ഒരു ബോക്സിങ് സിനിമയുടെ പ്രതീതി അനുഭവപ്പെടുത്തുന്ന മേയ്ക്കിങ് ഉണ്ടെങ്കിലും സൗഹൃദത്തിന്റെയും സംഗീതത്തിന്റെയുമൊക്കെ രസക്കൂട്ടാണ് 'ആലപ്പുഴ ജിംഖാന'യുടെ ആസ്വാദനം.
കൂട്ടത്തിലൊരുത്തന് അപ്രതീക്ഷിതമായി കിട്ടുന്ന ഇടിയിൽ നിന്നാണ് സിനിമയുടെ കഥാപരിസരം പൊടുന്നനെ മാറി മറയുന്നത്.
അവിടെ നിന്നങ്ങോട്ട് തുടങ്ങി അവസാനം വരെ ബോക്സിങ് ഉണ്ട്. പക്ഷേ ഇത്തരം സിനിമകളിൽ നമ്മൾ ആദ്യമേ കണക്ക് കൂട്ടി വച്ചിരിക്കുന്ന സംഗതികളൊന്നും ഇവിടെ കാണാൻ കിട്ടില്ല.
കഥാപാത്രങ്ങളുടെ ബിൽഡ് അപ്പും കഥയിൽ ബോക്സിങ്ങിനു കൊടുക്കുന്ന പ്രാധാന്യവുമൊക്കെ കണക്കിലെടുക്കുമ്പോൾ അത്തരം സീനുകൾ സ്‌ക്രീനിൽ ആവേശമുണ്ടാക്കിയേനെ. ഉദാഹരണത്തിന് 'തല്ലുമാല', 'RDX' സിനിമകളിലൊക്കെ വേണ്ട സമയത്ത് 'അടി' നടക്കുമ്പോൾ കിട്ടുന്ന ഹൈ മൊമെന്റ്‌സ് ഇവിടെ മിസ്സിംഗ് ആണ്.
ഇവിടെ അതിനേക്കാൾ പ്രാധാന്യം കഥാപാത്രങ്ങൾ തമ്മിലുള്ള രസകരമായ സൗഹൃദത്തിന് കൊടുത്തു കൊണ്ടുള്ള ഒരു വിഷ്വൽ ട്രീറ്റാണ് ഖാലിദ് റഹ്മാൻ സമ്മാനിക്കുന്നത്. വിഷ്ണു വിജയുടെ സംഗീതം കൂടി ചേരുമ്പോൾ അതിന്റെ ആസ്വാദനം ഇരട്ടിക്കുന്നു.
നസ്ലന്റെ ഡയലോഗ് ഡെലിവറി ടൈമിങ്ങും റിയാക്ഷൻസുമൊക്കെ മികച്ചു നിന്നു. ജോജോ ജോൺസൺ എന്ന കഥാപാത്രത്തിന് വേണ്ടി നടത്തിയ ബോക്സിങ് പരിശീലനങ്ങളൊക്കെ അപ്രസക്തമാകും വിധം മുഴുനീള സിനിമയിൽ നസ്ലൻ എന്റർടൈൻമെന്റ് ആയി മാറുന്ന കാഴ്ച.
സന്ദീപ് പ്രദീപ്, ശിവ ഹരിഹരൻ, ഹബീഷ് , ഫ്രാങ്കോ ഫ്രാൻസിസ് അടക്കമുള്ള ആ ഗ്യാങ് മൊത്തം നല്ല വൈബാണ് സിനിമയിൽ.
ലുക്മാന്റെ ആന്റണി ജോഷ്വ, ഗണപതിയുടെ ദീപക്ക് പണിക്കർ.. രണ്ടു പേരും പ്രകടനം കൊണ്ട് നന്നായി തോന്നിയെങ്കിലും അവരുടെ കഥാപാത്രങ്ങൾക്ക് കൊടുത്ത ബിൽഡ് അപ്പ് വച്ച് നോക്കുമ്പോൾ സിനിമയുടെ അവസാനമെത്തുമ്പോൾ ആ രണ്ടു കഥാപാത്രങ്ങൾക്കും സിനിമയിൽ ഒന്നും ചെയ്യാനില്ലാത്ത പോലെയായി.
ബോക്സിങ് റിങ്ങിൽ സിനിമയുടെ പൾസിനൊത്ത പ്രകടനം കാഴ്ച വച്ച അനഘ രവിയെ പറ്റി പ്രത്യേകം എടുത്തു പറയേണ്ടി വരും. മെയ് വഴക്കം കൊണ്ട് ഇടിക്കൂട്ടിലെ എതിരാളിയെ നേരിടുന്ന സീനുകളിലെല്ലാം അനഘ സിനിമയിൽ ഓളമുണ്ടാക്കി. "പഞ്ചാര നീ ..പഞ്ചാലെ നീ .." പാട്ട് തന്നെ ധാരാളം.
സ്പോർട്സ് സിനിമകളിലെ കേന്ദ്ര കഥാപാത്രങ്ങളെല്ലാം കഥാന്ത്യം വിജയം രുചിക്കുന്നവരാകണം എന്ന നിർബന്ധബുദ്ധിയെ ഖാലിദ് റഹ്മാൻ ചവറ്റു കൊട്ടയിലെറിഞ്ഞു കാണാം സിനിമയിൽ. പകരം, ജയ പരാജയങ്ങളേക്കാൾ പ്രസക്തി ജീവിതത്തിലെ അവിചാരിത വെല്ലുവിളികളെ ഭയമില്ലാതെ നേരിടുന്നതിനാണ് എന്ന് പറഞ്ഞു വക്കുന്നു.
ഒരു സ്പോർട്സ് സിനിമയുടെ ത്രില്ല് പ്രതീക്ഷിക്കാതെ ഒരു എന്റർടൈൻമെന്റ് മൂഡിൽ കാണേണ്ട പടം. അഥവാ ആ എന്റെർറ്റൈന്മെന്റ് തന്നെയാണ് ആലപ്പുഴ ജിംഖാനയുടെ ഴോണരും.
©bhadran praveen sekhar
No comments:
Post a Comment