അവ്വിധം സിനിമയുടെ ആത്മാവിൽ അലിഞ്ഞു കിടക്കുന്നുണ്ട്. അത് കൊണ്ട് തന്നെ അമുദവന്റെ മാത്രമല്ല മീരയുടെ കൂടിയാണ് 'പേരന്പ്'. ഒരു അച്ഛന്റെയും മകളുടെയും കഥ എന്ന് ഒറ്റ വാക്കിൽ പറയാവുന്ന ഒരു സിനിമയെ അപ്രകാരം  വേറിട്ട കഥാപാത്ര സൃഷ്ടികൾ കൊണ്ടും സംഭാഷണങ്ങൾ കൊണ്ടും കൃതിമത്വം കലരാത്ത അവതരണം കൊണ്ടുമൊക്കെയാണ് സംവിധായകൻ മികവുറ്റതാക്കുന്നത്. 

'ഒരു വടക്കൻ വീരഗാഥ' യിൽ ചന്തു ചതിയനല്ല എന്ന് പറഞ്ഞു വക്കുന്നതിനൊപ്പം ചന്തുവിനെ ആശിപ്പിക്കുകയും ചതിക്കുകയും ചെയ്ത സ്ത്രീകളെ ചൂണ്ടി ആ വർഗ്ഗത്തെ മൊത്തത്തിൽ അടിച്ചധിക്ഷേപിക്കാൻ ന്യായം കണ്ടെത്തിയ എം ടി യെ പോലുള്ള പ്രഗത്ഭരായ എഴുത്തുകാരെ പോലും തല കുനിപ്പിക്കുന്ന വിധമുള്ള സ്ത്രീപക്ഷ സംഭാഷണങ്ങളാണ് അമുദവനു വേണ്ടി റാം എഴുതി ചേർത്തിരിക്കുന്നത്. അന്ന് എം.ടിയുടെ ചന്തുവായും ഇന്ന് റാമിന്റെ അമുദവാനായും അഭ്രപാളിയിൽ നിറഞ്ഞാടാൻ മമ്മുക്ക തന്നെ നിയോഗിക്കപ്പെട്ടു എന്നത് കാലത്തിന്റെ മറ്റൊരു തമാശ. കസബയിലെ സ്ത്രീവിരുദ്ധനായ രാജൻ സക്കറിയയെ ചൂണ്ടി മമ്മുക്കയെന്ന മഹാനടനെ വിമർശിക്കാൻ ഉത്സാഹിച്ചവർ പേരൻപിലെ അമുദവനെ കുറിച്ച് കൂടി രണ്ടു വാക്ക് പറയേണ്ടിയിരിക്കുന്നു. 

ആകെ മൊത്തം ടോട്ടൽ = ഹൃദയം കൊണ്ട് കാണേണ്ട സിനിമ. പത്തേമാരിക്ക് ശേഷം കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ മമ്മുക്കയുടേതായി കണ്ട മികച്ച കഥാപാത്രവും പ്രകടനവും. ഒരു ക്ലാസ് പടമെന്നു തന്നെ വിശേഷിപ്പിക്കാം. ഓരോ അധ്യായങ്ങൾ കണക്കെ പ്രകൃതിയെ ചേർത്ത് പിടിച്ചു കൊണ്ടുള്ള ഈ സിനിമയുടെ അവതരണത്തിലാണ് റാം എന്ന സംവിധായകന്റെ കൈയ്യൊപ്പ്. തേനി ഈശ്വറിന്റെ ഛായാഗ്രഹണവും യുവൻ ശങ്കർ രാജയുടെ സംഗീതവും സിനിമക്ക് നൽകുന്ന പിന്തുണയും എടുത്തു പറയേണ്ടതാണ്. 

*വിധി മാർക്ക് = 9/10 
-pravin-

3 comments: