Saturday, April 8, 2023

ഒരു മലയാളം ഇറോട്ടിക് ത്രില്ലർ !!


ഒരു ഇക്കിളി സിനിമയുടെ കഥാ ചുറ്റുവട്ടം ഉണ്ടെന്ന് കരുതി ആ നിലക്ക് മാത്രം നോക്കി കാണേണ്ട സിനിമയല്ല 'ചതുരം' .കഥാപാത്ര നിർമ്മിതിയിലെ കൃത്യതയും, കഥാപാത്രങ്ങൾ അകപ്പെട്ടു പോകുന്ന സാഹചര്യങ്ങളും, അവരുടെ തന്ത്രങ്ങളും, മാനസിക വ്യാപാരങ്ങളുമൊക്കെ കാണുന്നവനെ വ്യക്തമായി ബോധ്യപ്പെടുത്തുന്ന മേക്കിങ്‌ .

ഒരു പുരുഷാധിപത്യ വ്യവസ്ഥിതിയിൽ പണവും അധികാരവും കാമവുമൊക്കെ എങ്ങിനെയൊക്കെ ആഘോഷിക്കപ്പെടാം എന്നതിന്റെ ഭീകര ഉദാഹരണമായി കാണാം എൽദോസ് അച്ചായനെ .

'അപ്പനി'ലെ ഇട്ടിച്ചന് ശേഷം കണ്ട അലൻസിയറിന്റെ മറ്റൊരു മികച്ച കഥാപാത്ര പ്രകടനം. ഇട്ടിച്ചന്റെയും എൽദോസ് അച്ചായന്റെയും കിടപ്പ് അഭിനയത്തിൽ സാമ്യതകൾ ഉണ്ടെങ്കിലും രണ്ടും രണ്ടായി തന്നെ ആസ്വദിക്കാൻ പറ്റുന്നുണ്ട് .

'അപ്പനി'ലെ ഇട്ടിച്ചൻ മരണത്തെ പേടിക്കുന്നുണ്ടെങ്കിലും അയാൾ തന്റെ അവസാനം വരെയും വെറുപ്പും ക്രോധവും കാമവുമൊക്കെ കൊണ്ട് നടക്കുന്നത് കാണാം. എന്നാൽ 'ചതുര'ത്തിലേക്ക് വരുമ്പോൾ ക്രൂരനായിരുന്ന എൽദോസ് അച്ചായൻ ഒരു ഘട്ടത്തിൽ സഹതാപം പിടിച്ചു പറ്റുന്നുണ്ട് . അയാളിലെ ക്രൂരതയും ദയനീയതയുമൊക്കെ രണ്ടായി തന്നെ കാണിച്ചു തരുന്ന പ്രകടനമായിരുന്നു അലൻസിയറിന്റെ.


ജാഫർ ഇടുക്കി ചുരുളിയുടെ സെറ്റിൽ നിന്ന് നേരെ വന്ന് ചെയ്ത പടമാണോ ഇതെന്ന് തോന്നിപ്പോയി. അമ്മാതിരി ഒരു റോൾ ! കോടതിക്കുള്ളിൽ തോറ്റു പോകുന്ന വക്കീലെങ്കിലും കോടതിക്ക് പുറത്ത് തന്ത്രങ്ങൾ കൊണ്ട് പലതും നേടിയെടുക്കാൻ സാധിക്കുന്ന നിഷാന്ത് സാഗറിന്റെ വക്കീൽ വേഷവും കൊള്ളാം .

സ്വാസിക തന്നെയാണ് 'ചതുര'ത്തിലെ ഹൈലൈറ്റ്. എൽദോസ് അച്ചായന്റെ പിടിയിൽ അകപ്പെട്ട ഒരു ഇരയായി വന്ന് ഓരോ സീൻ കഴിഞ്ഞു മുന്നോട്ട് പോകും തോറും സലീനയിൽ പല വിധ രൂപ ഭാവ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടേയിരിക്കുന്നു.സലീനയിലെ നിസ്സഹായതയും നിഗൂഢതയും പകയും കുതന്ത്രങ്ങളുമൊക്കെ സ്വാസിക ഗംഭീരമായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്.

എൽദോസ് അച്ചായൻ - സലീന - ബെൽ - ജിജി മോൾ എന്നീ നാല് കഥാപാത്രങ്ങൾ ആണ് 'ചതുര'ത്തിന്റെ നാല് വശങ്ങൾ. എൽദോസ് അച്ചായൻ വരച്ചു തുടങ്ങുന്ന ചതുരക്കെണിയിൽ സലീനയും ബെല്ലിന്റെ ചതുരത്തിൽ ജിജിമോളുമായിരുന്നു കുടുങ്ങേണ്ടിയിരുന്നതെങ്കിൽ പടം അവസാനിക്കുമ്പോൾ എൽദോസ് അച്ചായനും ജിജിമോളുമൊക്കെ ചതുരത്തിന് പുറത്തായി. ബെല്ലിന്റെതടക്കം എല്ലാ വശങ്ങളുടെയും നിയന്ത്രണം സലീനക്ക് ലഭിക്കുമ്പോൾ സലീന സ്വന്തമായി മറ്റൊരു ചതുരം വരച്ചു തുടങ്ങുന്നു. ആ ചതുരക്കെണിയിൽ നിന്ന് ഒരിക്കലും പുറത്തു കടക്കാനാകാത്ത വിധം കുടുങ്ങി പോകുന്നത് ബെല്ലാണ്. അങ്ങിനെ ഒരു കാഴ്ചയും കൂടി തരുന്നു സിദ്ധാർഥ് ഭരതന്റെ 'ചതുരം'.

ആകെ മൊത്തം ടോട്ടൽ = മലയാളത്തിൽ അധികം കാണാൻ സാധിച്ചിട്ടില്ലാത്ത ഒരു ഇറോട്ടിക് ത്രില്ലർ എന്ന നിലക്ക് വിലയിരുത്തപ്പെടേണ്ട പടം.

*വിധി മാർക്ക് = 6.5/10
-pravin-

No comments:

Post a Comment