സ്ഥിരം അടിയിടി പടങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായി മട്ടാഞ്ചേരിയുടെ കഥാപശ്ചാത്തലത്തിൽ കോസ്റ്റ്യൂം റെസ്ലിങ്ങിന്റെ അവതരണ സാധ്യതകളെ മേക്കിങ് മികവ് കൊണ്ട് ഗംഭീരമാക്കാൻ സാധിച്ചയിടത്താണ് 'ചത്താ പച്ച' തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്നത്.
തൊണ്ണൂറുകളുടെ മദ്ധ്യേ കേബിൾ ടിവി സജീവമായ കാലത്ത് കണ്ട് രസിച്ചിരുന്ന WWF ഉം അന്നത്തെ റെസ്ലിങ് താരങ്ങളെയുമൊക്കെ ഓർമ്മപ്പെടുത്തി കൊണ്ടുള്ള തുടക്കം കൊണ്ട് തന്നെ ചത്താ പച്ചയുടെ വൈബ് ബോധ്യപ്പെടുന്നുണ്ട്.
മട്ടാഞ്ചേരിയിലെ പഴയ കാല ഗാട്ടാ ഗുസ്തിക്കാരായിരുന്ന വാൾട്ടർ - മാണി മാരുടെ കഥക്ക് സിനിമയിൽ പ്രസക്തിയില്ലെങ്കിലും പുതിയ തലമുറക്കാരിലേക്ക് ഗുസ്തിയുടെ ആവേശം പകർന്ന് കിട്ടിയതിന്റെ കാരണക്കാരായി ആ രണ്ടു കഥാപാത്രങ്ങളെ സിനിമയിൽ ആദ്യമേ പ്രതിഷ്ഠിക്കുകയാണ്.
'വാൾട്ടറിന്റെ പിള്ളേർ' എന്ന ഹൈപ്പ് ഉണ്ടാക്കാൻ ആ കഥ തന്നെ ധാരാളമാണ്. ആ ഹൈപ്പിനൊത്താണ് പിന്നീടങ്ങോട്ടുള്ള ഓരോ സീനും പുരോഗമിക്കുന്നത്.
റെസ്ലിങ് പരിപാടി കളറക്കാൻ വേണ്ടിയുള്ള ഇടി ഗ്യാങ്ങിന്റെ ഉത്സാഹമൊക്കെ സ്‌ക്രീനിൽ ആവേശമുണ്ടാക്കി.
വെള്ളിയാഴ്ച രാത്രി നടക്കാൻ പോകുന്ന ഗുസ്തിയിലെ പുതുമ എന്താണെന്ന് അറിയാനുള്ള മട്ടാഞ്ചേരിക്കാരുടെ അതേ ആകാംക്ഷ തന്നെയാണ് സിനിമ കാണുമ്പോൾ നമുക്കും ഉണ്ടാകുന്നത്.
വിനായക് ശശികുമാറിന്റെ വരികൾ, ശങ്കർ -എഹ്സാൻ -ലോയുടെ സംഗീതം, മുജീബ് മജീദിന്റെ സ്‌കോർ ..ഈ മൂന്നും കൂടി ഹൈ വോൾട് പവർ ആണ് 'ചത്താ പച്ച'ക്ക് കൊടുക്കുന്നത്.
അർജുൻ അശോകൻ - റോഷൻ മാത്യു - ഇഷാൻ ഷൗക്കത് ടീമിന്റെ സാവിയോ -വെട്രി - ലിറ്റിൽ കോംബോ ഗംഭീരമായിരുന്നു. പ്രത്യേകിച്ച് പറഞ്ഞാൽ ആ മൂന്ന് പേരുടെയും കോസ്റ്റ്യൂം ഗുസ്തി സീനുകളിൽ. അതിൽ തന്നെ അർജുൻ അശോകൻ - റോഷന്റെയൊക്കെ എൻട്രി സീനിലെ പവർ വേറെ ലെവൽ ആയിരുന്നു.
വിശാഖ് നായർ - ഒരു കോമിക് റോളെന്ന പോലെ തുടങ്ങി, പിന്നെ വില്ലനിലേക്കുള്ള രൂപ മാറ്റവും, ഒടുക്കം 'സർപ്പട്ട പരമ്പരെ'യിലെ ഡാൻസിംഗ് റോസിനെയൊക്കെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള റിംഗിലെ പ്രകടനമൊക്കെ ശ്രദ്ധേയമായി.
നിട്രോ കിളി, കടൽക്കൊമ്പൻ, ജാങ്കോ സുൽത്താൻ, ഭസ്മാസുരൻ അടങ്ങുന്ന എല്ലാവരും 'ചത്താ പച്ചയി'ലെ ഇടി റിങ്ങിൽ തിളങ്ങി എന്ന് പറയാം.
വാൾട്ടറുടെ പിള്ളേര് എല്ലാം തിളങ്ങി നിക്കുന്ന സീനിലേക്ക് പക്ഷെ വാൾട്ടർ ആയി മമ്മുക്ക എത്തുമ്പോൾ നമ്മൾ സ്വാഭാവികമായും പ്രതീക്ഷിച്ചു പോകുന്ന ഒരു പഞ്ച് ഇല്ലാതെ പോകുന്നുണ്ട്.
ശരീര ഭാഷയിൽ മാത്രമല്ല, ശബ്ദത്തിലും ഉണ്ടായിരുന്നു വാൾട്ടർ എന്ന ഇടിവെട്ട് കഥാപാത്രത്തിന് ചേരാതെ പോകുന്ന ഒരു അവശത. എങ്കിലും രോഗവിമുക്തനായി മമ്മുക്ക വീണ്ടും സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു കാണുമ്പോൾ ഇഷ്ടം.
©bhadran praveen sekhar



No comments:
Post a Comment