Thursday, July 25, 2013

Into The Wild - സിനിമക്കും ജീവിതത്തിനും അപ്പുറം

ഒരു സിനിമക്ക് നമ്മുടെ ജീവിതത്തോട് എന്താണിത്ര പറയാനും പങ്കുവെക്കാനുമുണ്ടാവുകയെന്നു ചിന്തിക്കുക സ്വാഭാവികം. അതില്‍ തെറ്റു പറയാനില്ല. പക്ഷേ പറയാനുള്ളത് സിനിമക്കും ജീവിതത്തിനും അപ്പുറത്തുള്ള കാര്യങ്ങളാണെങ്കിലോ? എങ്കിൽ ഒരു നിമിഷം നമുക്കൊന്ന് ചിന്തിക്കേണ്ടി വരും, അല്ലേ? അങ്ങനെ പറയാനുള്ളത് എന്താണെന്ന് കേൾക്കാൻ ഒരിത്തിരി സമയം യാദൃച്ഛികമായി നമുക്ക് കിട്ടുക കൂടി ചെയ്താലോ? അങ്ങനെയെങ്കിൽ അത് തന്നെയാണ് Into The Wild എന്ന സിനിമ കാണാൻ ഏറ്റവും അനുയോജ്യമായ സമയം. 

 മുൻധാരണകളോ മസിലു പിടിത്തമോ ഇല്ലാതെ തുറന്ന മനസ്സോടെ നിരീക്ഷിക്കേണ്ടതും വിലയിരുത്തേണ്ടതുമായ ഒരു സിനിമയാണ് ഷോണ്‍ പെന്‍ (Sean Penn)  തിരക്കഥയെഴുതി സംവിധാനം ചെയ്ത  'Into The Wild'. Christopher Johnson McCandless എന്ന അമേരിക്കൻ സാഹസിക യാത്രികന്റെ ജീവിതകഥയെ  'Into The Wild' എന്ന പുസ്തകരൂപത്തിൽ ആദ്യമായി ജനങ്ങളിലേക്ക് എത്തിച്ചത്  Jon Krakauer എന്ന അമേരിക്കൻ പർവ്വതാരോഹകനാണ്. 1996 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഷോണ്‍ പെന്‍  2007 - ൽ അതേ പേരിൽ തന്റെ അഞ്ചാമത്തെ സിനിമാ സംരംഭം സാക്ഷാത്കരിക്കുന്നത്. പുസ്തകത്തിനും സിനിമക്കും ഒരേ പേരാണ് രണ്ടു സ്രഷ്ടാക്കളും നൽകിയതെങ്കിലും രണ്ടിന്റേയും ആസ്വാദന ഭാഷ  വേറേ തന്നെയാണെന്ന് പറയാം. എന്നിരിക്കിലും, വായനക്കാരനും പ്രേക്ഷകനും ഈ രണ്ടു സൃഷ്ടികളിൽ നിന്നും കിട്ടുന്ന സൈദ്ധാന്തികവും താത്വികവുമായ ചിന്താശകലം ഒന്ന് തന്നെയാണെങ്കില്‍ അതില്‍ ആശ്ചര്യമൊന്നും ഇല്ലതാനും. 

ഷോണ്‍ പെന്‍ എന്ന  അമേരിക്കക്കാരനെ കുറിച്ച് പറയാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. എങ്കിലും, ഔപചാരികതയുടെ മറവിൽ പലതും പറയാതെ വയ്യ. ഒരു നടനായും തിരക്കഥാകൃത്തായും സംവിധായകനായും മനുഷ്യാവകാശ പ്രവർത്തകനായുമൊക്കെ സമൂഹത്തിന്റെ വിവിധ കോണുകളിൽ കാലങ്ങളായി നിറഞ്ഞു നിൽക്കുന്ന ഒരു അദ്ഭുത പ്രതിഭയാണ് അദ്ദേഹം. അങ്ങനെയുള്ള അദ്ദേഹത്തിൻറെ പ്രതിഭ അഭ്രപാളിയിൽ ഏറ്റവും ഒടുവിലായി വെളിവാക്കപ്പെട്ട സിനിമ എന്ന നിലയിലും Into The Wild  ശ്രദ്ധേയമാണ്. 

ജനിക്കുക, എന്തെങ്കിലും പഠിക്കുക, ജോലി സമ്പാദിക്കുക, സ്വന്തം കുടുംബവുമായി കഴിയുക, ഒടുക്കം എന്തെങ്കിലും കാരണം കൊണ്ട് മരണപ്പെടുക എന്നതിലൊക്കെയുപരി മനുഷ്യർക്ക് ഈ ഭൂമിയിൽ എന്ത് നിയോഗമാണുള്ളത്?  ഇവിടെ അവര്‍  പരമമായി എന്താണ് ചെയ്യുന്നത്? എന്താണ് അന്വേഷിക്കുന്നത്? എന്താണ് ആസ്വദിക്കുന്നത് ?  ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ ഈ സിനിമ പ്രേക്ഷകനു മുന്നിലുയര്‍ത്തുന്നു. ഇതിന്റെ ഒരു തുടർ പ്രക്രിയയെന്നോണമാണ് ക്രിസ്റ്റഫർ എന്ന നായക കഥാപാത്രത്തിന്റെ സഞ്ചാര ദൃശ്യാവിഷ്ക്കാരത്തിലൂടെ സംവിധായകൻ മുന്നോട്ടുള്ള യാത്രയിൽ പ്രേക്ഷകനെയും കൈ പിടിച്ചു നടത്തുന്നത്. ക്രിസ്റ്റഫർ സ്വന്തം ജീവിതത്തിൽ തേടുന്നതെന്തോ, അതെല്ലാം സമാന ചിന്താഗതിയോടെ പ്രേക്ഷകന് അനുഭവവേദ്യമാക്കുന്നതോടൊപ്പം,  ജീവിതത്തിന്റെ  വിവിധതരം സങ്കീർണ ഭാവങ്ങളെ തൊട്ടറിയാനുള്ള അവസരം കൂടിയാണ് സംവിധായകൻ സിനിമയിലൂടെ പ്രേക്ഷകനു സമ്മാനിക്കുന്നത്. 

ക്രിസ്റ്റഫർ  മറ്റു മനുഷ്യരെപ്പോലെ ജീവിതം ആഘോഷിക്കുകയോ തള്ളി നീക്കുകയോ ആയിരുന്നില്ല. ജീവിതത്തിലെ കൃത്രിമത്വങ്ങളെ  പാടേ  തിരസ്കരിച്ചുകൊണ്ട് പ്രകൃത്യായുള്ള ജീവിതത്തെ അന്വേഷിച്ചു കണ്ടെത്തുകയും ആസ്വദിക്കുകയുമായിരുന്നു. സ്വന്തം ജീവിത പശ്ചാത്തലത്തിലെ അർത്ഥശൂന്യത തന്നെയാണ് ഒരു ഘട്ടത്തിൽ അയാളെക്കൊണ്ട് ഇങ്ങനെ വേറിട്ടൊരു ജീവിതരീതി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്.  സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ വ്യവസ്ഥിതികളേയും സ്വന്തം ജീവിത ശൈലിയിലെ പ്രാകൃത്യം കൊണ്ട് വെല്ലു വിളിക്കുന്ന നായകൻ ഒരു ഘട്ടത്തിൽ ഈ ലോകത്തെയും എന്നെയും നിങ്ങളെയും നോക്കി പരിഹസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സമൂഹവും അതിന്റെ ചട്ടക്കൂടുകളും മാത്രമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾക്ക്‌ ഈ സിനിമ ഒരു പക്ഷേ ഇഷ്ടപ്പെട്ടുവെന്നു വരില്ല.  

സ്വന്തം ജീവിതം എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് ഒരു തീരുമാനത്തിലെത്താൻ ക്രിസ്റ്റഫറിനു വർഷങ്ങൾ വേണ്ടി വന്നു. കൃത്യമായി പറഞ്ഞാൽ ബിരുദ പഠനത്തിനു ശേഷമാണ് വ്യവസ്ഥാനുരൂപമായ ജീവിതത്തെ പാടേ ഉപേക്ഷിക്കാൻ ക്രിസ്റ്റഫർ തയ്യാറാകുന്നത്. തന്റെ എല്ലാവിധ തിരിച്ചറിയൽ കാർഡുകളും, ക്രെഡിറ്റ്‌ കാർഡുകളും കത്തിച്ചു ചാമ്പലാക്കിയ ശേഷം  അയാൾ വേറിട്ടൊരു  ജീവിത യാത്രക്ക് തുടക്കം കുറിക്കുന്നു. യാത്രക്ക് മുൻപ് തന്റെ സമ്പാദ്യം മുഴുവൻ പ്രമുഖ ചാരിറ്റി സംഘടനയുടെ പേരിൽ സംഭാവനയായി അയക്കാനും ക്രിസ്റ്റഫർ മറക്കുന്നില്ല .അതേസമയം, ക്രിസ്റ്റഫറിന്റെ ഇത്തരം തീരുമാനങ്ങളെക്കുറിച്ച് അച്ഛനും അമ്മയും സഹോദരിയും തീർത്തും അജ്ഞരാണ്. സ്വന്തം ജീവിതം തിരഞ്ഞെടുക്കുന്നതിന്റെ വ്യഗ്രതയിലോ, മന:പൂർവമോ, എന്ത് കൊണ്ടോ അവരെ മൂവരെയും നിരാശയുടെ കയത്തിലേക്ക് തള്ളിയിട്ടു കൊണ്ടാണ് ക്രിസ്റ്റഫർ തന്റെ യാത്ര തുടങ്ങുന്നത്.  

ജീവിതത്തിൽ എന്തിനെയെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അതിനെ തേടി പോകുകയും എത്തിപ്പിടിക്കുകയും വേണം എന്ന ചിന്താഗതി മാത്രമാണ്  ക്രിസ്റ്റഫറിനു സ്വന്തം ജീവിതത്തിൽ  കൂട്ടാകുന്നത്. ജീവിതത്തെ അന്വേഷണ വിധേയമാക്കാനും തന്റെ വരുതിക്ക് കൊണ്ടുവരാനും ആഗ്രഹിക്കുന്ന നായകന്റെ മനോനില ഒരു ഘട്ടത്തിൽ സ്വന്തം കുടുംബത്തിന്റെ നിരാശതയിൽ ആനന്ദിക്കുന്ന ഒന്നായി മാറുന്നുണ്ടോ എന്ന് തോന്നിയേക്കാം. അതുകൊണ്ട് തന്നെയായിരിക്കാം യാത്രയിലൊന്നും ക്രിസ്റ്റഫർ സ്വന്തം കുടുംബവുമായി ഒരു തരത്തിലുമുള്ള ആശയവിനിമയത്തിനും ശ്രമിക്കാതിരുന്നത്. പക്ഷേ ക്രിസ്റ്റഫറിനെ ന്യായീകരിക്കാനെന്നവണ്ണം സംവിധായകൻ സിനിമയിൽ നൽകുന്ന രംഗ വിശദീകരണം ശ്രദ്ധേയമാണ്. യാത്രയ്ക്കിടയിൽ  തന്റെ കയ്യിലെ ശേഷിച്ച നാണയങ്ങൾ കൊണ്ട് വീട്ടിലേക്കു വിളിക്കാൻ ശ്രമിക്കവേ ക്രിസ്റ്റഫർ തൊട്ടരികിലെ കോയിൻ ബൂത്തിൽ ഫോണിലൂടെ വികാരാധീനനായി  സംസാരിക്കുന്ന ഒരു വൃദ്ധനെ കാണുകയാണ്. അയാളുടെ കയ്യിലെ അവസാന കോയിനും കഴിഞ്ഞിരിക്കുകയാണ്. ഏതു നിമിഷവും ആ ഫോണ്‍ കാൾ മുറിഞ്ഞു പോകാം എന്നിരിക്കെ തന്റെ കയ്യിലുള്ള കോയിൻ ആ വൃദ്ധനു സമ്മാനിച്ചു കൊണ്ട്  ക്രിസ്റ്റഫർ യാത്ര തുടരുന്നിടത്ത് ആ ദൃശ്യം പ്രേക്ഷക മനസ്സിലേക്ക് കുടിയേറുന്നു. ഇതുപോലെയുള്ള ചെറിയ രംഗങ്ങളിലൂടെ സംവിധായകൻ പലതും പറയാതെ പറയുന്നു. പല സംശയങ്ങളും നികത്തപ്പെടുന്നു. 

മനുഷ്യന് പൂർണ്ണ സ്വാതന്ത്ര്യം കിട്ടിയാൽ അത് പല തരത്തിലായിരിക്കും ദുരുപയോഗം ചെയ്യുക എന്നിരിക്കെ  ക്രിസ്റ്റഫർ അതിനൊരു  അപവാദമായി മാറുകയാണ്. സത്യത്തിൽ മനുഷ്യൻ ഈ ഭൂമിയിൽ സ്വതന്ത്രനാണോ? അങ്ങനെയെങ്കിൽ അവനു കിട്ടുന്ന പരമമായ സ്വാതന്ത്ര്യം എന്താണ്? സിനിമയുടെ ആദ്യ പതിനഞ്ചു മിനുട്ട് കാണുമ്പോഴേക്കും മനസ്സിലേക്ക് ഓടിയെത്തുന്ന രണ്ടു ചോദ്യങ്ങളാണ് ഇവ. ജീവിതത്തിൽ ഇതിനുത്തരം തേടുക എന്നത് ഒരൽപം കഠിനമാണ് എന്നിരിക്കെ വെറും 148 മിനുട്ട് ദൈർഘ്യമുള്ള ഒരു സിനിമയിലൂടെ ഷോണ്‍ പെന്‍ അതേ അന്വേഷണാത്മകത പ്രേക്ഷകനെ അനുഭവപ്പെടുത്തുന്നു. കൂട്ടത്തിൽ Eric Gautierന്റെ ഛായാഗ്രഹണ മികവ് കൂടി  ചേരുമ്പോൾ സിനിമയുടെ ദാർശനികത പ്രവചനാതീതമായി ഉയരുന്നു. Magic visualization എന്നൊരു പ്രയോഗം സിനിമയിൽ ഉണ്ടെങ്കിൽ അതേറ്റവും അനുയോജ്യമാകുന്നത് ഇത്തരം സിനിമാ ആവിഷ്കാരങ്ങളിൽക്കൂടിയാണെന്ന് നിസ്സംശയം പറയാം. ഇവിടെയാണ്‌ ഷോണ്‍ പെന്‍ എന്ന സംവിധായകൻ ഒരു ജാലവിദ്യക്കാരനാകുന്നത്. 

പൊതുവേ വിദേശ സിനിമകളിൽ ശരീര നഗ്നത എന്നത് സെക്സുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നതാണ് രീതിയെങ്കിൽ ഈ സിനിമയിൽ സംവിധായകൻ നഗ്നതയ്ക്ക് സെക്സുമായി ഒരു ബന്ധവുമില്ല എന്ന് പറയാനാണ് ശ്രമിച്ചിരിക്കുന്നത്. സിനിമയിൽ അങ്ങനെയുള്ള രണ്ടു സീനുകൾ കടന്നു വരുന്നുണ്ട്. കൊളോറാഡോ നദിയിലൂടെയുള്ള സാഹസിക യാത്രക്കിടയിൽ നായകൻ പരിചയപ്പെടുന്നവരിലെ ഒരാൾ അർദ്ധ നഗ്നയായ ഒരു പെണ്ണായിട്ട് പോലും അശ്ലീലതയുടെ ലാഞ്ഛന പ്രേക്ഷകന് അനുഭവപ്പെടാത്ത വിധമാണ് ആ  രംഗം അവസാനിക്കുന്നത്. മറ്റൊരു സീനിൽ, തന്നെ സെക്സിനായി ക്ഷണിക്കുന്ന കൗമാരക്കാരിയോട് നായകൻ ചോദിക്കുന്നത്, നിനക്ക് പ്രായമെത്രയായി എന്നാണ്. മൂന്നു തവണ സ്വന്തം പ്രായം മാറ്റി പറയുന്ന പെണ്‍കുട്ടിയോട് നായകന്റെ സമീപനം ഹാസ്യാത്മകമെങ്കിലും ഒരേ സമയം ലളിതവും ചിന്തനീയവുമാണ്.  നഗ്നശരീരമല്ല സെക്സിന് ആധാരം എന്ന് തന്നെ സംവിധായകൻ അടിവരയിടുന്നു. ഇത്തരം സീനുകളിൽ പോലും മാനുഷിക ബന്ധങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്തണം അല്ലെങ്കിൽ എങ്ങനെ ദൃഢപ്പെടുത്താം എന്നതിനെല്ലാം വളരെ വ്യക്തമായ വിശദീകരണം തന്നു കൊണ്ടാണ് സിനിമയും ക്രിസ്റ്റഫറും മുന്നോട്ടു ചലിക്കുന്നത്. യാത്രയിലുടനീളം ക്രിസ്റ്റഫർ പരിചയപ്പെടുന്ന കഥാപാത്രങ്ങളുമായുള്ള ആത്മബന്ധം അതു നമുക്ക് വെളിപ്പെടുത്തി തരുന്നുമുണ്ട്.

തന്റെ അവസാനകാലത്ത് നാഗരികതയിലേക്കും സ്വന്തം കുടുംബത്തിലേക്കും ഒരു മടങ്ങിപ്പോക്ക് നായകൻ ആഗ്രഹിച്ചിരുന്നു എന്നിരിക്കെ, വന്യതയിലാണ് പരമസത്യവും ആനന്ദവും ഒളിച്ചിരിക്കുന്നത് എന്ന നായകന്റെ നിരീക്ഷണം തെറ്റായിരുന്നോ എന്നത്  സംശയകരമായി നോക്കി കാണേണ്ടതുണ്ട്. നിങ്ങളെനിക്ക് സത്യം പകർന്നു തരൂ എന്ന് സദാ പറയുമായിരുന്ന നായകൻ മരണസമയത്ത്  മനസ്സിലാക്കുന്ന  സത്യം എന്താണെന്നും സിനിമ വ്യക്തമാക്കുന്നില്ല. അതേസമയം, ദൈവം തനിക്കു നൽകിയ ജീവിതം പൂർണ്ണ സംതൃപ്തിയോടെ ആസ്വദിക്കാൻ സാധിച്ചു എന്ന നിലയിൽ നായകൻ കൃതാർത്ഥനാകുന്നുണ്ട്.  മരണമെന്ന സത്യത്തെ പുൽകുമ്പോഴും ആ കണ്ണുകൾക്ക് ആനന്ദിക്കാൻ സാധിച്ചതും അതു കൊണ്ട് തന്നെ. മറ്റൊരു തലത്തിൽ ചിന്തിക്കുമ്പോൾ പരമമായ സത്യം ഇപ്പോഴും അദൃശ്യമാണ്. അത് സിനിമക്കും ജീവിതത്തിനുമപ്പുറം അപ്രാപ്യമായിത്തന്നെ തുടരുന്നു.


* ഇ മഷി മാഗസിന്‍ ലക്കം 11, ചലിക്കുന്ന ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പബ്ലിഷ് ചെയ്തു വന്ന എന്‍റെ സിനിമാ വീക്ഷണം .വായിക്കാന്‍ ഇവിടെ ക്ലിക്കുക . ഇ മഷി 
-pravin-


22 comments:

  1. ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ് പ്രവീണിന്റെ സിനിമാ പഠനങ്ങള്‍ . ബ്ലോഗുകള്‍ വായിക്കുന്ന ചെറിയൊരു വായനാസമൂഹത്തില്‍ മാത്രം ഒതുങ്ങാതെ കുറേക്കൂടി വിപുലമായ വായനക്ക് ഈ ലേഖനങ്ങള്‍ അവതരിപ്പിക്കണം എന്നൊരു അഭിപ്രായമുണ്ട്. ഗഹനമായ ജീവിതാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സിനിമയെ ലളിതമായ ഭാഷയില്‍ പരിചയപ്പെടുത്തിയ ഈ കഴിവിനെ അഭിനന്ദിക്കുന്നു .

    ReplyDelete
    Replies
    1. ഹി ഹി ..പ്രദീപേട്ടാ ..ഞാൻ എന്താ പറയ്വാ ... സിനിമ കാണാനും അഭിപ്രായം പറയാനും ഇഷ്ടമാണ് . അത് കൊണ്ട് എഴുതെന്നു മാത്രം . പിന്നെ ഈ അടുത്ത് പ്രദീപെട്ടനെ പോലുള്ളവരുടെ പ്രോത്സാഹനം കൊണ്ട് എഴുത്തിന്റെ രീതിയിൽ എന്നെ കൊണ്ടാകും പോലെ ചെറിയ മാറ്റങ്ങൾ വരുത്തി . അത്ര മാത്രം . എന്തായാലും ഇതെല്ലാം വായിക്കുമ്പോൾ ആളുകൾക്ക് ഈ സിനിമ കാണാൻ തോന്നണം എന്ന് മാത്രമേ എനിക്ക് ആഗ്രഹമുള്ളൂ .

      നന്ദി പ്രദീപേട്ടാ

      Delete
  2. കൊള്ളാം..ട്ടോ :)

    ReplyDelete
  3. "Into the Wild" വായിച്ചിരുന്നോ?

    ReplyDelete
    Replies
    1. No . വായിച്ചിട്ടില്ല . പക്ഷെ പുസ്തകത്തെ കുറിച്ച് വായിച്ചിട്ടുണ്ട് .

      Delete
    2. രണ്ടിന്റേയും ആസ്വാദന ഭാഷ വേറേ തന്നെയാണെന്ന് പറയാം. എന്നിരിക്കിലും, വായനക്കാരനും പ്രേക്ഷകനും ഈ രണ്ടു സൃഷ്ടികളിൽ നിന്നും കിട്ടുന്ന സൈദ്ധാന്തികവും താത്വികവുമായ ചിന്താശകലം ഒന്ന് തന്നെയാണെങ്കില്‍ അതില്‍ ആശ്ചര്യമൊന്നും ഇല്ലതാനും.

      ഇങ്ങനെയൊക്കെ എഴുതിയത് കണ്ട് ചോദിച്ചതാണ്. പുസ്തകത്തെക്കുറിച്ച് വായിച്ചാൽ ഇത്രയൊക്കെ മനസിലാകുമോ?

      Delete

    3. ഇല്ല . ഒരിക്കലും ഒരു പുസ്തകത്തെ കുറിച്ചുള്ള നിരൂപണം വായിച്ച ശേഷം ആ പുസ്തകം വായിച്ചെന്നു അവകാശപ്പെടാനാകില്ല ല്ലോ . ഉദാഹരണത്തിന് ഞാൻ ഈ സിനിമയെ കുറിച്ച് എഴുതിയത് വായിച്ചത് കൊണ്ട് ഈ സിനിമ കണ്ടെന്നു താങ്കൾക്ക് പറയാൻ സാധിക്കില്ല . അത് പോലെ തന്നെ വ്യത്യാസമാണ് വായനയിലും ദർശനത്തിലുമുള്ള ആസ്വാദനം . ഇത് തന്നെയാണ് ഞാൻ മേലെ പറഞ്ഞിരിക്കുന്നത്. രണ്ടിന്റെയും ആസ്വാദന ഭാഷ വേറേ തന്നെയാണെന്ന് പറയാം എന്ന് . അതേ സമയം ഈ സിനിമയുടെ കാര്യത്തിൽ പുസ്തകം വായിച്ച ആളുകൾക്കും സിനിമ കണ്ട ആളുകൾക്കും കിട്ടുന്ന ചിന്താശകലം ഒന്ന് തന്നെയാണെങ്കില്‍ അതില്‍ ആശ്ചര്യമൊന്നും ഇല്ലതാനും. കാരണം ഇതൊരു ജീവിത കഥയാണ് . എഴുത്തുകാരൻ പറയാത്ത ഒരു കാര്യത്തിൽ മായം ചേർത്തു കൊണ്ട് ദൃശ്യവൽക്കരിക്കാൻ സംവിധായകന് ആകില്ല ല്ലോ . എഴുത്തിനെ ദൃശ്യത്തിലൂടെ ജീവൻ വപ്പിക്കുന്നതിലാണ് സംവിധായകൻ കഴിവ് തെളിയിക്കുന്നത് .

      രണ്ടു ആസ്വാദനത്തിലൂടെയും "ഒരേ ചിന്താ ശകലം " തന്നെയാണ് കിട്ടുമായിരിക്കുക എന്ന അർദ്ധ ആധികാരികതയിലും ഊഹത്തിലും കൂടിയാണ് ഞാൻ ആ വാചകം പറയുന്നത് . ഈ വാചകങ്ങളുടെ പ്രയോഗം ശരിയാണോ എന്ന കാര്യത്തിലാണ് എനിക്ക് സംശയം . എഡിറ്റോറിയൽ ബോർഡ് ചെക്ക് ചെയ്ത ശേഷമാണ് മാഗസിനിൽ വന്നതെന്നത് കൊണ്ട് ഞാൻ അത്രയും ഗാഡമായി അത് ആലോചില്ല. പക്ഷെ താങ്കൾ സൂചിപ്പിച്ച പോലെ ആ വാക്യത്തിൽ അങ്ങിനെയൊരു ധ്വനി ഉണ്ടോ എന്നത് നിരീക്ഷിക്കേണ്ട വിഷയമാണ് ..

      നന്ദി Abdul Wadhood

      Delete
    4. ഞാൻ കണ്ട സിനിമയാണിത് . കണ്ടവരുമായി നീണ്ട ചർച്ചകൾ നടത്തുകയും, കാണാത്തവർക്ക് ശുപാർശ ചെയ്തതുമാണ് . കണ്ടതിനു ശേഷം വളരെ കാലം കഴിഞ്ഞാണ് പുസ്തകം വായിക്കാൻ തരപ്പെട്ടത് . അതിലെ author's note-ൽ പറഞ്ഞതിങ്ങനെ ആണ്: But let the reader be warned: I interrupt McCandless's story with fragments of a narrative drawn from my own youth. I do so in the hope that my experiences will throw some oblique light on the enigma of Chris McCandless.
      അതേ സമയം ചലച്ചിത്രം കടന്നു പോകുന്നത് , ക്രിസ്റ്റഫർ എന്ന നാട്ടുപയ്യൻ, അലയുന്ന അലക്സാണ്ടർ ("സൂപർതെണ്ടി") ആയി മാറുന്നതിന്റെ ഒരു ജീവചരിത്രം എന്ന നിലയിലാണ് . ആധികാരികതയുടെ ഒരു സ്വരം കിട്ടാൻ അത് വേണം താനും. ഇതൊരു ഡോകുമെന്ററി അല്ലാത്തത് കൊണ്ട്, യാഥാർത്യത്തിൽ നിന്ന് ഇത്തിരി അകലം പാലിക്കുന്നതിൽ തെറ്റുമില്ല.

      "കാരണം ഇതൊരു ജീവിത കഥയാണ് . എഴുത്തുകാരൻ പറയാത്ത ഒരു കാര്യത്തിൽ മായം ചേർത്തു കൊണ്ട് ദൃശ്യവൽക്കരിക്കാൻ സംവിധായകന് ആകില്ലല്ലോ ." ഇതൊരു ഡോകുമെന്ററി അല്ലെന്ന് ഞാൻ നേരത്തെ സൂചിപ്പിച്ചല്ലോ. പിന്നെ എഴുത്തുകാരന്റെ തന്നെ പ്രസ്താവനയും വായിച്ചല്ലോ. പുസ്തകത്തിൽ നിന്ന് പിന്നെയും മാറ്റങ്ങൾ വരുന്നുണ്ട് തിരക്കഥയിൽ. ചിലത് നിസ്സാരമായി തള്ളാമെങ്കിലും (അലക്സാണ്ടർ ജോലി എടുത്ത സ്ഥലങ്ങൾ) ചിലത് കഥയുടെ നാടകീയതക്ക് വേണ്ടി പൊലിപ്പിച്ചതാണ്(മരണകാരണം). മറ്റു ചിലത് പെരുപ്പിക്കുയും വെട്ടികളയുകയും ചെയ്തിടുണ്ട്. അപ്പോൾ മൂലകൃതി പോലും അവകാശപ്പെടാത്ത കൃത്യത സിനിമക്കെങ്ങനെ അവകാശപ്പെടാനാവും?

      പിന്നെ ഒരു മൂലകൃതിയെ അടിസ്ഥാനമാക്കി ഒരു ചലച്ചിത്രം രൂപപെടുത്തുമ്പോൾ രണ്ടിന്റെയും ആസ്വാദനഭാഷയിൽ ഇത്ര മാത്രം അന്തരം ഉണ്ടാകുമോ? ചിലപ്പോൾ ആ അന്തരം സിനിമയുടെ രൂപത്തെ പുസ്തകത്തിൽ നിന്ന് വേർപെടുത്തി സ്വതന്ത്രയക്കാൻ തിരക്കഥാകൃത്തിന്റെ ബോധപൂർവമായ ശ്രമമായിരിക്കാം (Andy Kaufman, Adaptation-ൽ ചെയ്തത് പോലെ) മറ്റ് ചിലപ്പോൾ മൂലകൃതി എഴുതിയ കാലത്തെ പോരായ്മകളും നിയന്ത്രണങ്ങളും മറികടന്ന് കൊണ്ട് വരുത്തിയ മാറ്റങ്ങൾ. (Francis Ford Coppola & James Hart, Bram Stoker's Dracula-ൽ ചെയ്തത് പോലെ) അത് പോലെയോ അത്ര പോലുമോ അന്തരം (ചില വസ്തുതകളിൽ മാറ്റം വരുത്തിയിട്ട് പോലും ) മൂലകൃതിക്കും സിനിമക്കും ഇടയിൽ ഇല്ല എന്ന് ഞാൻ നിരീക്ഷിക്കുന്നു. അത് കൊണ്ട് രണ്ട് സൃഷ്ടികളിൽ നിന്നും കിട്ടുന്ന സൈദ്ധാന്തികവും താത്വികവുമായ ചിന്താശകലം ഒന്ന് തന്നെയാവാനേ വഴിയുള്ളൂ. അത് പ്രത്യേകം ചൂണ്ടി കാണിക്കുമ്പോൾ രണ്ടും തമ്മിൽ വലിയ അന്തരമുണ്ടെന്ന ഒരു തെറ്റിദ്ധാരണ വരാൻ ഒരു വലിയ സാദ്ധ്യത തന്നെയുണ്ട്.

      Delete
    5. ഈ പുസ്തകം ഞാൻ വായിച്ചിട്ടില്ല എന്ന് ആദ്യമേ പറഞ്ഞല്ലോ . ലേഖകൻ തന്നെ പറയുന്നുണ്ട് authorial presence ഇല്ലാതെയുള്ള എഴുത്തിലാണ് തനിക്കു കൂടുതൽ താൽപ്പര്യം എന്ന് . ഒരു impartial biographer ആണെന്ന് ഒരിക്കലും അവകാശപ്പെടില്ല എന്നും പറയുന്നുണ്ട് . ആ സ്ഥിതിക്ക് ക്രിസ്റ്റഫറിന്റെ ജീവിതകഥയിൽ അൽപ്പം കൂട്ടി ചേർക്കലുകൾ നടന്നിരിക്കാം . ആട് ജീവിതത്തിലെ നജീബിന്റെ അനുഭവങ്ങളിൽ ബെന്യാമിൻ ചിലയിടങ്ങളിൽ ഇടപെട്ട പോലെ ഇവിടെയും സംഭവിച്ചിരിക്കാം . ഒരു നോവലോ ജീവ ചരിത്രമോ അതേ പടി തിരക്കഥയാക്കാൻ പറ്റില്ല എന്നതാണ് വാസ്തവം . തിരക്കഥയുടെ വളർച്ചക്ക് അതിനനുസരിച്ച പശ്ചാത്തലം രൂപപ്പെടുത്തേണ്ടതുണ്ട് . അതിന്റേതായ മാറ്റങ്ങൾ വരുത്തുമ്പോഴും കഥാ തന്തുവിൽ നിന്നോ , യഥാർത്ഥ ആശയത്തിൽ നിന്നോ സിനിമ വഴുതി പോകാതെ നോക്കേണ്ടത് സംവിധായകന്റെ കടമയാണ്. ഇവിടെ അങ്ങിനെ സംഭവിച്ചിട്ടുണ്ട് എന്ന് പറയാമോ ? ജീവ ചരിത്രം എന്ന നിലയിലേക്ക് മാത്രമായി സിനിമ വായിക്കപ്പെടുന്നില്ല എന്നാണു എന്റെ അഭിപ്രായം .

      ----"മൂലകൃതി പോലും അവകാശപ്പെടാത്ത കൃത്യത സിനിമക്കെങ്ങനെ അവകാശപ്പെടാനാവും? പിന്നെ ഒരു മൂലകൃതിയെ അടിസ്ഥാനമാക്കി ഒരു ചലച്ചിത്രം രൂപപെടുത്തുമ്പോൾ രണ്ടിന്റെയും ആസ്വാദനഭാഷയിൽ ഇത്ര മാത്രം അന്തരം ഉണ്ടാകുമോ? പിന്നെ ഒരു മൂലകൃതിയെ അടിസ്ഥാനമാക്കി ഒരു ചലച്ചിത്രം രൂപപെടുത്തുമ്പോൾ രണ്ടിന്റെയും ആസ്വാദനഭാഷയിൽ ഇത്ര മാത്രം അന്തരം ഉണ്ടാകുമോ?"------

      എനിക്ക് തോന്നുന്നു , നോവൽ അതേ പടി സിനിമയായി കാണാൻ ആഗ്രഹമുള്ള ഒരാളാണ് താങ്കൾ എന്ന് . (അലക്സാണ്ടർ ജോലി എടുത്ത സ്ഥലങ്ങൾ), (മരണകാരണം) , എന്നിവയെ സിനിമയിലെ പൊരുത്തക്കേടുകൾ ആയി കാണാനാകുമോ ? ഞാൻ നേരത്തെ പറഞ്ഞല്ലോ തിരക്കഥയിൽ വന്നു പോകുന്ന മാറ്റങ്ങൾ, ആ ഒരു സ്വാഭാവിക കാരണത്താൽ സിനിമക്ക് കൃത്യത അവകാശപ്പെടാനാകില്ല എന്നുണ്ടോ ? പുസ്തകത്തിലൂടെ ലേഖകൻ വായനക്കാരനോട് പറയാൻ ആഗ്രഹിച്ച വിഷയവും സിനിമയിലൂടെ സംവിധായകൻ പ്രക്ഷനോട് പറയാൻ ആഗ്രഹിച്ച വിഷയവും രണ്ടു രണ്ടാണ് എന്ന് പറയാമോ ? എന്റെ അഭിപ്രായത്തിൽ അത് രണ്ടാകാൻ വഴിയില്ല. ആസ്വാദന ഭാഷയിലെ വ്യത്യാസം ആവിഷ്ക്കർത്താക്കളെയും ആസ്വദകാരെയും അനുസരിച്ചിരിക്കും . പക്ഷെ അത് കരുതി കഥയുടെ ആശയം പാടെ മാറുമോ ? പിന്നെ, പുസ്തകത്തിൽ നിന്ന് പൂർണമായും വ്യതി ചലിച്ചു കൊണ്ടാണോ സിനിമ മുന്നോട്ടു പോകുന്നതെന്ന് അറിയണമെങ്കിൽ ഞാൻ ആദ്യം ഈ പുസ്തകം വായിക്കുക തന്നെ വേണം . ഹി ഹി .അതിനിപ്പോ ഒരു വഴീം ഇല്ല താനും .

      പിന്നെ താങ്കൾ പറഞ്ഞത് തീർച്ചയായും യോജിക്കാവുന്ന കാര്യമാണ്. സിനിമയുടെ അവസാന ഭാഗങ്ങൾ കൃത്യതയും വ്യക്തതയും ഒന്നുമില്ലാത്ത എന്തോ രീതിയിലാണ് . അത് ഞാനും ഇവിടെ അവസാന പാരഗ്രാഫിൽ പറഞ്ഞിട്ടുണ്ട് . ആ അവ്യക്തത തന്നെയാണ് സത്യം എന്നാണു എനിക്ക് മനസിലാകുന്നത് . നമുക്ക് പിടി തരാതെ വഴുതി വഴുതി പോകുന്ന എന്തോ ഒന്നാണ് നമ്മൾ തേടുന്ന സത്യം . ആ അർത്ഥത്തിലാണ് ഈ സിനിമയെ ഞാൻ മുക്കാൽ ഭാഗവും നിരീക്ഷിച്ചത് .

      എന്തായാലും ഈ സിനിമയെ കുറിച്ചുള്ള താങ്കളുടെ നല്ല നിരീക്ഷണങ്ങളിൽ പങ്കു ചേരാൻ സാധിച്ചതിൽ എനിക്ക് നല്ല സന്തോഷമുണ്ട് . ഇങ്ങിനെയൊരു ചർച്ച വളരെ ഗുണകരമാണ് . അറിയാത്തതായ ഒരുപാട് വിവരങ്ങൾ എനിക്കീ ചർച്ചയിലൂടെ കിട്ടി . ചർച്ച തുടരട്ടെ .

      Delete
    6. ഒന്ന് രണ്ട് കാര്യങ്ങൾ കൂടി പറഞ്ഞ് നിർത്തട്ടെ
      1. നോവൽ അതേ പടി സിനിമയാക്കുന്നതിനെ വ്യർത്ഥമായ ഒരു അദ്ധ്വാനം ആയിട്ടാണ് ഞാൻ കാണുന്നത്. ഉദാ: Godfather-ൽ ഒരു ഡോക്ടറും Sonny-ടെ രഹസ്യകാമുകിയും തമ്മിലുള്ള വ്യവഹാരങ്ങൾ വിവരിക്കപെടുന്നു. അതിനെ സിനിമയിലേക്ക് കൊണ്ട് വന്നാൽ എത്ര മാത്രം അരോചകമായി പോകും അത് . എന്നാലോ ഒരു സിനിമക്ക് അവകാശപ്പെടവുന്ന ഏറ്റവും കൂടുതൽ യോജിപ്പ് അതിന്റെ മൂലകൃതിയുമായി അത് കാണിക്കുന്നു.
      2. "ചിലത് നിസ്സാരമായി തള്ളാമെങ്കിലും (അലക്സാണ്ടർ ജോലി എടുത്ത സ്ഥലങ്ങൾ) ചിലത് കഥയുടെ നാടകീയതക്ക് വേണ്ടി പൊലിപ്പിച്ചതാണ്(മരണകാരണം)." ഇതിൽ രണ്ടും സിനിമയിലെ പൊരുത്തക്കേടുകൾ അല്ല. മറിച്ച് മൂലകൃതിയുമായി അന്തരം വന്ന ഭാഗങ്ങളാണ്.
      3. അവസാനം dramatic arc-ന്റെ പൂർത്തീകരണത്തിനു വേണ്ടി ചലച്ചിത്രത്തിൽ വ്യക്തമായ ഒരു completion കൊടുക്കുന്നുണ്ട്. ഈ വാചകങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ എന്നോർത്ത് നോക്ക്.
      And that an unshared happiness is not happiness...
      തുടർന്നു അവന്റെ ഡയറിയിൽ അവൻ എഴുതിയെന്നു കാണിക്കുന്ന രണ്ട് വാചകങ്ങൾ :
      a) HAPPINESS ONLY REAL WHEN SHARED.
      b) CALL EVERYTHING BY ITS RIGHT NAME.
      രണ്ടാമത്തെ വാചകത്തിന്റെ യതാർത്ഥ പ്രസക്തി അവന്റെ മരണകാരണത്തിലല്ല. അവൻ അതിൽ ഒപ്പിടുന്നതിലാണ് :Christopher Johnson McCandless. ഇതിലും വ്യക്തമായി ആ സിനിമയുടെ duality കാണിക്കാൻ പറ്റുമോ? പിന്നെങ്ങനെ അത് അവ്യക്തമാകും?

      Alvida

      Delete
    7. yes .. ഓർക്കുന്നു ആ വാചകങ്ങൾ .. ഹി .ഹി ഇതിപ്പോ സിനിമ ഞാൻ ഒന്നൂടെ കാണട്ടെ .. ഇനി എന്റെ ആസ്വാദനത്തിന്റെ കുഴപ്പമാണോ എന്നും അറിയാല്ലോ ..

      Delete
  4. ഇ-മഷിയില്‍ വായിച്ചിരുന്നു. കമന്റ് അന്നേ പറഞ്ഞാരുന്നു. നല്ല നിലവാരം പുലര്‍ത്തി.

    ReplyDelete
  5. പങ്കുവെയ്ക്കപ്പെടുന്നത്തിലാണ് ജീവിതത്തിന്റെ ആനന്ദമെന്നു മരണത്തിന് തൊട്ടു മുന്‍പ് അയാള്‍ മനസ്സിലാക്കുന്നുണ്ട്....
    അലാസ്കയിലെ ആ ഏകാന്തവാസം അയാളെ കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചിരിക്കണം......

    ReplyDelete
    Replies
    1. കറക്റ്റ് ...അത് തന്നെയാകണം .. ഞാനും അതാണ്‌ ഇപ്പോൾ ചിന്തിക്കുന്നത് ..

      Delete
  6. കാണട്ടെ കേട്ടോ.

    ReplyDelete
  7. കൊള്ളാം പ്രവീണ്‍ ഭായ്... കാണാന്‍ സാധിച്ചില്ല... കാണണം.
    As usual നല്ല റിവ്യൂ ... :)

    (ഞാന്‍ ഈ ദിവസങ്ങളില്‍ ബെന്‍ അഫ്ലെക്കിന്‍റെ പുറകെയാണ് ... ) താമസിക്കാതെ ഈ ചിത്രം കാണാം എന്നു കരുതുന്നു... :)

    ReplyDelete
    Replies
    1. നന്ദി മഹേഷ്‌ ഭായ് .. എന്തായാലും ഈ സിനിമ കാണാൻ മറക്കണ്ട ..

      Delete