1982- 1983 കാലത്ത് "എവിടെയോ ഒരു ശത്രു" എന്ന എം ടിയുടെ തിരക്കഥയെ 'ഹരിഹര' സംവിധാനത്തിൽ സിനിമയാക്കാൻ ഒരു ശ്രമം നടന്നിരുന്നു. സുകുമാരൻ, വേണു നാഗവള്ളി, ജലജ, അനുരാധ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊണ്ട് ചിത്രീകരണം തുടങ്ങിയ ആ സിനിമ ചില നിർമ്മാണ പ്രതിസന്ധികളാൽ പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്നു. "എവിടെയോ ഒരു ശത്രു" അന്ന് പാതി മരിച്ചു വീണുവെങ്കിലും 2013 ഇൽ "ഏഴാമത്തെ വരവാ"യി ഉയിർത്തെഴുന്നേൽപ്പിക്കാൻ വേണ്ടി മാജിക് കോമ്പിനേഷൻ വീണ്ടും ഒരുമിക്കാൻ തീരുമാനിച്ചത് വരെയാണ് സിനിമയ്ക്കു പിന്നിലെ കഥ. ശേഷം സ്ക്രീനിൽ.
സുകുമാരന്‍ പകരം ആര് എന്ന ചോദ്യം വേണ്ട. ഇന്ദ്രജിത്ത് തന്നെ മതിയെന്ന് ഹരിഹരൻ തീരുമാനിച്ചു. ആ തീരുമാനം വളരെ ഉചിതമായിരുന്നു എന്ന് ഈ അടുത്തിടെ ഹരിഹരൻ തന്റെ ഇന്റർവ്യൂവിൽ ഇപ്രകാരം പറയുകയുണ്ടായി. "സുകുമാരന്‍ എന്തെങ്കിലും കഴിവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് മുഴുവനായും കിട്ടിയിരിക്കുന്നത് ഇന്ദ്രജിത്തിനാണ്". ഈ ഒരു കമെന്റ് വളരെ വളരെ സത്യമാണ് എന്ന് പ്രേക്ഷകർക്ക് ബോധ്യമാകും തരത്തിലാണ് ഗോപി മുതലാളിയുടെ കഥാപാത്രത്തെ ഇന്ദ്രജിത്ത് സിനിമയിൽ അഭിനയിച്ചു പ്രതിഫലിപ്പിച്ചിരിക്കുന്നത്.
കാടിനേയും വന്യജീവികളെയും മുഴുവനായി മനസിലാക്കിയ ഒരു ഉഗ്രൻ വേട്ടക്കാരനാണ് താൻ എന്ന അഹം ഭാവം ഗോപിക്ക് (ഇന്ദ്രജിത്ത്) ഉണ്ട്. അതിനൊക്കെ പുറമേ തികഞ്ഞ ഒരു നിഷേധിയും മാടമ്പിയുമായാണ് എല്ലാവരോടുമുള്ള അയാളുടെ സംസാരം. സ്വന്തം ഭാര്യ ഭാനുവിനോട് (ഭാവന) പോലും അയാൾ ആ പരുഷ ഭാവമാണ് പ്രകടിപ്പിക്കുന്നത്. ഇവരുടെ ജീവിതത്തിലേക്ക് യാദൃശ്ചികമായി കടന്നു വരുന്ന പുരാവസ്തു ഗവേഷകനാണ് പ്രസാദ് (വിനീത്). ഭാനുവും പ്രസാദും തമ്മിലുണ്ടായിരുന്ന ഒരു മുൻകാല പ്രണയ പരിചയവും സിനിമ പങ്കു വക്കുന്നുണ്ട്- വളരെ സരസമായി. ഇതിനെല്ലാം പുറമേ തിരക്കഥയിലെ മറ്റൊരു പ്രധാന കഥാപാത്രമായി വരുന്ന ആളാണ് "ആൾപ്പിടിയൻ നരി". സിനിമ തുടങ്ങി അവസാനിക്കുന്നത് പോലും നരിയുടെ മുരൾച്ചയിലാണ്. ആൾപ്പിടിയൻ നരി ഏഴു വർഷത്തിലൊരിക്കൽ മാത്രമാണ് കാട്ടിലെ ജനവാസത്തിലേക്ക് ഇറങ്ങി വരുക . ഏഴു വർഷത്തിനു ശേഷം വരുന്ന അവൻ ഏഴു തവണയായി ആളുകളെ പിടിച്ചു കൊണ്ട് പോയി തിന്നും. നാഗുവിന്റെ (മാമുക്കോയ) മകളായ മാലയാണ് (കവിതാ നായർ) ആ കഥ പ്രസാദിന് പറഞ്ഞു കൊടുക്കുന്നത്. ആ കഥ സത്യം തന്നെയാണോ എന്ന് ചിന്തിപ്പിക്കും വിധം ആൾപ്പിടിയൻ നരി കഥയിൽ ഇടയ്ക്കിടെ ഓരോരുത്തരെയായി വന്നു കൊണ്ടു പോകുന്നുമുണ്ട്.
വെറുമൊരു ആൾപ്പിടിയൻ നരിയുമായി സിനിമയെ മുന്നോട്ടു നയിക്കാനാകില്ല എന്ന തിരിച്ചറിവ് കൊണ്ട് തന്നെയായിരിക്കണം തിരക്കഥയിൽ വിവിധ കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങൾ, നരിയുടെ ആക്രമണവും ആളുകളുടെ ആശങ്കയും, മൃഗങ്ങളെ വെല്ലുന്ന മനുഷ്യന്റെ വൈരാഗ്യ ബുദ്ധി, സാധു മനുഷ്യ-ജീവികളുടെ നിസ്സഹായത എന്നിങ്ങനെ പല കഥാ ഘടകങ്ങളും ബുദ്ധിപൂർവ്വം കൂട്ടിയിണക്കിയിരിക്കുന്നത്. പക്ഷേ ഇതെല്ലാം ഉണ്ടായിട്ടു കൂടി പ്രേക്ഷകൻ പ്രതീക്ഷിച്ച ആ ഒരു മാജിക്ക് "ഏഴാം വരവിൽ" സംഭവിച്ചില്ല എന്നതാണ് സത്യം. കാലം തെറ്റി വന്ന സിനിമയായി വേണമെങ്കിൽ "ഏഴാം വരവിനെ" വിലയിരുത്താം."എവിടെയോ ഒരു ശത്രു" അന്ന് ആ കാലത്ത് റിലീസായിരുന്നെങ്കിൽ എം.ടി- ഹരിഹരൻ മാജിക് കോമ്പിനേഷൻ ലിസ്റ്റിൽ ഒരു ക്ലാസ് സിനിമ കൂടി ഉൾപ്പെടുമായിരുന്നു. ഇന്ന്, ഈ കാലത്ത്, പ്രസ്തുത തിരക്കഥക്ക് ഏഴല്ല, എട്ടും പത്തും വരവ് വരെ വരേണ്ടി വന്നാലും പ്രേക്ഷക സ്വീകാര്യതയുടെ കാര്യത്തില്‍ കാര്യമായൊരു ചലനം സൃഷ്ടിക്കാന്‍ സാധിക്കില്ല. തിരക്കഥയില്‍ അലിഞ്ഞു ചേര്‍ന്ന ഈ വെല്ലുവിളിയെ എം .ടി- ഹരിഹരൻ ടീം എന്ത് കൊണ്ട് മനസിലാക്കാതെ പോയി എന്നത് വളരെയധികം ഖേദകരവും ആശ്ചര്യജനകവുമായ ചോദ്യമാണ്.
പുലിയും, കടുവയും, ആനയുമൊക്കെ പല സിനിമകളിലും പ്രധാന കഥാപാത്രങ്ങളായി വന്നു പോയിട്ടുണ്ട്. മികച്ച സാങ്കേതിക വിദ്യയുടെ അഭാവത്തിൽ പോലും ആ സിനിമകളെല്ലാം പ്രേക്ഷക ശ്രദ്ധയും പ്രശംസയും നേടുകയുണ്ടായിട്ടുമുണ്ട്. ആ കൂട്ടത്തിലെ ഒരു "പുലി" സിനിമയായിരുന്നു ലോഹിത ദാസ് തിരക്കഥയെഴുതി ഐ വി ശശി സംവിധാനം ചെയ്ത "മൃഗയ". 'മൃഗയ' യിലെ പുലി ജനങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന പരിഭ്രാന്തിയോളം 'ഏഴാമത്തെ വരവി'ലെ ആൾപ്പിടിയൻ നരിക്ക് ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. ആസ്ട്രേലിയയിൽ പോയി ഷൂട്ട് ചെയ്ത നരിയുടെ ചലനങ്ങൾ സിനിമയിൽ കുറച്ചു സീനുകളിലേ ഉള്ളൂവെങ്കിൽ കൂടി മനോഹരമായി ചെയ്തിട്ടുണ്ട് എന്നത് വേറെ കാര്യം. അതേ സമയം, മല പോലെ വന്നത് എലി പോലെ പോയി എന്ന് പറയും പോലെ ആൾപ്പിടിയൻ നരിയെന്ന ഭീകരനെ ഒടുക്കം വെറും ശബ്ദ ഗാംഭീര്യത്തിൽ മാത്രം ഒതുക്കി കൊണ്ട് തീർത്തും അപ്രസക്തനാക്കി കളയുകയും ചെയ്തു.
ആൾപ്പിടിയൻ നരിയുടെ ആക്രമണ ഭീകരതയേക്കാൾ പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്നത് ഇന്ദ്രജിത്തിന്റെ മികച്ച അഭിനയമാണ്. അത് തന്നെയാണ് ഈ സിനിമയുടെ ഏകമാത്രമായ ഏറ്റവും നല്ല വശമെന്ന് വേണമെങ്കിൽ പറയാം. മാമുക്കോയ, ഭാവന, കവിതാ നായർ തുടങ്ങീ അഭിനേതാക്കളെല്ലാവരും അവരവർക്ക് കിട്ടിയ കഥാപാത്രത്തെ വളരെ വൃത്തിയായി കൈകാര്യം ചെയ്തിട്ടുണ്ട്. ഹരിഹരന്റെ ഗാന രചനയും സംഗീതവും സിനിമക്ക് ഒരു ബാധ്യതയായി മാറിയെങ്കിലും ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം ആശ്വാസജനകമായിരുന്നു.
ആകെ മൊത്തം ടോട്ടൽ = എം.ടി - ഹരിഹരൻ ടീമിന്റെ ഒരു വിസ്മയ സിനിമയാണ് കാണാൻ പോകുന്നത് എന്ന മുൻവിധിയും പ്രതീക്ഷയും മാറ്റി വച്ച് കൊണ്ട് കാണാവുന്ന ഒരു സിനിമ. സീനുകളിലെ ഇഴച്ചിൽ ആസ്വദിക്കാൻ സാധിക്കുമെങ്കിൽ സിനിമയും ആസ്വദിക്കാം. പഴയകാലത്തെ ഒരു തിരക്കഥ കാലാനുസൃത മാറ്റങ്ങൾ വരുത്താതെ പ്രയോഗിച്ചു എന്ന നിലയിൽ ഈ സിനിമ മാപ്പർഹിക്കുന്നു.
*വിധി മാർക്ക് - 5.5/10
-pravin-