Friday, February 28, 2025

Chhaava


ഛത്രപതി ശിവജിയുടെ മരണ വാർത്ത മുഗൾ ചക്രവർത്തി ഔറംഗ സേബിന്റെ സന്നിധിയിൽ എത്തുന്നിടത്താണ് തുടക്കം.

തനിക്ക് ഏറ്റവും ശക്തനായ ഒരു ശത്രുവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. വീരനായ ശിവജിക്ക് വേണ്ടി സ്വർഗ്ഗ വാതിലുകൾ തുറക്കപ്പെടട്ടെ !!

ശിവജിയുടെ മരണവാർത്തയോട് ഔറംഗ സേബ് പ്രതികരിക്കുന്നത് ഇങ്ങിനെയാണ്.

ശിവജി തുടങ്ങി വച്ച പോരാട്ടങ്ങൾ അവസാനിച്ചുവെന്ന് കരുതുന്നിടത്ത് മകൻ സംഭാജി മുഗളരുമായി യുദ്ധം പുനരാരംഭിക്കുന്നതും, സംഭാജിയെ പിടിച്ചു കെട്ടി മുന്നിൽ കൊണ്ട് വന്നു നിർത്തുന്ന ദിവസത്തിനായുള്ള ഔരംഗസേബിന്റെ കാത്തിരിപ്പുമൊക്കെയാണ് പിന്നീടുള്ള സിനിമയിൽ.


സംഭാജി ആയി വിക്കി കൗശൽ അഴിഞ്ഞാടിയെന്ന് പറയാം. രാജാവിന്റെ വേഷത്തിലുള്ള ലുക്കും സ്‌ക്രീൻ പ്രസൻസും മാത്രമല്ല അഭ്യാസ പ്രകടനങ്ങളിലെ മെയ്‌വഴക്കം കൊണ്ടും, വോയ്സ് മോഡുലേഷനിലെ ഗാംഭീര്യം കൊണ്ടുമൊക്കെ സംഭാജിയുടെ വേഷം മികവുറ്റതാക്കാൻ വിക്കി കൗശലിനു കഴിഞ്ഞു.

ഔറംഗസേബായി അക്ഷയ് ഖന്നയുടെ പ്രകടനം അതിനൊപ്പം തന്നെ എടുത്തു പറയേണ്ടി വരും.

വാർദ്ധക്യത്തിന്റെ അവശ രൂപത്തിൽ അധികമൊന്നും സംസാരിക്കാൻ താല്പര്യപ്പെടാത്ത, എന്നാൽ അളന്നു പറയുന്ന ഓരോ വാചകങ്ങളിലും, നടത്തത്തിലും നോട്ടത്തിലുമൊക്കെ ക്രൗര്യം നിറഞ്ഞു നിൽക്കുന്ന പ്രതിനായക വേഷത്തെ അക്ഷയ് ഖന്ന എല്ലാ തലത്തിലും ശ്രദ്ധേയമാക്കി.

കവി കലേഷ് - സംഭാജി തമ്മിലുള്ള വൈകാരിക ബന്ധമൊക്കെ ആഴത്തിൽ അനുഭവപ്പെടുത്തുന്നുണ്ട് സിനിമ. പ്രത്യേകിച്ച് ക്ലൈമാക്സ് സീനുകളിലെ അവരുടെ സംഭാഷണ ശകലങ്ങളൊക്കെ ഹൃദയത്തിൽ തട്ടും.

കവി കലാഷിനെ അവതരിപ്പിച്ച വിനീത് കുമാർ സിംഗ്, ഹംബിർറാവു മോഹിതെയായി വന്ന അഷുതോഷ് റാണാ, സോയാരാബായിയായി വന്ന ദിവ്യ ദത്ത എല്ലാവരും നന്നായിരുന്നു.

'അനിമൽ' ആയാലും , 'പുഷ്പ' ആയാലും 'ഛാവ' ആയാലും അവസാനം അഭിനയിച്ച സിനിമകളിലെല്ലാം ഭർത്താവിനെ ആരതി ഉഴിയുന്ന സീൻ രശ്‌മികക്ക് നിർബന്ധമാക്കിയ പോലെയായി. സംഭാജിയുടെ ഭാര്യാ കഥാപാത്രത്തിനപ്പുറം കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു രശ്മികക്ക്.

AR റഹ്മാന്റെ പാട്ടുകളേക്കാൾ ഈ സിനിമയിലെ ബാക്ഗ്രൗണ്ട് സ്‌കോർ ആണ് ഇഷ്ടപ്പെട്ടത്. അവസാനത്തോട് അടുക്കുമ്പോൾ അതിന്റെ ഫീൽ വേറെ ലെവലാക്കി മാറ്റുന്നുണ്ട് ARR.

സ്വന്തം സാമ്രാജ്യത്തെ വികസിപ്പിക്കാനും അത് വഴി കൂടുതൽ അധികാരങ്ങൾ നേടിയെടുക്കാനും അതാത് കാലത്തെ ഭരണാധികാരികൾ എന്തൊക്കെ ചെയ്തിരുന്നു അതൊക്കെ തന്നെയാണ് മറാഠ - മുഗൾ യുദ്ധങ്ങളിലും കാണാൻ സാധിക്കുക.

എന്നാൽ മറാഠ സമം ഹിന്ദു, മുഗൾ സമം മുസ്ലിം എന്ന നിലക്ക് രണ്ടു മത വിഭാഗങ്ങൾ തമ്മിലുളള യുദ്ധമായിരുന്നു ഇതെല്ലാം എന്ന് വിലയിരുത്തുന്ന പടു പൊട്ടന്മാരുണ്ട്. അങ്ങിനെയുള്ളവർ ഈ പടം കാണാതിരിക്കുന്നതാണ് നല്ലത്.

അവരോടൊക്കെ പറയാനുള്ളത് അയ്യപ്പനും കോശിയിലെയും ആ ഡയലോഗ് ആണ്. "നമ്മൾ ഇതിൽ ഇല്ല.. കണ്ടാൽ മതി.." ഇത് മറാഠക്കാരും മുഗളരും തമ്മിലുള്ള പ്രശ്നമാണ്. അതൊക്കെ അന്നേ യുദ്ധം ചെയ്തു തീർത്തതാണ്. ഇനി അതിന്റെ പേരിൽ വേറൊരു യുദ്ധം വേണ്ട.

സമീപ കാലത്ത് വന്ന പ്രൊപോഗണ്ട പടങ്ങളൊക്കെ വച്ച് നോക്കുമ്പോൾ 'ച്ഛാവാ'യുടെ മെയ്കിങ് വ്യക്തിപരമായി എന്നെ തൃപ്‍തിപ്പെടുത്തി.

'ച്ഛാവാ'യിലെ വൈകാരികത സിനിമ കാണുന്ന ആർക്കും കണക്ട് ആകും. ശിവജിയും സംഭാജിയുമൊക്കെ മറാഠക്കാർക്ക് എങ്ങിനെ പ്രിയപ്പെട്ടവരാകുന്നു എന്ന് ഉൾക്കൊള്ളാൻ സാധിക്കും.

തിയേറ്റർ എക്സ്പീരിയൻസിൽ തന്നെ കാണേണ്ട ഒരു സിനിമ !!

©bhadran praveen sekhar

No comments:

Post a Comment