ലാൽ ജോസ് സിനിമകൾക്ക് പൊതുവെ കാണുന്ന ഒരു പ്രത്യേകതയുണ്ട്. കഥ-തിരക്കഥയിലെ ഒന്നുമില്ലായ്മകളെ അഭ്രപാളിയിലേക്ക് ദൃശ്യവത്ക്കരിക്കുന്ന സമയത്ത് സിനിമയിൽ എന്തൊക്കെയോ ഉള്ള പോലെ പ്രേക്ഷകനെ തോന്നിപ്പിക്കുന്ന ഒരു തരം മാജിക്ക്. ലാൽ ജോസ് മാജിക് എന്ന ബ്രാൻഡിൽ തന്നെ അത് അറിയപ്പെടുന്നതാണ് ഉചിതം. കള്ളന്റെ കഥക്ക് സിനിമാ പരിവേഷം കൊടുക്കുമ്പോൾ കള്ളനോട് സ്വാഭാവികമായും പ്രേക്ഷകന് ഒരു അടുപ്പമൊക്കെ തോന്നാം. ഈ ഒരു ഫ്രൈമിൽ കള്ളനെ നായകനാക്കി കൊണ്ട് നിരവധി സിനിമകൾ മലയാളത്തിൽ വന്നിട്ടുമുണ്ട്. 1966 ൽ പി.എ തോമസ് സംവിധാനം ചെയ്ത് സത്യൻ മാഷ് നായകനായ 'കായംകുളം കൊച്ചുണ്ണി'യായിരിക്കണം ഒരു പക്ഷെ മലയാളം കണ്ട ആദ്യത്തെ 'ജനപ്രിയ കള്ളൻ' സിനിമ. എന്നാൽ 1990കളിലെത്തിയപ്പോഴേക്കും കള്ളൻ കഥാപാത്രങ്ങളിലെ ക്ലീഷേകൾ ഒലിച്ചു പോയിരുന്നു. വേഷത്തിലും ഭാവത്തിലും നടത്തത്തിലും പെരുമാറ്റത്തിലും സിനിമയിലെ കള്ളന്മാർ പുതുമ സൃഷ്ടിച്ച കാലമായിരുന്നു അത്. അക്കൂട്ടത്തിൽ ജി. എസ് വിജയന്റെ 'ചെപ്പടി വിദ്യ'ക്കും, സത്യൻ അന്തിക്കാടിന്റെ 'കളിക്കള'ത്തിനും ഏറെ പ്രക്ഷക സ്വീകാര്യത ലഭിച്ചിട്ടുണ്ട്. എന്നാൽ 2002 ൽ ഇറങ്ങിയ ലാൽ ജോസിന്റെ മീശമാധവനോളം പ്രേക്ഷകർ നെഞ്ചിലേറ്റിയ മറ്റൊരു കള്ളൻ കഥാപാത്രം പിന്നീടൊരു കാലത്തും അഭ്രപാളിയിൽ വന്നു പോയിട്ടില്ല എന്നതാണ് സത്യം. അന്ന് രഞ്ജൻ പ്രമോദ് തന്റെ എഴുത്തിലൂടെ വാർത്ത് നൽകിയ മീശമാധവനെ ലാൽ ജോസ് തന്റെ ദൃശ്യ ഭാഷ്യത്തിലൂടെ പ്രേക്ഷകർക്ക് എക്കാലത്തും ഓർത്ത് വക്കാൻ പാകത്തിലുള്ള ഒരു കള്ളനെ സമ്മാനിക്കുകയായിരുന്നു.
കാലം ഏറെ കഴിഞ്ഞിട്ടും കള്ളനോടുള്ള തന്റെ മമതക്ക് മാറ്റമൊന്നും വന്നിട്ടില്ല എന്ന് തെളിയിക്കാനുള്ള അവസരം ഡോക്ടർ ഇഖ്‌ബാൽ കുറ്റിപ്പുറത്തിന്റെ തിരക്കഥയിലൂടെ ലാൽ ജോസിന് ലഭിച്ചത് ഒരു നിയോഗമായിരിക്കാം. വിക്രമാദിത്യൻ സിനിമയിലെ ആദ്യത്തെ അര മണിക്കൂർ രംഗങ്ങൾ ലാൽ ജോസ് അതിനു വേണ്ടി വിനിയോഗിച്ചതായി തന്നെ കണക്കാക്കാം. കുഞ്ഞുണ്ണി മേനോൻ (സന്തോഷ് കീഴാറ്റൂർ) ഒരു പ്രാദേശിക കള്ളൻ തന്നെയാണ് എന്ന് പ്രസ്താവിക്കുന്ന രംഗങ്ങളിലൂടെയാണ് സിനിമയുടെ തുടക്കം. കുഞ്ഞുണ്ണി ആരെയൊക്കെ കവർച്ച ചെയ്യുന്നു, എന്തിനു കവർച്ച ചെയ്യുന്നു, എപ്പോൾ ചെയ്യുന്നു എന്ന് തുടങ്ങിയ വിശദീകരണ രംഗങ്ങളിലേക്ക് പോകാൻ സംവിധായകൻ മടിക്കുന്നു. അതേ സമയം കുഞ്ഞുണ്ണി നന്മയുള്ള കള്ളൻ തന്നെയെന്ന് ചുരുങ്ങിയ രംഗങ്ങളിലൂടെ നിഷ്പ്രയാസം തെളിയിക്കപ്പെടുന്നു. സ്വന്തം മകൻ കളിപ്പാട്ടം മോഷ്ടിച്ചെന്ന് മനസിലാക്കുമ്പോൾ കള്ളനായ അച്ഛൻ വിഷമിക്കുന്നതും അതേ കടയിൽ മകനുമായി ചെന്ന് അത് തിരിച്ചേൽപ്പിക്കുന്നതും മനസ്സിൽ നന്മ ഉള്ളത് കൊണ്ടാണ് എന്ന് വ്യക്തമാക്കുന്നതാണ് ആ സിനിമാ ഭാഷ്യം. മകന്റെ മുന്നിൽ കള്ളനായി അവരോധിക്കപ്പെടുന്ന നിമിഷം കുഞ്ഞുണ്ണിയെന്ന അച്ഛൻ തകർന്നു പോകുന്നുണ്ട്. ഭാര്യക്കും മക്കൾക്കും മുന്നിൽ തല ഉയർത്തി നിൽക്കാൻ പറ്റാത്ത വേളയിൽ വീട് വിട്ടിറങ്ങി പോകുന്ന കുഞ്ഞുണ്ണിയെ പിന്നീട് കാണിക്കുന്നത് ഒരു ടവറിനു മുകളിൽ ഇരുന്നു കൊണ്ട് എന്തോ ആലോചിക്കുന്നതയാണ്. അവിടെ തീരുന്നു കള്ളനോടുള്ള ലാൽ ജോസിന്റെ emotional observation, അവിടെ തുടങ്ങുന്നു വിക്രമാദിത്യന്മാരുടെ കഥ.
വലിയ പുതുമകൾ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു സിനിമയാണെങ്കിൽ കൂടി വിക്രമാദിത്യൻ പ്രേക്ഷകരെ പൂർണ്ണമായും നിരാശപ്പെടുത്തില്ല. ആദ്യ പകുതിയിലെ കണ്ടു മറന്ന കഥാ സന്ദർഭങ്ങൾ ചില്ലറ മടുപ്പ് സമ്മാനിക്കുമെങ്കിലും രണ്ടാം പകുതിയിൽ സിനിമ കുറച്ചു കൂടി മെച്ചപ്പെടുന്നുണ്ട്. ദുൽഖർ സൽമാന്റെ ആദിത്യൻ എന്ന കഥാപാത്രം എല്ലാ തവണത്തെയും ദുൽഖർ കഥാപാത്രങ്ങളെ പോലെ ജീവിതത്തിൽ പ്രത്യേകിച്ച് ലക്ഷ്യ ബോധമില്ലാതെ നടക്കുന്ന ഒന്നായി എന്നത് തന്നെയായിരുന്നു സിനിമയിലെ ആദ്യത്തെ കല്ല് കടി. വിക്രമൻ എന്ന കഥാപാത്രത്തെ ഉണ്ണി മുകുന്ദൻ ശരീരം കൊണ്ട് അഭിനയിച്ച് കാണിച്ചപ്പോൾ ആദിത്യൻ എന്ന കഥാപാത്രത്തെ സാമാന്യം ഭാവ പ്രകടനങ്ങൾ കൊണ്ട് അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ സാധിച്ചു എന്നുള്ളിടത്ത് ദുൽഖർ സൽമാൻ കൈയ്യടി നേടുന്നു. രണ്ടു കഥാപാത്രങ്ങൾക്കും ഇടയിൽ ഒരു ഫ്രണ്ട്/കാമുകി യായി പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ നമിതാ പ്രമോദും തനിക്കു കിട്ടിയ ദീപിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. അഭിനേതാക്കളുടെ കൂട്ടത്തിൽ ശ്രദ്ധേയമായ വേഷം അത്ഭുതകരമാം വിധം മനോഹരമാക്കി ചെയ്യാൻ അനൂപ് മേനോന് സാധിച്ചിട്ടുണ്ട്. വാസുദേവ ഷേണായി എന്ന കഥാപാത്രത്തെ ആദ്യം തൊട്ട് അവസാനം വരെ സജീവമായി സിനിമയിൽ കുടിയിരുത്താൻ പാകത്തിലുള്ള സ്ക്രീൻ പ്രെസെൻസ് അനൂപ് മേനോന് ഉണ്ടായിരുന്നു എന്ന് തന്നെ പറയാം. ആദ്യ പകുതി വച്ച് നോക്കുമ്പോൾ രണ്ടാം പകുതിയിൽ വലിയൊരു സസ്പെന്സോ ക്ലൈമാക്സോ പ്രതീക്ഷിക്കാൻ പ്രേക്ഷകർക്ക് അവകാശമില്ലായിരുന്നു. എന്നാൽ ആ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് സാമാന്യം തരക്കേടില്ലാത്ത ഒരു നല്ല ക്ലൈമാക്സ് സമ്മാനിക്കാൻ സിനിമക്ക് സാധിക്കുന്നുണ്ട്. നിവിൻ പോളിയുടെ അതിഥി താര വേഷവും സിനിമക്ക് ഗുണം ചെയ്തു എന്ന് പറയാം.
ബിജിബാലിന്റെ സംഗീതത്തിന് സിനിമയിൽ യാതൊരു വിധ സ്വാധീനവും ചെലുത്താൻ പറ്റിയില്ലെങ്കിലും ചില രംഗങ്ങളിലെ ബി. ജി. എം മികച്ചു നിന്നു. ജോമോന്റെ ക്യാമറയുടെ മികവ് സിനിമയുടെ ഗാന രംഗ ചിത്രീകരണത്തിൽ മാത്രം ഒതുങ്ങിപ്പോയി.
ആകെ മൊത്തം ടോട്ടൽ = പുതുമകൾ ഒന്നും പ്രതീക്ഷിക്കാതെ ഒരു വിനോദത്തിനായി മാത്രം കണ്ടിരിക്കാവുന്ന ഭേദപ്പെട്ട സിനിമ.
* വിധി മാർക്ക്= 6.2/10
-pravin-
ഓരോ സിനിമയും ഇറങ്ങി അധികം താമസിയാതെ പ്രവീണിന്റെ വിലയിരുത്തൽ വരുന്നു. ഈ വിലയിരുത്തലുകൾ വായിച്ചിട്ടാണ് ഇപ്പോൾ സിനിമ കാണാറുള്ളത്. പതിവുപോലെ നന്നായി പഠിച്ച് എഴുതി ......
ReplyDeleteനാട്ടിലെ വച്ച് നോക്കുമ്പോൾ ഇവിടെ സിനിമകൾ പൊതുവെ വൈകിയാണ് റിലീസ് ആകുന്നത്. ഫെയ്സ്ബുക്കും ബ്ലോഗുമൊക്കെ വരുന്നതിനും മുൻപേ തന്നെ സിനിമ കണ്ടു കഴിഞ്ഞാൽ അതേ കുറിച്ച് മോശമായാലും നല്ലതായാലും ആരോടെങ്കിലും എന്റെ അഭിപ്രായം പങ്കു വക്കുക എന്നത് പതിവാണ്. മിക്കപ്പോഴും എന്റെ കത്തിക്ക് ഇരയാകുക സുഹൃത്തുക്കളും കുടുംബക്കാരും തന്നെയാണ്. സംസാരത്തിനിടെ ആരോഗ്യകരമായ സിനിമാ ചർച്ചകൾ നടക്കും എന്നതായിരുന്നു അത് കൊണ്ടൊക്കെയുള്ള ഒരു ഗുണം. ഇപ്പൊ അഭിപ്രായം പങ്കു വക്കുന്നത് ബ്ലോഗ് പോലുള്ള മീഡിയകളിലൂടെയാണ് എന്ന് മാത്രം. ഒരു പഠനം എന്ന നിലയിലേക്ക് ഇപ്പോഴും എനിക്കെത്താൻ സാധിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. അഭിപ്രായം പങ്കു വക്കുമ്പോൾ അതിനുള്ള സാധ്യതകൾ കൂടുന്നുണ്ട്.
Deleteസിനിമയെ കുറിച്ച് എഴുതുന്നതിൽ ഞാൻ ഇന്ന് എന്തെങ്കിലും മികവു കാണിച്ചിട്ടുണ്ടെങ്കിൽ അത് പ്രദീപേട്ടന്റെ പ്രോത്സാഹനം കൊണ്ടാണെന്ന് എനിക്ക് പറയേണ്ടി വരും. സെല്ലുലോയ്ഡ് സിനിമയെ കുറിച്ച് എഴുതിയതിനു ശേഷമാണ് എനിക്ക് അത്തരം ഒരു ഊർജ്ജം കിട്ടിയതെന്ന് പറയാം. അന്ന് പ്രദീപേട്ടൻ തന്ന ഒരു കമെന്റ് എനിക്ക് നല്ലൊരു inspiration ആയിരുന്നു. ഹൃദയം നിറഞ്ഞ നന്ദി പറയട്ടെ അതിനെല്ലാം ..
സിനിമ കണ്ടില്ലാ,,,വിലയിരുത്തൽ കണ്ടു,,,,,,
ReplyDeletemust watch അല്ലെങ്കിലും ഈ സിനിമ കണ്ടിരിക്കാം ട്ടോ ചന്തുവേട്ടാ ..
Deleteഞാൻ സിനിമ കണ്ടിരുന്നു.
ReplyDeleteഞാൻ ഇതിലും ഏറെ പ്രതീക്ഷിച്ചിരുന്നു..
അതിനാൽ കണ്ടുകഴിഞ്ഞ് അൽപ്പം നിരാശയോടെയാണ് മടങ്ങിയത്.
ആശംസകൾ പ്രവീണ്‍ ഭായ്.
thank you Gireesh
Deleteഅവസാന മുപ്പത് മിനിറ്റ് ഒഴികെ ഒരു ടൈംപാസ് (എന്റര്‍ടെയി മെന്റ്) ആയി സിനിമയെ കാണാം. ക്ലൈമാസ് ക്ലീഷേ, സ്ഥിരം ഹിന്ദി സിനിമകളില്‍ കാണുന്നത് . ജോമോന്‍ ജോസഫിന്റെ ക്യാമറ മനോഹരമായിരുന്നു. ഒപ്പം നല്ല കാസ്ടിങ്ങും, കൊസ്റ്യൂമ്സും. എക്ട്രാ ഓര്‍ഡിനറി സംഭവങ്ങള്‍ ഒന്നും കുത്തി കയറ്റാത്തതുകൊണ്ട് പടം വെറുപ്പിക്കില്ല.
ReplyDeleteഅതെ ..ഒരു entertainer എന്ന നിലയിൽ കാണാവുന്ന സിനിമ.
Deleteഇത്തവണയും വന്നു വായിച്ചു ..ഇഷ്ടം ഇനിയും വരാം
ReplyDeleteസന്ദർശനത്തിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി സഖേ ..
Deleteനിരൂപണം തുടരുുരൂൂ
ReplyDeleteതുടരാല്ലോ ..സന്തോഷം
Deleteഇനി ഇത് കാണണേൽ നാട്ടിൽ പോണം .അല്ലേൽ നെറ്റിൽ വരണം ,കുറെ നല്ല അഭിപ്രായങ്ങൾ കേട്ടിരുന്നു.
ReplyDeleteമികച്ച സിനിമ ഒന്നുമല്ല ..watchable movie ആണ് ..
Deletemahabarata?
ReplyDeleteമഹാഭാരതോ ? അതും ഇതും ...ങേ ..എന്താ ബന്ധം ?
Deleteകൊള്ളാം. എന്നാലും ഉടനൊന്നും കാണാന്‍ പ്ലാനില്ല
ReplyDeleteങേ ..അതെന്താ
DeleteAVRAGE
ReplyDeleteകണ്ടിരിക്കാം ..
Deleteനല്ല സിനിമാറ്റോഗ്രാഫി... :)
ReplyDeleteപക്ഷെ ജോമോന്റെ ക്യാമറയുടെ മികവ് സിനിമയുടെ ഗാന രംഗ ചിത്രീകരണത്തിൽ മാത്രം ഒതുങ്ങിപ്പോയി.
Deleteഇന്നലെയാ കണ്ടത്...പിന്നെ പോയി സിനിമാ വിചാരണ വായിച്ചു കമന്റുന്ന പതിവ് തെറ്റിച്ചില്ല...മനസ്സിനെ പിടിച്ചിരുത്തുന്ന സിനിമകൾ ചെയ്യാൻ കെല്പ്പുള്ള ലാൽ - ജോസ് ടീം പ്രതീക്ഷക്കൊത്തുയരുന്നില്ല അല്ലെ പ്രവീ ?
ReplyDeleteഅതെ ..പ്രതീക്ഷക്കൊത്ത് ഉയരാത്ത സിനിമ. എന്നാൽ കണ്ടിരിക്കുകയും ചെയ്യാം. പ്രത്യേകിച്ച് ഒന്നുമില്ല എന്ന് മാത്രം.
Deleteനാട്ടിൽ വെച്ച് ഈ പടം കണ്ടിഷ്ട്ടപ്പെട്ടതാണ്....
ReplyDeleteഅതെയോ ...മുരളിയേട്ടൻ നാട്ടിലുള്ളപ്പോൾ വെറുതെയല്ല ഫോണ്‍ എടുക്കാഞ്ഞത് ല്ലേ ..ഒരു മൂന്നാലു തവണ വീട്ടിലേക്ക് വിളിച്ചിരുന്നു ..അപ്പൊ നിങ്ങ പുറത്തായിരുന്നു.
Delete