ഇരുണ്ട ഹാസ്യത്തിലൂടെ ജീവിതത്തെ രസകരമായി വിവരിച്ചു തരുന്ന ഒരു സിനിമ എന്ന് വിശേഷിപ്പിക്കാം അനുരാഗ് ബസുവിന്റെ 'ലുഡോ'യെ.
ഫിക്ഷന്റെ സ്വാധീനമുള്ള ഒരു കഥയെ ഫിക്ഷൻ സിനിമയാക്കി മാറ്റാതെ ഒരു ലുഡോ ഗെയിം കളിക്കുന്ന ലാഘവത്തിൽ പല കഥകളെയും കഥാപാത്രങ്ങളെയും കൂട്ടിയിണക്കി കൊണ്ട് പറഞ്ഞവതരിപ്പിക്കുന്ന സംവിധാന ശൈലി എടുത്തു പറയേണ്ടതാണ്.
നമ്മുടെ ജീവിതം നമ്മൾ പോലും അറിയാതെ എത്ര പേരോട് ബന്ധപ്പെട്ടു കിടക്കുന്നുണ്ടാകാം എന്ന് ചിന്തിച്ചു പോകുന്ന സീനുകൾ. ഒരു ഘട്ടത്തിൽ സിനിമയിലെ ചില കഥാപാത്രങ്ങളുടെ അവസ്ഥയിൽ ചിരിക്കണോ കരയണോ എന്നറിയാതെ നിന്ന് പോകും.
ഭർത്താവിനെ ചതിക്കുന്ന ഭാര്യ, ഭാര്യയെ ചതിക്കുന്ന ഭർത്താവ്, കല്യാണം കഴിഞ്ഞു പോയ മുൻ കാമുകിയെ ഇപ്പോഴും നെഞ്ചിലേറ്റി നടക്കുന്ന- അവൾക്ക് വേണ്ടി എപ്പോഴും എന്തും ചെയ്യാൻ തയ്യാറുള്ള കാമുകൻ, വിവാഹേതര ബന്ധം ആഘോഷിക്കുന്ന ആൺ പെൺ സുഹൃത്തുക്കൾ, സ്വന്തം മകൾക്ക് മുന്നിൽ തിരിച്ചറിയപ്പെടാതെ പോകുന്ന അച്ഛൻ, ആരുമില്ലാതെ ഒറ്റപ്പെട്ടു പോയവർ, എല്ലാവരുമുണ്ടായിട്ടും ആരുമില്ലാതെ ഒറ്റപ്പെട്ടു പോയവർ അങ്ങിനെ പല പല കഥാപാത്രങ്ങൾ പല പല സാഹചര്യങ്ങളിലൂടെ പല പല മനസികാവസ്ഥകളിലൂടെ യാത്ര ചെയ്യുന്നുണ്ട് ലുഡോയിൽ.
ലോജിക്കെല്ലാം മറന്ന് അവർക്കൊപ്പം ഒരു ഫൺ റൈഡിനാണ് സംവിധായകൻ പ്രേക്ഷകരെ ക്ഷണിക്കുന്നത്.
ജീവിതത്തെ ലുഡോയുമായി ബന്ധപ്പെടുത്തി കൊണ്ട് തുടങ്ങി പാപവും പുണ്യവും ശരിയും തെറ്റും നരകവും സ്വർഗ്ഗവുമടക്കം പലതും ചർച്ച ചെയ്തു കൊണ്ട് മരണമാണ് സത്യമെന്ന് പറഞ്ഞവസാനിപ്പിക്കുന്ന സിനിമയിൽ പക്ഷേ യുക്തിക്ക് സ്ഥാനമില്ല. ഒരർത്ഥത്തിൽ ആ യുക്തിയില്ലായ്മയിലൂടെ മാത്രമേ ജീവിതത്തെയും മരണത്തെയുമൊക്കെ മനോഹരമായി വ്യാഖ്യാനിച്ചെടുക്കാനും സാധിക്കുകയുള്ളൂ എന്ന് തോന്നുന്നു.
യുക്തിയുടെ പിൻബലമില്ലാത്ത സീനുകളിലൂടെ പോലും തന്റെ സിനിമയിലെ കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കി മാറ്റാൻ അനുരാഗ് ബസുവിന് സാധിച്ചു.
രാജ് കുമാർ റാവുവിന്റെ ആലു പറയുന്ന പോലെ ചില ബന്ധങ്ങളിൽ ലോജിക്കില്ല മാജിക്ക് മാത്രമാണുള്ളത്. ആ ഒരു ഡയലോഗ് സിനിമയിലെ ഒട്ടു മിക്ക കഥാപാത്ര ബന്ധങ്ങളുമായി വേണ്ടുവോളം ചേർന്ന് നിക്കുന്നുമുണ്ട്.
ഓ ബേട്ടാജി ..അരെ ഓ ബാബൂജി ..എന്ന പാട്ടും പാടി വണ്ടിയിൽ പോകുന്ന പങ്കജ് ത്രിപാഠിയുടെ സട്ടു ഭയ്യയെ എത്ര തവണ റിപ്പീറ്റടിച്ചു കണ്ടാലും മതിയാകില്ല. സട്ടു ഭയ്യ തന്നെയാണ് ലുഡോയിലെ താരം.
രാജ്‌കുമാർ റാവുവിന്റെ ആലുവും, ഫാത്തിമ സനയുടെ പിങ്കിയും, അഭിഷേകിൻറെ ബിട്ടുവുമൊക്കെ മനസ്സിൽ കയറിക്കൂടി. പേളി മാണിയുടെ മലയാളി കഥാപാത്രം ഷീജയൊക്കെ പൊളിച്ചടുക്കിയിട്ടുണ്ട്.
ആകെ മൊത്തം ടോട്ടൽ = എല്ലാവർക്കും ഇഷ്ടപ്പെട്ടു കൊള്ളണമെന്നില്ലാത്ത എന്നാൽ പ്രമേയം ഉൾക്കൊണ്ടു കാണുന്നവർക്കെല്ലാം ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു രസികൻ സിനിമ തന്നെയാണ് ലുഡോ.
*വിധി മാർക്ക് = 7.5/10
-pravin-
ReplyDeleteഫിക്ഷന്റെ സ്വാധീനമുള്ള ഒരു കഥയെ ഫിക്ഷൻ സിനിമയാക്കി മാറ്റാതെ ഒരു ലുഡോ ഗെയിം കളിക്കുന്ന ലാഘവത്തിൽ പല കഥകളെയും കഥാപാത്രങ്ങളെയും കൂട്ടിയിണക്കി കൊണ്ട് പറഞ്ഞവതരിപ്പിക്കുന്ന സംവിധാന ശൈലി എടുത്തു പറയേണ്ടതാണ്...