Monday, May 26, 2025

പ്രിൻസ് ആൻഡ് ഫാമിലി


'ലൈഫ് ഓഫ് ജോസൂട്ടി'യുടെയും, 'ടു കണ്ട്രീസിന്റെ'യുമൊക്കെ കഥാംശങ്ങൾ മറ്റൊരു വിധത്തിൽ പറഞ്ഞവതരിപ്പിച്ച പോലെ തോന്നിയെങ്കിലും ഒരു ഫാമിലി എന്റെർറ്റൈനെർ എന്ന നിലക്ക് 'പ്രിൻസ് ആൻഡ് ഫാമിലി' വ്യക്തിപരമായി എന്നെ തൃപ്‍തിപ്പെടുത്തി.

ഷാരിസ് മുഹമ്മദിന്റെ മുൻകാല തിരക്കഥകളിലെല്ലാം കാണാറുള്ളത് പോലെ സാമൂഹിക പ്രസക്തമായ ചില വിഷയങ്ങൾ ഇവിടെയും കാണാം. എന്നാൽ അതെല്ലാം ഒരു മുഴുനീള സിനിമക്കെന്ന പോലെ ഉപയോഗിക്കുന്നില്ല എന്ന് മാത്രം. 

ഒരു ഫാമിലി സ്റ്റോറിക്കൊപ്പം കോമഡിയും ഇമോഷൻസുമൊക്കെ കൃത്യമായി സമന്വയിപ്പിച്ചു കൊണ്ടുള്ള കഥ പറച്ചിലിൽ രസക്കേടുകളൊന്നും അനുഭവപ്പെട്ടില്ല. തന്റെ ആദ്യത്തെ സിനിമ എന്ന നിലക്ക് ബിന്റോ സ്റ്റീഫന് 'പ്രിൻസ് ആൻഡ് ഫാമിലി' ഗുണമേ ചെയ്യൂ.

ഈ സിനിമയിൽ എടുത്തു പറയേണ്ട ഒരു പേര് അത് റാണിയ റാണയുടേതാണ്. സീനിയർ നടീ നടൻമാർ ഒരുപാടുള്ള സിനിമയിൽ ഒരു പുതുമുഖ നടി വന്നു സ്‌കോർ ചെയ്യുക എന്നത് ചെറിയ കാര്യമല്ല.

ഒരു പൊടിക്ക് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ഓവർ ആക്റ്റിംഗും വെറുപ്പിക്കലുമാകുമായിരുന്ന ചിഞ്ചു റാണി എന്ന കഥാപാത്രത്തെ റാണിയാ റാണാ ഗംഭീരമായി അവതരിപ്പിച്ചു. ബ്രൈഡ് എൻട്രി സീനിലൊക്കെയുള്ള റാണിയയുടെ എനർജി ലെവൽ സ്‌ക്രീനിൽ ഓളമുണ്ടാക്കി.

ടൈറ്റിൽ സോങ് തൊട്ടിങ്ങോട്ടുള്ള പാട്ടുകൾ ഏതെടുത്താലും ഒരു ഫാമിലി എന്റെർറ്റൈനെർ സിനിമയുടെ എല്ലാ മൂഡും സമ്മാനിക്കുന്നുണ്ട് സനൽ ദേവിന്റെ സംഗീതം. അക്കൂട്ടത്തിൽ ജേക്സ് ബിജോയ് പാടിയ 'മായുന്നല്ലോ മാനത്തെ പൊൻതിരി .' ക്ക് വേറിട്ടൊരു ഫീലുണ്ട്.

പത്തു കൊല്ലം മുന്നേ വരേണ്ട സിനിമയാണ്‌ എന്നൊക്കെ ചിലര് പറയുന്നത് കേട്ടു. പക്ഷെ തിയേറ്ററിൽ ഫാമിലി അടക്കം എല്ലാവർക്കും പടം വർക് ആയിട്ടുണ്ട്.

പിന്നെ മെയ്കിങ് മികവും, സ്ക്രിപ്റ്റ്‌ ബ്രില്ല്യൻസുമൊക്കെ നോക്കി 'മാറുന്ന മലയാള സിനിമ' യെ പറ്റി ഗവേഷണം നടത്തുന്നവരൊന്നും പ്രിൻസിന്റെ വീട്ടു പടിക്കലിനു മുന്നിൽ കൂടി പോകാതിരിക്കുക.

©bhadran praveen sekhar

No comments:

Post a Comment