Trapped / Slasher / Survival സിനിമകൾക്ക് ഇന്ത്യൻ പ്രേക്ഷകർ ധാരാളമുണ്ടെങ്കിലും അത്തരം സിനിമകൾ വേണ്ട മികവോടെ ഇന്ത്യയിൽ അധികം നിർമ്മിക്കപ്പെട്ടിട്ടില്ല എന്ന് പറയേണ്ടി വരും. താരനിരകളൊന്നുമില്ലാതെ ലോ ബജറ്റിൽ വന്ന 'Welcome Home' അതിനൊരു അപവാദമാണ്.
പരിമിതപ്പെടുത്തിയ ഒരു കഥാപശ്ചാത്തലത്തിൽ വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങളെ ഉപയോഗിച്ച് പ്രേക്ഷകരെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് കൊണ്ട് പോകുന്ന ഒരു സിനിമ എന്ന് പറയാം 'Welcome Home'നെ.
വിദേശ ഭാഷാ സിനിമകളിലൂടെ മാത്രം കണ്ടനുഭവിച്ചിട്ടുള്ള ചില ഭീകര സാഹചര്യങ്ങളെ സെൻസർ ബോർഡിന്റെ കതിക്രക്ക് വിട്ടു കൊടുക്കാതെ പച്ചക്ക് തന്നെ ചിത്രീകരിച്ചിട്ടുണ്ട് സിനിമയിൽ.
താരനിരകളൊന്നുമില്ലാത്ത ഈ സിനിമയിൽ പ്രകടനങ്ങൾ കൊണ്ട് താരങ്ങളായി മാറുന്നു കശ്മീര ഇറാനിയും സ്വർദയും. ഭോലാ എന്ന വേലക്കാരൻ സൈക്കോ കഥാപാത്രത്തെ ലുക്ക് കൊണ്ടും പ്രകടനം കൊണ്ടും കാണുന്നവനെ ഓരോ സീനിലും അലോരസപ്പെടുത്തിയ ബോലോറാം ദാസിനോട് സിനിമക്ക് ശേഷവും വെറുപ്പ് തോന്നുന്നു.
ഈ സിനിമയുടെ ഭീകരതയെ മൂന്ന് ലെവലിൽ വായിച്ചെടുക്കാൻ സാധിക്കും. ഒന്ന് - സിനിമ പറയുന്ന പ്രമേയത്തിന്റെ. രണ്ട്- ഇതിലെ നെഗറ്റിവ് കഥാപാത്രങ്ങളുടെ ലുക്കും പ്രകടനവും. മൂന്ന് - സ്ത്രീ കഥാപാത്രങ്ങൾക്ക് നേരിടേണ്ടി വരുന്ന ക്രൂരവും ഭീകരവുമായ കാര്യങ്ങൾ. ഇതിനെല്ലാം പുറമെയാണ് ആ വീടും പരിസരവും സിനിമക്കുണ്ടാക്കി കൊടുക്കുന്ന ഭീകരത.
സിനിമയിലൂടെ കണ്ടറിയുന്ന ഭീകരത യഥാർത്ഥത്തിൽ എവിടെയോ സംഭവിച്ചതും ഇപ്പോഴും എവിടെയൊക്കെയോ സംഭവിച്ചു കൊണ്ടിരിക്കുന്നതും ഇനിയും എവിടെയൊക്കെയോ സംഭവിക്കാനുള്ളതുമാണ് എന്ന യാഥാർഥ്യം ഏറെ പ്രയാസത്തോടെ തന്നെ ഉൾക്കൊള്ളേണ്ടി വരുന്നു.
സിനിമ അവസാനിക്കുന്നയിടത്ത് എഴുതി കാണിക്കുന്ന ചില കാര്യങ്ങളുണ്ട്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കേസുകളിൽ 60 ശതമാനവും സംഭവിക്കുന്നത് കുട്ടികൾക്ക് അറിയുന്ന/ കുട്ടികളെ അറിയുന്ന വ്യക്തികളിൽ നിന്നാണ്. 90 ശതമാനം കേസുകൾ റിപ്പോർട്ട് പോലും ചെയ്യപ്പെടുന്നില്ല. എന്നിട്ടും 2018 ലെ കണക്ക് പ്രകാരം 39000 കേസുകൾ ആ വർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എത്ര ഭീകരമാണ് നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ എന്നോർമ്മപ്പെടുത്തി കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.
ആകെ മൊത്തം ടോട്ടൽ = ഒരു മികച്ച ഭീകര സിനിമ. വയലൻസും റേപ്പുമൊക്കെ പതിവിൽ കവിഞ്ഞ ഭീകരതയോടെ ചിത്രീകരിച്ചിട്ടുണ്ട് എന്നിരിക്കെ കുട്ടികളും സ്ത്രീകളും ദുർബ്ബല ഹൃദയരും പരമാവധി ഈ സിനിമ കാണാതിരിക്കുക.
*വിധി മാർക്ക് = 8/10
-pravin-
ഒരു മികച്ച ഭീകര സിനിമ ... അല്ലേ
ReplyDelete