Tuesday, October 21, 2014

ഹൈദർ - ഹാംലെറ്റും, കാശ്മീരും, ഇന്ത്യൻ സൈന്യവും, പിന്നെ ചില അർദ്ധ സത്യങ്ങളും

സിനിമയെ സിനിമയായി തന്നെ കാണണം എന്ന് നിർബന്ധം പിടിക്കാനാകില്ല ചിലപ്പോഴെങ്കിലും. പ്രത്യേകിച്ച് സിനിമ കൈകാര്യം ചെയ്യുന്ന വിഷയം അത്തരത്തിൽ ഒന്നാകുമ്പോൾ. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പിന്തുണയോടെ വിവിധ കലാ സാഹിത്യ രൂപങ്ങളിൽ  ഉടലെടുക്കുന്ന സർഗ്ഗ സൃഷ്ടികളെ തീർച്ചയായും ഒരു ആസ്വാദകൻ മാനിക്കുക തന്നെ വേണം. എന്നാൽ മേൽപ്പറഞ്ഞ സ്വാതന്ത്ര്യത്തിന്റെ പിന്തുണ പറ്റി വരുന്ന കലാ സൃഷ്ടികൾ ആസ്വാദകനോടും പൊതു സമൂഹത്തോടും എത്ര മേൽ നീതി പുലർത്തുന്നു എന്നതിലാണ് ഏതൊരു സർഗ്ഗ സൃഷ്ടിയും പ്രസക്തമാകുന്നത്. സാമൂഹികവും മതപരവും ചരിത്രപരവും രാഷ്ട്രീയപരവുമായ  വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമകൾ മറ്റു സിനിമകളെ അപേക്ഷിച്ച് അതിന്റെ ആവിഷ്ക്കരണത്തിൽ നേരിടുന്ന പ്രധാന വെല്ലു വിളിയും അത് മാത്രമാണ്.  ഇക്കാരണം കൊണ്ട് തന്നെ ഇത്തരത്തിലുള്ള സിനിമകൾ അനുമോദനങ്ങളെക്കാൾ കൂടുതൽ ആക്ഷേപങ്ങൾ കേൾക്കാൻ മുന്നാലെ സ്വയമേ വിധിക്കപ്പെട്ടിരിക്കുന്നു. വിശാൽ ഭരദ്വാജിന്റെ ഹൈദർ അക്കൂട്ടത്തിൽ പെടുത്താവുന്ന ഒരു സിനിമയാണ്. ഈ സിനിമക്ക് കേൾക്കേണ്ടി വരുന്ന അനുമോദനങ്ങളിലും  ആക്ഷേപങ്ങളിലും  എത്ര മാത്രം ശരിയുണ്ട് എന്ന് നോക്കാം.

ഷേക്സ്പിയർ  നാടകത്തിലെ ദുരന്ത നായകനായ ഹാംലെറ്റിനെ കശ്മീർ പശ്ചാത്തലത്തിലേക്ക് പറിച്ചു നടുകയാണ്‌ സംവിധായകൻ ആദ്യം ചെയ്തിരിക്കുന്നത്.  തന്റെ അച്ഛനെ  ചതിയിലൂടെ കൊന്ന് രാജ്യാധികാരം  കൈക്കലാക്കുകയും അമ്മയായ ജെർട്രൂഡിനെ ഭാര്യയാക്കുകയും ചെയ്ത ചെറിയച്ഛൻ ക്ലോഡിയസിനോട് പ്രതികാരം ചെയ്യാനെത്തുന്ന ഹാം ലെറ്റ് രാജകുമാരന്റെ സമാന മാനസികാവസ്ഥയാണ് സിനിമയിലെ ഹൈദറിനുമുള്ളത്. എന്നാൽ ഹാംലെറ്റ് അനുഭവിച്ച മാനസിക സംഘർഷങ്ങളുടെ വെറും വ്യക്തി വൈകാരിക  പശ്ചാത്തലം മാത്രമല്ല  ഹൈദറിനുള്ളത്. മറിച്ച് കശ്മീരിന്റെ രാഷ്ട്രീയവും ഭരണഘടനാപരവുമായ പശ്ചാത്തലത്തിലൂടെയാണ് ഹൈദറിന്റെ മാനസിക സംഘർഷങ്ങൾ സംവിധായകൻ പ്രധാനമായും വരച്ചു കാണിക്കുന്നത്. തന്റെ വ്യക്തി ജീവിതത്തിലുണ്ടായ നഷ്ടങ്ങളെ കൊണ്ടെന്ന പോലെ തന്നെ താൻ ജീവിക്കുന്ന ചുറ്റുപാടുകളിൽ ഭരണകൂടം നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളിലും ഹൈദർ അസ്വസ്ഥനാകുന്നു. ഈ അസ്വസ്ഥത തന്നെയാണ് ഹൈദറിനെ ഭ്രാന്തിന്റെ വക്കു വരെ എത്തിക്കുന്നതും പ്രതികാര ദാഹിയാക്കുന്നതും. ഇത്രയുമാണ് ഹൈദർ എന്ന സിനിമയുടെ പ്രധാന ചുറ്റുവട്ടം. ഇനി സിനിമയുടെ രാഷ്ട്രീയത്തിലേക്ക് പോകാം. 

1995 കാലഘട്ടത്തിലെ കശ്മീരാണ് സിനിമയിലെ കഥാ പശ്ചാത്തലം. ഹൈദറിന്റെ പിതാവും ഡോക്ടറുമായ ഹിലാൽ മീർ (നരേന്ദ്ര ഝാ)  കശ്മീർ വിഘടനവാദികളുമായി അൽപ്പ സ്വൽപ്പം അടുപ്പമുള്ള കൂട്ടത്തിലാണ്. വെടിയുണ്ട കേറി സാരമായി പരിക്ക് പറ്റിയ തീവ്രവാദിയെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്താനായി കശ്മീരിലെ തന്റെ സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ട് വരുന്നിടത്ത് നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. കാശ്മീരിൽ അത് വരേക്കും സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഡോക്ടർക്കോ കുടുംബത്തിനോ യാതൊരുവിധ പ്രശ്നങ്ങളും  നേരിടേണ്ടി വന്നതായി സിനിമ പറയുന്നില്ല.  അതേ സമയം സൈന്യത്തിന് ഡോക്ടറെ വിശ്വാസമായത് കൊണ്ട് തീവ്രവാദികളെ കയറ്റി കൊണ്ട് വന്ന ഡോക്ടറുടെ വാഹനം അവർ പരിശോധിക്കുന്നു പോലുമില്ല താനും. സൈന്യത്തിന് തന്നോടുള്ള ആ വിശ്വാസത്തെയാണ്  യഥാർത്ഥത്തിൽ ഡോക്ടർ ചൂഷണം ചെയ്യുന്നത്. തന്റെ ഭാര്യ ഘസാലക്ക് (താബു) ഈ വിഷയത്തിലുള്ള എതിർപ്പുകളെയും  അദ്ദേഹം അത്ര കാര്യമായി എടുക്കുന്നില്ല . ഒരു ഡോക്ടർ എന്ന നിലക്ക് ഹിലാൽ മീർ എന്ന വ്യക്തിയെ നോക്കി കാണുമ്പോൾ നമുക്ക് തെറ്റ് പറയാനില്ല. കാരണം തനിക്ക് മുന്നിൽ എത്തിപ്പെടുന്നയാൾ തീവ്രവാദിയാണോ സൈനികനാണോ എന്നൊന്നും നോക്കേണ്ട കാര്യം ധാർമികതയുള്ള  ഒരു ഡോക്ടർക്ക് ചേരുന്നതല്ല. എന്നാൽ ഇതേ ധാർമികത സ്വന്തം രാജ്യത്തോടും ഭരണഘടനയോടും  കാണിക്കുന്നതിൽ ഡോക്ടർക്ക് പിഴവ് പറ്റിയോ എന്ന് ചിന്തിക്കുമ്പോൾ ആണ് ഹിലാൽ മീർ എന്ന വ്യക്തിയുടെ പൌര ധാർമികതയുടെ മുകളിൽ സംശയം നിഴലിക്കുന്നത്. 


വിഘടനവാദികൾ ഒളിച്ചിരിക്കുന്ന ഡോക്ടറുടെ വീട് ഇന്ത്യൻ സൈന്യം വളയുന്നുണ്ട്. ആ സമയം വരെ സംയമനം പാലിച്ചു കൊണ്ട് അവരോടു കീഴടങ്ങാൻ ആവശ്യപ്പെട്ട സൈന്യത്തിലെ ചിലരെ ആദ്യം വെടി വച്ച് കൊല്ലുന്നത് വിഘടനവാദികളാണ്. കൂട്ടത്തിലൊരുത്തൻ കൊല്ലപ്പെടുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക ആക്രമണമാണ് സൈന്യം പിന്നീട് നടത്തുന്നത്. ആ ആക്രമണത്തിൽ വിഘടനവാദികൾ ഒളിച്ചിരുന്ന ഡോക്ടറുടെ വീട് ഒന്നടങ്കം സൈന്യത്തിന് തകർക്കേണ്ടി വരുന്നു. ഈ രംഗം തൊട്ട് സംവിധായകൻ ഇന്ത്യൻ സൈന്യത്തെ പ്രതി സ്ഥാനത്ത് നിർത്തുകയാണ് പിന്നീട് ചെയ്യുന്നത്. ഏതൊരു മനുഷ്യനും സ്വന്തം വീടുമായുണ്ടാകുന്ന അടുപ്പം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് എന്ന കാര്യത്തിൽ തർക്കമില്ല. ഇവിടെ ഡോക്ടറുടെ വീട് എന്ത് കൊണ്ട് തകരുന്നു എന്ന് വിവരിക്കാൻ  സംവിധായകൻ മെനക്കെടുന്നില്ല. പകരം ഡോക്ടറുടെ വീട് സൈന്യം തകർക്കുകയാണ് എന്നതിലേക്കാണ് രംഗ വിശദീകരണം നൽകുന്നത്. വീട് തകരുമ്പോൾ ഉണ്ടാകുന്ന ഘസാലയുടെയും ഡോക്ടറുടെയും ദാരുണമായ മുഖ ഭാവവും അതിനേക്കാൾ വികാര തീവ്രമായ പശ്ചാത്തല സംഗീതവും കൂടി ചേരുമ്പോൾ സൈന്യം തെറ്റുകാരാകുന്നു. പ്രധാന കഥാപാത്രങ്ങളിലേക്ക്  പ്രേക്ഷകന്റെ സഹതാപം ആകർഷിപ്പിക്കുന്ന സമർത്ഥമായ രംഗാവിഷ്ക്കാരം. സിനിമയുടെ ആ രംഗം തൊട്ട് സംവിധായകൻ പ്രേക്ഷകന് സിനിമ എങ്ങിനെ കാണണം എന്നത് സംബന്ധിച്ചും  രണ്ടു മൂന്നു ഓപ്ഷൻ തരുന്നുണ്ട്. സൈന്യത്തിന്റെ ഭാഗത്ത് നിന്നോ, വിഘടനവാദികളുടെ ഭാഗത്ത് നിന്നോ, ഇത് രണ്ടുമല്ലാതെ നിഷ്പക്ഷമായി തികഞ്ഞ മാനുഷിക ബോധത്തോടെ  വെറുമൊരു മനുഷ്യനായി നിന്ന് കൊണ്ടോ സിനിമ കാണാം. അത് പ്രേക്ഷകരുടെ ഇഷ്ടം. ഇത് തന്നെയായിരിക്കാം  സിനിമയിലൂടെ സംവിധായകൻ നമുക്ക് പഠിപ്പിച്ചു തരുന്ന അതി നൂതനമായ  സിനിമാ ആസ്വാദന  രീതിയും. ആദ്യം പറഞ്ഞ രണ്ടു ഭാഗത്ത് നിന്നും സിനിമ കാണുമ്പോൾ അവരവർ ചെയ്തത് തന്നെയാണ് ശരി എന്ന നിലപാടിലേക്ക് എത്താം. ഇനി  നിഷ്പക്ഷമായി ചിന്തിക്കുമ്പോൾ  സിനിമ അതിന്റെ പ്രമേയത്തോട് നീതി കാണിക്കുന്നുണ്ടോ ഇല്ലയോ എന്ന് നോക്കാം. 

സായുധസേനാ പ്രത്യേകാധികാര നിയമ (Armed Forces Special Powers Act 1958 ) പ്രകാരമുള്ള സൈന്യത്തിന്റെ പ്രത്യേകാധികാരം ജമ്മു കാശ്മീരിലേക്ക് വ്യാപിക്കുന്നത് 1990 കാലത്താണ്. ഈ പ്രത്യേകാധികാരത്തെ നിർഭാഗ്യ വശാൽ പലപ്പോഴും ഇന്ത്യൻ സൈന്യം ദുരുപയോഗ പെടുത്തിയിട്ടുണ്ട് എന്നത് മറച്ചു വക്കുന്നില്ല. ആ സത്യത്തെ സിനിമയിൽ സത്യസന്ധമായി പരാമർശിക്കാതിരിക്കുകയും എന്നാൽ അതിനു പകരം സൈന്യം ചെയ്തു കൊണ്ടിരിക്കുന്നത്   ഭീകരവും മനുഷ്യത്വരഹിതവുമായ  കാര്യങ്ങൾ മാത്രമാണെന്ന രീതിയിലുള്ള  രംഗങ്ങൾ  ഇന്ത്യൻ സൈന്യത്തിന്റെ നന്മയുടെ ഒരംശം പോലും അംഗീകരിക്കാൻ സാധിക്കാത്ത ഒരു മനസ്സിൽ നിന്നുണ്ടാകുന്ന വെറും വികല ഭാവന മാത്രമാണെന്ന് വിലയിരുത്താതെ പാകമില്ല. സൈന്യത്തെ തീർത്തും വെള്ള പൂശി കാണിക്കുന്ന ഒരു കടുത്ത ദേശീയ വാദ സിനിമയെ മാത്രമേ നല്ല സിനിമയായി അംഗീകരിക്കൂ എന്ന വാശി ഇന്ത്യൻ പ്രേക്ഷകർക്കില്ല. എന്നാൽ ഒരേ സമയം ഇന്ത്യൻ സൈന്യത്തിന്റെ തിന്മകളെ എണ്ണം പറഞ്ഞു കാണിക്കുകയും പാകിസ്താനിൽ നിന്നുമുള്ള തീവ്രവാദികളുടെ കടന്നു കയറ്റവും  കശ്മീർ വിഘടനവാദവും വളരെ ലാഘവത്തോടെ  വെറും മനുഷ്യാവകാശ പ്രവർത്തനങ്ങളെന്ന പോലെ പറഞ്ഞു പോകുകയും ചെയ്യുമ്പോഴാണ്  സിനിമയുടെ ഉദ്ദേശ്യ ശുദ്ധി സംശയിക്കപ്പെടുന്നത്. 

നിരപരാധികളായ ഒരുപാട് പേരെ സൈന്യം അജ്ഞാത തടവുകളിൽ പാർപ്പിച്ചു കൊണ്ട് നിരന്തരം പീഡിപ്പിക്കുന്നതായി സിനിമ വ്യക്തമാക്കുന്നുണ്ട്. കശ്മീരിൽ അത്തരമൊരു അവസ്ഥ ഉണ്ടെങ്കിൽ അത് സിനിമയിലൂടെ അറിയിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇത്തരം കാര്യങ്ങൾ തീർത്തും ഭാവനയുടെ അടിസ്ഥാനത്തിൽ മാത്രം ചിത്രീകരിക്കുന്നത് ഗുണത്തേക്കാൾ ഏറെ പൊതു സമൂഹത്തിൽ ഇന്ത്യൻ സൈന്യത്തെ കുറിച്ചും ഭരണ ഘടനാ വ്യവസ്ഥകളെ കുറിച്ചും തെറ്റിദ്ധാരണകൾ  മാത്രമേ സൃഷ്ടിക്കൂ എന്ന് സംവിധായകനും തിരക്കഥാകൃത്തും ഓർക്കേണ്ടതായിരുന്നു. ഇന്ത്യൻ സൈന്യം നടത്തി വരുന്ന വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ചും സിനിമ നേരിയ രീതിയിൽ പറഞ്ഞു പോകുന്നുണ്ട്. വ്യാജ ഏറ്റുമുട്ടലുകൾ ഇന്ത്യയിൽ പലയിടത്തും സംഭവിച്ചിട്ടുണ്ടാകാം, സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ടാകാം. അതിനെയൊന്നും ആരും ന്യായീകരിക്കുന്നില്ല. എന്നാൽ നടക്കുന്ന ഏറ്റുമുട്ടലുകൾ എല്ലാം വ്യാജമെന്ന് പറയ വയ്യല്ലോ. ഇവിടെ സിനിമയിൽ സൈന്യം വളരെ അനായാസമായി ചിലരെ കൊല്ലുകയും അതിനു ശേഷം അവരുടെ മേൽ കുറെ തോക്കുകൾ വലിച്ചിട്ട ശേഷം മീഡിയാസിനെ വിളിക്കുന്ന ഒരു രംഗമുണ്ട്. കാശ്മീരിൽ ഇന്ത്യൻ സൈന്യം നടത്തുന്ന പതിവ് കലാപരിപാടിയാണ് ഇത്തരം വ്യാജ ഏറ്റുമുട്ടലുകൾ എന്ന് ഒരു ചെറിയ രംഗം കൊണ്ട് ആധികാരികമായി പ്രസ്താവിക്കുമ്പോൾ അതേ കാശ്മീരിൽ വിഘടനവാദികൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ നിരപരാധികളായ ജവാന്മാരെയും അവരുടെ കുടുംബത്തെയും സംവിധായകൻ ബോധപൂർവ്വം മറക്കുന്നു. വ്യാജ ഏറ്റുമുട്ടലുകൾ സ്ഥിരമായി നടക്കുന്ന ഒരു സ്ഥലമാണ് കശ്മീർ എന്ന് രംഗ വ്യാഖ്യാനം നടത്തുന്ന  സംവിധായകൻ തികഞ്ഞ സാമൂഹ്യ ബോധത്തോടെ അത്തരം വിവരങ്ങളുടെ ആധികാരികത കൂടി പൊതു സമൂഹത്തോട് വെളിപ്പെടുത്താനുള്ള ആർജ്ജവം കാണിച്ചാൽ  സിനിമയുടെ ലക്ഷ്യം അർത്ഥവത്താകുമായിരുന്നു.  ചില വിഷയങ്ങൾ കലാസൃഷ്ടികളായി വരുമ്പോൾ അതിലെ ആധികാരികത ബോധ്യപ്പെടുത്തേണ്ടി വരുന്നത് കലാകാരന്റെ ബാധ്യത കൂടിയാണ് എന്ന് ആദ്യമേ സൂചിപ്പിച്ചത് അത് കൊണ്ടാണ്. 

പ്രേക്ഷകന്റെ താൽപ്പര്യ പ്രകാരമുള്ള സീനുകൾ ഉണ്ടാക്കിയെടുക്കലല്ല ഒരു സംവിധായകന്റെ ജോലി എന്നറിയാം. എന്നാലും തുടരെ തുടരെയുള്ള രംഗങ്ങളിൽ എല്ലാം തന്നെ സൈന്യം മാത്രം പ്രതി സ്ഥാനത്ത് നിൽക്കുന്നത് കാണുമ്പോൾ ഏതൊരു  ആവറേജ് ഇന്ത്യക്കാരന്റെയും  മനസ്സിൽ അതൊരു കല്ല്‌ കടിയായി മാറുക തന്നെ ചെയ്യും. ഇതിനിടയിലുള്ള രംഗങ്ങളിൽ ഇടക്ക് വന്നു പോകുന്ന പാകിസ്താൻകാരെല്ലാം കശ്മീരികളെ സഹായിക്കുന്ന മനോഭാവം മാത്രമുള്ളവരാണ് എന്ന് പറയാതെ പറയുമ്പോൾ സിനിമയുടെ നിഷ്പക്ഷ രാഷ്ട്രീയത്തിൽ കൂടുതൽ മായം കലരുകയാണ് ചെയ്യുന്നത്. കശ്മീർ ജനത എന്താണ് ആഗ്രഹിക്കുന്നതെന്ന് ആരും അവരോട് ചോദിക്കുന്നില്ല എന്ന ആക്ഷേപ മുദ്രാവാക്യം സിനിമയിൽ പലയിടത്തും കാണാം. എത്ര ബാലിശമായ ആക്ഷേപം എന്നേ പറയാനുള്ളൂ. കശ്മീർ ജനതയെക്കൊണ്ട് അത് പറയിപ്പിക്കാൻ ശ്രമിക്കുന്ന പാകിസ്താന്റെ ബുദ്ധിയെ വേണം ബാലിശമെന്നു പറയാൻ. ഒരിക്കൽ ഒരു പാകിസ്താനും ബംഗ്ലാദേശും മുറിച്ചു കൊടുത്തതിന്റെ തീരാ കളങ്കം ഇന്ത്യക്ക് മേലുണ്ട്. വീണ്ടും ഇതേ ആവശ്യം നിറവേറ്റപ്പെട്ടാൽ പണ്ട് അടിച്ചമർത്തിയ പഞ്ചാബ്, തമിഴ് രാജ്യങ്ങൾക്കുള്ള മുറവിളികൾ ഇന്ത്യയിൽ വീണ്ടും ഉയരില്ലെന്ന  ഉറപ്പ് ആര് തരും ? അക്കാരണം കൊണ്ട് തന്നെ സിനിമയിൽ പ്രതിപാദ്യ വിഷയമാകുന അത്തരം പ്രതിലോമ ആശയങ്ങളെ കണ്ടില്ലാന്നു നടിക്കാനേ തരമുള്ളൂ. എന്തിനേറെ പറയുന്നു ഈ സിനിമ ഷൂട്ട്‌ ചെയ്യുന്ന വേളയിൽ പ്രളയം മൂലം തകർന്ന സ്ഥലങ്ങളിൽ ഷൂട്ടിങ്ങിനു വേണ്ട എല്ലാ സഹായ സഹകരണങ്ങളും നടപ്പിലാക്കിയത് ഇന്ത്യൻ ആർമിയാണ്. ആർമിക്ക് നേരെയുള്ള കടുത്ത വിമർശനങ്ങൾ സിനിമയിൽ  നിലകൊള്ളുമ്പോഴും ഇന്ത്യയിൽ ഈ സിനിമക്ക് പ്രദർശനാനുമതി തരാൻ ഇന്ത്യൻ സെൻസർ ബോർഡിനു തടസ്സമൊന്നുമുണ്ടായില്ല. അതേ സമയം തങ്ങളുടെ  പട്ടാളത്ത ഒരൽപ്പമെങ്കിലും  പ്രതി സ്ഥാനത്ത് നിർത്തുന്ന  ഏതെങ്കിലുമൊരു   സിനിമ സ്വന്തം നാട്ടിൽ പ്രദർശിപ്പിക്കാൻ   പാകിസ്താന്   സാധിക്കുമോ എന്ന് ചിന്തിക്കുന്നിടത്താണ് ഇന്ത്യയിലെ അഭിപ്രായ/ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വിശാലത നമുക്ക് ബോധ്യമാകുക. 

 ഒരു ഇന്ത്യൻ പ്രേക്ഷകനെന്ന നിലയിലുള്ള  നിരീക്ഷണങ്ങൾ  ഒഴിച്ചു നിർത്തി കൊണ്ട് ഹൈദർ എന്ന സിനിമയെ ഒരൽപ്പം  മാനവികമായി നോക്കി കാണുമ്പോൾ പറയാതിരിക്കാൻ സാധിക്കാത്ത ചില കാര്യങ്ങളുണ്ട്. അതിലേക്ക് പ്രേക്ഷകന്റെ ശ്രദ്ധ എത്തിപ്പെടുമ്പോൾ മാത്രമാണ്  സിനിമ സത്യത്തിൽ ഹൃദയത്തിൽ തൊടുന്നത് എന്ന് പറയാം. ഹൈദറിന്റെ വ്യക്തിജീവിതത്തിലെ ദുരന്തങ്ങൾ കശ്മീരിലെ നിയമ വ്യവസ്ഥ സമ്മാനിക്കുന്നതല്ല. എന്നാൽ അതുമായി കടുത്ത ബന്ധമുണ്ട് താനും. രാജ്യത്തെ സഹായിക്കാനെന്ന വണ്ണം വ്യക്തിപരമായ കാര്യ സാധ്യങ്ങൾക്ക് വേണ്ടി   സ്വന്തം ജ്യേഷ്ഠനെയും സുഹൃത്തിനെയും  ഇന്ത്യൻ മിലിട്ടറിക്ക് ഒറ്റി കൊടുക്കുന്ന കഥാപാത്രങ്ങൾ ഇന്ത്യക്കാരന്റെയും സൈന്യത്തിന്റെയും കണ്ണിൽ കരടായി മാറില്ലായിരിക്കാം. എന്നാൽ മനുഷ്യന്റേതായ  എല്ലാ  ധാർമികതകളും  കൈ വെടിഞ്ഞ ആ കഥാപാത്രങ്ങളെ ദുഷിപ്പോടു കൂടെയല്ലാതെ നോക്കി കാണാൻ പ്രേക്ഷകന് സാധിക്കില്ല. പിതാവിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ നടക്കുന്ന മകനും, അർദ്ധ വിധവകളായി ജീവിക്കേണ്ടി വരുന്ന സ്ത്രീ സമൂഹവും കശ്മീരിലെ ഭീകര ദൃഷ്ടാന്തങ്ങളായി സിനിമയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സ്വന്തം വീട്ടിലേക്ക് കേറി പോകാൻ വരെ പട്ടാളത്തിന് തിരിച്ചറിയൽ കാർഡ് കാണിക്കേണ്ടി വരുന്ന കാശ്മീരി ജനതയുടെ ദുരവസ്ഥക്ക് കാരണം കാശ്മീരിൽ നില നിൽക്കുന്ന സുരക്ഷാ പരിശോധന എന്ന കടുത്ത മാനസിക രോഗമാണെന്ന് സിനിമ പരിഹസിക്കുന്നു. 

ഒരു അഭിനേതാവ് എന്ന നിലയിലേക്ക് താൻ  ഒരുപാടു വളർന്നെന്നു പറയിപ്പിക്കുന്ന പ്രകടനമായിരുന്നു സിനിമയിലുടനീളം ഷഹിദ് കപൂർ കാഴ്ച വച്ചത്. സ്ഥിരം ചോക്ലേറ്റ് വേഷങ്ങളിൽ നിന്നും മോചിതനായ ഷഹീദ് കപൂറിന് വരും കാല ബോളിവുഡ് സിനിമകളിൽ കൂടുതൽ ശക്തമായ വേഷങ്ങൾ ഇനി പ്രതീക്ഷിക്കാം. ഘസാല എന്ന  കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങൾ വിസ്മയിപ്പിക്കും വിധം ഭംഗിയായി അവതരിപ്പിക്കാൻ താബുവിന് സാധിച്ചിട്ടുണ്ട്. കെ.കെ മേനോൻ, ഇർഫാൻ ഖാൻ എന്നിവരും സിനിമയിൽ തങ്ങളുടേതായ അഭിനയ മികവ് പ്രകടിപ്പിച്ചു. അതേ സമയം ശ്രദ്ധാ കപൂറിന് സിനിമയിൽ കാര്യമാത്രമായി ഒന്നും ചെയ്യാൻ ലഭിച്ചില്ല എന്ന് പറയേണ്ടി വരും. ഒരു സംവിധായകനെന്ന നിലയിലും, സംഗീത സംവിധായകനെന്ന നിലയിലും വിശാൽ ഭരദ്വാജ് മികച്ചു നിൽക്കുന്ന സിനിമ കൂടിയാണ് ഹൈദർ. കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങൾ ഇത്ര മേൽ കൂടിയ അളവിൽ അഭ്രപാളിയിൽ ആവിഷ്ക്കരിക്കുന്ന മറ്റൊരു ഇന്ത്യൻ സംവിധായകൻ വേറെയുണ്ടോ എന്ന് സംശയിപ്പിക്കുന്ന വിധമാണ് വിശാൽ ഭരദ്വാജ്  സിനിമയിൽ വിവിധ കഥാപാത്രങ്ങളെ പ്രസക്തമാം വിധം സന്നിവേശിപ്പിച്ചിരിക്കുന്നത്.  കാശ്മീരിനെ തൊട്ടറിയും വിധം മനോഹരമായ ഫ്രൈമുകളിൽ കൂടി സിനിമയുടെ ച്ഛായാഗ്രഹണം ഏറെക്കുറെ വ്യത്യസ്തമാക്കാൻ പങ്കജ് കുമാറിന്റെ ക്യാമറക്ക് സാധിച്ചു എന്ന് പറയാം. ക്ലൈമാക്സിനോട് അനുബന്ധിച്ച് കാശ്മീരി വൃദ്ധന്മാര്‍ പാടുന്ന  "ഹരേ ആവോ നാ" എന്ന് തുടങ്ങുന്ന ശ്മശാന ഗാനം അതിന്റെ പുതുമയേറിയ  സംഗീതം കൊണ്ടും ഗാന രംഗങ്ങളുടെ അവതരണ രീതി  കൊണ്ടും ഹൃദയം കീഴടക്കുക തന്നെ ചെയ്യുമെന്നതിൽ തർക്കമില്ല. 

                                     

ആകെ മൊത്തം ടോട്ടൽ = സിനിമയിലെ  ചില രാഷ്ട്രീയ നിരീക്ഷണങ്ങളോടുള്ള വിയോജിപ്പുകൾ ഒഴിവാക്കി നിർത്തിയാൽ എല്ലാം കൊണ്ടും മികവ് പുലർത്തുന്ന സിനിമ. തീക്ഷ്ണതയുള്ള കഥാപാത്രങ്ങൾ നിറഞ്ഞ ഒരു സിനിമ. കശ്മീരിന്റെ സ്ഥിരം നിറപ്പകിട്ടുള്ള കാഴ്ചകൾ ഒഴിവാക്കി കൊണ്ട് കശ്മീരികളുടെ സാമൂഹ്യ ജീവിതത്തിന്റെ കഥ പറഞ്ഞ ഒരു സിനിമ. 

*വിധി മാർക്ക്= 8/10 
-pravin- 

14 comments:

 1. പറഞ്ഞപോലെയാണ് കാര്യങ്ങള്‍ എങ്കില്‍ ഇത് സെന്‍സര്‍ ചെയ്തവര്‍ എന്ത് ചെയ്യുകയായിരുന്നു?

  ReplyDelete
  Replies
  1. സെൻസർ ചെയ്തവർ അല്ലാതെ തന്നെ നാൽപ്പതോളം കട്ട് നടത്തിയിട്ടുണ്ട് സിനിമയിൽ. ഇനീം കട്ട് ചെയ്യാൻ നിന്നാൽ സിനിമയുണ്ടാകില്ല എന്നത് കൊണ്ട് അവിടെ വച്ച് നിർത്തിയതാണ്. കട്ട് ചെയ്ത ശേഷമുള്ള സീനുകൾ ഇത്രേം ഉണ്ടെങ്കിൽ ആ കട്ട് ചെയ്യാതെയുള്ള ആ സിനിമ എന്തായിരുന്നു എന്നൊന്ന് ആലോചിച്ചു പോയി ഞാൻ. കാശ്മീരിൽ നടക്കുന്ന കാര്യങ്ങളെ സിനിമ ഏറെക്കുറെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്നാൽ യാതൊരു വിധത്തിലും സൈന്യത്തിനെ അംഗീകരിക്കാൻ ആകില്ല എന്ന നയം മാത്രം സിനിമയിൽ നിറയുന്നത് കൊണ്ടാണ് എനിക്ക് കല്ല്‌ കടി അനുഭവപ്പെട്ടത്. അതൊഴിച്ചു നിരത്തിയാൽ സിനിമ ഉഗ്രൻ തന്നെയാണ് ..

   Delete
  2. പ്രവീണിന്റെ അഭിപ്രായം മനസ്സില്‍ വെച്ചുകൊണ്ടാണ്‌ ഞാനിത് കണ്ടത്. ഒന്നുകൂടി കണ്ടുനോക്ക്. അത്രക്ക് ഉപദ്രവകരമായി ഒന്നും കാണാന്‍ എനിക്ക് കഴിഞ്ഞില്ല. രാജ്യതാല്പര്യതിനെതിരെ എന്തെങ്കിലും ഉള്ളതായി എനിക്ക് തോന്നിയില്ല. അങ്ങിനെയെങ്കില്‍ ഇതിനകം നിരോധിക്കപ്പെടുമായിരുന്നു.

   Delete
  3. തീർച്ചയായും അങ്ങിനെയെങ്കിൽ ഇത് നിരോധിക്കപ്പെടുമായിരുന്നു. ഞാൻ എന്റെ ചില വ്യക്തിപരമായ വിയോജിപ്പുകൾ രേഖപ്പെടുത്തി എന്ന് മാത്രം. സിനിമ എനിക്കും ഇഷ്ടമായതാണ്. പക്ഷേ സിനിമയിൽ ചർച്ച ചെയ്യുന്ന വിഷയം എത്ര മാത്രം നിഷ്പക്ഷമായി അവതരിക്കപ്പെട്ടു എന്ന കാര്യത്തിൽ മാത്രമാണ് എനിക്ക് തർക്കം. മിലിട്ടറിക്കാരുടെ കാഴ്ചപ്പാടിൽ കഥ പറയണം എന്നല്ല ഞാൻ പറയുന്നത്. കുറഞ്ഞത് ഈ വിഷയം തെറ്റിദ്ധാരണ ഉളവാക്കുന്ന രീതിയിൽ അവതരിപ്പിക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കാമായിരുന്നു. ഹൈദറിന്റെ വ്യൂവിൽ ആണ് ഈ സിനിമ ഞാൻ ആസ്വദിച്ചത്.

   Delete
 2. എല്ലാം കൊണ്ടും മികവ് പുലർത്തുന്ന സിനിമ....
  തീക്ഷ്ണതയുള്ള കഥാപാത്രങ്ങൾ നിറഞ്ഞ ഒരു സിനിമ...
  കശ്മീരിന്റെ സ്ഥിരം നിറപ്പകിട്ടുള്ള കാഴ്ചകൾ ഒഴിവാക്കി കൊണ്ട്
  കശ്മീരികളുടെ സാമൂഹ്യ ജീവിതത്തിന്റെ കഥ പറഞ്ഞ ഒരു സിനിമ.
  ഇത്രയും വിപുലമായി ഒരു സിനിമയുടെ എല്ലാം സ്പന്ദനങ്ങളിലും ഇറങ്ങിച്ചെന്നുള്ള
  മികച്ചതായ ഒരു സിനിമാ അവലോകനം ഞാനടുത്തകാലത്തൊന്നും വായിച്ചിട്ടേ ഇല്ല അസ്സലായിരിക്കുന്നു കോട്ടൊ പ്രവീൺ

  ReplyDelete
 3. സിനിമ കണ്ടിട്ടില്ല . ഇവിടെ വായിച്ച അറിവുവെച്ച് സിനിമയുടെ സന്ദേശം രാജ്യതാൽപ്പര്യത്തിനു വിരുദ്ധമാവുന്നുണ്ട് എന്നു തോന്നുന്നു. പക്ഷേ ഒരു കലാരൂപത്തെ കലാരൂപമായി കണ്ട് ആസ്വദിക്കുന്ന പ്രേക്ഷകനു വേണ്ടത് സിനിമയിൽ ഉണ്ട് എന്നും മനസ്സിലാവുന്നു......

  പണ്ട് കോഴിക്കോടനും, സിനിക്കുമൊക്കെ സിനിമകളെ വായിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട് . അതിനൊക്കെ എത്രയോ മുകളിൽ നിൽക്കുന്നു ഈ സിനിമാവായനകൾ എന്നു പറയുന്നത് ഭംഗിവാക്കല്ല......

  ReplyDelete
  Replies
  1. വായനക്കും ഈ നല്ല അഭിപ്രായത്തിനും പ്രോത്സാഹങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി പ്രദീപേട്ടാ ..

   Delete
 4. വിലയിരുത്തല്‍ ഇഷ്ടപ്പെട്ടു. ബാക്കി കണ്ടിട്ട് പറയാട്ടോ.

  ReplyDelete
  Replies
  1. ഓക്കേ ..കണ്ടിട്ട് പറയൂ ട്ടോ

   Delete
 5. Cinemaye cinemayayi kaanoo..
  Pala cinemakalilum police kaar thettukaar ayi kanikkunnu ennu karuthi ella policukarum thettukaar ano?
  ......
  Kanditt parayaaam review supperrr

  ReplyDelete
  Replies
  1. സിനിമയെ സിനിമയായി തന്നെ കാണണം എന്ന് നിർബന്ധം പിടിക്കാനാകില്ല എന്നാണ് എന്റെ പക്ഷം. ഒരാളുടെ ആത്മകഥ സിനിമയാക്കുമ്പോൾ അതിനെ സിനിമ എന്നതിലുപരി മറ്റു പലതും നോക്കി കാണേണ്ടി വരും. അത് പോലെ തന്നെ ചരിത്രം, തർക്ക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമകളിലും പ്രേക്ഷകന്റെ കാഴ്ച മറ്റൊരു തരത്തിലാണ്. ഓരോ സിനിമയേയും അതിന്റെ പ്രമേയം അനുശാസിക്കുന്ന രീതിയിൽ കാണുക തന്നെ വേണം. ഇവിടെ സിനിമയെ മോശമായി കാണാൻ ഞാനും ആഗ്രഹിക്കുന്നില്ല. കൂട്ടത്തിൽ ചില വിയോജിപ്പുകൾ രേഖപ്പെടുത്തി എന്ന് മാത്രം .

   Delete
 6. ഒരു ഹോളിവുഡ് നിലവാരമുള്ള സിനിമ.
  മനോഹരമായ ഫ്രെയ്‌മ്സ്. ചടുലമായ എഡിറ്റിഗ്. സിനിമയുടെ രാഷ്ട്രീയം മാറ്റിവെയ്ക്കാം. കാരണം അല്ലെങ്കില്‍ നമ്മള്‍ സ്ഥിരം കണ്ടുമടുത്ത ദേശസ്നേഹ സിനിമകളില്‍ ഒന്ന് മാത്രമായിത്തീരും ഹൈദര്‍. മണിപ്പൂരിലും കാശ്മീരിലും ഒക്കെയുള്ള ആക്ടിവിസ്റ്റുകള്‍ (ഇറോം ഷര്‍മ്മിളയെ പോലെയുള്ളവര്‍) വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന സൈന്യത്തിന്റെ പ്രത്യേക അധികാരം തന്നെ സിനിമയുടെ മുഖ്യവിഷയം . ഷാഹിദ് കപൂറിനെക്കാള്‍ മികച്ചൊരു അഭിനേതാവിനെ ആ റോളിലേക്ക് കാസ്റ്റ് ചെയ്യാമായിരുന്നു. കഥാപാത്രങ്ങള്‍ എല്ലാം ഉജ്വലമായി.

  ReplyDelete
  Replies
  1. കഥാപാത്രങ്ങളും അവരുടെ മാനസിക സംഘർഷങ്ങളും വളരെ തീവ്രമായി അവതരിപ്പിക്കപ്പെട്ടു. സ്ഥിരം ദേശ സ്നേഹ സിനിമകൾ പോലെ ഒന്നാകണം ഹൈദർ എന്ന് ഞാനും ആഗ്രഹിച്ചില്ല. എന്നാൽ പ്രമേയം ആവശ്യപ്പെടുന്ന നിഷ്പക്ഷത ഈ സിനിമയിൽ ഉണ്ടായതായി എനിക്ക് തോന്നിയില്ല. അതേ സമയം സിനിമ എന്ന നിലയിൽ ഇഷ്ട്ടപ്പെടുകയും ചെയ്തു. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾ പ്രത്യേകിച്ചു ദേശീയപരമായി പ്രസക്തിയുള്ള ഒരു വിഷയമാകുമ്പോൾ അതിന്റെ നാനാ വശങ്ങളിൽ കൂടി ചർച്ച ചെയ്യപ്പെടാതെ ഏകപക്ഷീയമായി അവതരിപ്പിക്കപ്പെടുന്നതിനോട് വ്യക്തിപരമായി ഞാൻ യോജിക്കുന്നില്ല. ഏകപക്ഷീയ ദേശ സ്നേഹങ്ങളുടെ കഥയായാലും അതിനോട് യോജിക്കുന്നില്ല എന്ന് കൂടി പറയട്ടെ. ഷഹീദ് കപൂർ ഒരു നടനിലേക്ക് പരിണാമം ചെയ്ത സിനിമയായി ഹൈദറിനെ വിശേഷിപ്പിക്കാം.

   Delete