Monday, August 26, 2019

നിഷ്ക്കളങ്ക സ്നേഹത്തിന്റെ പൊന്നമ്പിളി !

മനസ്സിൽ സ്നേഹം പേറി നടക്കുന്നവരെല്ലാം ഈ ലോകത്തിലെ ഭ്രാന്തന്മാരാണ്. സ്നേഹം നഷ്ടപ്പെട്ടവനും അത് തേടി അലഞ്ഞവനും മാത്രമേ ആ ഭ്രാന്ത് മനസ്സിലാകൂ എന്ന് മാത്രം. അമ്പിളി ആ തലത്തിൽ ഒരു വലിയ ഭ്രാന്തനാണ്. എത്ര നിഷ്ക്കളങ്കമായും നിസ്വാർത്ഥമായുമാണ് അയാൾ തന്റെ സ്നേഹം ഒരു നാടിനും നാട്ടുകാർക്കും കാമുകിക്കുമൊക്കെ പകുത്തു കൊടുക്കുന്നത്. 

എല്ലാവരേയും  സ്നേഹിക്കുക എന്നത് ഒരാളുടെ നന്മയാണ് എങ്കിൽ അത് പോലുള്ള സ്നേഹങ്ങളും കരുതലുകളും അനുഭവിക്കുക എന്നത് ഒരാൾക്ക് കിട്ടുന്ന ഭാഗ്യവും യോഗവുമൊക്കെയാണ്. ടീന ആ കൂട്ടത്തിലെ ഏറ്റവും വലിയ ഭാഗ്യവതിയാണ്. ഒരു പക്ഷേ  അമ്പിളിയെ ആരെക്കാളും നന്നായി മനസ്സിലാക്കിയത് കൊണ്ട് താനേ വന്നു ചേർന്ന സൗഭാഗ്യം. 

അമ്പിളിയെ നിരന്തരം പറ്റിക്കുന്നവർ കരുതുന്നത് അവർ അവനെ പറ്റിച്ചു എന്നാണ്. എന്നാൽ  അവർക്ക് വേണ്ടി പറ്റിക്കപ്പെടാൻ സ്വയം നിന്ന് കൊടുക്കുന്ന അമ്പിളിയെ ആരും അറിയുന്നില്ല. രാവിലെ എഴുന്നേറ്റ ഉടനെ അമ്പിളി സംസാരിക്കുന്ന മിട്ടു എന്ന ബൊമ്മക്കരടി പോലും അവന്റെ സ്നേഹം അനുഭവിക്കുന്നുണ്ട്. അവന്റെ അഭാവം ജീവനില്ലാത്ത ആ ബൊമ്മയിൽ പോലും നിരാശ പടർത്തുന്നത് കാണാൻ പറ്റും. ഒരാളുടെ അഭാവം കൊണ്ട് മാത്രം നമ്മൾ അനുഭവിച്ചറിയുന്ന ചിലതുണ്ട് ഈ ഭൂമിയിൽ എന്ന് ബോധ്യപ്പെടുത്തുന്ന സീനുകൾ. 

പൊളിച്ചെഴുത്താണ് ഈ സിനിമയിലെ അമ്പിളി-ടീന പ്രണയം. അമ്പിളിയുടെ കുറവുകൾ അറിഞ്ഞു സഹതാപം കൊണ്ടുണ്ടായതല്ല ടീനയുടെ പ്രണയം. ആർക്കുമില്ലാത്ത അവന്റെ മാത്രമായ വ്യക്തിത്വത്തെയും സ്നേഹത്തെ തന്നെയുമാണ് അവൾ പ്രണയിച്ചത്. അത് കൊണ്ട് തന്നെ ആ പ്രണയം വീട്ടുകാർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിൽ പോലും അവൾ സ്ഥിരം കാമുകിമാരിൽ നിന്ന് വേറിട്ട് നിന്നു. 

സൗബിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളി ഉയർത്തിയ കഥാപാത്രം തന്നെയാണ് അമ്പിളി. അമ്പിളിക്ക് പൂർണ്ണത നൽകാൻ സൗബിന് ഒരുപാട് പരിമിതികൾ ഉള്ളതായി അനുഭവപ്പെടുമ്പോഴും ആ കഥാപാത്രത്തിന്റെ സവിശേഷതകൾ കൊണ്ട്  അമ്പിളി മനസ്സ് തൊടുന്നു. 

ബുദ്ധി സ്ഥിരതയില്ലാത്ത ഒരാളാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന കഥാപാത്രമാണ് അമ്പിളിയുടേത്. അയാളുടെ സംസാര ശൈലിയും നടത്തവുമൊക്കെ അത് ശരി വക്കുന്നുണ്ടെങ്കിലും സിനിമ കണ്ടവസാനിക്കുമ്പോൾ നമ്മുടെ ധാരണകൾ തന്നെ മാറിപ്പോകും. അച്ഛനും അമ്മയും പൊടുന്നനെ ഇല്ലാതായ ഒരുവന്റെ കുട്ടിക്കാലം എത്ര ഭീകരമായ ഒറ്റപ്പെടലായിരിക്കാം അവനു നൽകിയിട്ടുണ്ടാകുക. ആ ഒറ്റപ്പെടലിൽ അമ്പിളിയുടെ മാനസിക വളർച്ച ഒരു കുട്ടിയുടെ നിഷ്ക്കളങ്കതയോടെ നിന്ന് പോയതെങ്കിലോ എന്നൊക്കെ ആലോചിച്ചു പോകുന്നു. 

ലോകത്തിലെ ഏറ്റവും വലിയ ക്രൂരത എന്താണെന്ന് അറിയാമോ. അത് ഒരാളെ കൊന്നു കളയലൊന്നുമല്ല. ഒരു കാര്യവുമില്ലാതെ ഒന്നും പ്രതീക്ഷിക്കാതെ നമ്മളെ  സ്നേഹിക്കുന്ന നമ്മുടെ  ചുറ്റിലുമുള്ളവരെ അവർ പോലുമറിയാതെ നമ്മളിൽ നിന്ന് അകറ്റി നിർത്തുന്നതാണ്. ബോബിക്കുട്ടൻ അമ്പിളിയോട് ചെയ്യുന്ന ക്രൂരതയും അതാണ്. 

ഒരു വേറിട്ട റൊമാന്റിക് സിനിമ എന്ന നിലക്ക് പകുതി വരെ പറഞ്ഞെത്തിയ സിനിമ പിന്നീട് ഒരു റോഡ് മൂവി ഗണത്തിലേക്ക് വഴി മാറുന്നു. 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' യിലെ കാസിയുടെയും സുനിയുടെയും ബൈക്ക് യാത്രയെയും വഴിക്കാഴ്ചകാളെയുമൊക്കെ അനുസ്മരിപ്പിക്കുന്നു അമ്പിളിയുടെയും ബോബിക്കുട്ടന്റെയും സൈക്കിൾ യാത്ര. 

പശ്ചാത്തല സംഗീതത്തിന്റെ പിന്തുണ സിനിമക്ക് വേണ്ടുവോളം കിട്ടി എന്ന് പറയാം. വിനായകിന്റെ വരികളും  വിഷ്ണു വിജയുടെ സംഗീതവും കൂടി 'ആരാധികേ..' എന്ന പാട്ടിന് നൽകിയ ഫീൽ അമ്പിളിയുടെ ആത്മാവ് തൊട്ടറിയിക്കുന്നു. 

തനിക്ക് ചുറ്റിലുമുള്ള എല്ലാവരെയും മതിമറന്നു സ്നേഹിക്കുന്നതിനിടയിൽ തനിക്ക് നഷ്ടപ്പെട്ടു പോയ സ്നേഹത്തെ കുറിച്ചുള്ള ഓർമ്മകൾ അമ്പിളിക്ക് നൽകുന്ന വിങ്ങലുകൾ പരിമിതികൾക്കിടയിലും സൗബിൻ ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് അവസാന സീനുകളിൽ. 

ആകെ മൊത്തം ടോട്ടൽ =ഗപ്പിയോളം തൃപ്തി തന്നില്ലെങ്കിലും ജോൺപോൾ ജോർജ്ജെന്ന സംവിധയകനിൽ ഇനിയും ഉയരത്തിലുണ്ട് പ്രതീക്ഷകൾ. നന്ദി, നന്മ നിറഞ്ഞ ഈ പൊന്നമ്പിളി കാഴ്ചകൾക്ക്. 

*വിധി മാർക്ക് = 7/10

-pravin- 

1 comment: