വരുണിന്റെ മൃതദേഹം എവിടെയാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്ന് നമുക്കെല്ലാവർക്കും അറിയാം. ജോർജ്ജ് കുട്ടി ആ കേസിൽ നടത്തിയ കളികളും നമ്മൾ കണ്ടതാണ്. അവിടെ നിന്ന് തന്നെയാണ് ദൃശ്യം 2 തുടങ്ങുന്നത്.
പോലീസിനെ വെട്ടിലാക്കിയ ആ കേസ് വീണ്ടും അന്വേഷണ വിധേയമായാൽ എന്തൊക്കെ സംഭവിക്കാം എന്ന ചിന്ത തന്നെയാണ് 'ദൃശ്യം 2' ന് ആധാരമായതെങ്കിലും അത് കെട്ടുറപ്പുള്ള ഒരു തിരക്കഥയിലേക്ക് പടർത്തി എഴുതുക എന്നത് ശ്രമകരമായ ദൗത്യമാണ്. ജിത്തു ജോസഫ് ആ ദൗത്യത്തെ പൂർവ്വാധികം ഭംഗിയോടെ ഏറ്റെടുത്തു വിജയിപ്പിച്ചു എന്ന് പറയാം.
ദൃശ്യത്തിന് ഒരു രണ്ടാം ഭാഗം വരുമെങ്കിൽ കഥ എങ്ങിനെയൊക്കെ മാറിമറയാം എന്നതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ സിനിമാ പ്രേമികൾക്കിടയിൽ നടന്നിരുന്നു. അതുമായൊന്നും ചേർത്ത് വായിക്കാനോ ചിന്തിക്കാനോ സാധ്യമല്ലാത്ത വിധം അടിമുടി ത്രില്ലോടെയാണ് ജിത്തു ജോസഫ് 'ദൃശ്യം 2' വിനെ ഒരുക്കിയിരിക്കുന്നത്.
മുരളി ഗോപിയുടെയും സായ്കുമാറിന്റെയുമടക്കമുള്ള വലുതും ചെറുതുമായ പുതിയ കഥാപാത്രങ്ങളൊക്കെയും തന്നെ രണ്ടാം ഭാഗത്തിന്റെ മാറ്റു കൂട്ടി. പോലീസ് vs ജോർജ്ജ് കുട്ടി എന്ന ഫോർമുലയെ വീണ്ടും സമർത്ഥമായി ഉപയോഗിക്കാൻ ജിത്തു ജോസഫിന് സാധിച്ചു.
നമ്മൾ അറിഞ്ഞു വക്കുന്നതോ വിശ്വസിക്കുന്നതോ കാണുന്നതോ പോലുമാകില്ല യഥാർത്ഥ സത്യം എന്ന് ചിന്തിപ്പിക്കുന്നു ദൃശ്യം 2.
ആകെ മൊത്തം ടോട്ടൽ = ഒന്നാം പതിപ്പിനോട് നീതി പുലർത്തിയ രണ്ടാം ഭാഗം എന്നല്ല ആദ്യത്തേതിനേക്കാൾ മികച്ച ഒരു തിരക്കഥയും ക്ലൈമാക്‌സുമുള്ള സിനിമ എന്ന നിലക്ക് തന്നെയായിരിക്കും ദൃശ്യം 2 വിലയിരുത്തപ്പെടുക.
*വിധി മാർക്ക് = 8/10
-pravin-
ഇരുന്ന ഇരുപ്പിൽ വളരെ ആകാംഷയോടെ കണ്ട് തീർത്ത ഒരു ഉഗ്രൻ സിനിമ
ReplyDelete