മൂന്ന് തലമുറയിൽപ്പെടുന്ന മൂന്ന് സ്ത്രീകളുടെ ജീവിതവും കാഴ്ചപ്പാടുകളുമാണ് 'തൃഭംഗ' വിവരിക്കുന്നത്. ചലിക്കുന്ന ശിൽപ്പമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒഡീസി നൃത്തത്തിലെ ഒരു ബോഡി പോസാണ് തൃഭംഗ. സിനിമയിലെ മൂന്ന് സ്ത്രീ വ്യക്തിത്വങ്ങളെയും തൃഭംഗയിലെ മൂന്ന് വ്യത്യസ്ത ബോഡി പോസുകളിലൂടെ പരിചയപ്പെടുത്തുന്ന ഒരു സീനുണ്ട്.
മൂന്ന് തലമുറയിലെ സ്ത്രീകൾ എന്നതിനൊപ്പം അവർ മൂന്ന് തലമുറയിൽ പെടുന്ന അമ്മമാരും മക്കളുമാണ്. അമ്മയ്ക്കും മകൾക്കും കൊച്ചു മകൾക്കും ഇടയിലെ സ്നേഹ ബന്ധവും അകൽച്ചയും, അവരുടെ കാഴ്ചപ്പാടുകൾ തമ്മിലുള്ള പൊരുത്തക്കേടുകളും അതിലെ സങ്കീർണ്ണതകളുമൊക്കെ നയൻ-അനു-മാഷ എന്നീ കഥാപാത്രങ്ങളിലൂടെ വായിച്ചെടുക്കാം.
പറഞ്ഞു പോകാൻ വലിയ ഒരു കഥയില്ലാത്ത എന്നാൽ കഥാപാത്രങ്ങളുടെ കാഴ്ചപ്പാടുകളിലൂടെ ഒരുപാട് കാര്യങ്ങൾ പറയുന്ന സിനിമയാണ് 'തൃഭംഗ'. വ്യവസ്ഥാപിതമായ കുടുംബ / സമൂഹ നിയമങ്ങൾക്ക് വിരുദ്ധമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സ്ത്രീ കഥാപാത്രങ്ങളെ മുൻ നിർത്തി കൊണ്ട് തന്നെ അവരുടെ കാഴ്ചപ്പാടുകളെ മനോഹരമായി പറഞ്ഞവതരിപ്പിക്കാൻ സംവിധായികക്ക് സാധിച്ചിട്ടുണ്ട്.
എല്ലാം തികഞ്ഞവർ അല്ലാതിരുന്നിട്ടും അവരവരുടെ ജീവിതത്തെ അവരവരുടെ രീതിയിൽ സ്വതന്ത്രമായി ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്ത സ്ത്രീ കഥാപാത്രങ്ങളാണ് നയൻ-അനു-മാഷ മാർ. ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടിൽ ശരിയും മറ്റൊരാളുടെ കാഴ്ചപ്പാടിൽ തെറ്റുമായി വിലയിരുത്തപ്പെടുന്നത് കൊണ്ട് അവർക്കിടയിലെ ശരി തെറ്റുകൾക്ക് പ്രസക്തിയില്ലാതാകുന്നു. തൻവി ആസ്മിയും, കാജോളും, മിഥിലയുമൊക്കെ നയൻ-അനു-മാഷ മാരുടെ വേഷത്തിൽ ഗംഭീരമായി തന്നെ പകർന്നാടിയിട്ടുണ്ട് സിനിമയിൽ.
ജീവിതത്തിലെ തിരഞ്ഞെടുക്കലുകളിൽ നമുക്ക് ഒരു റോളുമില്ലായിരുന്നു എന്ന് അനു പറയുമ്പോൾ കഥാപാത്രത്തിനപ്പുറം അതൊരു ചോദ്യമായി പ്രേക്ഷകന്റെ മനസ്സിലേക്ക് കയറിക്കൂടുന്നുണ്ട്. നമ്മൾ തിരഞ്ഞെടുത്തത് എന്ന് നമുക്ക് തോന്നുന്ന പലതും മറ്റാരുടെയൊക്കെയോ തീരുമാനങ്ങൾ കൂടിയായിരുന്നെന്ന് ബോധ്യപ്പെടുന്നുമുണ്ട്.
ആകെ മൊത്തം ടോട്ടൽ = പാഷനും പ്രൊഫഷനും കാഴ്ചപ്പാടുകളുമൊക്കെ കൊണ്ട് സ്വന്തം കുടുംബ ജീവിതത്തിലും മക്കളുടെ മനസ്സിലും സമൂഹത്തിലുമൊക്കെ വ്യത്യസ്ത വ്യക്തിത്വങ്ങളായി മാറി ഒടുക്കം പൂർണ്ണതയില്ലാത്തവരായി അവസാനിച്ചു പോയ പലരെയും ഓർമ്മപ്പെടുത്തി 'തൃഭംഗ'. ഒരർത്ഥത്തിൽ ആ അപൂർണ്ണത തന്നെയാണ് അങ്ങിനെ ചിലരെ മനോഹരമായി ഇന്നും ഓർമ്മിപ്പിക്കുന്നത്. ആ അപൂർണ്ണതയുടെ ഭംഗി തന്നെയാണ് 'തൃഭംഗ'യുടെ ആസ്വാദനവും.
*വിധി മാർക്ക് = 7/10
-pravin-
കണ്ടില്ല ...
ReplyDelete