യക്ഷിയും, ചാത്തനും, ഒടിയനും, മറുതയുമൊക്കെ നമുക്കിടയിൽ നമ്മളറിയാതെ ജീവിക്കുന്നുണ്ടെന്ന് പറയുന്ന അവിശ്വസനീയതയെ വിശ്വസനീയമാക്കി അവതരിപ്പിച്ചു പ്രതിഫലിപ്പിക്കുന്ന സംവിധാന മികവ്.
'കൽക്കി' സിനിമയിലൂടെ നാഗ് അശ്വിൻ ഒക്കെ സെറ്റ് ചെയ്ത ബെഞ്ച് മാർക്ക് പോലെ 'ലോക' യിലൂടെ ഡൊമിനിക് അരുൺ മലയാള സിനിമയെ മറ്റൊരു തലത്തിൽ അടയാളപ്പെടുത്തുന്നു.
കഥ, തിരക്കഥ, ദൃശ്യ പരിചരണം, ശബ്ദ മിശ്രണം, സംഗീതം, ഛായാഗ്രഹണം, വസ്ത്രാലങ്കാരം, സംഘട്ടനം, കാസ്റ്റിങ്, കഥാപാത്ര പ്രകടനങ്ങൾ, മറ്റു സാങ്കേതിക വശങ്ങൾ തൊട്ട് ഒരു സിനിമയുടെ നാനാ വശങ്ങളും കൃത്യമായി വർക് ഔട്ട് ആയതിന്റെ പെർഫെക്ഷൻ 'ലോക' യിലുണ്ട്.
കള്ളിയങ്കാട്ട് നീലിയുമായി ബന്ധപ്പെട്ടുള്ള മിത്തിന്റെ പുനരവതരണവും , കാലങ്ങളായി മലയാള സിനിമയിൽ അവതരിപ്പിച്ചു പരിചയിച്ച യക്ഷി സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന ക്രാഫ്റ്റുമൊക്കെയായി ചന്ദ്രയെന്ന കഥാപാത്രത്തെ മലയാള സിനിമയുടെ സൂപ്പർ 'ഷീറോ' യായി പ്രതിഷ്ഠിക്കുന്നു ഡൊമിനിക് അരുൺ.
ഒരു വിഭാഗം ജനങ്ങൾക്ക് നീലി രക്തം കുടിക്കുന്ന ഭീകരിയായ യക്ഷിയാണെങ്കിൽ മറ്റൊരു വിഭാഗം ജനങ്ങൾക്ക് അവൾ ദൈവമാണ് എന്ന് പറയുന്നതിലെ മിത്തിനെ സിനിമ രസകരമായി കൈകാര്യം ചെയ്തു കാണാം.
നീലിയുടെ രക്തദാഹത്തിനും, വെയിൽ തട്ടുമ്പോഴുണ്ടാകുന്ന സ്കിൻ അലർജിക്കും, നൈറ്റ് ഡ്യൂട്ടി പ്രിയത്തിനുമൊക്കെ പിന്നിലെ കാരണം വൈറസ് ബാധയെന്ന് പറയുന്നതിൽ ശാസ്ത്രീയതയുണ്ട്.
കല്യാണി പ്രിയദർശന്റെ പകരം വെക്കാനില്ലാത്ത പ്രകടനം. കല്യാണിയുടെ കരിയറിൽ ചന്ദ്രയുടെ ചാപ്റ്റർ എന്നും ഒന്നാമതായി തന്നെ തുടരും.
ചന്ദ്രയുടെ കുട്ടിക്കാലം ചെയ്ത പെൺകുട്ടിയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. പുലിമുരുകന്റെയൊക്കെ കുട്ടിക്കാല സീൻ ഓർത്തു പോയി.
നസ്ലെൻ - ചന്തു സലിം കുമാർ - അരുൺ കുര്യൻ ടീമടങ്ങുന്ന ആ കോംബോ 'ലോക' യുടെ കോമഡി മൂഡ് രസകരമായി നിലനിർത്തി.
ശരത് സഭയുടെ നെഗറ്റിവ് വേഷമൊക്കെ ശ്രദ്ധേയമായി.
'ലിയോ' യിൽ കുറഞ്ഞ സ്‌ക്രീൻ ടൈമിലെ പ്രകടനം കൊണ്ട് തന്നെ ശ്രദ്ധേയനായ സാൻഡി 'ലോക'യിലെ നാച്ചിയപ്പ ഗൗഡയുടെ വേഷത്തിൽ നിറഞ്ഞാടുന്നു.
കാമിയോ വേഷങ്ങളെ ഏറ്റവും നല്ല രീതിയിൽ സിനിമയിൽ പ്ലേസ് ചെയ്തിട്ടുണ്ട്.
അതിൽ തന്നെ ശബ്ദം കൊണ്ട് മാത്രം വന്നു പോകുന്ന കാമിയോ വേഷമൊക്കെ 'ലോക'യിലുണ്ടാക്കുന്ന മൂഡ് വേറെ ലെവലാണ്.
ചമ്മൻ ചാക്കോയുടെ എഡിറ്റ് - നിമിഷ് രവിയുടെ ഛായാഗ്രഹണം - ജേക്സ് ബിജോയുടെ സംഗീതം .. മൂന്നാളും 'ലോക'യുടെ വീര്യം കൂട്ടി.
പ്രൊഡക്ഷൻ ഡിസൈനും, അതിന്റെ ക്വാളിറ്റിയുമൊക്കെ എങ്ങിനെയാകണം എന്ന് വ്യക്തമായി ബോധ്യപ്പെടുത്തി തന്നു ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ്.
ഗംഭീര സിനിമാനുഭവം എന്ന് ഒറ്റ വാക്കിൽ പറഞ്ഞു വക്കാം. തിയേറ്ററിൽ തന്നെ കാണേണ്ട സിനിമ.
ഇനി മൂത്തോനും, ഒടിയനും, ചാത്തന്മാരുമൊക്കെ വരാനുള്ള കാത്തിരിപ്പാണ്.
©bhadran praveen sekhar