Thursday, April 10, 2025

ചിയാൻ വിക്രമിന്റെ ഉശിരൻ പടം !!


'പൊന്നിയിൻ സെൽവൻ', 'തങ്കലാൻ' പോലുള്ള സിനിമകളിലെ കഥാപാത്ര പ്രകടനങ്ങൾ കൊണ്ട് തൃപ്തിപ്പെടുത്തുമ്പോഴും ആക്ഷനും, സ്‌ക്രീൻ പ്രസൻസും, സ്വാഗും കൊണ്ടുമൊക്കെ ത്രസിപ്പിക്കുന്ന ഒരു ചിയാൻ പടം കാണാൻ കിട്ടിയിട്ട് കാലമേറെയായിരുന്നു. 

ആ പരാതിയാണ് ഇപ്പോൾ 'വീര ധീര ശൂര'നിലൂടെ എസ്.യു അരുൺ കുമാർ പരിഹരിച്ചിരിക്കുന്നത്.    

ആക്ഷൻ മാസ്സ് റോളിൽ ഒരു തിരിച്ചു വരവ് എന്ന് നിസ്സംശയം പറയാവുന്ന തരത്തിൽ കാളിയെന്ന കഥാപാത്രത്തെ ചിയാൻ വിക്രം ഗംഭീരമാക്കിയിട്ടുണ്ട്.

ഒരൊറ്റ രാത്രിയിൽ നടക്കുന്ന സംഭവ വികാസങ്ങളിലൂടെയുള്ള കഥ പറച്ചിൽ ശ്രദ്ധേയമായി തോന്നി.

സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ചു കൊണ്ട് കഥയും മറുകഥയുമൊക്കെ താനേ മനസ്സിലാക്കിയെടുക്കുമ്പോഴുള്ള ആസ്വാദനമാണ് ഈ സിനിമയുടെ ഹൈലൈറ്റ്.


രണ്ടാം ഭാഗം കൊണ്ട് കഥ പറഞ്ഞു തുടങ്ങുന്ന സിനിമ എന്ന നിലക്ക് 'വീര ധീര ശൂര'ൻ അവതരണത്തിൽ വ്യത്യസ്തത പുലർത്തുന്നതും അങ്ങിനെയാണ്.

നമുക്കറിയാത്ത കഥയും, നമ്മൾ കണ്ടിട്ടില്ലാത്ത കഥാപാത്രങ്ങളുമൊക്കെ ഈ രണ്ടാം ഭാഗ കഥയിൽ ഒളിച്ചിരിപ്പുണ്ട്.

ഇടക്ക് വരുന്ന ഫ്ലാഷ് ബാക്ക് സീനുകളിൽ കൂടെ ചില കാര്യങ്ങൾ ബോധ്യപ്പെടുത്തി തരുമ്പോഴും ഒന്നാം ഭാഗത്ത് നടന്നിരിക്കാവുന്ന കഥയെ പറ്റി ഊഹിക്കാൻ മാത്രമേ നമുക്ക് സാധിക്കൂ.

പകയുടെയും, ചതിയുടെയും, ചെറുത്തു നിൽപ്പിന്റെയും, അതിജീവനത്തിന്റെയുമൊക്കെ സംഭവബഹുലമായ രാത്രിയെ ചടുലതയോടെദൃശ്യവത്ക്കരിച്ച തേനി ഈശ്വറും, കൃത്യതയോടെ എഡിറ്റ് ചെയ്ത പ്രസന്ന ജി.കെയും, സിനിമയുടെ മൂഡിനൊത്ത സംഗീതമൊരുക്കിയ GV പ്രകാശ് കുമാറുമൊക്കെ 'വീര ധീര ശൂര'ന്റെ ഉശിരു കൂട്ടി.

സുരാജ് വെഞ്ഞാറമൂടിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റം മോശമാക്കിയില്ല. കണ്ണൻ എന്ന കഥാപാത്രത്തെ വേറിട്ട ഗെറ്റപ്പിലൂടെയും സംഭാഷണ ശൈലിയിലൂടെയും മികവുറ്റതാക്കി സുരാജ്.


എസ്.ജെ സൂര്യ - അത് പിന്നെ ഒരു ജിന്നായത് കൊണ്ട് കൂടുതൽ പറയേണ്ട കാര്യമേയില്ല ല്ലോ. തുടക്കം മുതൽ ഒടുക്കം വരെ പിടി തരാത്ത അരുണഗിരിയെന്ന പോലീസ് കഥാപാത്രത്തെ കൈയ്യൊതുക്കത്തോടെ അവതരിപ്പിക്കാൻ SJ സൂര്യക്ക് സാധിച്ചു. ആ കഥാപാത്രത്തിന്റെ മൈൻഡ് ഗെയിമും മാനസിക വ്യാപാരങ്ങളുമൊക്കെ ഉൾക്കൊണ്ടുള്ള കൃത്യമായ പകർന്നാട്ടം എന്ന് തന്നെ പറയാം.

ബലിറെഡ്ഢി പൃഥ്വിരാജിന്റെ പെരിയവർ കഥാപാത്രം സിനിമയുടെ നെടും തൂണായി നിലകൊണ്ടു. ദുഷാര വിജയൻ, മലാ പാർവ്വതി, ബാലാജി, സുരാജിന്റെ പെങ്ങളായി അഭിനയിച്ച നടി അടക്കമുള്ളവർക്ക് അവരുടേതായ സ്‌പേസ് സിനിമയിൽ കിട്ടി.

പ്രാദേശിക ഗുണ്ടാസംഘങ്ങളുടെ പര്സപരമുള്ള പോർവിളികളും പോലീസിന്റെ എൻകൗണ്ടറുമൊക്കെ പ്രമേയവത്ക്കരിച്ച മുൻകാല സിനിമകളുടെ കഥാപരിസരങ്ങളെ ഓർമ്മപ്പെടുത്തുമ്പോഴും കെട്ടുറപ്പുള്ള തിരക്കഥയും, മികച്ച കഥാപാത്ര പ്രകടനങ്ങളും, മേക്കിങ് മികവുമൊക്കെ കൊണ്ട് എല്ലാ തലത്തിലും ഒരു പൈസാ വസൂൽ പടമായി 'വീര ധീര ശൂരൻ'.

ഇനി ഒന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പാണ്. അതിനൊപ്പം കാളിയുടെ ഉറ്റ സുഹൃത്ത് ദിലീപ് ആരാണെന്നറിയാനുള്ള ആകാംക്ഷയും കൂടുന്നു.

©bhadran praveen sekhar

No comments:

Post a Comment