Monday, June 8, 2020

രുചി വികാര വിചാരങ്ങളുടെ 'ആമിസ് '

ഭക്ഷണം പങ്കു വച്ച് കഴിക്കുന്ന മനുഷ്യർക്കിടയിൽ സ്നേഹത്തിന്റെ ഒരു രസക്കൂട്ട് രൂപപ്പെടാറുണ്ട്. പങ്കു വക്കുന്ന ആളിനേക്കാൾ പങ്കു വക്കപ്പെടുന്ന ഭക്ഷണമായിരിക്കാം അവർക്കിടയിൽ ആ രസതന്ത്രം നടപ്പാക്കുന്നത്. ഇതേ കാര്യം വന്യമായി കൈകാര്യം ചെയ്യുന്ന സിനിമയാണ് ആമിസ്.

(ആസാമീസ് ഭാഷയിൽ ആമിസ് എന്ന് പറഞ്ഞാൽ മാംസം എന്നാണ് അർത്ഥം.)

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് നമ്മുടെ ചിന്തകളിലും സ്വഭാവത്തിലുമൊക്കെ മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. 'ആമിസ്' കാണുമ്പോൾ ആദ്യം ഓർത്തു പോയത് അതാണ്.

സുമോനും നിർമ്മാലിയും തമ്മിലുള്ള ബന്ധം തുടങ്ങുന്നതും ശക്തമാകുന്നതും വൈവിധ്യപൂർണ്ണമായ മാംസാഹാരങ്ങൾ പങ്കു വച്ച് കഴിക്കുമ്പോഴാണ്. മാംസാഹാരത്തിന്റെ രുചി വൈവിധ്യങ്ങൾ അവരുടെ മനസ്സിൽ പ്രണയത്തിന്റെയും കാമത്തിന്റെയുമൊക്കെ തിരയിളക്കം തീർക്കുന്നു.

വയറിന്റെ വിശപ്പിനേക്കാൾ മനസ്സിന്റെ കൊതി കൊണ്ട് കഴിക്കേണ്ടി വരുന്ന ഭക്ഷണങ്ങൾ മനുഷ്യനെ സംതൃപ്തനാക്കുകയല്ല മറിച്ച് പരവശനാക്കുകയാണ് ചെയ്യുന്നത് എന്ന് ബോധ്യപ്പെടുത്തുന്നുണ്ട് പല സീനുകളും.

ഭക്ഷണം - മനുഷ്യ ശരീരവും, വിശപ്പ് -ലൈംഗികതയുമായി അവതരിപ്പിച്ചു ഫലിപ്പിക്കുന്ന സീനുകളിൽ കുടുംബവും സമൂഹവും സദാചാര ബോധവുമൊക്കെ പ്രതിക്കൂട്ടിലാണ്.

നിർമ്മാലി-സുമോൻ ബന്ധത്തെ കലർപ്പില്ലാതെ അവതരിപ്പിക്കുന്നതോടൊപ്പം വിലക്കപ്പെട്ടിരിക്കുന്ന മനുഷ്യ മാംസത്തിന്റെ രുചി മനുഷ്യൻ അറിഞ്ഞാലുണ്ടാകുന്ന ഭീകരതയും സിനിമയുടെ കാഴ്ചയായി മാറുന്നു.

ആകെ മൊത്തം ടോട്ടൽ = നരഭോജനം അല്ല സിനിമയുടെ യഥാർത്ഥ കാഴ്ച എന്ന് മനസ്സിലാക്കി കാണാൻ സാധിക്കുന്നിടത്താണ് 'ആമിസ്' രുചികരമായ സിനിമയായി മാറുന്നത്. 

*വിധി മാർക്ക് = 8.5/10 

-pravin-

1 comment:

  1. ഭക്ഷണം പങ്കു വച്ച് കഴിക്കുന്ന മനുഷ്യർക്കിടയിൽ സ്നേഹത്തിന്റെ ഒരു രസക്കൂട്ട് രൂപപ്പെടാറുണ്ട്. പങ്കു വക്കുന്ന ആളിനേക്കാൾ പങ്കു വക്കപ്പെടുന്ന ഭക്ഷണമായിരിക്കാം അവർക്കിടയിൽ ആ രസതന്ത്രം നടപ്പാക്കുന്നത്. ഇതേ കാര്യം വന്യമായി കൈകാര്യം ചെയ്യുന്ന സിനിമയാണ് ആമിസ്...

    ഈ സിനിമ ഏത് സൈറ്റിൽ പോയാൽ കാണാൻ പറ്റും ..?

    ReplyDelete