മലയാള സിനിമയ്ക്കു കിട്ടിയ ഒരു വലിയ അനുഗ്രഹമാണ് ജിത്തു ജോസഫ്. 2007 ഇൽ റിലീസായ 'ഡിറ്റക്ടീവ്' സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഒരു വലിയ പ്രതീക്ഷ ഉണർത്താൻ ജിത്തു ജോസഫിന് സാധിച്ചിരുന്നു. പിന്നീട് റിലീസായ ജിത്തുവിന്റെ 'മമ്മി ആൻഡ് മി' യും, മൈ ബോസും' മോശമാക്കിയില്ല. ഓരോ സിനിമ ചെയ്യുമ്പോഴും അതിലുണ്ടാകുന്ന പോരായ്മകളെ സ്വയമേ വിലയിരുത്തിയ ശേഷമാണ് ജിത്തു തന്റെ അടുത്ത സിനിമക്കായി ഒരുങ്ങിയിട്ടുള്ളത് എന്ന് തോന്നിക്കും വിധമായിരുന്നു ജിത്തുവിന്റെ സിനിമയിലുള്ള വളർച്ച. തൊട്ടു മുന്നേ റിലീസായ 'മെമ്മറീസി'ൽ നിന്നും 'ദൃശ്യ'ത്തിലേക്ക് എത്തുമ്പോൾ തിരക്കഥാ രചനയിൽ ജിത്തുവിന് കിട്ടിയ പുതിയ തിരിച്ചറിവുകളും മികവുറ്റ മാറ്റങ്ങളും തിയേറ്റർ സ്ക്രീനിൽ പ്രകടമായതിനുള്ള പ്രധാന കാരണവും അത് തന്നെ. 'മെമ്മറീസ്' ഒരു സസ്പെൻസ് ത്രില്ലർ സിനിമയുടെ രൂപത്തിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയെങ്കിലും കഥാവസാനം സിനിമയെ കൂട്ടി വായിക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ചില സംശയങ്ങളും ചോദ്യങ്ങളും ഉയർന്നു വരുന്നുണ്ടായിരുന്നു. അത് കൊണ്ട് തന്നെ യുക്തിരഹിതമായ (ചില) കഥാ സന്ദർഭങ്ങൾ, യാദൃശ്ചികതകളുടെ അതിപ്രസരം ഇതെല്ലാം മെമ്മറീസിൽ ഒരു പക്ഷേ കണ്ടെത്താൻ സാധിച്ചെന്നും വരും. ഇത്തരം പോരായ്മകൾ കൂടി നികത്തി കൊണ്ടാണ് ജിത്തു 'ദൃശ്യ'ത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. പഴി ചാരാൻ വേണ്ടി മാത്രം സിനിമ കാണുന്ന പ്രേക്ഷകൻ പോലും അഭിനന്ദിച്ചു പോകുന്ന രചനാ പാടവം, അതുമല്ലെങ്കിൽ പ്രേക്ഷകന് തോന്നിയേക്കാവുന്ന സംശയങ്ങളുടെ എല്ലാ പഴുതുകളും അടച്ച് ഭദ്രമാക്കിയ ഒരു തിരക്കഥ. അവിടെ പ്രേക്ഷകന്റെ നിരീക്ഷണബുദ്ധിക്ക് തോറ്റു കൊടുത്തേ മതിയാകൂ താനും. ഇത് തന്നെയാണ് ജിത്തുവിന്റെ/ 'ദൃശ്യ'ത്തിന്റെ വിജയവും മികവും.
ജോർജ്ജു കുട്ടിയും (മോഹൻ ലാൽ ), ഭാര്യ റാണിയും (മീന), രണ്ടു പെണ്‍ മക്കളും (അൻസിബ, ബേബി എസ്തർ) അടങ്ങുന്ന ചെറിയ കുടുംബം, ആ കുടുംബത്തിലെ ദൈനം ദിന ചർച്ചകൾ, സംസാരങ്ങൾ, ജോർജ്ജു കുട്ടിയുടെ സാമൂഹിക ഇടപെടലുകൾ, ജീവിതത്തോടുള്ള ചെറിയ ചെറിയ കാഴ്ചപ്പാടുകൾ എന്നിവ വിശദമായി പറയുകയാണ് സിനിമയുടെ ആദ്യ പകുതി. ഇത്രക്കും വിശദമായി ജോർജ്ജു കുട്ടിയെ സിനിമ വിവരിച്ചെടുക്കുമ്പോൾ സഞ്ചരിക്കാൻ വഴിയില്ലാതെ ഇഴയുന്ന കഥയാണോ ദൃശ്യത്തിന്റെത് എന്ന ന്യായമായ പ്രേക്ഷക സംശയം ഉയർന്നേക്കാം. അത് സംവിധായകന്റെ മനശാസ്ത്രപരമായ കഥാവതരണ രീതിയാണ് എന്ന് ബോധ്യപ്പെടുന്നത് വരെ ആ സംശയം തുടരുക തന്നെ ചെയ്യുന്നു. ആദ്യ സീനിൽ കാണുന്ന പോലീസുകാരന്റെ ബസ് യാത്ര, പുതിയ പോലീസ് സ്റ്റേഷനെ കുറിച്ചുള്ള ചായക്കടക്കാരന്റെ അമിത വർണ്ണന ഇതൊക്കെ ആദ്യം അപ്രസക്തം, അല്ലെങ്കിൽ അധികപ്പറ്റായി തോന്നിക്കുകയും പിന്നീട് കഥാഗതിയിൽ മെല്ലെ മെല്ലെ പ്രാധാന്യം നേടുകയും ചെയ്യുന്നു. സിനിമയിൽ അങ്ങിനെയുള്ള ലിങ്കുകൾ വളരെ മനോഹരമായി ജിത്തു ജോസഫ് ഉപയോഗിച്ചിട്ടുണ്ട്. ക്വാറി, കമ്പോസ്റ്റ് കുഴി, ധ്യാനം കൂടൽ, ജോർജ്ജ് കുട്ടിയുടെ സിനിമാ നിരീക്ഷണങ്ങൾ etc . അതെല്ലാം അതിനുദാഹരണങ്ങളാണ്.
വളരെ തന്ത്രപരമായി പ്രേക്ഷകന്റെ മനസ്സിലേക്ക് ജോർജ്ജുകുട്ടിയേയും കുടുംബത്തെയും പ്രതിഷ്ഠിച്ച് ഇരുത്തുന്നതിലൂടെയാണ് സംവിധായകൻ സിനിമയുടെ ആദ്യ പകുതിയിൽ വിജയം കാണുന്നത്. ജോർജ്ജു കുട്ടിയുടെ കുടുംബ ജീവിതത്തിലേക്ക് കടന്നു വരുന്ന ക്ഷണിക്കപ്പെടാത്ത അതിഥിയെ കൊണ്ട് സിനിമയെ ഒരു ത്രില്ലർ സ്വഭാവത്തിലേക്ക് വഴി മാറ്റി കൊണ്ട് പോയ ശേഷം, അത് വരെ പറഞ്ഞ ജോർജ്ജു കുട്ടിയുടെ കുടുംബവിശേഷ കഥയുടെ അന്തരീക്ഷം നിർണ്ണായകമായ സാഹചര്യങ്ങൾ കൊണ്ട് പതിയെ മാറ്റിയെടുക്കുന്നു. ആദ്യ പകുതിയിൽ ചെറുതായെങ്കിലും തോന്നിയ ലാഗിംഗ് ഇക്കാരണത്താൽ ഇല്ലാതാകുന്നു. ഇടവേളക്കു ശേഷം പ്രേക്ഷകന്റെ മനസ്സിൽ മുഴുവൻ ജോർജ്ജു കുട്ടിയും കുടുംബവും മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഈ ഒരു ഇമോഷൻ പ്രേക്ഷകനിൽ ഉണ്ടാക്കിയെടുത്തു കൊണ്ടാണ് ആദ്യ പകുതി അവസാനിക്കുന്നത്. മറ്റൊരർത്ഥത്തിൽ പ്രേക്ഷകമനസ് സിനെ ജോർജ്ജ് കുട്ടിയും കുടുംബവും ഹൈജാക്ക് ചെയ്തു കൊണ്ടാണ് ഇടവേള എഴുതി കാണിക്കുന്നത് എന്നും പറയാം .ഈ ഒരു കഥാവതരണ രീതി ജിത്തു ജോസഫ് 'മെമ്മറീസി'ലും ചെറുതായി പരീക്ഷിച്ചിട്ടുണ്ട്. സാം അലക്സിന്റെ (പ്രിഥ്വി രാജ്) വ്യക്തി ജീവിതത്തിലേക്ക് കടന്നു ചെന്ന് കൊണ്ട് വ്യക്തമായ ഒരു കഥാപശ്ചാത്തലം സൃഷ്ട്ടിക്കുകയും പിന്നീട് അയാളുടെ ജീവിതത്തിലെ ദുരന്തങ്ങളും നിലവിലെ താളപ്പിഴകളും സിനിമ വിശദീകരിക്കുകയും ചെയ്യുന്നതിലൂടെ സാം അലക്സ് പ്രേക്ഷകന്റെ മനസ്സിലേക്ക് കയറിപ്പറ്റുന്നു. പിന്നീടാണ് സിനിമയിൽ അന്വേഷണാത്മകത കടന്നു വരുന്നത്. ഇവിടെ 'ദൃശ്യ' ത്തിൽ അന്വേഷണാത്മകതക്കല്ല പ്രസക്തി കൊടുക്കുന്നത് എന്ന് മാത്രം.
ഒരു വ്യക്തി ഒരു ക്രൈം ചെയ്യുന്നതിന് പിന്നിൽ വ്യക്തമായ ഒരു കാരണമോ ന്യായീകരണമോ ഉണ്ടെങ്കിൽ കൂടി നിയമത്തിനു മുന്നിൽ ആ വ്യക്തി കുറ്റക്കാരൻ തന്നെയാണ്. ചെയ്ത ക്രൈം മറച്ചു വക്കാൻ അയാൾ എത്ര തന്നെ ശ്രമിച്ചാലും അതൊരു നാൾ മറ നീക്കി പുറത്തു വരുക തന്നെ ചെയ്യും. എന്നാൽ ഈ പൊതു നിരീക്ഷണത്തെ എങ്ങിനെയെല്ലാം വിപരീത ദിശയിൽ സഞ്ചരിച്ചു കൊണ്ട് ഖണ്ഡിക്കാൻ സാധിക്കും എന്ന് ശ്രമിക്കുകയാണ് 'ദൃശ്യം' ചെയ്യുന്നത്. കഥാപാത്രങ്ങളുടെ കണ്ണുകളിൽ ക്രൈം എന്നത് ശരിയാണെങ്കിൽ അതേ അളവിൽ പ്രേക്ഷകനും അത് ശരി എന്ന് തോന്നിക്കുന്ന വിധമുള്ള ഒരു മാജിക് ട്രീറ്റ് ആണ് ദൃശ്യത്തിന്റെ തിരക്കഥയിൽ ഒളിഞ്ഞു കിടക്കുന്നത്. അത് കൊണ്ട് തന്നെ സാധാരണ ഗതിക്ക് ഏതൊരു സിനിമയിലും കുറ്റം തെളിയാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർ 'ദൃശ്യ'ത്തിന്റെ കാര്യത്തിൽ കുറ്റം തെളിയരുതേ എന്നും, കേസ് അന്വേഷിച്ചു വിജയിപ്പിക്കാൻ ബാധ്യതപ്പെട്ടവർ പരാജിതരകണേ എന്നുമായിരിക്കും ആഗ്രഹിച്ചിട്ടുണ്ടാകുക. തിരക്കഥയിലും സംവിധാനത്തിലുമുള്ള ജിത്തുവിന്റെ ബുദ്ധിപരമായ ഈ പകിട കളി പ്രേക്ഷകന് ഇക്ഷ അങ്ങോട്ട് ബോധിക്കുന്നത് കൊണ്ട് തന്നെയാണ് ജനം തിയേറ്ററിൽ ഇരച്ചു കയറുന്നതും.
ഒരു ത്രില്ലർ സിനിമക്ക് ക്യാമറ ഗിമ്മിക്കുകൾ അത്യാന്താപേക്ഷിതമാണ് എന്ന സ്ഥിരം കാഴ്ചപ്പാടുകളെ തൃണവത്ക്കരിച്ചു കൊണ്ടാണ് ജിത്തു ജോസഫ് ദൃശ്യം ഒരുക്കിയിരിക്കുന്നത്. ജിത്തുവിന് തന്റെ സിനിമയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ട്. അദ്ദേഹത്തിന്റെ അഭിമുഖ പരിപാടികൾ ശ്രദ്ധിച്ചാൽ അത് ഒന്ന് കൂടി വ്യക്തമാകും. If you want to be a good director, you should go against the rules of industry. ഇതാണ് ജിത്തുവിന്റെ സിനിമാ തത്വ ശാസ്ത്രവും വിജയ മന്ത്രവും. വ്യത്യസ്തതകൾ ആഗ്രഹിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഈ വാക്കുകൾ വല്ലാത്തൊരു inspiration തന്നെയാണ്. പ്രേക്ഷക സമൂഹവും സിനിമാക്കാരും കോമഡിയൻമാരെന്ന് മുദ്ര കുത്തി വിട്ട നടന്മാരെ തന്റെ സിനിമകളിൽ വില്ലന്മാരാക്കി അവതരിപ്പിക്കാനുള്ള ജിത്തു ജോസഫിന്റെ കഴിവ് 'ഡിറ്റക്റ്റീവ്' തൊട്ടേ പ്രകടമാണ്. കലാഭവൻ പ്രജോദ്, മായം മറിമായം ഫെയിം ശ്രീ കുമാർ എന്നിവർക്ക് ശേഷം 'ദൃശ്യ'ത്തിൽ കലാഭവൻ ഷാജോണിനെ കൂടി മറ്റൊരു വ്യത്യസ്ത വില്ലൻ പരിച്ഛായയിൽ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. സ്ക്രീനിൽ ഒരു നടന്റെ മുഖം തെളിയുമ്പോൾ ആ നടൻ വില്ലനാണോ നായകനാണോ കോമഡിയനാണോ എന്ന് മുൻ വിധിയോടു കൂടെ നിരീക്ഷിക്കാനുള്ള അവസരം പ്രേക്ഷകന് പാടേ നിഷേധിക്കുന്ന മലയാളത്തിലെ ഏക സംവിധായകൻ ഒരു പക്ഷേ ജിത്തു ജോസഫായിരിക്കും എന്ന് തോന്നുന്നു.
സിനിമയിൽ നാമമാത്രമായി അഭിനയിച്ചു പോയവർ തൊട്ട് പ്രധാന വേഷങ്ങളിലെത്തിയവർ വരെ സാന്നിധ്യം കൊണ്ടും പ്രകടനം കൊണ്ടും ഏറെ മികവ് പുലർത്തിയിട്ടുണ്ട് എന്ന് പറയാതെ വയ്യ. ജോർജ്ജു കുട്ടിയുടെ ഇളയ മകളായ ബേബി എസ്തർ പ്രേക്ഷകനെ ഒരു വേള വിസ്മയിപ്പിക്കുക തന്നെ ചെയ്യുന്നുണ്ട്. സുജിത് വാസുദേവിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നതിലുള്ള മിതത്വവും അത് പോലെ അഭിനനന്ദനീയമായിരുന്നു. സംഗതികൾ ഇങ്ങിനെയൊക്കെയാണ് എങ്കിലും ഒരു കാര്യം മറച്ചു വക്കുന്നില്ല. ജിത്തുവും സ്ക്രിപ്റ്റും തന്നെയാണ് ഈ സിനിമയിലെ യഥാർത്ഥ താരങ്ങൾ.
ആകെ മൊത്തം ടോട്ടൽ = ഈ അടുത്ത കാലത്തൊന്നും കാണാത്ത, അനുഭവിക്കാത്ത ഗിമ്മിക്കുകളില്ലാത്ത ത്രില്ലിംഗ് ദൃശ്യങ്ങൾ. ആദ്യ പകുതിയിലെ ചെറിയ ലാഗിങ്ങും, ലാലേട്ടന്റെ വകയുള്ള ചില്ലറ ദ്വയാർത്ഥ പ്രയോഗങ്ങളും, പൈങ്കിളി ഭാര്യാ-ഭർതൃ സീനുകളും ഉപദേശങ്ങളും ഒഴിവാക്കി കൊണ്ട് നോക്കിയാൽ ഇത് വരെ കണ്ട മലയാള സിനിമകളിലെ ഒരു perfect drama thriller movie തന്നെയാണ് ദൃശ്യം.
*വിധി മാർക്ക് = 8.8/10
*********************************************************
സിനിമ കണ്ടവരോട് മാത്രമായി പറയാനുള്ളത്
സിനിമയിൽ ഒരു സീൻ കൂടി ആഡ് ചെയ്തു കണ്ടാൽ ഒരു പക്ഷേ പ്രേക്ഷകനെന്ന നിലയിൽ ഞാൻ കൂടുതൽ സംതൃപ്തനാകുമായിരുന്നു. ജോർജ്ജൂട്ടിയുടെ വീട്ടിൽ ഒരു അഞ്ചു പത്ത് പശുക്കളും രണ്ടു പശുക്കിടാങ്ങളും ഉണ്ടെന്നു തുടക്കത്തിലെപ്പോഴെങ്കിലും കാണിക്കുന്ന ഒരു സീൻ / ജൈവ വളങ്ങളെ കുറിച്ചും അതിന്റെ ആവശ്യകതയെ കുറിച്ചും വാചാലനാകുന്ന ജോർജ്ജൂട്ടി /കന്നു കാലി ഫാമുകളിൽ പോയി അവിടെ ചത്തു വീഴുന്ന കന്നുകാലികളെ ഫാം ഉടമസ്ഥർ എന്ത് ചെയ്യുന്നു എന്ന് അറിയാൻ ശ്രമിക്കുന്ന ജോർജ്ജൂട്ടി/ ഇങ്ങിനെ എന്തെങ്കിലുമൊരു സീൻ കൂടി സിനിമയിൽ ഉൾപ്പെടുത്തണമായിരുന്നു എന്ന് ഞാൻ ഞാൻ ശക്തമായി ആഗ്രഹിച്ചു പോയി. അത് കാണിച്ചിരുന്നെങ്കിൽ സിനിമ കണ്ട ശേഷം മനസ്സിൽ തോന്നിയ ഒരേ ഒരു ചോദ്യത്തിന്റെ പ്രസക്തി ഇല്ലാതാകുമായിരുന്നു.
-pravin-
കൊള്ളാം. നല്ല പോസ്റ്റ്
ReplyDeleteകുറേക്കാലമായി 'മലയാള സിനിമ' തിയ്യറ്ററില്‍ പോയി കണ്ടിട്ട്. സൂപ്പറുകളുടെ പടം കാണുന്നെങ്കില്‍ നല്ല പോലെ റിവ്യൂസ് അറിഞ്ഞിട്ടേ പോകൂ എന്നുറപ്പിച്ചിരുന്നു. ഇത് കാണണമെന്നാണ് പ്ലാന്‍.
എന്തായാലും ഈ സിനിമ കാണുക .. ധൈര്യമായി തന്നെ കാണുക
Deleteനന്നായി എഴുതി.. അവസാനത്തെ ആ ആഗ്രഹം അത് എനിക്കും തോന്നിയിരുന്നു..
ReplyDeleteഎനിക്കിപ്പോഴും മനസ്സിൽ അത് തന്നെയാണ് ..
Deleteറിവ്യൂ വായിച്ചു, നന്നായി വിശകലനം ചെയ്തു എഴുതി. സിനിമ കാണാന്‍ സാധിച്ചില്ല.. കണ്ടതിനുശേഷം വീണ്ടും ഒരു തവണകൂടി ഇവിടെ വരേണ്ടിവരും.. :)
ReplyDeleteഅപ്പൊ ഒരു തവണേം കൂടി വരണം ട്ടോ അലിക്കാ .. മറക്കരുത് .. ഹി ഹി
Deleteസിനിമ കണ്ടില്ല. എങ്കിലും ഈ ആസ്വാദനത്തെ അതിന്‍റെ നേരേചൊവ്വേ കൊണ്ടുതന്നെ ഇഷ്ടപ്പെടുന്നു, ഷെയര്‍ ചെയ്യുന്നു.
ReplyDeleteതാങ്ക്യു ജോസേട്ടാ ..
Deleteഞാനും ഭാര്യയും എന്റെ രണ്ട് പെൺമക്കളുമൊത്ത് കണ്ട സിനിമ. ഏതു നിമിഷവും എന്റെ കുടുംബത്തിലേക്കും കടന്നുകയറാവുന്ന നടുക്കുന്ന സംഭവപരമ്പരകൾ എന്നോർത്തുകൊണ്ട് മോഹൻലാൽ അഭിനയത്തിന്റെ മാസ്മരികഭാവങ്ങൾ പ്രദർശിപ്പിക്കുന്നത് കണ്ട് ശരിക്കും ആസ്വദിച്ചു. ഒരു പിതാവ് തന്റെ കുടുംബത്തെ സംരക്ഷിക്കുവാൻ എത്രമാത്രം പ്രായോഗികമായ ബുദ്ധിവൈഭവവും സഹനശേഷിയും പ്രകടിപ്പിക്കണം എന്ന വലിയൊരു സന്ദേശവും ഈ സിനിമ വിനിമയം ചെയ്യുന്നതായി തോന്നി. പ്രവീൺ പറഞ്ഞതുപോലെ സിനിമയുടെ തുടക്കത്തിൽ അനാവശ്യമെന്ന് തോന്നിയ പലതും പിന്നീട് കഥയുടെ പൂർണതക്ക് അവശ്യഘടകങ്ങളായി മാറ്റുന്നത് ജിത്തു ജോസഫ് എന്ന സംവിധായകന്റെ മികവ്തന്നെ....
ReplyDeleteഅപൂർവ്വമായി മാത്രം സിനിമ കാണുന്ന ഞാൻ പ്രവീണിന്റെ സിനിമയെഴുത്തിലൂടെയാണ് പല സിനിമകളേയും അറിയാറുള്ളത്. ആദ്യമായാണ് ഞാൻ കണ്ട ഒരു സിനിമയെക്കുറിച്ച് പ്രവീൺ എഴുതിയത് വായിക്കുന്നത്. അത് എനിക്ക് നന്നായി ഇഷ്ടമായ സിനിമയെക്കുറിച്ചായപ്പോൾ ഈ എഴുത്തിനോട് ഒരു പ്രത്യേക ഇഷ്ടം
നന്ദി പ്രദീപേട്ടാ .. സിനിമ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ഉണ്ട് .. എല്ലാ സിനിമകളും കാണണം എന്ന് ഞാൻ പറയില്ല. എന്നാലും കുടുംബവുമായി ഇടക്കൊക്കെ സിനിമക്ക് പോകുക തന്നെ വേണം. നല്ല സിനിമകൾ മരിച്ചിട്ടില്ല. തിയേറ്ററിലെ രണ്ടര മണിക്കൂർ നിശബ്ദതയും ഇരുട്ടും ഒരു വല്ലാത്ത അനുഭവമാണ്. എത്ര തവണ തിയേറ്ററിൽ പോയാലും അതൊരു പുതുമയായി മാത്രമേ അനുഭവപ്പെടുകയുള്ളൂ ..
Deleteസിനിമ കാണണം എന്നുണ്ട്..ശേഷം വീണ്ടും വരാം
ReplyDeleteഅൻവർക്കാ ..എന്തായാലും പോയി സിനിമ കാണുക .. ത്രില്ലടിച്ചു തന്നെ കാണുക ..
Deleteഏറെ ആസ്വദിച്ച ഒരു പടം, ഏറെ കാലത്തിനു ശേഷം കുടുംബസമേതം പോയി കണ്ട ഒരു പടം...
ReplyDeleteആ മൊബൈല്‍ ഫോണ്‍ വച്ചുള്ള പയ്യന്‍റെ ഭീഷണി സീന്‍ കുറച്ചധികം ക്ലീഷേ ആയിപ്പോയി..പിന്നെ സീരിയല്‍ ഹാങ്ങ്‌ഓവര്‍ വിട്ടുമാറാത്ത ഐജിയുടെ അഭിനയം വല്ലാതെ കല്ലുകടിച്ചു....
ഹ ഹാഹ് .. ആ ഹാങ്ങ് ഓവറുകാരനോട് ഞാനങ്ങു ക്ഷമിച്ചു ജിത്തു ..അല്ലാതെ വേറെ വഴിയില്ലായിരുന്നു ..ഇടവേളക്ക് മുൻപുള്ള പലതിലും അങ്ങിനെ ചില്ലറ ക്ലീഷേ എനിക്കും മണത്തിരുന്നു .. പക്ഷെ ഇടവേളക്ക് പത്തു പതിനഞ്ചു മിനുട്ട് മുൻപിൽ നിന്നാണ് സിനിമ ക്ലച്ചു പിടിച്ചത് ..
Deleteപഴി ചാരാൻ വേണ്ടി മാത്രം സിനിമ കാണുന്ന പ്രേക്ഷകൻ പോലും അഭിനന്ദിച്ചു പോകുന്ന രചനാ പാടവം, അതുമല്ലെങ്കിൽ പ്രേക്ഷകന് തോന്നിയേക്കാവുന്ന സംശയങ്ങളുടെ എല്ലാ പഴുതുകളും അടച്ച് ഭദ്രമാക്കിയ ഒരു തിരക്കഥ. അവിടെ പ്രേക്ഷകന്റെ നിരീക്ഷണബുദ്ധിക്ക് തോറ്റു കൊടുത്തേ മതിയാകൂ താനും. ഇത് തന്നെയാണ് ജിത്തുവിന്റെ/ 'ദൃശ്യ'ത്തിന്റെ വിജയവും മികവും...
ReplyDeleteഇവിടെ യു.കെ യിൽ അടുത്ത കാലത്തൊന്നും
ഒരു മലയാള സിനിമ പ്രദർശിപ്പിക്കുന്ന സ്ഥലങ്ങളിലും
‘സോൾഡ് ഔട്ട്’ ബോറ്ഡുകൾ കാണാല്ലിയൈരുന്നു...
പക്ഷേ ദൃശ്യ'ത്തിനത് പറ്റിയത് ഈ സിനിമയുടേ മേന്മ തന്നെ...!
യു കെ യിൽ എന്റെ ഒരു സുഹൃത്തുണ്ട് . അവിടെ പുതിയ സിനിമകൾ എത്തിക്കുന്നത് അവനാണ്. അവനും ഇതേ അഭിപ്രായം പറഞ്ഞു എന്നോട് .. നന്ദി മുരളിയേട്ടാ ..എന്തായാലും സിനിമ കാണുക ..
Deleteപതിനെട്ടാം തീയതി ഇവിടെ റിലീസ് ആണേ... :) കണ്ടിട്ട് ബാക്കി അഭിപ്രായം
ReplyDeleteഅപ്പൊ കണ്ടേച്ചും വാ ആർഷ ചേച്ചീ ..
Deleteകുറച്ചു നാളുകളായി സിനിമകൾ കണ്ടിട്ട്. എന്തായാലും ഈ സിനിമ ഒന്ന് പോയി കാണണം. എല്ലാവരും അടി പൊളി ആണ് എന്ന് പറയുന്നുണ്ട്.
ReplyDeleteഎന്തായാലും പോയി കാണൂ ..
Deleteനല്ലൊരു സിനിമയെക്കുറിച്ച് നന്നായെഴുതി.. :-)
ReplyDeleteനന്ദി സംഗീത് ഈ വായനക്കും അഭിപ്രായത്തിനും
Deleteവളരെ നല്ല അവലോകനം പ്രവീണ്‍...
ReplyDeleteഏറെ കാലത്തിനു ശേഷം ഒരു മോഹന്‍ലാല്‍ ചിത്രം നന്നായി ആസ്വദിച്ചു
thank you bhai ..
Deleteഞാന്‍ കാണാനിരിക്കുന്നതുകൊണ്ട് റിവ്യൂ വായിക്കുന്നില്ല കേട്ടോ. ആദ്യത്തെ പാരഗ്രാഫ് മാത്രേ വായിച്ചുള്ളൂ.
ReplyDeleteഹ ഹ ..നല്ലത് ..ഞാൻ പക്ഷേ കഥ പറഞ്ഞിട്ടില്ല ട്ടോ .. എന്തായാലും കണ്ട ശേഷം വരൂ
Deleteഐ.ജി.യുടെ മകന്‍ ഉപയോഗിച്ചിരുന്ന ഫോണിലല്ല വേറൊരു മൊബൈലിലാണ് അവന്‍റെ സിം കാര്‍ഡ് ഉള്ളത് എന്ന് മനസ്സിലാക്കിയ പോലീസ് എന്തുകൊണ്ട് ആ ഫോണ്‍ എവിടെ നിന്ന് വാങ്ങിച്ചുവെന്നോ, ആര്- വാങ്ങിയെന്നോ കണ്ടെത്താന്‍ മിനക്കെടാഞ്ഞത് എന്തുകൊണ്ടാണ്.
ReplyDeletegood question. എന്റെ നിരീക്ഷണത്തിൽ അതിനൊരു ഉത്തരമുണ്ട്. മകന്റെ ഫോണ്‍ അന്ന് രാത്രി ഓഫായി പോയ ശേഷം പിന്നീട് ഓണ്‍ ആയത് അടുത്ത ദിവസം തൊടുപുഴ ടവറിന്റെ റേഞ്ചിലാണ് എന്ന് സിനിമ പറയുന്നുണ്ട്. പിന്നീട് നാഷണൽ permit ലോറിയിൽ അതിർത്തി കടന്നു പോയ മൊബൈൽ ഏതു സ്ഥലത്ത് വച്ചാണ് അവസാനം ഓഫ് ആയതെന്നും പറയുന്നു. ഇവിടെ ഇത്രയും വിവരങ്ങൾ വച്ച് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നതിനേക്കാൾ കൂടുതൽ ശക്തമായി പോലീസ് അന്വേഷണം നടത്തുന്നത് ജോർജൂട്ടിക്കു നേരെയാണ്. കാരണം ആ ഭാഗത്തേക്കുള്ള അന്വേഷണത്തിലൂടെ മാത്രമേ കാര്യമുള്ളൂ എന്ന് അതിനകം ഐ ജിക്കും ടീമിനും ബോധ്യമാകുന്നുണ്ട്. അവർക്ക് പക്ഷേ തെളിവുകൾ കണ്ടെത്താൻ പറ്റുന്നില്ല എന്ന് മാത്രം.
Deleteആ ഫോണ്‍ എവിടെ നിന്ന് വാങ്ങിച്ചു എന്നെങ്ങനെ അറിയാൻ സാധിക്കും? അതിനായി ആ ഫോണ്‍ കണ്ടെടുത്തിട്ടില്ല ല്ലോ. അത് കണ്ടെടുക്കാൻ ശ്രമിച്ചാലും കിട്ടുമെന്ന് ഉറപ്പില്ല. അത് ചാർജ് കഴിഞ്ഞപ്പോൾ ഓഫായി പോയി.
ആ മോബിലെനിറെ ഐ എം നമ്പര്‍ ആ പോലീസുകാരന്‍ പറയുന്നുണ്ട്. അത് വെച്ച് അതിന്‍റെ ഹിസ്റ്ററി പൊക്കിയാല്‍ മതി. ജോര്‍ജ്കുട്ടി കുടുങ്ങും.
Deleteഅത് പറയുന്നുണ്ട് . എന്ന് കരുതി അത് വച്ച് എങ്ങിനെ പൊക്കുമെന്നാ പറയുന്നത് ? .. ആ മൊബൈൽ കിട്ടുമെന്ന് ഉറപ്പുണ്ടോ ? ഇനി ആ നമ്പറിന്റെ ഹിസ്റ്ററി തപ്പിയാൽ തന്നെ ജോർജ്ജു കുട്ടി എങ്ങിനെ കുടുങ്ങും ?
Deleteപടം കണ്ട ശേഷം വീണ്ടും വായിച്ചു..ഇപ്പൊ അതാണല്ലോ പതിവ്. എല്ലാ നിരീക്ഷണങ്ങളും ശരി വക്കാതെ വയ്യ. സീരിയല്‍ നദി പോര എന്നെനിക്കും തോന്നി. പിന്നെ ആദ്യ ഭാഗത്തെ തിരക്കഥ ഒന്ന് കൂടി ശ്രധിചിരുന്ന്ര്‍ന്കില്‍ കിലുക്കം, കിരീടം, വാത്സല്യം, വടക്ക് നോക്കി യന്ത്രം തുടങ്ങി എപ്പോ കണ്ടാലും മടുക്കാത്ത സിനിമകല്‍ക്കൊപ്പം ഇതും സ്ഥാനം പിടിച്ചേനെ..(അവയുടെ കഥാ രീതിയും ഇതും വ്യത്യസ്തം എങ്കിലും) ഏറെ കാല ശേഷം ഒരു സിനിമ കണ്ട സംതൃപ്തി ഉണ്ടായി...
ReplyDeleteസീരിയൽ നദിയോ ? ഹ ഹ് ..അൻവർക്കാ .. ഒരക്ഷരം മാറിയാൽ പലതും മാറി മറയും എന്ന കാര്യം മറന്നു കൊണ്ടേയിരിക്കുന്നു.
Deleteദ്രശ്യം 2 പ്രാവശ്യം കണ്ടു.. ഒരിക്കല്‍ കണ്ടു ഇഷ്ടപ്പെട്ടു.. പിന്നെ വീട്ടുകാരേം കൂടി പോയി പിന്നേം കണ്ടു..
ReplyDeleteങും ..അതാണ് അതാണ് ആ സ്പിരിറ്റ് .. കലക്കി ട്ടാ .. ഹ ഹാഹ്
Deleteഇടക്കാലത്ത് നമ്മുടെ സിനിമയില്‍ നിന്നും അകന്നുപോയ സംഭാഷണ പ്രാധാന്യമുള്ള രംഗങ്ങള്‍ ഈ സിനിമയില്‍ തിരികെ വന്നിട്ടുണ്ട്. (അതായത്സ്ലോമോഷന്‍, എഡിറ്റിംഗ്, ക്യാമറ ജിമുക്കുകളും മാത്രമായി ഡയലോഗുകള്‍ കുറച്ച്കഥപറയുന്ന രീതി).
ReplyDeleteസംവിധായകന്‍ തന്നെ ഒരുക്കിയ ഒരു പെര്‍ഫെക്റ്റ് സ്ക്രിപ്റ്റ്. അപ്പോള്‍ മനസിലുള്ളത് മുഴുവന്‍ അതേപടി പകര്‍ത്താനായി എന്നതാണ് ഈ സിനിമയുടെ മേന്മ.
exactly .. അതും ഈ സിനിമയുടെ മികവിന്റെ ഒരു വലിയ കാരണമാണ്
Deleteഅവലോകനം നന്നായിട്ടുണ്ട്
ReplyDeleteആശംസകള്‍
thank you thankappettaaa
Deleteനല്ല അവലോകനം-- ഞാന്‍ ഈ സിനിമ കണ്ടില്ല. എന്നാലും ഇതിലും പെണ്ണിനെ "ഇല വന്നു മുള്ളില്‍---- ------ ------കേട് ഇലയ്ക്ക് തന്നെ " എന്ന രീതിയില്‍ തന്നെ ആയിപ്പോയി അവതരിപ്പിച്ചത് എന്ന് ഒരു സുഹൃത്ത് എഫ്.ബി.യില്‍ എഴുതിക്കണ്ടു. ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് പ്രതിസന്ധികള്‍ ആത്മ വിശ്വാസത്തോടെ നേരിടാന്‍ സമൂഹം പിന്തുണ കൊടുക്കുന്ന രീതിയില്‍ എന്തെ ആരും ചിന്തിക്കാത്തത് എന്നൊരു സംശയം--
ReplyDeleteസിനിമ കാണൂ. എങ്ങിനെ എന്തൊക്കെ പറഞ്ഞാലും ചെയ്താലും ഇലക്ക് തന്നെയാണ് കേട് എന്നത് ശരി തന്നെയല്ലേ? അതിനു വിപരീതമായി എന്തെങ്കിലും നടന്നതായി ചരിത്രമില്ല താനും. പക്ഷേ സിനിമയിൽ അതിനൊ ന്നുമല്ല കേട്ടോ പ്രസക്തി. പെണ്‍കുട്ടികൾക്ക് പ്രതിസന്ധി നേരിടാൻ എന്ത് വേണം എന്നതിനൊരു ഉത്തരം ഈ സിനിമ തരുന്നുണ്ട്. അത് കൂട്ടുകാരി ശ്രദ്ധിച്ചിട്ടില്ല എന്ന് തോന്നുന്നു. എന്തായാലും സിനിമ കാണൂ ..
Deleteഇങ്ങനെ റിവ്യൂ എഴുതി കാണാത്തവരെ കൊതിപ്പിക്കരുത്..........
ReplyDeleteഅപ്പൊ ഇത് വരേം ഈ സിനിമ കണ്ടില്ലേ ..ഇനി കണ്ടിട്ട് വീട്ടിൽ കയറിയാൽ മതി ട്ടാ ..
Deleteസിനിമ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ കൂടുതലായി ഒന്നും പറയാന്‍ കഴിയില്ല. ജിത്തു നല്ല കഴിവുള്ള സംവിധായകനാണ്. ധാരാളം മികച്ച ചിത്രങ്ങള്‍ ഇനിയുമൊരുക്കട്ടെ അദ്ദേഹം.
ReplyDeleteപ്രവീണിന്റെ അവസാനത്തെ പാരഗ്രാഫില്‍ പറഞ്ഞിരിക്കുന്ന ആഗ്രഹത്തിനായ് ഇവിടം സ്വര്‍ഗ്ഗമാണ് കണ്ടാല്‍ മതി..
ഹ ഹാ ...പശുവിനെ കാണാൻ അത് വരെ പോകണം ല്ലേ ...
Deleteപ്രവീണ്‍ നിന്റെ റിവ്യൂ ഇപ്പോള്‍ ഒരാവര്‍ത്തികൂടി വായിച്ചു. വാല്‍ക്കഷ്ണം എന്തിനായിരുന്നുവെന്ന്‍ ഇപ്പോള്‍ സിനിമ കണ്ടപ്പോള്‍ മനസ്സിലായി. എന്തായാലും എന്റെ സിനിമ കണ്ടശേഷമുള്ള അഭിപ്രായം...
Deleteഒരു യഥാര്‍ത്ഥ കൈക്കൂലിപ്പോലീസിന്റെ മുഴുവന്‍ രൂപഭാവവും ആവാഹിക്കപ്പെട്ട കോണ്‍സ്റ്റബില്‍ സഹദേവന്‍. ഭാര്യയും രണ്ട് പെണ്മക്കളുമായ് സന്തുഷ്ടദാമ്പത്യം നയിക്കുന്ന ജോര്‍ജ്ജുകുട്ടിയെന്ന സ്വല്‍പ്പം സിനിമാഭ്രമം മൂത്ത ഒരു ഗൃഹനാഥന്‍. സത്യത്തില്‍ ഇവര്‍ ഇരുവരും തമ്മിലുള്ള ഒരു കളിയാണ് ദൃശ്യത്തിന്റെ സത്ത. സ്വന്തം കുടുംബത്തിന്റെ അസ്ഥിവാരമിളക്കാന്‍ തക്ക ഒരു ദുരന്തം സംഭവിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുവാന്‍ സര്‍വ്വസന്നാഹവുമായ് ജോര്‍ജ്ജുകുട്ടിയ്ക്ക് സ്വന്തം കുടുംബത്തോടൊപ്പം മുന്നിട്ടിറങ്ങേണ്ടിവരുന്നു. ആദ്യം പറഞ്ഞതുപോലെ കളിയിലെ എതിര്‍ ചേരിയില്‍വന്നു നില്‍ക്കുന്നത് സഹദേവന്റെ ഒരു കാഴ്ചയാണ്. ഒരു മാന്‍ മിസ്സിംഗ് പരാതിയുടെ മുന്നോട്ടുള്ള യാത്രയില്‍ സഹദേവനില്‍ കൊളുത്തിപ്പിടിക്കുന്ന സംശയം ജോര്‍ജ്ജുകുട്ടി എന്ന ഗൃഹനാഥനു ചുറ്റും കറങ്ങാനാരംഭിക്കുന്നു. അഴിമതിക്കാരനായാലും അല്ലെങ്കിലും സഹദേവന്‍ ഒരു യഥാര്‍ത്ഥപോലീസ് മണം പ്രകടിപ്പിക്കുകയായിരുന്നു. മനസ്സിന്റെ ഒരു കോണില്‍ ചെറുതായുറഞ്ഞുകിടക്കുന്നൊരു രസക്കേടും അയാളെ നയിക്കുന്നുണ്ട്. തന്നിലേയ്ക്കും തന്റെ കുടുംബത്തിലേയ്ക്കും എത്തിപ്പെടാനിടയുള്ളൊരു നിഴലിന്റെ ഇരുളിനെ മുന്‍കൂട്ടിക്കണ്ട ജോര്‍ജ്ജുകുട്ടി പഴുതുകള്‍ അടച്ചുവച്ചിട്ടുണ്ടായിരുന്നു.
പിന്നീട് ഒരു സംഘര്‍ഷമാണ് നടക്കുന്നത്. സത്യത്തില്‍ രണ്ട് ശരികള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണത്. ന്യായത്തിന്റേയും അന്യായത്തിന്റേയും പക്ഷം നോക്കുകയാണെങ്കില്‍ ഇരുഭാഗത്തും ന്യായമുണ്ട്. ന്യായത്തിന്റെ പക്ഷത്താണ് എപ്പോഴും വിജയമുണ്ടാവുക എന്നൊരു പറച്ചിലുണ്ട്. ഇവിടെ ഇരുകൂട്ടരുടേയും പിന്നില്‍ ന്യായമുണ്ട്. പക്ഷേ വിജയം ആര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നത് വളരെ രസാവഹമായൊരു കാര്യമാണ്. ചിത്രത്തിന്റെ സാമൂഹികപ്രതിബദ്ധതാ സൈഡൊക്കെ നോക്കുകയാണെങ്കില്‍ ചിത്രം മുന്നോട്ട് വയ്ക്കുന്ന ആശയം അത്ര സുഖകരമല്ല എന്നു തന്നെ പറയേണ്ടിവരും. കുറ്റം ചെയ്യുക എന്നതും അതു ഒളിപ്പിക്കാന്‍ ശ്രമിക്കുകയെന്നതും അങ്ങേയറ്റം കുറ്റകരമായ ഒരു നിയമസംവിധാനം നിലനില്‍ക്കുന്ന സമൂഹത്തില്‍ ജോര്‍ജ്ജുകുട്ടിയുടെ പ്രതിരോധം നീതീകരിക്കപ്പെടുന്നത് തന്റെ കുടുംബത്തിന്റെ നേര്‍ക്കുണ്ടാവുന്ന ഒരു അപകടാവസ്ഥയെ തരണം ചെയ്യുവാന്‍ കുടുംബനാഥനും ആ കുടുംബവും ഏതറ്റം വരെയും പോകും എന്ന ഒരു ന്യായത്തിന്റെ പുറത്തായിരിക്കാം. അങ്ങിനെ നോക്കുമ്പോള്‍ ജോര്‍ജ്ജുകുട്ടിക്കും കുടുംബത്തിനുമൊപ്പം നില്‍ക്കാന്‍ ആര്‍ക്കും ഇഷ്ടം തോന്നിപ്പോകും.
ചിത്രം കണ്ടുതീരുമ്പോള്‍ ചില സംശയങ്ങള്‍ ഉയരുന്നുണ്ട്.
അറിയാതെയാണെങ്കിലും ഒരു കൊലപാതകം നടത്തേണ്ടിവരുന്ന ഒരു കുട്ടി. ആ ശവം മറവു ചെയ്യുവാന്‍ ഒപ്പം കൂടുന്ന അമ്മ. അതിനു സാക്ഷിയാകുന്ന ചെറിയ മറ്റൊരു പെണ്‍കുട്ടി. പോലീസുകാരുടെ ചോദ്യം ചെയ്യലുകള്‍ ഇവര്‍ക്ക് ഇത്ര നിസ്സംഗതയോടെ നേരിടാനാവുമോ? എത്രതന്നെ ട്രയിനിംഗ് നല്‍കിയാലും?
അവസാനം കുഴിച്ചെടുക്കുന്ന ശവം( പോത്തോ..കാളയോ..പശുക്കുട്ടിയോ എന്തോ) അവിടെ എങ്ങിനെ വന്നു? ജോര്‍ജ്ജുകുട്ടിയുടെ വീട്ടില്‍ ഇവയൊന്നുമുള്ളതായ് കാണിക്കുന്നുമില്ല.
പോലീസ് സ്റ്റേഷനിലിട്ട് തല്ലിച്ചതച്ച് മുഖം മുഴുവന്‍ മുറിച്ച് രക്തം വാര്‍ന്നു നില്‍ക്കുന്ന അമ്മയേയും അച്ഛനേയും ഒപ്പം സ്കൂള്‍ വിദ്യാര്‍ത്ഥിയായ മകളേയും പരസ്യ തെളിവെടുപ്പിനായി ഏതേലും പോലീസുകാര്‍ കൊണ്ടുവരുമോ?
എത്ര തന്നെ സിനിമകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാലും ജോര്‍ജ്ജുകുട്ടി ഉണ്ടാക്കിയപോലുള്ള കൃത്രിമതെളിവുകള്‍ ഒരു പ്രായേണ വിദ്യാഭ്യാസമില്ലാത്ത ഒരാള്‍ക്ക് എക്സിക്കൂട്ട് ചെയ്യാനാകുമോ?
നന്ദി ശ്രീ ...വിശദമായ അഭിപ്രായവുമായി വീണ്ടും ഈ വഴി വന്നതിൽ ..
Delete