കല ദൈവീകമാണ് അതിന് മതമില്ല എന്നൊക്കെ പറയുമ്പോഴും കലാകാരന്റെ മതം ചികഞ്ഞു നോക്കാൻ ഒരുമ്പെടുന്നവർ എല്ലാ കാലത്തുമുണ്ടായിട്ടുണ്ട് .
യേശുദാസിനെ പണ്ട് ഗുരുവായൂരമ്പലത്തിൽ പ്രവേശിപ്പിക്കാതെ തിരിച്ചു വിട്ട സംഭവമൊക്കെ അക്കൂട്ടത്തിൽ ഓർത്തു പോകാവുന്നതാണ്.
കലാമണ്ഡലം ഹൈദരാലി, നിലമ്പൂർ ആയിഷ അടക്കമുളളവർ യാഥാസ്ഥിതികരോട് നിരന്തരം കലഹിച്ചു കൊണ്ടാണ് കലാരംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചത് .
അത് കൊണ്ടൊക്കെ തന്നെ 'ഭഗവാൻ ദാസന്റെ രാമരാജ്യം' കൈകാര്യം ചെയ്യുന്ന വിഷയം ഏത് കാലത്തും പ്രസക്തമാണ് എന്ന് പറയാം.
ഉത്സവത്തിന്റെ കഥാപശ്ചാത്തലമുള്ള മുൻകാല സിനിമകളിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായ അവതരണ ശൈലിയാണ് ഈ സിനിമയുടേത്.
വണ്ണാത്തിക്കാവെന്ന ഗ്രാമവും അവിടത്തെ ഉത്സവത്തിന്റെ ഐതിഹ്യവുമൊക്കെ എന്താണെന്ന് ബോധ്യപ്പെടുത്തി കൊണ്ടുള്ള തുടക്കം കൊണ്ട് തന്നെ സിനിമയുടെ ഒരു മൂഡ് നമുക്ക് കിട്ടും .
സിനിമയിലേക്കെന്ന പോലെ സിനിമക്കുള്ളിൽ ചിട്ടപ്പെടുത്തിയ ബാലെയിലേക്കും കാഴ്ചക്കാരെ പിടിച്ചിരുത്താൻ സംവിധായകൻ റഷീദ് പറമ്പിലിന് സാധിച്ചിട്ടുണ്ട്.
ശിഹാബ് ഓങ്ങല്ലൂരിന്റെ ഛായാഗ്രഹണം, വിഷ്ണു ശിവശങ്കറിന്റെ സംഗീതവുമൊക്കെ സിനിമയുടെ മികവുകളിൽ ശ്രദ്ധേയമായി തോന്നി. കഥാപരിസരവുമായി ചേർന്ന് നിൽക്കുന്ന കലാ സംവിധാനവും കൊള്ളാം.
പ്രകടനത്തിലേക്ക് വന്നാൽ അക്ഷയ് രാധാകൃഷ്ണൻ, നന്ദന രാജൻ, ഇർഷാദ് അലി, നിയാസ് ബക്കർ, മണികണ്ഠൻ പട്ടാമ്പി, ശ്രീജിത്ത് രവി എല്ലാവരും തങ്ങളുടെ റോളുകൾ നന്നായി ചെയ്തു. . എന്നാൽ സിനിമയിൽ ആദ്യാവസാനം വരെ സ്‌കോർ ചെയ്തു പോകുന്നത് ടി.ജി രവിയും പ്രശാന്ത് മുരളിയുമാണ്.
കാലിക പ്രസകത്മായ പ്രമേയവും, വണ്ണാത്തിക്കാവിന്റെ പ്രാദേശികതയിലൂന്നി കൊണ്ടുള്ള കഥാപാത്ര സൃഷ്ടികളും, അതിലേക്ക് ബന്ധിപ്പിക്കുന്ന ഫാന്റസി എലെമെന്റ്സുമൊക്കെയുള്ള ഫെബിൻ സിദ്ധാർത്ഥിന്റെ തിരക്കഥ അഭിനന്ദനീയമാണ്.
തുടക്കത്തിൽ പറഞ്ഞു വച്ച ഐതിഹ്യ കഥയുമായി സിനിമയുടെ അവസാനത്തിലേക്ക് എത്തുമ്പോഴുള്ള ഫാന്റസിയെ വേണ്ട വിധം സമന്വയിപ്പിക്കാൻ സാധിച്ചോ എന്ന ഒരു സംശയം ഒഴിച്ച് നിർത്തിയാൽ 'ഭഗവാൻ ദാസന്റെ രാമരാജ്യം' ഒരു പുതുമുഖ സംവിധായകൻ എന്ന നിലക്ക് റഷീദ് പറമ്പിലിനെ ഗംഭീരമായി തന്നെ അടയാളപ്പെട്ടുത്തുന്നുണ്ട്.
©bhadran praveen sekhar
No comments:
Post a Comment