Sunday, August 11, 2013

മരിയാൻ - കടലിനും സുഡാനിനും ഇടയിലെ നിസ്സഹായത

മരിയാൻ എന്നാൽ മരണമില്ലാത്തവൻ. കടൽ രാജാ എന്ന സ്വയം വിശേഷണത്തെ രാജകീയമായി കാണുകയും അതിൽ അഭിമാനിക്കുകയും ചെയ്തിരുന്ന മരിയാന് (ധനുഷ്), ഒരു പ്രത്യേക സാഹചര്യത്തിലാണ് സുഡാനിലേക്ക്  രണ്ടു വർഷത്തെ കരാറിൽ ജോലിക്ക് പോകേണ്ടി വരുന്നത്. നാടും വീടും വിട്ട് രണ്ടു വർഷക്കാലം  സുഡാനിൽ കഷ്ട്ടപ്പെടുമ്പോഴും അവനുണ്ടായിരുന്ന ഏറ്റവും വലിയ  ആശ്വാസം നാട്ടിൽ തന്നെ കാത്തിരിക്കുന്ന പനിമലരാണ് (പാർവതി). പനിമലരിന്റെ ആ  കാത്തിരുപ്പ്  സിനിമയിൽ തീക്ഷ്ണമായി തന്നെ അവതരിപ്പിക്കപ്പെടുന്നുണ്ട്  .  സുഡാനിൽ നിന്നും  കോയിൻ ഫോണിലൂടെ മരിയാൻ പനിമലരിനെ വിളിക്കുന്ന ഒരേ ഒരു രംഗം മാത്രം മതി അവരുടെ കാത്തിരിപ്പിന്റെയും , സ്നേഹത്തിന്റെയും  ആഴം മനസിലാക്കാൻ. രണ്ടു വർഷത്തെ കാത്തിരുപ്പിനു ശേഷം, സ്വന്തം നാട്ടിലേക്ക് വരാനൊരുങ്ങുന്ന ഏതൊരു പ്രവാസിയെയും  പോലെ മരിയാന്റെ മനസ്സും സന്തോഷം കൊണ്ട് കിതച്ചു. പക്ഷെ വിധി, അത് പലപ്പോഴും സങ്കീർണവും ദുഷ്ക്കരവുമാണല്ലോ. മരിയാന്റെ ജീവിതത്തിലും അത് അങ്ങിനെ തന്നെ സംഭവിക്കുന്നു. സുഡാനി തീവ്രവാദികളുടെ തടവറയിൽ കഴിയേണ്ടി വരുന്ന മരിയാന്റെ ദുരിത കഥ അവിടെ തുടങ്ങുന്നു. കടലിനും സുഡാനിനും ഇടയിലെ നിസ്സാഹയതയുടെ പ്രതീകമായി മരിയാന്‍ പ്രേക്ഷകന്റെ മനസ്സിലേക്ക് കുടിയേറുന്നു. 

കടലിന്റെ പശ്ചാത്തലത്തിൽ ഒരുപാട് സിനിമകൾ വന്നിട്ടുണ്ട്. നീർ പറവൈ , കടൽ തുടങ്ങീ സിനിമകളൊക്കെ തന്നെ കടലിന്റെ പശ്ചാത്തലം വളരെ മനോഹരമായി ഉപയോഗിച്ച് കഥ പറഞ്ഞ സിനിമകളുമാണ്. അത് കൊണ്ട് തന്നെ അത്തരമൊരു ഫ്രൈമിൽ മരിയാൻ പ്രത്യക്ഷപ്പെടുമ്പോൾ സീനുകളിലോ കഥാ പശ്ചാത്തലത്തിലോ  പ്രത്യേകിച്ചൊരു പുതുമ പ്രകടമല്ല. അതേ സമയം ധനുഷ്, പാർവതി എന്നിവരുടെ പ്രകടനം കൊണ്ട് സിനിമ ഏറെ ശ്രദ്ധേയവുമാണ്. സലിം കുമാറിന് ചെറുതല്ലാത്ത ഒരു വേഷം ഈ സിനിമയിൽ ഉണ്ടെന്നല്ലാതെ കാര്യമായൊരു ഭാവ പ്രകടനമോ അഭിനയ പ്രസക്തിയോ ആ കഥാപാത്രത്തിലൂടെ പ്രേക്ഷകന് കാണാൻ സാധിക്കുന്നില്ല. പരിചിതമായൊരു ശബ്ദത്തിനു പകരം  ഡബ് ചെയ്ത മറ്റൊരു ശബ്ദത്തിലൂടെയെത്തുന്ന  സലിം കുമാർ മലയാളി പ്രേക്ഷകനെ  നിരാശപ്പെടുത്തിയതിനു  (അത് അദ്ദേഹത്തിൻറെ കുഴപ്പമല്ല എങ്കിൽ കൂടി ) തുല്യമാണ്. തീക്കുറിശ്ശി എന്ന കഥാപാത്രം അവതരിപ്പിച്ചതില്‍ വിനായക് മികവ് പ്രകടിപ്പിച്ചു. 

ഭരത് ബാലയുടെ സംവിധാനം ശരാശരിക്ക് മുകളിൽ ഉയർന്നു നിൽക്കുന്നുണ്ട്. ബെൽജിയൻ ച്ഛായാഗ്രാഹകൻ മാർക്ക്‌ കൊണിൻക്സിന്റെ cinematography സിനിമയിലെ മറ്റൊരു ആകർഷണമാണ്. എ ആർ റഹ്മാൻ സംഗീതം പ്രതീക്ഷക്കൊത്ത മികവ് പുലർത്തിയോ എന്നത് ഇപ്പോഴും സംശയകരമായി തുടരുന്നു. ആട് ജീവിതം നോവലിലെ  നായകനായ നജീബിന്റെ മരുഭൂമി പലായനത്തെ ഓർമിപ്പിക്കും വിധമുള്ള ചില രംഗങ്ങൾ മരിയാനിലും കടന്നു വരുന്നു   എന്നതൊഴിച്ചാൽ സിനിമ തുടക്കം മുതൽ ഒടുക്കം വരെ  ആകാംക്ഷാഭരിതവും  കൈയ്യടക്കത്തോടെയുമാണ്‌  അവതരിപ്പിച്ചിരിക്കുന്നത്.

ആകെ മൊത്തം ടോട്ടൽ = ഒരു യഥാർത്ഥ ന്യൂസ്‌ പേപ്പർ സംഭവത്തെ വികാര തീവ്രമായി അവതരിപ്പിക്കാൻ  സാധിച്ച ഒരു നല്ല സിനിമ. പ്രണയവും പ്രവാസവും സംഗീതവും വിരഹവും എല്ലാം ഒത്തു ചേരുന്ന ഒരു   realistic  സിനിമ. 

വിധി മാർക്ക്‌ = 7 /10  
-pravin-

14 comments:

  1. എന്തോ..എനിക്ക് അത്രക് ഇഷ്ട്ടമായില്ല ഈ പടം.

    ReplyDelete
    Replies
    1. ചിലപ്പോ ലാഗിംഗ് ഉള്ള പോലെ തോന്നിക്കാണും .. അതാകും ഇഷ്ടമാകാതെ വന്നത് .. പുതുമയല്ല ഈ സിനിമയുടെ പ്രത്യേകത . ഒരു സംഭവ കഥയെ സിനിമയാക്കി മാറ്റുമ്പോൾ ചേർക്കാവുന്ന ചേരുവകൾ , അതിൽ മരിയാൻ - പനിമലർ പ്രണയമാണ് കൂടുതൽ ഹൈ ലൈറ്റ് ചെയ്യപ്പെടുന്നത് ..

      Delete
    2. എന്തായാലും പാർവതി ശ്രദ്ധിക്കപ്പെടും എന്നതിൽ തര്ക്കമില്ല.

      സിനിമ കണ്ടപ്പോൾ ഒരു സംശയം തോന്നി. " മരുഭൂമിയിൽ പുലിയോ കടുവയോ ഉണ്ടാകുമോ ?

      Delete
    3. ഉണ്ടാകും എന്ന് തോന്നുന്നു .. ആഫ്രിക്കയിൽ ഉള്ളതായി കണ്ടിട്ടുണ്ട് ..എനിക്ക് മറ്റൊരു സംശയം ആണുള്ളത് .. പുലി വരുന്നതായി അവനു തോന്നിയതല്ലേ ... അതോ ശരിക്കും വന്നോ ? കൻഫൂഷൻ കൻഫൂഷൻ

      Delete
  2. പാര്‍വതി നല്ല നടി,മാർക്ക്‌ കൊണിൻക്സിന്റെ നല്ല ദൃശ്യങ്ങള്‍,ഭരത് ബാലയുടെ നല്ല സംവിധാനം.

    ReplyDelete
    Replies
    1. അപ്പൊ ധനുഷ് പോരാ എന്നുണ്ടോ ?

      Delete
    2. വളര്‍ന്നു വരുന്ന നല്ലനടന്‍,പ്രിത്വിയെ പോലെ....

      Delete
    3. ഉം ... നല്ല റെയിഞ്ച് ഉള്ള നടനാണ്‌ ..സംശയമില്ല ..

      Delete
  3. കണ്ടിട്ടില്ല- വായിച്ചപ്പോള്‍ കാണാന്‍ തോന്നുന്നു

    ReplyDelete
    Replies
    1. ഒരു യഥാർത്ഥ സംഭവം അടിസ്ഥാനമാക്കി എടുത്ത സിനിമയാണ് ...ചിലർക്ക് സിനിമ ബോറായി എന്ന അഭിപ്രായം ഉണ്ട് .. ബോർ എന്ന് ഞാൻ പറയില്ല .. ബെന്യാമിൻ പറഞ്ഞ ഒരൊറ്റ വാചകം ആലോചിച്ചു പോയി ..നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടു കഥകളാണ് ...

      Delete
  4. എന്തോ എനിക്ക് അത്ര ഇഷ്ടായില്ല ...പക്ഷെ നല്ല ദൃശ്യങ്ങള്‍..

    ReplyDelete
    Replies
    1. ഉം ... എന്റെയും ഒരു ഫാവരെറ്റ് പടം എന്നൊന്നും പറയുന്നില്ല . എന്നാലും കുഴപ്പമില്ല . കണ്ടിരിക്കാം .മോശം പടമല്ല .

      Delete
  5. പടം ഇവിടെ എത്തിയാൽ കാണും
    നന്നായി വിവരിച്ചു......

    ReplyDelete