ലോകേഷ് കനകരാജിന്റെ 'മാസ്റ്റർ' റിലീസാകുന്ന സമയത്ത് ആ സിനിമയിലെ വില്ലൻ കഥാപാത്രമായ ഭവാനിയെ കുറിച്ച് വിജയ് സേതുപതി പറഞ്ഞതോർക്കുന്നു.
"ഈ സിനിമയിൽ ഞാനാണ് നായകൻ ..എനിക്ക് എതിരെ നിൽക്കുന്ന വിജയ് സാറിന്റെ ജെ.ഡിയാണ് എന്റെ വില്ലൻ."
ഏതാണ്ട് അത് പോലെയാണ് 'ജയിലറി'ലെ വിനായകന്റെ വർമ്മൻ എന്ന കഥാപാത്രവും. നായകനെ പോലെ തന്നെ സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന വില്ലൻ. സാക്ഷാൽ രജിനികാന്തിന്റെ സ്‌ക്രീൻ സ്‌പേസിലേക്ക് പോലും തലയിട്ടു കൊണ്ട് ഞാനാണ് ഈ സിനിമയിലെ നായകൻ..മനസ്സിലായോ സാറേ എന്ന് ചോദിക്കുന്ന ഒരു ഒന്നൊന്നര വില്ലൻ.
നെൽസന്റെ 'ബീസ്റ്റും', രജിനികാന്തിന്റേതായി അവസാനം വന്ന 'അണ്ണാത്തെ'യുമൊക്കെ നൽകിയ നിരാശകളെല്ലാം 'ജയിലറി'ന്റെ ത്രസിപ്പിക്കുന്ന സ്‌ക്രീൻ കാഴ്ചകളിൽ അലിഞ്ഞില്ലാതായി എന്ന് പറയാം.
കഥാപരമായ പുതുമക്കൊന്നും പ്രസക്തിയില്ലെങ്കിലും സൂപ്പർ താരങ്ങളെ വച്ച് ഒരു മാസ്സ് സിനിമ എങ്ങിനെ വൃത്തിക്ക് ചെയ്യാമെന്ന് നെൽസൺ കാണിച്ചു തരുന്നുണ്ട്. ഒരിടക്കാലത്തിനു ശേഷം ആർപ്പു വിളിയും വിസിലടിയുമൊക്കെയായി ഒരു സൂപ്പർ താര സിനിമ ആഘോഷിക്കപ്പെടുകയാണ്.
മോഹൻ ലാലിനെയും ശിവരാജ്കുമാറിനെയുമൊക്കെ പോലെയുള്ള സൂപ്പർ താരങ്ങളെ കാമിയോ റോളിൽ അവതരിപ്പിക്കുക മാത്രമല്ല അവർ വന്നു പോകുന്ന സീനുകളിൽ ഒരു ഉത്സവാന്തരീക്ഷം കൂടിയാണ് നെൽസൻ ഒരുക്കിയത്. മുൻകാല രജിനികാന്ത് സിനിമകളിലൊന്നും കാണാത്ത വിധം വില്ലനും വന്നു പോകുന്ന സൂപ്പർ താരങ്ങളുമൊക്കെ കൂടി സ്‌ക്രീൻ സ്‌പേസ് പകുത്തെടുക്കുന്ന കാഴ്ച.
രജിനികാന്തിനെ പോലെ ആഘോഷിക്കപ്പെടുന്ന ഒരു താര രാജാവിനെ കടുത്ത അമാനുഷിക വേഷങ്ങളിൽ നിന്ന് മാറ്റി പരീക്ഷിക്കുന്നത് പാ രഞ്ജിത്താണ്. 'കബാലി' സിനിമയിൽ താര രാജാവിന്റെ പ്രൗഢിയിലല്ലായിരുന്നു രജിനികാന്തിന്റെ പ്രകടനങ്ങൾ. അദ്ദേഹത്തിന്റെ യഥാർത്ഥ പ്രായത്തെ കൂടി പരിഗണിച്ചു കൊണ്ടുള്ള ഗെറ്റപ്പും ആക്ഷനുമായിരുന്നു കബാലിയിൽ. 'കാല'യിലും പതിവ് രജനികാന്ത് സിനിമകൾക്ക് കടക വിരുദ്ധമായി പറഞ്ഞവതരിപ്പിക്കാൻ പാ രഞ്ജിത്തിന് സാധിച്ചു.
നിസ്സഹായതയുടെയും മാനുഷികതയുടേയുമൊക്കെ റിയലിസ്റ്റിക് നായക സങ്കൽപ്പങ്ങളുമായി രജിനികാന്തിന് എത്ര ദൂരം സഞ്ചരിക്കാൻ സാധിക്കും എന്ന ചോദ്യം അപ്പോഴും അന്തരീക്ഷത്തിലുണ്ടായിരുന്നു. ആ സമയത്ത് തന്നെയാണ് കാർത്തിക് സുബ്ബരാജ് 'പേട്ട'യിലൂടെ രജിനികാന്തിനെ വീണ്ടും സ്റ്റൈലിഷാക്കി പുതുക്കി പണിഞ്ഞു തരുന്നത്. തലൈവർ തിരുമ്പി വന്തിട്ടീൻ എന്ന തലക്കെട്ടോടെ 'പേട്ട' ഹിറ്റടിച്ചതോടെ രജിനികാന്ത് വീണ്ടും മാസ്സ് ആഘോഷ സിനിമകളുടെ ഭാഗമായി മാറി.
'ജയിലറി'ലേക്ക് വരുമ്പോൾ അതേ രജിനീകാന്തിനെ തന്നെയാണ് നെൽസണും ഉപയോഗപ്പെടുത്തുന്നതെങ്കിലും അവിടെയും ചില മാറ്റങ്ങൾ നടപ്പിലാക്കുന്നത് കാണാം. അദ്ദേഹത്തിന്റെ കഥാപാത്രത്തിനെ ഇൻട്രോ ബിജിഎം ഇട്ട് ആദ്യമേ മാസ്സാക്കുകയോ അമാനുഷികനാക്കുകയോ അല്ല ചെയ്യുന്നത്.
പകരം അദ്ദേഹത്തിന്റെ പതിഞ്ഞ സംസാരത്തേയും നോട്ടത്തേയും നടത്തത്തെയുമൊക്കെ തന്റെ സിനിമക്ക് അനുയോജ്യമായ വിധം ഉപയോഗപ്പെടുത്തി കൊണ്ട് മാസ്സാക്കി മാറ്റുകയാണ് നെൽസൺ. അഥവാ കാണുന്നവർക്ക് ആ മാസ്സ് അനുഭവപ്പെടും വിധമുള്ള സീനുകൾ ഉണ്ടാക്കിയെടുത്തു എന്നും പറയാം. ഡൈനിങ്ങ് ടേബിൾ ആക്ഷൻ സീനൊക്കെ അതിന്റെ ചെറിയ ഉദാഹരണം മാത്രം . ശാരീരികമായി ഒരു അഭ്യാസ പ്രകടനങ്ങളും കാണിക്കാതെ തന്നെ ആ സീനുകളിലെ ഇടിമിന്നൽ വെളിച്ചത്തിൽ ഒരു ചെറിയ ചിരി കൊണ്ട് മാത്രം രജിനികാന്ത് മാസ്സായി തിളങ്ങുന്നു.
ഇതേ ലെവലിൽ തന്നെയാണ് വെറും ഒരു ചുരുട്ടും അതിന്റെ പുകയും വച്ച് രജിനികാന്ത്-മോഹൻലാൽ-ശിവരാജ്കുമാറുമാരെ കൊണ്ട് നെൽസൺ തിയേറ്ററിൽ പ്രകമ്പനം സൃഷ്ടിക്കുന്നത്. വിനായകന്റെ വർമ്മനില്ലായിരുന്നെങ്കിൽ ഈ മൂന്ന് പേർക്കും ഈ സിനിമയിൽ ഒന്നും ചെയ്യാനുണ്ടാകില്ലായിരുന്നു എന്നത് വേറെ കാര്യം. ആ തലത്തിൽ സ്ഥിരം രജിനി സിനിമകളിൽ നിന്ന് മാറി നിൽക്കുന്നുണ്ട് 'ജയിലർ'.
അനിരുദ്ധിന്റെ ബാക്ഗ്രൗണ്ട് സ്‌കോർ 'ജയിലർ' സിനിമക്ക് കൊടുക്കുന്ന പിന്തുണയെ പറ്റി പറയാതിരിക്കാനാകില്ല. നെൽസന്റെ സ്ക്രിപ്റ്റിനും സംവിധാനത്തിനും ഒപ്പം തന്നെ നിൽക്കുന്ന സംഗീതം . ആ സംഗീതമാണ് ജയിലറിന് ഇത്ര മാത്രം ഒരു ആഘോഷവും ആസ്വാദനവുമുണ്ടാക്കിയത്.
ആകെ മൊത്തം ടോട്ടൽ = കിടിലൻ മാസ്സ് പടം .
*വിധി മാർക്ക് = 7.5 / 10
-pravin-