ജംഷഡ്പൂരിന്റെയും കൊൽക്കത്തയുടെയുമൊക്കെ കഥാപശ്ചാത്തലത്തിൽ ഒരു വേറിട്ട ഫീൽ ഗുഡ് സിനിമ.
പ്രായം 42 കഴിഞ്ഞിട്ടും അവിവാഹിതനായി തുടരേണ്ടി വരുന്ന നായകൻറെ കഥയെന്നോണം പറഞ്ഞു തുടങ്ങി ഒരു ഘട്ടമെത്തുമ്പോൾ 'ഗ്രേറ്റ് ഇന്ത്യൻ കിച്ചനി'ലെ പോലെയുളള സ്ത്രീ ജീവിതങ്ങളുടെ കൂടി കഥ പറയുന്നുണ്ട് സിനിമ.
ഭക്ഷണം വച്ച് കൊടുക്കാനും വീട്ടിലെ കാര്യങ്ങൾ നോക്കാനുമായി ഒരാൾ. അതുമല്ലെങ്കിൽ ഭാര്യ, അമ്മ, മരുമകൾ, ഏട്ടത്തിയമ്മ എന്ന പദവികളിൽ മാത്രം വിശേഷിപ്പിക്കപ്പെടുന്നവർ. അതിനപ്പുറത്തേക്ക് സ്വന്തമായി ഒരു ഐഡന്റിറ്റിയും രേഖപ്പെടുത്താൻ സാധിക്കാതെ പോകുന്ന സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നുണ്ട് ആയശാ രസാ മിശ്രയുടെ കുസും ത്രിപാഠി.
വിവാഹിതനാകാത്ത നായകൻ നേരിടുന്ന ഏകാന്തതയും അപകർഷതാ ബോധങ്ങളും ഒറ്റപ്പെടലുമൊക്കെ ദൃശ്യവത്ക്കരിക്കപ്പെടുന്ന അതേ സിനിമയിൽ തന്നെ ആണധികാര കുടുംബ വ്യവസ്ഥിതികളിലും വീടകങ്ങളിലും സ്വത്വം നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോകുന്ന സ്ത്രീ ജീവിതങ്ങളെ പ്രമേയവത്ക്കരിക്കാൻ സാധിച്ചത് ശ്രദ്ധേയമായി തോന്നി.
മധ്യവയസ്‌ക്കരുടെ വിവാഹം, പ്രണയം, ലൈംഗികത തുടങ്ങിയ വിഷയങ്ങളൊക്കെ ഒരു കുടുംബ സിനിമക്കുള്ളിലൂടെ മനോഹരമായി പറഞ്ഞവതരിപ്പിക്കാൻ സംവിധായകന് സാധിച്ചു .
മാധവൻ - ഫാത്തിമ സന ഷെയ്ഖിന്റെ കോംബോയിൽ ശ്രീ - മധു കഥാപാത്രങ്ങളെ കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു .
ജസ്റ്റിൻ പ്രഭാകരൻ - രോചക് കൊഹ്‌ലി ടീമിന്റെ സംഗീതത്തിലുണ്ട് ഈ സിനിമയുടെ മൊത്തം ഫീൽ .
തെരെ ദിൽ സെ നികലെ
ജായേൻ തോ ജായേൻ കഹാം..
സാരെ ജഗ് മേൻ കൈസേ
ഹം ഫിർ മാരെ മാരെ...
ലോട്ട് ആനേദോ ഹംകോ
ഫിർ സെ ദിൽ മേൻ തുമാരെ..
©bhadran praveen sekhar

No comments:
Post a Comment