Thursday, February 29, 2024

അധികാര ലഹരിയുടെ ഭീകരത !!


വ്യത്യസ്തമായ കഥ പറഞ്ഞു പോകുന്ന സിനിമയേക്കാൾ, പറയുന്ന കഥയെ വ്യത്യസ്തമായി പറഞ്ഞവതരിപ്പിക്കുന്ന സിനിമക്കാണ് കൂടുതൽ ആസ്വാദന സാധ്യതകളുള്ളത് . രാഹുൽ സദാശിവന്റെ 'ഭ്രമയുഗം' ആ തലത്തിൽ ഭ്രമിപ്പിക്കുന്ന ഒരു തിയേറ്റർ എക്സ്പീരിയൻസാണ് എന്ന് പറയാം.

ഒറ്റ നോട്ടത്തിൽ ഒരു ഫാന്റസി - ഹൊറർ ത്രില്ലർ സിനിമയുടെ കെട്ടുമട്ടു ഭാവങ്ങൾ പേറുമ്പോഴും 'ഭ്രമയുഗം' സമർത്ഥമായി പറയുന്നതും പറഞ്ഞു വക്കുന്നതും അധികാര രാഷ്ട്രീയത്തെ പറ്റിയാണ്.

സ്വാതന്ത്ര്യവും ജനാധിപത്യ വിരുദ്ധതയുമൊക്കെ ഏറെ ചർച്ച ചെയ്യപ്പെടുന്ന കാലത്ത് കൊടുമൺ പോറ്റിയുടെ മനക്കിൽ നടക്കുന്ന പകിട കളിക്ക് അർത്ഥമാനങ്ങൾ പലതുണ്ട്.

കറുപ്പ്-വെളുപ്പ് നിറത്തിൽ മാത്രമായി വന്നു പോകുന്ന സ്‌ക്രീൻ കാഴ്ചകളിൽ യാതൊരു വിരസതയും അനുഭവപ്പെടുത്താതെ ആദ്യാവസാനം വരെ പിടിച്ചിരുത്തുന്ന വേറിട്ട സിനിമാനുഭവമായി മാറുകയാണ് 'ഭ്രമയുഗം'.

സിനിമ തുടങ്ങി ആദ്യ പത്തു മിനിറ്റുകൾക്കുള്ളിൽ തന്നെ കഥാപരിസരത്തിലേക്കും ആ കാലഘട്ടത്തിലേക്കുമൊക്കെ നമ്മളെ അനായാസേന കൊണ്ടെത്തിക്കുന്ന ഒരു മാജിക്കുണ്ട് ആ ബ്ലാക്ക് ആൻഡ് വൈറ്റ് സ്‌ക്രീനിൽ.


വേഷ പകർച്ച കൊണ്ടും വോയ്‌സ് മോഡുലേഷൻ കൊണ്ടുമൊക്കെ മമ്മൂക്ക ഞെട്ടിക്കും എന്നത് ഉറപ്പുള്ള കാര്യമായിരുന്നു. കഥാപാത്ര തിരഞ്ഞെടുപ്പുകൾക്കൊപ്പം പ്രകടനങ്ങളിലെ സൂക്ഷ്മതയും കൃത്യതയുമൊക്കെ കൊണ്ട് നമ്മളെ ഞെട്ടിക്കുക എന്നത് മൂപ്പരുടെ ഹരമായി പോയില്ലേ എന്ത് ചെയ്യാം.

നടക്കുന്നതും ഇരിക്കുന്നതും മുറുക്കുന്നതും മുരളുന്നതും തിന്നുന്നതും തൊട്ട് മുൻവശത്തെ പല്ല് കാണിച്ചു കൊണ്ടുള്ള ചില ചേഷ്ടകൾ കൊണ്ടുമൊക്കെ കൊടുമൺ പോറ്റിയായി പകർന്നാടുമ്പോൾ അഭിനയത്തോടുള്ള മമ്മുക്കയുടെ അടങ്ങാത്ത ഭ്രമം വായിച്ചെടുക്കാൻ പറ്റും.

മമ്മുക്കയോടൊപ്പം തന്നെ എടുത്തു പറയേണ്ട കഥാപാത്ര പ്രകടനങ്ങളാണ് അർജ്ജുൻ അശോകൻ - സിദ്ധാർഥ് ഭരതൻ ടീമിന്റെത് . അവസാനത്തോട് അടുക്കുമ്പോൾ അവർ രണ്ടു പേരും മമ്മുക്കയിലെ മഹാനടനോട് എതിരിടുന്ന കാഴ്ചകൾ അതി ഗംഭീരമാണ്.

പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും കലാ സംവിധാനവുമൊക്കെ ഈ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയുടെ വേറിട്ട ആസ്വാദനങ്ങൾക്ക് വഴിയൊരുക്കി.

കറുപ്പ് -വെളുപ്പ് നിറത്തിൽ, ചുരുങ്ങിയ കഥാപരിസരത്തിൽ, മൂന്ന് നാലു കഥാപാത്രങ്ങളെയും വച്ച് ഇത്രയും മികച്ച ഒരു തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിച്ച സംവിധായകന് നന്ദി. 

©bhadran praveen sekhar

No comments:

Post a Comment