Monday, October 21, 2024

ഓർമ്മകൾക്കും മറവികൾക്കുമിടയിലെ യാഥാർത്ഥ്യങ്ങൾ !!


സത്യത്തിൽ ഒരാൾ മരിച്ചു പോകുന്നത് ഹൃദയം നിലക്കുമ്പോൾ അല്ല അയാളുടെ ഓർമ്മകൾ മറയുമ്പോഴാണ്. ഓർമ്മകളുടെ തുടർച്ചകളിലാണ് നമ്മുടെ ജീവിതം മുന്നോട്ട് പോകുന്നത് പോലും.

'ബോഗയ്ൻവില്ല' യിലെ റീത്തുവിന്റെ കാര്യത്തിൽ ഈ പറഞ്ഞ പോലെ ഓർമ്മകൾക്ക് തുടർച്ചയില്ല. മറവിയുടെയും ചിതറിപ്പോയ ഓർമ്മകൾക്കുമിടയിൽ എവിടെയോ ഒളിഞ്ഞു കിടക്കുന്ന അവരുടെ യഥാർത്ഥ വ്യക്തിത്വത്തിലേക്കുള്ള ഒരു അന്വേഷണ യാത്രയാണ് 'ബോഗയ്ൻവില്ല'.

ദുരൂഹതയുണർത്തുന്ന കഥപരിസരവും, മൂടിവെക്കപ്പെട്ട കുറ്റകൃത്യങ്ങളുടെ ഭീകരത വെളിപ്പെടുത്തുന്ന കഥാ രംഗങ്ങളുമൊക്കെയുള്ള 'ബോഗയ്ൻവില്ല' യുടെ പ്രധാന ആസ്വാദനം അമൽ നീരദിന്റെ മേയ്ക്കിങ് ആണ്.

സിനിമയുടെ ടൈറ്റിൽ കാർഡ് എഴുതി തുടങ്ങുന്നതിന്റെ പശ്ചാത്തലം ശ്രദ്ധിച്ചാൽ കാഴ്ചയും ഓർമ്മയും തിരിച്ചറിവും മറവിയുമൊക്കെ തമ്മിലുള്ള ആഭ്യന്തര യുദ്ധം കാണാം. റീത്തുവിന്റെ ലോകത്തേക്ക് പ്രേക്ഷകനെ അപ്പോഴേ കൊണ്ട് പോകുന്നുണ്ട് സംവിധായകൻ.

റീത്തുവെന്ന കഥാപാത്രത്തിന്റെ വേറിട്ട അവസ്ഥാന്തരങ്ങളിലൂടെയും മാനസികാവസ്ഥകളിലൂടെയുമൊക്കെ ആഴത്തിൽ സഞ്ചരിച്ചു കൊണ്ടുള്ള ജ്യോതിർമയിയുടെ പ്രകടനം ഗംഭീരമായിരുന്നു.

കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് റോയ്സ് എന്ന കഥാപാത്രം ഒരു വലിയ പൊളിച്ചെഴുത്താണ്. അമൽ നീരദിന്റെ മാസ്റ്റർപ്പീസ് സ്ലോമോഷൻ സീനുകളിലും കുഞ്ചാക്കോ ബോബൻ സ്‌കോർ ചെയ്തു കാണാം.


അതേ സമയം ഫഹദ് ഫാസിൽ, ഷറഫുദ്ധീൻ പോലെയുള്ള നടന്മാരെ അമൽ നീരദ് എന്തിനോ വേണ്ടി ബലിയാടാക്കിയത് പോലെയാണ് തോന്നിയത്.

ഈ സിനിമയിൽ അത്ര വലിയ എഫക്ട് ഒന്നും ഉണ്ടാക്കാത്ത രണ്ടു കഥാപാത്രങ്ങളെ അവരെ പോലെയുള്ള നടമാരെ ഏൽപ്പിച്ചത് സിനിമയുടെ വിപണന മൂല്യം കൂട്ടാനാകും എന്ന് കരുതാം തൽക്കാലം.

വെല്ലുവിളി ഉയർത്തുന്നതല്ലെങ്കിലും ശ്രിന്ദയുടെ കഥാപാത്ര പ്രകടനം കൊള്ളാമായിരുന്നു. പക്ഷെ നിർണ്ണായക ഘട്ടത്തിൽ അവരെ കൊണ്ട് പറയിപ്പിക്കുന്ന 'ഇവനൊക്കെ ഇത്രയേ ഉള്ളൂ' എന്ന ഡയലോഗ് ഒക്കെ ക്രിഞ്ചിന്റെ കൊടുമുടി കേറി പോകുന്നു.

വീണാ നന്ദകുമാർ, ഷോബി തിലകൻ ഒക്കെ പല സീനുകളിലും മിസ് കാസ്റ്റ് ആയ പോലെ തോന്നി.

സ്ലോപേസ് കഥ പറച്ചിൽ ഒരിടത്തും ബോറടിപ്പിക്കുന്നില്ലെങ്കിലും രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ ക്‌ളീഷേകളുടെ കുത്തൊഴുക്കുണ്ട്.

കുറ്റവാളി ആരാണെന്നുള്ള സൂചന പ്രേക്ഷകനിലേക്ക് വ്യക്തമായി എത്തുമ്പോഴും ഫഹദിന്റെ ഐ.പി. എസ് ബുദ്ധിയിലേക്ക് മാത്രം എന്ത് കൊണ്ട് അതെത്തുന്നില്ല എന്ന് സംശയിച്ചു പോകും.

ഫഹദ്- ഷോബി തിലകൻ ടീമിന്റെ കേസ് അന്വേഷണ ശൈലി പോലും തട്ട് പൊളിപ്പനായാണ് അനുഭവപ്പെടുക.


എത്രയോ സിനിമകളിൽ ആവർത്തിച്ചു കണ്ടു ശീലിച്ച അതേ സൈക്കോ കുറ്റവാളിയും അയാളുടെ ക്രൈം മോട്ടീവുമൊക്കെ ഒട്ടും പുതുമകളില്ലാതെ അമൽ നീരദ് പടത്തിൽ റിവീൽ ചെയ്യപ്പെടുന്നതിൽ നിരാശയുണ്ടെങ്കിലും തിയേറ്റർ സ്‌ക്രീനിൽ കാഴ്ചാനുഭവം സമ്മാനിച്ചു കൊണ്ട് തൃപ്‍തിപ്പെടുത്തുന്നു 'ബോഗയ്ൻവില്ല'.

സുഷിൻ ശ്യാമിന്റെ സംഗീതം, ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രഹണമൊക്കെ 'ബോഗയ്ൻവില്ല' യുടെ മികവുകളായി. ചിതറിപ്പോയ റീത്തുവിന്റെ ഓർമ്മകളുടെ അടരുകളെല്ലാം ഒന്നിച്ച് ചേർത്ത് വക്കുന്നത് പോലെ ശ്രദ്ധേയമാണ് വിവേക് ഹർഷന്റെ എഡിറ്റിങ്.

ആ തലങ്ങളിൽ സാങ്കേതികമായും ദൃശ്യപരമായുമൊക്കെ 'ബോഗയ്ൻവില്ല' ആരെയും തൃപ്തിപ്പെടുത്തുമെന്ന കാര്യത്തിൽ തർക്കമില്ല.

എന്നാൽ കാഴ്ചയിൽ മനോഹരമാണെന്ന് സമ്മതിക്കുമ്പോഴും കടലാസ്സ് പൂക്കൾക്ക് മണമില്ല എന്നറിയുമ്പോഴുള്ള ഒരു നിരാശ ബാക്കിയാകുന്നുണ്ട് 'ബോഗയ്ൻവില്ല' യിൽ.

©bhadran praveen sekhar

No comments:

Post a Comment