ഗ്യാങ്സ്റ്റർ സിനിമകളിലെ സ്ഥിരം കഥയും കഥാപാത്രങ്ങളും കഥാഗതികളും ഏറെക്കുറെ അത് പോലെ ആവർത്തിക്കുന്ന 'കാപ്പ'യിൽ പുതുമയില്ല എന്ന പരാതി പറയുന്നില്ല. പക്ഷേ പ്രമേയത്തിലെ പുതുമയില്ലായ്മയെ മറി കടക്കുന്ന ഒരു അവതരണമികവെങ്കിലും ഉണ്ടാകണമായിരുന്നു. ഷാജി കൈലാസ്- പൃഥ്വിരാജ് ടീമിന്റെ 'കടുവ'യിലെ പോലൊരു ത്രില്ലും പഞ്ചുമൊന്നും 'കാപ്പ'യിൽ നിന്ന് കിട്ടിയില്ല.
ചടുലമായ അവതരണവും മാസ്സ് ആക്ഷൻ സീനുകളും തീപ്പൊരി ഡയഗുകളുമൊക്കെ കൊണ്ട് ഞെട്ടിക്കാൻ കഴിവുള്ള ഷാജി കൈലാസ് ആയുധം താഴെ വച്ച് കീഴടങ്ങിയ പോലെയായിരുന്നു കാപ്പയുടെ ഒട്ടുമുക്കാൽ സീനുകളും.
ഒട്ടും ത്രില്ലടിപ്പിക്കാതെ വളരെ സ്ലോ പേസിലുള്ള ഒരു കഥ പറച്ചിൽ കാപ്പ പോലൊരു സിനിമക്ക് അനുയോജ്യമായി തോന്നിയില്ല. കാപ്പ എന്ന ടൈറ്റിലുമായി പോലും സിനിമയെ വേണ്ട വിധം ബന്ധിപ്പിക്കാൻ സാധിക്കാതെ പോയ പോലെ തോന്നി.
മാസ്സ് പരിവേഷങ്ങളൊക്കെ ഉണ്ടെങ്കിലും അതിനൊക്കെ ഒത്ത സീനുകൾ ഇല്ലാതെ പോകുന്നു. ആക്ഷൻ സീനുകൾ മിക്കതും വയലൻസിൽ മാത്രം ഒതുങ്ങി പോയി.
ആസിഫ് അലി നല്ല നടനൊക്കെ തന്നെയെങ്കിലും 'കാപ്പ'യിലെ ആനന്ദ് അനിരുദ്ധൻ അയാൾക്ക് വേണ്ടി തുന്നിയ വേഷമായി അനുഭവപ്പെട്ടില്ല. അന്ന ബെന്നിന്റെ കാര്യത്തിലും അതേ അഭിപ്രായമാണുള്ളത്.
പൃഥ്വിരാജിന്റെ സ്‌ക്രീൻ പ്രസൻസ് കൊള്ളാമായിരുന്നു . ബിഗ് ബിയിലെ മമ്മുക്കയുടെ ഡയലോഗ് ഡെലിവെറിയിലെ താളം അനുകരിക്കാൻ ശ്രമിക്കുന്ന പോലെ ചിലയിടത്ത് അനുഭവപ്പെട്ടെങ്കിലും ഇത്തരം കനമുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഡയലോഗ് ഡെലിവറിയിൽ അനുഭവപ്പെട്ടിരുന്ന കൃത്രിമത്വങ്ങൾ കാപ്പയിൽ ഒരു വിധം പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട് പൃഥ്വിരാജ്.
തിരുവനന്തപുരം ഭാഷ മിതത്വത്തോടെ കൈകാര്യം ചെയ്ത സിനിമ എന്ന നിലക്ക് കാപ്പ ശ്രദ്ധേയമാണ്.
പ്രകടനങ്ങളിൽ പൃഥ്വിരാജിന്റെ കൊട്ട മധുവിനേക്കാൾ എത്രയോ മുന്നിലെത്തുന്നു ജഗദീഷിന്റെ ജബ്ബാർ ഇക്കയും ദിലീഷ് പോത്തന്റെ ലത്തീഫുമൊക്കെ.
എന്തിനും ഏതിനും മധുവിന്റെ കൂടെയുണ്ടാകുന്ന വെറുമൊരു നിഴൽ വേഷമായി ഒതുങ്ങിയില്ല ജബ്ബാർ ഇക്ക. ആ വേഷം അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ ജഗദീഷിന് സാധിച്ചു.
ഉള്ളിൽ എരിയുന്ന പക വർഷങ്ങളായി കൊണ്ട് നടക്കുന്ന പ്രതിനായക വേഷത്തെ എല്ലാ തലത്തിലും ഗംഭീരമാക്കി ദിലീഷ് പോത്തൻ. ഒരർത്ഥത്തിൽ ജഗദീഷും ദിലീഷ് പോത്തനുമൊക്കെയാണ് 'കാപ്പ'ക്ക് പ്രതീക്ഷിക്കാത്ത ഒരു ആസ്വാദനമുണ്ടാക്കി തന്നത് എന്ന് പറയാം.
ഊഹിച്ചെടുക്കാവുന്ന കഥയും ക്ലൈമാക്സുമൊക്കെ തന്നെയെങ്കിലും തീർത്തും നിരാശപ്പെടുത്താത്ത വിധം പറഞ്ഞവസാനിപ്പിച്ചതിൽ ഷാജി കൈലാസ് എന്ന സംവിധായകന് ഒരു പങ്കുണ്ട് .
ഒരു രണ്ടാം ഭാഗം വരുമെങ്കിൽ ആ സിനിമയിൽ അപർണ്ണ ബാലമുരളിയുടെ പ്രമീള തന്നെയാകും സ്‌കോർ ചെയ്യുക എന്ന് തോന്നുന്നു. ഒരു 'ഗ്യാങ്സ് ഓഫ് തിരോന്തര'മൊക്കെ ആക്കാമായിരുന്ന പടം ഇങ്ങിനെയൊക്കെയായി മാറിയതിലെ നിരാശ അപ്പോഴുമുണ്ടാകും എന്നത് വേറെ കാര്യം.
ആകെ മൊത്തം ടോട്ടൽ = പ്രതീക്ഷക്കൊത്ത് ഉയരാതെ പോയ ഒരു പടം.
*വിധി മാർക്ക് = 6/10
-pravin-
No comments:
Post a Comment