Monday, December 12, 2022

ത്രില്ലടിപ്പിക്കുന്ന 'കൂമൻ' !!


കൂമൻ എന്ന പേര് ഈ സിനിമക്ക് എല്ലാ തലത്തിലും അനുയോജ്യമായ ടൈറ്റിൽ ആണ്. ശബ്ദമുണ്ടാക്കാതെ പറക്കാൻ സാധിക്കുന്ന, രാത്രി മാത്രം ഇര പിടിക്കാനിറങ്ങുന്ന പക്ഷി എന്നതിനേക്കാളുപരി കൂമന് പൊതുവെ ദുരൂഹമായ ഒരു പക്ഷി പരിവേഷമാണുള്ളത്. കൂമന്റെ സ്വഭാവ സവിശേഷതകളും ദുരൂഹതകളുമൊക്കെ സിനിമയുടെ കഥാപരിസരവുമായി അത്ര മേൽ ബന്ധപ്പെട്ടു കിടക്കുന്നു.

ചെറിയ കാര്യങ്ങൾക്ക് പോലും മനസ്സിൽ പക സൂക്ഷിക്കുകയും തരം കിട്ടുമ്പോൾ പക വീട്ടുകയും ചെയ്യുന്ന മനുഷ്യരുടെ മാനസികനില അപകടം നിറഞ്ഞതാണ്. അങ്ങിനെ പ്രതികാര ബുദ്ധിയുമായി നടക്കുന്നത് ഒരു പോലീസുകാരൻ കൂടി ആണെങ്കിൽ അയാൾക്ക് എന്തും ചെയ്യാൻ സാധിക്കും. ഒരു ക്രിമിനലിനേക്കാൾ പേടിക്കണം ക്രിമിനൽ ബുദ്ധിയുള്ള പോലീസുകാരനെ എന്ന് ബോധ്യപ്പെടുത്തി തരുന്നു 'കൂമൻ' .

ഒരു പോലീസ് കഥയെന്നോണം തുടങ്ങി നായക കഥാപാത്രത്തിന്റെ സ്വഭാവവുമായി ബന്ധപ്പെടുത്തി കൊണ്ട് കഥ പറഞ്ഞു പോകുന്നിടത്ത് നിന്ന് പൊടുന്നനെ സിനിമ നമ്മൾ പ്രതീക്ഷിക്കാത്ത വഴികളിലൂടെ ഒരു പോക്കാണ്. ഇന്റർവെൽ വരെ നമ്മളെ ത്രില്ലടിപ്പിച്ച സീനുകളിൽ നിന്ന് മാറി ഇന്റെർവെല്ലിന് ശേഷം കഥ മറ്റൊരു ട്രാക്കിലേക്ക് കൂടി കയറുകയാണ്. അവിടെ കഥാനായകന് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ഇരട്ടിക്കുന്നു. അതോടൊപ്പം സിനിമയുടെ ലെവലും മാറുന്നു.
വില്ലൻ ആരാണ് അല്ലെങ്കിൽ എന്തായിരിക്കാം കൊലപാതകങ്ങൾക്ക് പിന്നിലെ കാരണം എന്ന സസ്പെൻസിനേക്കാൾ പ്രാധാന്യം കഥ പറഞ്ഞവതരിപ്പിക്കുന്ന രീതിക്കാണ്. കണ്ടു ശീലിച്ച സാധാരണ പോലീസ് കുറ്റാന്വേഷണ കഥയിൽ നിന്ന് മാറിയുള്ള കഥ പറച്ചിൽ തന്നെയാണ് കൂമന്റെ ആസ്വാദനം ഇരട്ടിപ്പിക്കുന്നത്.
സിനിമയിലെ പ്രധാന കഥാപരിസരമായ 'ഇരുട്ടി'ൽ ആസിഫ് അലിയുടെ ഗിരിക്കൊപ്പം നമ്മളെയും കൊണ്ട് നിർത്തുന്നു സംവിധായകൻ. ഇരുട്ടിന്റെ ദുരൂഹതയെയും ഇരുട്ടിലെ അന്വേഷണാത്മകതയെയും അതി ഗംഭീരമായി സമന്വയിപ്പിക്കുന്ന ഛായാഗ്രഹണമികവുണ്ടായിരുന്നു സതീഷ് കുറുപ്പിന്റെ കാമറ കണ്ണുകൾക്ക്. വിഷ്ണു ശ്യാമിന്റെ BGM കൂമന്റെ ചങ്കിടിപ്പായി.
സ്വഭാവ സവിശേഷതകൾ ഉള്ളതും നെഗറ്റിവ് ഷെയ്ഡുള്ളതുമായ ഗിരി എന്ന പോലീസ് കഥാപാത്രം ആസിഫ് അലിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി വിലയിരുത്താം. മണിയൻ എന്ന കള്ളൻ കഥാപാത്രത്തെ ജാഫർ ഇടുക്കിയും മികവുറ്റതാക്കി. ഒരു കള്ളൻ എന്താണ് എങ്ങിനെയാണ് എന്നൊക്കെയുള്ള മണിയന്റെ വിവരണ സീനുണ്ടല്ലോ അതൊക്കെ ജാഫർ ഇടുക്കിയുടെ കൈയ്യടിക്കേണ്ട പ്രകടനങ്ങൾ എന്ന് തന്നെ പറയാം.
ആകെ അന്ധവിശ്വാസവും ദുർമന്ത്രവാദവുമൊക്കെ ഒരു സമൂഹത്തിൽ സൃഷ്ടി മൊത്തം ക്കുന്ന ഭീകരതയെ ഇരുളിന്റെ സ്‌ക്രീനിൽ കാണിച്ചു തരുന്ന സിനിമ എന്ന നിലക്ക് കൂടി ശ്രദ്ധേയമാണ് ജിത്തു ജോസഫിന്റെ 'കൂമൻ'. സമകാലീന കേരളത്തിൽ കൂമൻ വെറും സിനിമാ കാഴ്ച മാത്രമല്ലാതാകുന്നു.

*വിധി മാർക്ക് = 8/10

-pravin-

No comments:

Post a Comment