Tuesday, February 9, 2021

Actor vs Director !!


ഒരു സിനിമയിൽ സംവിധായകനാണോ നടനാണോ മുൻതൂക്കം എന്ന ചോദ്യത്തിന് സംവിധായകൻ എന്ന് പറയാനാണ് പ്രേക്ഷകൻ എന്ന നിലക്ക് എനിക്കിഷ്ടം .എന്നാൽ ഇതേ ചോദ്യം ഒരു പ്രഗത്ഭനായ സംവിധായകനെയും സൂപ്പർ താരത്തെയും ഒരേ വേദിയിലിരുത്തി കൊണ്ട് ചോദിച്ചാൽ അവർ ആ ചോദ്യത്തെ എങ്ങിനെ നേരിടും ? ഈ ഒരു ചോദ്യത്തിനെ തന്നെയാണ് AK vs AK യിൽ അനുരാഗ് കശ്യപിനെയും അനിൽ കപൂറിനേയും മുൻനിർത്തി കൊണ്ട് പ്രശ്നവത്ക്കരിക്കുന്നത്.

ഒരു ടിപ്പിക്കൽ കഥയിലെ രണ്ടു കഥാപാത്രങ്ങളെന്ന പോലെ അവതരിപ്പിച്ചാൽ പ്രത്യേകിച്ച് പുതുമയൊന്നും അനുഭവപ്പെടാതെ പോകുമായിരുന്ന ഒരു സാഹചര്യത്തെയാണ് സാക്ഷാൽ അനിൽ കപൂറിനേയും അനുരാഗ് കശ്യപിനെയും ഉപയോഗിച്ച് കൊണ്ട് വിക്രമാദിത്യ മോത് വാനെ അതി സമർത്ഥമായി പറഞ്ഞവതരിപ്പിച്ചത്.
ഒരേ സമയം റിയലിസ്റ്റിക് ആണെന്ന് തോന്നിപ്പിക്കുകയും, ഇങ്ങിനെയൊക്കെ സംഭവിക്കുമോ എന്ന് അതിശയിപ്പിക്കുകയും ചെയ്യുന്ന സിനിമ തന്നെ എന്ത് കൊണ്ട് അങ്ങിനെയൊക്കെ സംഭവിച്ചു കൂടാ എന്ന് തിരുത്തി ചിന്തിപ്പിക്കുകയും ചെയ്യുന്നു .


ബോളുവുഡിലെ സിനിമാ പകിട്ടും രാഷ്ട്രീയവും കുതന്ത്രങ്ങളും ഈഗോ ക്ലാഷുകളും പകയും പകപോക്കലുമൊക്കെ പച്ചക്ക് തുറന്നു പറയുന്നത് പോലെയുള്ള അവതരണ ശൈലിയിൽ തന്നെയാണ് പ്രേക്ഷകർ വീണു പോകുന്നത്.
സംവിധായകനും താരത്തിനുമിടയിലെ അഭിപ്രായപരമായ തർക്കം പിന്നീട് ഒരു യുദ്ധത്തിലേക്കെന്ന പോലെ വഴി മാറി പോകുന്ന ഘട്ടത്തിൽ കാഴ്ചക്കാർ ത്രില്ലടിക്കുകയാണ്.
അനിൽ കപൂർ എന്ന താരത്തിനൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിലേക്കും മക്കളിലേക്കുമൊക്കെ കാമറ പോകുമ്പോൾ സെലിബ്രിറ്റികളുടെ ജീവിതത്തിലേക്ക് എത്തി നോക്കാനുള്ള പൊതു ജനത്തിന്റെ അതേ കൗതുകം പ്രേക്ഷകർക്കും കിട്ടുന്നു. എത്ര വലിയ സൂപ്പർ താരമായാലും അവരുടെയൊക്കെ നിസ്സഹായതകളെ അനായാസേന ചൂഷണം ചെയ്യാൻ പൊതുജനത്തിന് സാധിക്കും എന്ന് കൂടി ബോധ്യപ്പെടുത്തി തരുന്നുണ്ട് AK vs AK.

ആകെ മൊത്തം ടോട്ടൽ = അനിൽ കപൂറും അനുരാഗ് കശ്യപും തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്. അവരെ പോലെ രണ്ടു പേര് ഈ സിനിമയുടെ ഭാഗമായില്ലായിരുന്നെങ്കിൽ AK vs AK ക്ക് ഇത്രത്തോളം ആസ്വാദനമുണ്ടാകില്ലായിരുന്നു.

*വിധി മാർക്ക് = 6.5/10

-pravin-

2 comments:

  1. കുറച്ചു കാലങ്ങളായി സിനിമകൾ കണ്ടിട്ട്. പ്രത്യേകിച്ച് ഹിന്ദി ഫിലിംസ്. നല്ല ചിത്രങ്ങൾ ആണ് എന്ന് അറിഞ്ഞാലേ കാണാറൊള്ളു. ചുമ്മാ നേരം കൊല്ലുവാൻ വേണ്ടി ഫിലിംസ് കാണുവാറില്ല. ഈ സിനിമ വിചാരണ വായിച്ചപ്പോൾ കാണുവാൻ മോഹമുണ്ട്. നല്ല സിനിമ വിചാരണക്ക് ആശംസകളോടെ... 

    ReplyDelete