മയക്കുമരുന്നും കഞ്ചാവും MDMA യുമൊക്കെയായി ലഹരി മാഫിയ കേരളത്തിൽ സജീവമായി വാഴുന്ന ഈ ഒരു കാലത്ത് 'ഓഫിസർ ഓൺ ഡ്യൂട്ടി' പോലൊരു സിനിമക്ക് പ്രസക്തിയുണ്ട്.
'ജോസഫ്', 'നായാട്ട്', 'ഇലവീഴാപൂഞ്ചിറ', 'ഓഫിസർ ഓൺ ഡ്യൂട്ടി' . ഷാഹി കബീറിന്റെ ഈ നാല് സിനിമകളിലും കേന്ദ്ര കഥാപാത്രങ്ങൾ പോലീസാണെങ്കിലും അവരുടെ കഥയും, അവർ കടന്ന് പോകുന്ന മനസികാവസ്ഥകളും, അവർക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളും ഒന്നിനൊന്ന് വ്യത്യസ്തമാണ്.
പോലീസുകാരന്റെ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവുമൊക്കെ പരസ്പ്പരം കൂടിക്കുഴഞ്ഞു കൊണ്ടുള്ള വേറിട്ട കഥ പറച്ചിൽ തന്നെയാണ് 'ഓഫീസർ ഓൺ ഡ്യൂട്ടി' യെയും സംഘർഷഭരിതമാക്കുന്നത്.
ഔദ്യോഗികജീവിതത്തിലെ വീഴ്ചകളും, വ്യക്തിജീവിതത്തിലെ ട്രാജഡിയും ട്രോമയുമൊക്കെ കൊണ്ട് തീർത്തും പരുക്കാനായി പരുവപ്പെട്ട സി.ഐ ഹരിശങ്കറിനെ ആദ്യത്തെ ഒരൊറ്റ കാഴ്ചയിൽ തന്നെ നമ്മളെ ബോധ്യപ്പെടുത്തുന്ന പ്രകടനമായിരുന്നു കുഞ്ചാക്കോ ബോബന്റെത്.
വേറിട്ട വേഷ പകർച്ച കൊണ്ടും നെഗേറ്റിവ് വേഷങ്ങൾ കൊണ്ടുമൊക്കെ നമ്മളെ ഞെട്ടിച്ചിട്ടുണ്ടെങ്കിലും ഇത് പോലൊരു റഫ് ആൻഡ് ടഫ് കാരക്ടറിൽ കുഞ്ചാക്കോ ബോബൻ സ്‌കോർ ചെയ്ത മറ്റൊരു സിനിമ വേറെയില്ല.
ഔദ്യോഗികവും വ്യക്തിഗതവുമായ മാനസിക സംഘർഷങ്ങൾ കൊണ്ട് അടിമുടി സങ്കീർണ്ണമായ സി. ഐ ഹരിശങ്കറെന്നെ കഥാപാത്രത്തെ കുഞ്ചാക്കോ ബോബൻ ഗംഭീരമായി കൈകാര്യം ചെയ്തു. കരിയർ ബെസ്റ്റ് എന്ന് നിസ്സംശയം പറയാവുന്ന പ്രകടനം.
ഡാൻസ് ചെയ്യാൻ അറിയാം എന്ന ഒറ്റ കാരണം കൊണ്ട് കിട്ടുന്ന വേഷമെല്ലാം ഡാൻസറിന്റേത് എന്ന മട്ടിലായിരുന്നു റംസാന്റെ കാര്യം. എന്നാൽ ഈ സിനിമയിൽ അത് പൊളിച്ചെഴുതപ്പെട്ടിട്ടുണ്ട്.
ആണും പെണ്ണുമടങ്ങുന്ന സിനിമയിലെ വില്ലൻ ഗ്യാങ്ങിനെ ആ ലെവലിൽ ആണ് സെറ്റ് ചെയ്തു വച്ചിട്ടുള്ളത്. എടുത്തു പറയേണ്ടത് വിശാഖ് നായരുടെ വില്ലൻ റോളാണ്. സ്‌ക്രീൻ പ്രസൻസും ലുക്കും കൊണ്ട് വിശാഖ് ആണ് വില്ലൻ ഗ്യാങ്ങിൽ കത്തി നിൽക്കുന്നത്.
ചേസിംഗ് സീനുകളും ആക്ഷൻ സീക്വൻസുകൾ കൊണ്ടുമൊക്കെ ത്രില്ലടിപ്പിക്കുമ്പോഴും രണ്ടാം പകുതിയിലെ കഥ പറച്ചിലിൽ ചില മിസ്സിങ്ങ് അനുഭവപ്പെട്ടു. അവസാനം പറഞ്ഞവസാനിപ്പിക്കുന്ന ഘട്ടത്തിലും ഒന്നൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നിപ്പോയി. അതൊഴിച്ചു നിർത്തിയാൽ എല്ലാം കൊണ്ട് തൃപ്തിപ്പെടുത്തിയ സിനിമ.
ജേക്സ് ബിജോയുടെ BGM, ചമ്മൻ ചാക്കോയുടെ എഡിറ്റിങ്, റോബി വർഗീസിന്റെ ഛായാഗ്രഹണം. സിനിമയുടെ ചടുലതയും ത്രില്ലും നിലനിർത്തിയതിൽ പ്രധാന പങ്കു വഹിച്ചു.
ഒരു തുടക്കക്കാരന്റെ പതറിച്ചകളൊന്നുമില്ലാതെ ഒരു പോലീസ് -ക്രൈം -ഡ്രാമ- ത്രില്ലർ സാങ്കേതികത്തികവോടെ സംവിധാനം ചെയ്ത ജിത്തു അഷ്റഫിന് അഭിനന്ദനങ്ങൾ.
©bhadran praveen sekhar
No comments:
Post a Comment