ഓണ സിനിമകളിൽ ഇട്ടിമാണി തന്ന നിരാശയോളം എത്തില്ലെങ്കിലും ലവ് ആക്ഷൻ ഡ്രാമയും ആസ്വാദനപരമായി നിരാശ തന്നെ സമ്മാനിക്കുന്നു.
നിവിൻ പോളി ഒരിടവേളക്ക് ശേഷം വീണ്ടും തന്റെ സേഫ് സോണിലേക്ക് തിരിച്ചു വന്നു ചെയ്യുന്ന സിനിമ എന്ന നിലക്കുള്ള ആശ്വാസം മാത്രമാണ് ആസ്വാദനം. അതിൽ തന്നെ ആവർത്തന വിരസതയുള്ള സീനുകൾ ഏറെയുണ്ട് എന്നത് വേറെ കാര്യം.
നയൻ താര - നിവിൻ ജോഡിയെ സ്‌ക്രീനിൽ കാണുമ്പോൾ ഉള്ള പുതുമ ഒഴിച്ചാൽ അവരുടെ ശോഭാ - ദിനേശൻ കഥാപാത്രങ്ങളുടെ പ്രണയവും കെമിസ്ട്രിയുമൊന്നും വർക് ഔട്ട് ആയില്ല. വർക് ഔട്ട് ആയില്ല എന്നതിനേക്കാൾ അതിനും മാത്രമുള്ള ഒരു മിനിമം പ്രണയ കഥ പോലും സിനിമയിൽ അനുഭവപ്പെടുന്നില്ല.
നിവിൻ പോളി - അജു വർഗ്ഗീസ് കൂട്ട് കെട്ടിലുള്ള എന്റർടൈനർ സിനിമകളുടെ കൂട്ടത്തിലേക്ക് ചേർന്ന് നിക്കാൻ പെടാ പാട് പെടുന്ന ഒരു സിനിമയാണിത്. ഇവർ തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ കൊണ്ട് ഒരു മുഴുനീള എന്റർടൈനർ ഉണ്ടാക്കാൻ പറ്റുമെന്ന ഒരു അബദ്ധ ധാരണ ധ്യാൻ ശ്രീനിവാസനും ഉണ്ടായിരുന്നിരിക്കാം.
'ഹണീബി' കഴിഞ്ഞേൽ പിന്നെ ഇത്രേം കള്ളു കുടി സീനുകൾ കാണേണ്ടി വന്ന ഒരു സിനിമ കൂടിയാണിത്. തുടക്കം മുതൽ ഒടുക്കം വരെ കള്ളു കുടി സീൻ കണ്ടു കണ്ട് കാണുന്നവൻ പോലും കിക്കായി പോകും ..ഹോ നമിച്ചു ഹെന്റെ ധ്യാനേ !!
എല്ലാം കൊണ്ടും ശുദ്ധ ശൂന്യമാണ് സിനിമ. ആരെയെങ്കിലുമൊക്കെ ഒന്ന് പ്രേമിച്ചു കെട്ടിയാൽ മതി എന്ന ഒരൊറ്റ ലക്ഷ്യം കൊണ്ട് മാത്രം മുന്നിൽ കാണുന്ന ഏതു പെണ്ണിനെയും പ്രേമിക്കാൻ തയ്യാറാകുക. ഒടുക്കം കൈയ്യിലിരുപ്പ് പോരാഞ്ഞിട്ട് പെണ്ണുങ്ങൾ ഉപേക്ഷിച്ചാൽ ആ പെണ്ണ് തന്നെ തേച്ചു പോയി എന്ന് പറയുക. എന്നാൽ എല്ലാം അറിഞ്ഞിട്ടോ അറിയാതെയോ വീണ്ടും ഒരു പെണ്ണ് തന്റെ പ്രേമാഭ്യർത്ഥന മാനിക്കുമ്പോൾ അവളോടെങ്കിലും ഒരിത്തിരി ആത്മാർത്ഥത കാണിക്കുക. അതുമില്ല. എന്നിട്ട് സകല ഉഡായിപ്പും കാണിച്ചു വല്യ കാമുകൻ ചമയുക. എന്തൊരു വെറുപ്പീരു പരിപാടി.
വല്യ ഫെമിനിസ്റ്റും ബോൾഡുമായ ഒരു പെണ്ണ് എന്ന നിലക്ക് കാണിച്ച ശോഭ എന്ന കഥാപാത്രത്തിന്റെ അവസ്ഥ അതിലും ദുരന്തം. ധ്യാനിന്റെ കുഞ്ഞിരാമായണവും, അടി കപ്യാരെ കൂട്ടമണിയുമൊക്കെ എന്റർടൈനർ എന്ന നിലക്ക് വർക് ഔട്ട് ആയത് ആ ഗ്രൂപ്പിന് പെർഫോം ചെയ്യാൻ ഉള്ള ഒരു മിനിമം കഥ സിനിമയിൽ ഉണ്ടായത് കൊണ്ടാണ്. ഇവിടെ നല്ല crew ഉണ്ടായിട്ടും സിനിമയിലെ ദിനേശനെ പോലെ തന്നെ ആത്മാർത്ഥത ഇല്ലാതെ സ്വയം നശിക്കാൻ ഇറങ്ങിയ പോലെയായി ധ്യാനിന്റെ പടം പിടിത്തം.
തമിഴിൽ പണ്ടിറങ്ങിയ ജീവയുടെ 'ശിവാ മനസുളെ ശക്തി', 'നീ താനേ എൻ പൊൻവസന്തം', ഉദയനിധി സ്റ്റാലിന്റെ 'ഒരു കൽ ഒരു കണ്ണാടി' തുടങ്ങിയ സിനിമകളോടൊക്കെ പല തരത്തിൽ സാമ്യത പുലർത്തുന്നുണ്ട് ധ്യാൻ ശ്രീനിവാസന്റെ 'ലവ് ആക്ഷൻ ഡ്രാമ'.
എന്റർടൈനർ ലേബലിൽ ഒരുക്കുന്ന സിനിമകൾക്ക് വേണ്ടി പോലും പുതുമയുള്ള ചേരുവകളും വേറിട്ട മേക്കിങ് ശൈലിയുമൊക്കെ അന്വേഷിച്ചു നടക്കുന്ന നവ സിനിമാ സംവിധായകരുള്ള ഇക്കാലത്താണ് ധ്യാൻ ശ്രീനിവാസനൊക്കെ 'ലവ് ആക്ഷൻ ഡ്രാമ' യെ എന്റർടൈനർ എന്ന വിളിപ്പേരിൽ ഓണം റിലീസിനെത്തിച്ചത് എന്നോർക്കണം.
നിവിൻ പോളി- നയൻതാര-അജു വർഗ്ഗീസ് എന്നീ മൂവർ സംഘത്തെ മുൻനിർത്തി സിനിമയെ മാർക്കറ്റ് ചെയ്യുന്നതിൽ ധ്യാൻ ശ്രീനിവാസൻ വിജയിച്ചെങ്കിലും തിരക്കഥാകൃത്ത് എന്ന നിലക്കോ സംവിധായകനെന്ന നിലക്കോ ധ്യാൻ ശ്രീനിവാസൻ അച്ഛന്റെയോ ചേട്ടന്റെയോ ഏഴയലത്തു പോലും എത്തിയില്ല എന്നതാണ് സത്യം.
ആകെ മൊത്തം ടോട്ടൽ = ഇഷ്ടതാരങ്ങൾ പലരുമുണ്ടായിട്ടും കണ്ടിരിക്കാ വുന്ന സിനിമ എന്ന് പറയാൻ പോലും മടി തോന്നിക്കുന്ന ഒരു സിനിമ.
* വിധി മാർക്ക് = 4/10
-pravin-
No comments:
Post a Comment