Sunday, December 22, 2013

Dhoom 3 - മുഴുവൻ മാർക്കും അമീർ ഖാന് സ്വന്തം

ആദിത്യ ചോപ്ര നിർമ്മിച്ച്  2004 ഇൽ സഞ്ജയ്‌ ഗധ് വി സംവിധാനം ചെയ്ത ധൂമിന് വേണ്ടി കഥ-തിരക്കഥ-സംഭാഷണ ചുമതല വഹിച്ചു കൊണ്ടായിരുന്നു സിനിമാ ലോകത്തേക്കുള്ള വിജയ്‌ കൃഷ്ണ ആചാര്യയുടെ  അരങ്ങേറ്റം. നിർമ്മാണത്തിനൊപ്പം  2006 ഇൽ, ധൂം രണ്ടാം ഭാഗത്തിന് വേണ്ടി ആദിത്യ ചോപ്ര കഥ കൂടി എഴുതിയപ്പോൾ ആ സിനിമക്ക് വേണ്ടി വിജയ്‌ കൃഷ്ണ തിരക്കഥയും സംഭാഷണവും ഒരുക്കുകയും, സഞ്ജയ്‌ ഗധ് വി തന്നെ സംവിധാനം ചെയ്യുകയും ചെയ്തു. എന്നാൽ ആദിത്യ ചോപ്രയുടെ നിർമ്മാണത്തിൽ എത്തുന്ന ധൂം മൂന്നാം ഭാഗത്തിൽ സഞ്ജയ്‌ ഗധ് വിയുടെ സാമീപ്യം ഒരിടത്തുമില്ല. ഇത്തവണ വിജയ്‌ കൃഷ്ണ ആചാര്യയാണ് സംവിധാന വേഷത്തിൽ എത്തുന്നത്. ഒരു വലിയ ഇടവേളക്ക് ശേഷം 2013 ഇൽ ധൂം മൂന്നാം ഭാഗം വരുന്നു എന്ന വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ വില്ലനാരാകും എന്നതായിരുന്നു ഏറെ ചർച്ച ചെയ്യപ്പെട്ട ചോദ്യം. അനിശ്ചിതത്ത്വങ്ങൾക്കൊടുവിൽ ധൂം 3 യിലെ വില്ലൻ വേഷം അമീർ ഖാന് വച്ചു നീട്ടി. ബോളിവുഡിലെ perfectionist എന്ന് വിളിപ്പേരുള്ള അമീർ തന്റെ ഈ സിനിമയും  പ്രേക്ഷകന് മറക്കാൻ പറ്റാത്തൊരു ദൃശ്യാനുഭവമായിരിക്കും എന്ന് പല തവണ പറയാതെ പറഞ്ഞു.  Tashaan സിനിമയ്ക്കു ശേഷം വിജയ്‌ കൃഷ്ണ സംവിധാനം ചെയ്യുന്ന ഒരു സിനിമ എന്ന ലേബലിൽ  ധൂം 3  അറിയപ്പെടുമോ ഇല്ലയോ എന്നത് ഒരു ചോദ്യം മാത്രമാണ്. അതിന് ഉത്തരം പറയേണ്ടത് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരാണ്.

ഒരു  ഒഴിയാ ബാധപോലെ ധൂം സീരീസിനെ പിന്തുടരുന്ന രണ്ടു പേരാണ് ACP ജയ് ദിക്ഷിതും (അഭിഷേക് ബച്ചൻ) അലിയും (ഉദയ് ചോപ്ര). ധൂം സിനിമകൾ ഇറങ്ങുന്ന സമയത്താണ് പലപ്പോഴും പ്രേക്ഷകർ ഇവരുടെ സ്ക്രീൻ  സാന്നിധ്യം ശരിയായ രീതിയിൽ അറിയുന്നത് പോലും. ജീവിതത്തിൽ ഇന്നേ വരെ ഏതെങ്കിലും ഒരു കള്ളനെയോ ക്രിമിനലിനെയൊ  നേർക്ക്‌ നേർ നിന്ന് ഇടിച്ചിടാനോ, കുറ്റക്കാരനാണ് എന്ന് കണ്ടെത്തി ഒരാളെ പോലും  തെളിവ് സഹിതം നിയമത്തിനു മുന്നിലെത്തിച്ചു കൊടുക്കാനോ  ACP  ജയ്‌ ദീക്ഷിത്തിന്  ഇത് വരേക്കും സാധിച്ചിട്ടില്ല എന്നിരിക്കെ വീണ്ടും വീണ്ടും സമാന കേസ് അന്വേഷണ ചുമതലകൾ എന്ത് കൊണ്ട് ജയ്‌ ദീക്ഷിതിനെ മാത്രം തേടിയെത്തുന്നു എന്നതിന് എത്ര ആലോചിച്ചാലും ഉത്തരം കിട്ടില്ല.  ACP ജയ്‌ ദീക്ഷിത്ത് ഈ വക കേസ് അന്വേഷണങ്ങളിൽ  മിടുക്കനാണ് എന്നൊരു നുണപ്രചാരം സ്വദേശത്തും വിദേശത്തും ഉണ്ടായിരുന്നിരിക്കാം എന്ന് അനുമാനിക്കാം. അത്ര മാത്രം.

ധൂം ആദ്യ രണ്ടു ഭാഗങ്ങളെ വച്ച് നോക്കുമ്പോൾ ധൂം 3 ഒട്ടുമേ ലോജിക്കില്ലാത്ത  സിനിമയാണ് എന്ന് വേണമെങ്കിൽ പറയാം . അല്ലെങ്കിലും ചില സിനിമകൾ കാണാൻ പോകുമ്പോൾ ലോജിക്കിന്റെ പുസ്തകങ്ങളെല്ലാം വീട്ടിൽ മടക്കി വച്ചേച്ചും വേണം പോകാൻ. എന്നാൽ മാത്രമേ ആസ്വാദനം സാധ്യമാകൂ. ഇവിടെ ധൂം 3 ഏതാണ്ട് ആ വഴിയിലൂടെയാണ് പ്രേക്ഷകനെ കൈ പിടിച്ചു കൊണ്ട് പോകുന്നത്. കഥയുടെ സഞ്ചാര വീഥിയിൽ പലപ്പോഴും വില്ലൻ പോലീസിനു മുന്നിൽ നിസ്സഹായനായി നിൽക്കുന്നുണ്ട്. പോലീസിനു എങ്ങിനെ വേണമെങ്കിലും വില്ലനെ വെടി വച്ചു വീഴ്ത്താവുന്ന ചില സാഹചര്യങ്ങൾ സ്ക്രീനിൽ തെളിയുമ്പോഴും സ്ക്രിപ്റ്റിൽ ഇല്ലാത്ത ഒരു കാര്യം തങ്ങളെന്തിനു ചെയ്യണം എന്ന മട്ടിൽ നിഷ്ക്രിയരായി നിൽക്കുന്ന പോലീസുകാർ സംവിധായകന്റെ പോരായ്മയെ സൂചിപ്പിക്കുന്നു.  വെടി വക്കാനുള്ള സ്വാതന്ത്ര്യം സംവിധായകൻ ജയ്‌ ദീക്ഷിത്തിനു മാത്രമാണ് കൊടുത്തിരിക്കുന്നത് എന്ന് തിരിച്ചറിയുമ്പോൾ പ്രേക്ഷകന്റെ ചിന്ത അസ്ഥാനത്താകുന്നു. ഇക്കാരണങ്ങളാൽ തന്നെ ഈ സീരീസിലുള്ള സിനിമകൾ കാണുമ്പോൾ ഇങ്ങിനെയുള്ള നിരവധി ചെറുതും വലുതുമായ സംഗതികളെ പ്രേക്ഷകൻ കണ്ടില്ലാന്നു നടിക്കുകയാണ് ഏറ്റവും ഉത്തമം. 

ധൂം സീരീസിലെ ആദ്യ രണ്ടു ഭാഗങ്ങളിലെ വില്ലന്മാർക്ക് മോഷണം എന്നത് ഒരു ജീവിത പ്രശ്നമാണ്. ഏതു വിധേനയും പണം ഉണ്ടാക്കണം എന്ന ആഗ്രഹവുമായി ജീവിക്കുന്നവരായിരുന്നു ധൂം ആദ്യ ഭാഗത്തിലെ കബീറും (ജോണ്‍ എബ്രഹാം) രണ്ടാം ഭാഗത്തിലെ ആര്യനും (ഹൃതിക് റോഷൻ). എന്നാൽ മൂന്നാം ഭാഗത്തിലെ വില്ലൻ ആ കാറ്റഗറിയിൽ പെടുന്നവനല്ല. പണം അയാൾക്ക്‌ വേണ്ട. ന്യായമായ പ്രതികാരം മാത്രമാണ് അയാളുടെ ഏക മാത്രമായ ലക്ഷ്യം. ധൂം ആദ്യ ഭാഗങ്ങളിൽ നിന്ന് ഈ സിനിമ ഏറെ മികവ് കാണിക്കുന്നത് പ്രേക്ഷകനെ ഇമോഷണലാക്കുന്ന വില്ലന്റെ (അമീർ ഖാൻ) കഥാപശ്ചാത്തലവും അമീർ  ഖാന്റെ അപാര പ്രകടന മേന്മയും കൊണ്ട് മാത്രമാണ്. ഒരു നടനെന്ന നിലയിൽ തനിക്കു കിട്ടിയ വേഷത്തെ എത്രത്തോളം മികവുറ്റതാക്കാൻ പറ്റുമോ അത്രത്തോളം മികച്ചതാക്കാൻ അമീറിന് സാധിച്ചിട്ടുണ്ട്. എന്നാൽ അഭിഷേക്, ഉദയ് ചോപ്ര എന്നിവർ അവിടെയും  പൂർണ പരാജിതരാണ്. കത്രീന കൈഫിന്റെ മേനി വഴക്കം സിനിമയിലെ ഗാന രംഗങ്ങളിൽ ഉപയോഗപ്പെടുത്താൻ സംവിധായകന് സാധിച്ചുവെങ്കിലും  ദേഹ പ്രദർശനത്തിൽ മാത്രം ഒതുങ്ങി അഭിനയിക്കാൻ വിധിക്കപ്പെട്ട നായികയായി കത്രീന സിനിമയിൽ തഴയപ്പെടുന്നു എന്നതാണ് സത്യം.

ആകെ മൊത്തം ടോട്ടൽ = അമീർ ഖാന്റെ  പ്രകടന നിലാവാരം കൊണ്ട് ധൂം 3 ഏറെ മികവ് പുലർത്തുന്നു. അത് കൊണ്ട് തന്നെ ഈ സിനിമ ഒരിക്കലും പ്രേക്ഷകനെ നിരാശപ്പെടുത്തില്ല. ഇനിയെപ്പോഴെങ്കിലും ഒരു ധൂം 4 വരുകയാണെങ്കിൽ അഭിഷേകും ഉദയും ആ സിനിമയിൽ ഉണ്ടാകരുതേ എന്ന് ആഗ്രഹിക്കുന്നു. 

* വിധി മാർക്ക്‌ = 5/10 
-pravin- 

22 comments:

  1. dhoom 4 വരാതിരിക്കട്ടെ എന്നേ പറയാനുള്ളൂ. ആമിര്‍ഖാന്‍ കൊള്ളാം. രജനികാന്ത് പോലും ചെയ്യാത്ത ചില ആക്ഷന്‍ സീനുകള്‍ ഒക്കെ ചെയ്യേണ്ടി വന്നു. ചേരികള്‍ക്ക് മുകളിലൂടെ ഓട്ടോ ഒക്കെ ഓടിക്കുന്നത് കണ്ടാല്‍ സംവിധായകനെ തെറി വിളിക്കാന്‍ തോന്നും. എനിക്കിഷ്ടമായില്ല.

    അവസാനം കൊടുത്ത മാര്‍ക്ക്‌ ഒഴികെ നിരൂപണത്തില്‍ ബാക്കിയെല്ലാം നന്നായി എഴുതി.

    ReplyDelete
    Replies
    1. ഹ ഹാഹ് .. മാർക്ക് എന്റെ ആസ്വാദന വകുപ്പിന്റെ പരിധിയിൽ പെടുന്നതാണ് .. dont look on that ..എനിക്ക് ഈ പ്രശ്നങ്ങൾ എല്ലാം അനുഭവപ്പെട്ടെങ്കിലും സിനിമ watchable ആയി തന്നെയാണ് തോന്നിയത് ..

      Delete
  2. സത്യത്തില്‍ ഈ ഫിലിമില്‍ കാണുന്ന പോലെയുള്ള ബൈക്ക് ഉണ്ടോ?

    ReplyDelete
    Replies
    1. ഉണ്ട് ഷഹീ .. മട്ടാഞ്ചേരിയില് കണ്ടിട്ടുണ്ട് .. ഒന്ന് ട്രൈ ചെയ്യണോ ?

      Delete
    2. സത്യത്തില്‍ ഇങ്ങനെ ഒരു ബൈക്ക് ഉണ്ട് BMW 1300R ആണ് ബൈക്ക്

      Delete
  3. ധൂം 4 വരുകയാണെങ്കിൽ അഭിഷേകും ഉദയും ആ സിനിമയിൽ ഉണ്ടാകരുതേ എന്ന് ആഗ്രഹിക്കുന്നു. അത് ശരിയാ ധൂംമിലെ എന്നത്തേയും നെഗറ്റീവ് അവരാ..

    ReplyDelete
    Replies
    1. കറക്റ്റ് .. അധികപ്പറ്റ് ആണ് അവർ ..

      Delete
  4. എന്‍റെ അണ്ണോ ഈ പടം കണ്ടു ഞാന്‍ മൊത്തത്തില്‍ അങ്ങു തരിച്ചിരുന്നു പോയി
    എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ ഉണ്ട് അറിയാമെങ്കില്‍ പറഞ്ഞു തരണം
    1 . അമേരിക്കയില്‍ ആരെങ്കിലും മോഷണം നടത്തിയിട്ട് എന്തെങ്കിലും ഹിന്ദിയില്‍ എഴുതി വച്ചാല്‍ കേസ് അന്വേഷിക്കാന്‍ മുംബൈ പോലീസില്‍ നിന്നും ആളെ വിളിക്കുമോ ??
    2 ആമിറിന്റെ ഇന്ട്രോ സീനില്‍ തന്നെ പോലീസിനു കള്ളനെ വെടിവച്ചിടാന്‍ അവസരം ഉണ്ടായിട്ടും അവരെന്താ വെടിവയ്ക്കഞ്ഞത്
    3.പിന്നെ ഏറ്റവും ഹൊറിബിള്‍ സീന്‍ ആ ഓട്ടോ റിക്ഷ വച്ച് നായകനും കൂട്ടുകാരനും കൂടി എന്ത് അഭ്യാസം ആണ് കാണിച്ചത് ?
    4. ആ കയറില്‍ കൂടി ബൈക്ക് ഓടിക്കുംപോഴെങ്കിലും പോലീസുകാര്‍ക്ക് വില്ലനെ വെടിവച്ചിടാമായിരുന്നു .SWAT ലെ ആള്‍ക്കാരൊക്കെ അതും കണ്ടു വായും പൊളിച്ചു നിന്നു
    5 ഇവിടെ മനുഷ്യന്‍ നേരെ നിന്ന് വെടി വച്ചിട്ട് കൊള്ളുന്നില്ല അപ്പോഴാ അവന്‍ തൂങ്ങി ആടുന്ന ഏണിയില്‍ നിന്നും വെടി വച്ച് കള്ളന്‍റെ തോളില്‍ കൊള്ളിച്ചത് ( അഭിഷേക് ഹെലികോപ്റ്റര്‍ ല്‍ ഇരുന്നു വെടി വയ്ക്കാന്‍ അവസരം ഉള്ളപ്പോഴാണ് ഈ അക്രമം കാണിച്ചത് )
    6 ആ പിള്ളേര്‍ ഏണി പൊട്ടി തൂങ്ങി കിടന്നപ്പോഴേ സാമാന്യ ബുദ്ധി ഉള്ളവന് ഒരു മണിക്കൂര്‍ കഴിഞ്ഞുള്ള ക്ലൈമാക്സ് മനസിലായി
    7 പിന്നെ മുഴുത്തൊരു സംശയം അത്രേം വലിയ ബാങ്കില്‍ ഒരിടത്ത് പോലും ക്യാമറ ഇല്ലേ ?? ഒരു മോഷണം ഒഴികെ എല്ലാം മുഖം മറക്കാതെ ആണ് കള്ളന്‍ ചെയ്യുന്നത്. വേണ്ട സിഗ്നലില്‍ എങ്കിലും വേണ്ടേ ????

    ഇനിയും കുറെ തംശയം ബാക്കി ഉണ്ടാരുന്നു ചോദിച്ചാല്‍ സംവിധായകന്‍ എന്നെ ആളെ വിട്ടു തല്ലിച്ചാലോ?

    ReplyDelete
    Replies
    1. ഹ ഹാഹ് ... ഇതൊക്കെ തന്നെയാ എനിക്കും ചോദിക്കാനുള്ളത് .. പക്ഷെ എന്ഗ്ലീഷ് പടം കാണുമ്പോ ഇങ്ങളാരും ഇതൊന്നും എന്തേ ചോദിക്കാത്തത് എന്നും കൂടി ഞാൻ ചോദിക്കുകയാണ് ഇതിനോടോപ്പം ..

      Delete
  5. അപ്പോൾ ഹോളിവുഡ് കാർക്ക്
    പറ്റുന്നതൊക്കെ ബോളിവുഡ് കാർക്കും പറ്റും ...അല്ലേ ..!

    ReplyDelete
    Replies
    1. ഒക്കെ ഒരു പറ്റലല്ലേ മുരളിയേട്ടാ .. പറ്റിപ്പോയി ..

      Delete
  6. ചുമ്മാതല്ല 2004 മുതല്‍ ജയ്‌ ദീക്ഷിത് ACP ആയിതന്നെ ഇരിക്കുന്നത് ... കാശിനു കൊള്ളില്ല... ഒറ്റ കേസ് പോലും ചൊവ്വേ നേരെ അന്വേഷിക്കുന്നും ഇല്ല...
    മിനിമം ഒറ്റ പ്രൊമോഷന്‍ ACP to DCP എങ്കിലും ആക്കാമായിരുന്നു...
    കഷ്ടം ... കളറുള്ള ഷര്‍ട്ട്‌ ഒക്കെയിട്ട് കൂളിംഗ് ഗ്ലാസ്സും വെച്ച് ഓട്ടോയില്‍ ഷോ കാണിക്കുന്നവന്‍ ഒക്കെ 10 - 12 കൊല്ലം കഴിഞ്ഞാലും ACP ആയിതന്നെ സര്‍വീസില്‍ ഇരിക്കും...
    കള്ളന്മാരുടെ ഒരു ടൈം :)
    ഹല്ലാ പിന്നെ...

    ReplyDelete
    Replies
    1. കള്ളനാണ് താരം .. പിന്നെയെന്തിന് ഇങ്ങിനത്തെ ACPമാർ ?

      Delete
  7. ഇവിടെയുള്ള ചില കമന്റുകളുംകൂടി ചേർത്തു വായിച്ചു
    കാണാത്ത സിനിമയെക്കുറിച്ച് ഞാനെന്തു പറയാൻ

    ReplyDelete
    Replies
    1. ഹി ഹി ...പ്രദീപേട്ടാ ...അമീർ ഖാനെ ഇഷ്ടാണോ ? എന്നാൽ ഈ സിനിമ കാണണം ട്ടോ .

      Delete
  8. അപ്പൊ അക്കാര്യത്തില്‍ തീരുമാനം ആയി ;)

    ReplyDelete
    Replies
    1. തീരുമാനമാക്കി എന്ന് പറ .. ഹി ഹി

      Delete
  9. ദൂം സീരീസിലെ നായകന്‍ ആര് വില്ലന്‍ ആര് എന്നത് സംബന്ധിച്ച് വലിയൊരു അഭിപ്രായവ്യത്യാസം ഉണ്ട്.... മോഷണം അല്ലെങ്കില്‍ കുറ്റകൃത്യം നടത്തുന്ന ആള്‍ പ്രതിനായകനും അതിനെതിരെ നീങ്ങുന്ന ആള്‍ നായകനും എന്ന സ്ഥിരം രീതി ഈ സീരീസ്‌ ചിത്രത്തില്‍ തീരെ യോജിക്കുന്നില്ല. ഞാന്‍ കണ്ട മൂന്ന്‍ ദൂമിലും എനിക്ക് നായകര്‍ ആയി തോന്നിയത്‌ ജോണും റിത്വിക്കും അമീര്‍ഖാനും തന്നെയാണ്... ദൂം 2 ശ്രദ്ധിക്കപ്പെട്ടത് അഭിഷേകിന്റെ പ്രകടനം കൊണ്ടാണ് എന്ന് അമിതാബ് ബച്ചന്‍ പറഞ്ഞതായി വാര്‍ത്ത കണ്ടിരുന്നു... കൊച്ചുകുട്ടികള്‍ പോലും അത് സമ്മതിച്ചുകൊടുക്കും എന്ന് തോന്നുന്നില്ല... നല്ലൊരു പടത്തിനു കണ്ണ് തട്ടാതിരിക്കാന്‍ വെച്ച ബഫൂണ്‍കള്‍ ആയിപ്പോയി അഭിഷേകും ഉദയ്‌ ചോപ്രയും...
    ദൂം 3യിലെ അമീര്‍ഖാന്റെ വില്ലന്‍ വേഷം എന്ന പരാമര്‍ശത്തോട് വിയോജിപ്പ്‌ പ്രകടിപ്പിക്കുന്നു...

    ReplyDelete
    Replies
    1. കണ്ണ് തട്ടാതിരിക്കാന്‍ വെച്ച ബഫൂണ്‍കള്‍ ആയിപ്പോയി അഭിഷേകും ഉദയ്‌ ചോപ്രയും...
      ..
      ..
      ഹ ഹ ..കറക്റ്റ് . ധൂം ആദ്യ ഭാഗത്തിൽ പിന്നെയും ഒരിതുണ്ടായിരുന്നു .. പിന്നെ വന്നതിലോക്കെ കണക്കാ .. ഷൈജു പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു ..

      പിന്നെ അമീർ ഖാന്റെ വില്ലൻ വേഷം എന്ന പ്രയോഗത്തോട് ഞാനും യോജിക്കുന്നില്ല ഷൈജൂ .. ഇവിടെ അമീർ ഖാൻ വില്ലനായി വരുന്നു എന്ന് മാധ്യമങ്ങളിലൂടെ കൊട്ടി ഘോഷിച്ച കാര്യം സൂചിപ്പിച്ചത് മൂലമാണ് ഞാൻ ആ പദം ഇവിടെ അത് പോലെ പ്രായോഗിച്ചിരിക്കുന്നത്. അല്ലാതെ യോജിപ്പുണ്ടായിട്ടല്ല ട്ടോ .

      Delete
  10. അമീർ ഖാൻ എന്ന പ്രതിഭയുടെ സാനിദ്ധ്യം അല്ലാതെ ഒന്നും ഈ മൂന്നാം പതിപ്പിന് അവകാശപ്പെടാൻ ഉള്ളതായിട്ട് ഇല്ല ..ഓട്ടോറിക്ഷ ഓടിച്ചുള്ള ആ ഇന്ട്രോടെക്ഷൻ ....സഹിച്ചിരിക്കാൻ അസാമാന്യ കഴിവ് വേണം ..രണ്ടു പതിപ്പിലും വ്യത്യസ്തമായി നായികയെ വെറും ഒരു ഡാൻസ് കാരി ആക്കി ....ലോജിക്കിന്റെ പുസ്തകം അല്ലേലും ദൂം കാണാൻ പോകുമ്പോൾ എടുക്കാൻ പാടില്ല എങ്കിലും ..എ സി പ്പി യെ മാറ്റി പരീക്ഷിക്കേണ്ട സമയം കഴിഞ്ഞു ..

    ReplyDelete