രാഷ്ട്രീയത്തിൽ സജീവമായി നിറഞ്ഞു നിൽക്കുന്ന വിജയുടെ 'ജനനായകൻ' റിലീസ് വൈകുന്നു , പ്രധാന എതിരാളികളില്ലാതെ സുധ കൊങ്കരയുടെ 'പരാശക്തി' , നളൻ കുമാരസ്വാമിയുടെ 'വാ വാത്യാർ' പ്രതീക്ഷകളോടെ റിലീസാകുന്നു.
സീൻ 1 B
കാര്യമായ പ്രതികരണങ്ങൾ ഒന്നുമില്ലാതെ രണ്ടു പടങ്ങളും ബോക്സോഫിസിൽ അടപടലം പൊളിഞ്ഞ് വീഴുന്നു. അതിന്റെ കുറ്റം മുഴുവൻ പരോക്ഷമായി വിജയുടെ സിനിമാ രാഷ്ട്രീയത്തിന് മേൽ ചാർത്തുന്നു.
സീൻ 2. (പൊങ്കൽ ഹീറോ എൻട്രി )
ഒച്ചപ്പാടോ, പരസ്പ്പരം പഴി ചാരലോ ഒന്നുമില്ലാതെ സരസമായ ഭാഷയിൽ ആദ്യാവസാനം വരെ ആളുകളെ ചിരിപ്പിച്ചു കൊണ്ട് സമകാലീന രാഷ്ട്രീയാവസ്ഥ എന്താണെന്ന് ബോധ്യപ്പെടുത്തി കൊണ്ട് നിതിഷ് സഹദേവിന്റെ 'തലൈവർ തമ്പി തലൈമയിൽ' (TTT) ഇത്തവണത്തെ പൊങ്കൽ നൈസായി തൂക്കുന്നു.
പൊങ്കൽ റിലീസ് സിനിമകളിലെ കക്ഷി രാഷ്ട്രീയമല്ല, മറിച്ച് കണ്ടു രസിക്കാനും ഉൾക്കൊള്ളാനുമാകുന്ന രാഷ്ട്രീയ ബോധ്യങ്ങളെയാണ് പ്രേക്ഷകർ സ്വീകരിച്ചത് എന്ന് സാരം.
'TTT' യുടെ തുടക്കത്തിലും ക്ലൈമാക്സിലും ഒരു ശരാശരി ഇന്ത്യക്കാരന് ഏറ്റവും സുപരിചിതമായ അത്തരം രാഷ്ട്രീയ സാഹചര്യത്തെ കൃത്യമായി പറഞ്ഞു വെക്കുന്നുമുണ്ട്.
ഗ്രാമത്തിലെ പ്രാദേശിക കക്ഷി രാഷ്ട്രീയ മത്സരവും, രണ്ടു വീട്ടുകാർക്കിടയിലെ പരസ്പ്പര വൈരാഗ്യങ്ങളുമൊക്കെ ചേർത്ത് ഒരൊറ്റ ദിവസം മാത്രം ദൈർഘ്യമുള്ള സംഭവ വികാസങ്ങളിൽ കൂടിയാണ് TTT നമ്മളെ കൊണ്ട് പോകുന്നത്.
'അഴകിയ രാവണനി'ൽ അംബുജാക്ഷൻ പറയുന്ന 'അവിടെ താലികെട്ട് ..ഇവിടെ പാല് കാച്ചൽ' എന്ന പോലെ TTT യിൽ രണ്ടു വീടുകളിലായ് നടക്കുന്ന കല്യാണവും മരണവുമാണ് സിനിമയെ സംഭവ ബഹുലമാക്കുന്നത്.
ഒരു ഫെസ്റ്റിവൽ കോമഡി സിനിമയുടെ മൂഡാണെങ്കിലും അവസാനത്തേക്ക് എത്തുമ്പോൾ സിനിമയിൽ ഒരു വൈകാരിക കഥാപരിസരമുണ്ടാകുന്നുണ്ട്. വാട്ടർ ടാങ്ക്, ചെമ്പരത്തി ചെടി പോലുള്ള പ്രോപർട്ടികളെയൊക്കെ ആ നിലക്ക് പ്ലേസ് ചെയ്യുന്ന ഹൃദ്യമായ ചില ഷോട്ടുകളുണ്ട് സിനിമയിൽ.
ആ നാട്ടിലെ ഒരു ഭ്രാന്തന്റെ സീനിൽ തുടങ്ങി അതേ ഭ്രാന്തനിലേക്ക് അവസാനം കാമറ ചെന്നെത്തുമ്പോൾ നമ്മൾ ചിന്തിച്ചു പോകുന്ന കാര്യം തന്നെയാണ് സിനിമയും ചോദിക്കുന്നത് - ശരിക്കും ആർക്കാണ് ഭ്രാന്ത് ?
ചെറുതും വലുതുമായ കഥാപാത്രങ്ങളുടെ കാസ്റ്റിങ്ങും അവരുടെ പ്രകടനങ്ങളുമൊക്കെ സിനിമയുടെ രസക്കൂട്ട് ഗംഭീരമാക്കി. ജീവയൊക്കെ ആദ്യാവസാനം വരെ കളം നിറഞ്ഞാടി.
'ഫാലിമി' യുടെ അവതരണത്തിലെ അതേ കൈയ്യൊതുക്കം TTT യിലും നിതീഷ് സഹദേവ് നിലനിർത്തി. വിഷ്ണു വിജയുടെ സംഗീതം, ബബ്‌ലു അജുവിന്റെ ഛായാഗ്രഹണം അടക്കം മൊത്തത്തിൽ മലയാളിത്തം നിറഞ്ഞു നിൽക്കുന്ന ഒരു രസികൻ തമിഴ് സിനിമ എന്ന് തന്നെ പറയാം.
©bhadran praveen sekhar


No comments:
Post a Comment