Wednesday, March 6, 2024

സൗഹൃദത്തിന്റെ ആഴങ്ങളിൽ നിന്നൊരു ഗംഭീര സിനിമ !!


ഒരു യഥാർത്ഥ സംഭവത്തെ സിനിമയാക്കുമ്പോഴുണ്ടാകുന്ന സകല പരിമിതികളെയും വെല്ലുവിളികളെയും മറി കടന്നു കൊണ്ടുള്ള അതി ഗംഭീര മെയ്ക്കിങ് ആണ് 'മഞ്ഞുമ്മൽ ബോയ്സ്' നെ മലയാളത്തിലെ മറ്റു സർവൈവൽ ത്രില്ലർ സിനിമകളിൽ നിന്ന് വേറിട്ട് നിർത്തുന്നത്.

'മാളൂട്ടി', 'ഹെലൻ', 'മലയൻകുഞ്ഞ്' അടക്കമുള്ള മുൻകാല സർവൈവൽ ത്രില്ലർ സിനിമകളെല്ലാം യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഒരു ഫിക്ഷനൽ പ്ലോട്ടിൽ നിന്ന് കൊണ്ട് കഥ പറഞ്ഞപ്പോൾ 'മഞ്ഞുമ്മൽ ബോയ്സ്' നടന്ന സംഭവത്തെയും അതിലെ കഥാപാത്രങ്ങളെയും കൃത്യതയോടെ സിനിമയിലേക്ക് പകർത്തിയവതരിപ്പിച്ചു.

അജയൻ ചാലിശ്ശേരിയുടെ പ്രൊഡക്ഷൻ ഡിസൈൻ ഈ സിനിമയുടെ ആത്മാവാണ്. കാസ്റ്റിങ്ങ് ഡയറക്ടർ എന്ന നിലക്ക് ഗണപതിയുടെ കണ്ടെത്തലുകൾ സിനിമയിലെ കഥാപാത്രങ്ങളെ സംബന്ധിച്ച്‌ കൃത്യമായ അളവിൽ തയ്പ്പിച്ച കുപ്പായം പോലെയായിരുന്നു.

സൗഹൃദത്തിന്റെ ആഘോഷാന്തരീക്ഷത്തിൽ തുടങ്ങുന്ന സിനിമ കൊടൈക്കനലിലേക്കുള്ള യാത്രയിലൂടെ ഗുണാ കേവ് കാണാൻ വേണ്ടിയുള്ള ആകാംക്ഷ നമുക്കുള്ളിലേക്കും എത്തിക്കുകയാണ്. നമ്മളും അവർക്കൊപ്പം ഗുഹ കാണാൻ ഇറങ്ങുന്ന ഒരു ഫീൽ.

ഒരേ ലൊക്കേഷന്റെ സൗന്ദര്യവും ഭീകരതയും ദുരൂഹതയുമൊക്കെ അനുഭവപ്പെടുത്താൻ ഷൈജു ഖാലിദിന്റെ ഛായാഗ്രഹണത്തിനും സുഷിൻ ശ്യാമിന്റെ സംഗീതത്തിനും സാധിച്ചു. ആദ്യാവസാനം വരെ അവതരണത്തിലെ ചടുലത നില നിർത്തുന്ന വിവേക് ഹർഷന്റെ എഡിറ്റിങ്ങും നന്നായി.


ദുരന്തമുഖത്ത് എന്ത് ചെയ്യണമെന്നറിയാതെ നിന്ന് പോകുന്നവരുടെ മാനസികാവസ്ഥകളും കഥാപാത്രങ്ങൾക്കിടയിലെ വൈകാരികതയും അങ്കലാപ്പും നിരാശയും പ്രത്യാശയുമൊക്കെ പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കുന്ന സംവിധാന മികവ്.

കഥാപാത്ര പ്രകടനങ്ങൾ കൊണ്ട് സൗബിനും ശ്രീനാഥ്‌ ഭാസിയുമൊക്കെ സ്‌കോർ ചെയ്‌തെന്ന് പറയുമ്പോഴും അവർക്കൊപ്പം തന്നെ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ച വക്കാൻ ദീപക് പറമ്പോൽ, ബാലു വർഗ്ഗീസ്, അഭിരാം ചന്ദ്രൻ, ജീൻ പോൾ ലാൽ, ഖാലിദ് റഹ്മാൻ, ഗണപതി, ചന്തു സലിം കുമാർ അടക്കമുള്ളവർക്ക് സാധിച്ചു.

ഗുണാ കേവിന്റെ യഥാർത്ഥ ആഴം എത്രയാണെന്ന് ആർക്കുമറിയില്ലായിരിക്കാം..പക്ഷെ മഞ്ഞുമ്മൽ ബോയ്സിന്റെ സഹൃദത്തിന്റെ ആഴം അതിനേക്കാളേറെയായിരുന്നെന്ന് സിനിമ കഴിയുമ്പോൾ നമുക്ക് ബോധ്യമാകും.

വെറും ഒരു സർവൈവൽ ത്രില്ലർ ഴോനറിലേക്ക് ഒതുങ്ങിപ്പോകാതെ ആ പതിനൊന്ന് പേർക്കിടയിലെ സൗഹൃദത്തിന്റെ ആഴം നമ്മളെ അനുഭവഭേദ്യമാക്കുന്നിടത്താണ് ചിദംബരത്തിന്റെ 'മഞ്ഞുമ്മൽ ബോയ്സ്' സൂപ്പറാകുന്നത്.

©bhadran praveen sekhar

No comments:

Post a Comment