Thursday, January 14, 2021

'ചാർലി'യുടെ ആത്മാവ് നഷ്ടപ്പെട്ട 'മാരാ' !!


ആരെയും പിടിച്ചിരുത്തുന്ന ഒരു കെട്ടു കഥയും ഒരു ഫാന്റസി ത്രില്ലറിന്റെ മൂഡുണ്ടാക്കുന്ന അവതരണവുമൊക്കെ കൂടി ഗംഭീരമായൊരു തുടക്കമായിരുന്നു 'മാരാ' യുടേത്. എന്നാൽ ചാർലിയെ നെഞ്ചിലേറ്റിയ മലയാളിക്ക് മാരനെ അതേയിടത്ത് ഉൾക്കൊള്ളാനാകില്ല എന്ന് കട്ടായം പറയാം. 

'ചാർലി' യുടെ റീമെയ്ക് എന്ന വിശേഷണമുണ്ടെങ്കിലും ചാർലിയെ അതേ പടി അവതരിപ്പിക്കുന്ന സിനിമയല്ല 'മാരാ'. ചാർലിയും മാരനും ഒരു പോലെയുള്ള കഥാസാഹചര്യങ്ങളിൽ തീർത്തും വ്യത്യസ്തരായ രണ്ടു പേരായി മാറുകയാണ്. പോസിറ്റിവിറ്റി മാത്രം തന്ന് ചിരിച്ചിരുന്ന ചാർലി മാരനിലേക്ക് എത്തുമ്പോൾ സങ്കടപ്പെടുന്നവനും കരയുന്നവനും നിസ്സഹായാനയുമൊക്കെയായി മാറി മറയുന്നു. ചാർലി മാത്രമല്ല ചാർലിക്കൊപ്പം നമ്മൾ കണ്ട ആഴമുള്ള കഥാപാത്രങ്ങൾ പോലും ഒന്നും അനുഭവപ്പെടുത്താതെ 'മാരാ'യിൽ വെറുതെ വന്നു പോകുന്നു. 

സെൽവി ആയി അഭിരാമി വരുമ്പോൾ കൽപ്പനയും ക്വീൻ മേരിയും ഒരു പോലെ സങ്കടമായി മനസ്സിൽ നിറഞ്ഞു. മേരി എന്നല്ല ചാർലിയിലെ ഏതൊരു കഥാപാത്രത്തെയും മാറ്റി അവതരിപ്പിക്കാൻ പരിധിയും പരിമിതികളുമുണ്ട് എന്ന് ബോധ്യപ്പെടുത്തി തരുന്നു 'മാരാ'. 

ചാർലിയെന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയിട്ടുള്ള ശൈലിയും, അയാളുടെ മാനറിസങ്ങളും, അയാളെ കുറിച്ചുള്ള മറ്റുള്ളവരുടെ വിവരങ്ങളും, അയാളുടെ താമസ സ്ഥലവും, അയാൾക്ക് ചുറ്റിലുമുള്ളവരും അങ്ങിനെ എല്ലാം കൂടി ചേരുമ്പോൾ സ്വാഭാവികമായിട്ടാണ് ചാർലി എന്ന സിനിമക്ക് ഒരു ഫാന്റസി മൂഡ് വരുന്നതെങ്കിൽ 'മാരാ'യിൽ അതൊരു കെട്ടുകഥയിലൂടെ ആദ്യമേ ഉണ്ടാക്കിയെടുക്കയാണ്. ആ തുടക്കം നന്നായെന്നു തോന്നുമ്പോഴും 'മാരാ'യുടെ പിന്നീടുള്ള കാഴ്ചകളെ ത്രസിപ്പിക്കാൻ ആ കെട്ടുകഥക്ക് സാധിക്കാതെ പോകുന്നു. 

തനിക്ക് പിന്നാലെയുള്ള ടെസ്സയുടെ അന്വേഷണവും യാത്രയും അവളുടെ ആകാംക്ഷയും പ്രണയവുമൊക്കെ ചാർലി അറിയുമ്പോഴും അയാൾ അവൾക്ക് പിടി കൊടുക്കാതെ ഒഴിഞ്ഞു മാറി കൊണ്ടേയിരുന്നു. അവിടെ ഒരേ സമയം ടെസ്സയും ചാർളിയും നമ്മളെ രണ്ടു വിധത്തിൽ ത്രില്ലടിപ്പിക്കുന്നുണ്ട്. മാരന്റെ കാര്യത്തിൽ അയാൾക്ക് പാറുവിനെയോ അവളുടെ പ്രണയത്തെയോ അറിയാൻ സാധിക്കുന്നില്ല എന്ന് മാത്രമല്ല ചാർലി- ടെസ്സ ക്കിടയിലെ പ്രണയ രസതന്ത്രം മാരാ- പാറു വിലൂടെ അനുഭവപ്പെടാതെയും പോകുന്നു. പകരം ചാർലിയിലെ കുഞ്ഞപ്പന്റെ നഷ്ടപ്രണയത്തെ വെള്ളയ്യയുടെ പ്രണയക്കടലാക്കി മാറ്റുകയാണ് 'മാരാ'. 


സ്വന്തം ആത്മാവ് ഒരു മീനിനുള്ളിലാക്കി സൂക്ഷിച്ച പട്ടാളക്കാരന്റെ കഥയിൽ അയാൾക്ക് ഒരു ഘട്ടത്തിൽ മീനിനെ നഷ്ടപ്പെടുന്നുണ്ട്. മീനെന്നാൽ സ്വന്തം ആത്മാവ്. അതിനെ തേടിയുള്ള അയാളുടെ അന്വേഷണം കടലിൽ വന്നെത്തി നിക്കുന്നിടത്താണ് 'മാരാ'യുടെ ടൈറ്റിൽ തെളിയുന്നത്. പട്ടാളക്കാരന് പിന്നീട് ആ മീനിനെ എങ്ങിനെ കിട്ടി എന്ന ആകാംക്ഷ നിറഞ്ഞ ചോദ്യത്തിന്റെ നനഞ്ഞ ഉത്തരം പോലെ തന്നെയാണ് സിനിമയുടെ ആസ്വാദനവും. 

ആകെ മൊത്തം ടോട്ടൽ = ചാർലിയിൽ നിന്ന് തുടങ്ങുകയും പിന്നീട് ഒരു ഘട്ടത്തിൽ ചാർലിയുടെ ആത്മാവ് പോലും നഷ്ടപ്പെട്ട് മറ്റൊരു തരത്തിൽ പറഞ്ഞവസാനിപ്പിക്കുകയും ചെയ്ത ഒരു ശരാശരി സിനിമ.  ചാർലി കാണാതെ മാരാ കാണുന്നവർ ഉണ്ടെങ്കിൽ അവർക്കായിരിക്കും മാരായെ കുറച്ചു കൂടി നന്നായി ആസ്വദിക്കാൻ സാധിച്ചിട്ടുണ്ടാകുക. അല്ലാത്തവരെ സംബന്ധിച്ച് ആർട്ട് വർക്കും, പാട്ടും, ഛായാഗ്രഹണവും മാത്രമാണ് തൃപ്‍തി നൽകുക. 

വിധി മാർക്ക് = 6/10 

-pravin- 

1 comment: